ADVERTISEMENT

ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ നിങ്ങൾക്ക് പ്രായമൊരു തടസമാണെന്ന് കരുതുന്നുണ്ടോ? നിങ്ങളുടെ പ്രായം എത്രയുമായിക്കൊള്ളട്ടെ എഴുത്തിന് കൃത്യതയും പ്രസക്തിയും ഉണ്ടെങ്കിൽ വിജയം സാധ്യമാണെന്ന് തെളിയിച്ച നിരവധി പേരുണ്ട് ചരിത്രത്തിൽ. 'വൈകി പോയോ' എന്ന തോന്നലിനെ അപ്രസക്തമാക്കി മാറ്റിയ 5 പേരെ പരിചയപ്പെടാം.
 

ബ്രാം സ്റ്റോക്കർ

'ഡ്രാക്കുള' എന്ന ലോക പ്രസിദ്ധ നോവലിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ വിരളമാണ്. പ്രസിദ്ധീകരിച്ച അന്നു മുതൽ ഹോറർ വിഭാഗത്തിലെ ഏറ്റവും ജനപ്രിയ നോവലുകളിലൊന്നായി മാറിയ കൃതി ബ്രാം സ്റ്റോക്കർ എഴുതുന്നത് 50 വയസ്സുള്ളപ്പോഴാണ്.

dracula-lit
ബ്രാം സ്റ്റോക്കർ, Image Credit: Hulton Archive/Getty Images

നാടക നിരൂപണങ്ങളും അക്കാദമിക് പഠനങ്ങളും എഴുതിട്ടുണ്ടെങ്കിലും ആദ്യമായി തന്റെ 43-ാം വയസ്സിലാണ് 'ദി സ്നേക്ക്സ് പാസ്' എന്ന ആദ്യ നോവൽ സ്റ്റോക്കർ എഴുതുന്നത്. ഏഴ് വർഷത്തിനു ശേഷം അമ്പതാം വയസ്സിൽ എഴുതിയ 'ഡ്രാക്കുള' സ്റ്റോക്കറുടെ പ്രശസ്തി കൊടുമുടിയോളം ഉയർത്തി.
 

അന്ന സെവെൽ

കുട്ടികള്‍ക്ക് പ്രിയപ്പെട്ട ക്ലാസിക് പുസ്തകമാണ് 'ബ്ലാക്ക് ബ്യൂട്ടി'. 1877-ൽ 57 വയസ്സുള്ളപ്പോഴാണ് അന്ന സെവെൽ ഈ കൃതി എഴുതിയത്. ഇന്നും കുട്ടികൾക്കായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പത്ത് നോവലുകളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. അന്ന എഴുതിയ ഒരേയൊരു പുസ്തകമാണിത്.

black-beauty-lit
അന്ന സെവെൽ, Image Credit: almabooks.com

'ബ്ലാക്ക് ബ്യൂട്ടി' ലോകമെമ്പാടും 50 വ്യത്യസ്ത ഭാഷകളിലായി 50 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു. 'എൻസൈക്ലോപീഡിയ ഓഫ് അനിമൽ റൈറ്റ്‌സ് ആൻഡ് അനിമൽ വെൽഫെയർ' എന്ന ഗ്രന്ഥത്തിൽ എഴുതിയ ബെർണാഡ് ആന്‍റി, 'ബ്ലാക്ക്' ബ്യൂട്ടിയെ വിശേഷിപ്പിക്കുന്നത് "എക്കാലത്തെയും ഏറ്റവും സ്വാധീനിക്കുന്ന മൃഗക്രൂരത വിരുദ്ധ നോവൽ" എന്നാണ്.
 

ഡാനിയൽ ഡിഫോ 

തന്റെ ആദ്യ നോവൽ 'റോബിൻസൺ ക്രൂസോ', 59-ാം വയസ്സിലാണ് ഡാനിയൽ ഡിഫോ പ്രസിദ്ധീകരിച്ചത്. പത്രപ്രവർത്തകനും വ്യാപാരിയുമായിരുന്ന ഡിഫോ, കവിതകൾ എഴുതാറുണ്ടായിരുന്നുവെങ്കിലും 'റോബിൻസൺ ക്രൂസോ' ആണ് അദ്ദേഹത്തെ ലോക പ്രസിദ്ധനാക്കിയത്.  'മോൾ ഫ്ലാൻഡേഴ്സ്' (1721), 'എ ജേണൽ ഓഫ് പ്ലേഗ് ഇയർ' (1722), 'റോക്സാന' (1724) തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം പിന്നീട് എഴുതി. 
 

defoe-lit
ഡാനിയൽ ഡിഫോ, Image Credit: National Maritime Museum, London, Wikipedia Commons

ചാൾസ് ബുക്കോവ്സ്കി

ബുക്കോവ്‌സ്‌കി തന്റെ ജീവിതത്തിലുടനീളം വിവിധ സാഹിത്യ മാസികകളിൽ ചെറുകഥകളും കോളങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ ആദ്യ നോവൽ 'പോസ്റ്റ് ഓഫീസ്' 51 വയസ്സ് വരെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. അച്ചാർ ഫാക്ടറിയിലുൾപ്പെടെ വിവിധ ജോലികൾ ചെയ്തിരുന്ന ബുക്കോവ്‌സ്‌കി, പിന്നീട് ലോകമറിയപ്പെടുന്ന എഴുത്തുകാരനായി മാറി. 
 

charles-lit
ചാൾസ് ബുക്കോവ്സ്കി, Image Credit: Ulf Andersen/Getty Images

വാലസ് സ്റ്റീവൻസ്

അമേരിക്കയിലെ ഏറ്റവും മികച്ച കവികളിലൊരാളും 1955-ലെ പുലിറ്റ്‌സർ സമ്മാന ജേതാവുമായ വാലസ് സ്റ്റീവൻസ് 44 വയസ്സുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരമായ 'ഹാർമോണിയം' പ്രസിദ്ധീകരിച്ചത്. പിന്നീട് 57 വയസ്സിലാണ് അദ്ദേഹത്തിന് പ്രസിദ്ധി നൽകിയ 'ഐഡിയാസ് ഓഫ് ഓർഡർ' പ്രസിദ്ധീകരിച്ചത്.

wallace-lit
വാലസ് സ്റ്റീവൻസ്, Image Credit: Bettmann/Getty Images

ഇൻഷുറൻസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്ന വാലസ് സ്റ്റീവൻസ് തുടർന്ന് അഞ്ച് കവിതാ സമാഹാരങ്ങൾ കൂടി പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ കവിതകളിൽ ഭൂരിഭാഗവും 50 വയസ്സിനു ശേഷമാണ് എഴുതിയത്.

English Summary:

Authors Who Become Popular After the Age of Fifty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com