ADVERTISEMENT

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്ന സന്ദർഭത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വനിതകളെ     ഓർക്കാതെയിരിക്കുന്നതെങ്ങനെ? ലോകത്തിലെ എല്ലാ വനിതകൾക്കും ആയി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. 1911 ൽ ആസ്ട്രിയയിലും ഡെൻമാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലുമാണ് ലോക വനിതാ ദിനം ആദ്യമായി ആഘോഷിച്ചത്. 1975 ൽ  ഐക്യരാഷ്ട്രസഭ ലോക വനിതാ ദിനത്തെ അംഗീകരിച്ചു. 

ഈ വനിതാദിനത്തിൽ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് എന്റെ സഹപാഠിയും ഇഷ്ട നടിയുമായ കാർത്തികയെക്കുറിച്ചാണ്. ഓൾ സെയിന്റ്സ് കോളജിൽ ബികോമിന് എന്റെ സഹപാഠിയായിരുന്ന ഈ കുട്ടിയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് അവിചാരിതമായി ഓണാഘോഷത്തോടനുബന്ധിച്ച് ശ്രീ കാർത്തിക തിരുനാൾ തിയേറ്ററിൽ നടന്നിരുന്ന ഒരു നാടോടിനൃത്തം കണ്ടതു മുതലാണ്. “അങ്കണതൈമാവിൽനിന്നാദ്യത്തെ പഴം വീഴ്കെ...” വൈലോപ്പിള്ളിയുടെ  ‘മാമ്പഴം’, ആ കവിതയായിരുന്നു നാടോടിനൃത്തം ആയി സുനന്ദ നായർ എന്ന കാർത്തിക അവതരിപ്പിച്ചത്. സുനന്ദയുടെ നൃത്തം ആസ്വദിച്ച് വിഷാദമൂകമായി ഇരുന്നിരുന്ന സദസ്യരെ ഒന്നടങ്കം ആരും വിഷമിക്കേണ്ട, ഇതൊരു നൃത്താവിഷ്കാരം മാത്രമാണ് എന്ന് പറഞ്ഞ് പെട്ടെന്ന് ഭാവ മാറ്റം വരുത്തി എല്ലാവരെയും ചിരിപ്പിച്ച സുനന്ദയുടെ അഭിനയിക്കാനുള്ള ആ കഴിവ് ഞങ്ങൾ അന്നേ തിരിച്ചറിഞ്ഞിരുന്നു.

പഠിക്കാനും അതിസമർഥ ആയിരുന്ന സുനന്ദ നല്ലൊരു ടെന്നീസ് പ്ലെയർ കൂടിയായിരുന്നു. യാതൊരുവിധ നാട്യങ്ങളും ഇല്ലാത്ത ഒരു സാധാരണ പെൺകുട്ടി. എല്ലാ സഹപാഠികളോടും ഒന്നുപോലെ പെരുമാറുന്ന സുനന്ദയെ ഞങ്ങൾക്കൊക്കെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. യാതൊരു എതിർപ്പും കൂടാതെ ആ വർഷത്തെ ‘ബെസ്റ്റ് ഔട്ട്ഗോയിംഗ് സ്റ്റുഡന്റ്’ ആയി തിരഞ്ഞെടുക്കപ്പെട്ടത് സുനന്ദയായിരുന്നു. പഠിത്തം കഴിഞ്ഞ് എല്ലാവരും പല വഴിക്ക് പിരിഞ്ഞു. 

1985ൽ സുനന്ദയുടെ ആദ്യസിനിമ ബാലചന്ദ്രമേനോന്റെ ‘മണിച്ചെപ്പു തുറന്നപ്പോൾ’ പുറത്തിറങ്ങി. ഞങ്ങളൊക്കെ ആവേശത്തോടെ ആ സിനിമ തീയേറ്ററിൽ പോയി കണ്ടു. പിന്നെ, അന്നുവരെ ഉണ്ടായിരുന്ന നായികമാരെയൊക്കെ പിന്തള്ളി കാർത്തികയുടെ ഒരു കുതിച്ചുചാട്ടം തന്നെ ആയിരുന്നു. എത്രയെത്ര നല്ല സിനിമകൾ! അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ‘ദേശാടനക്കിളി കരയാറില്ല’, ‘നീയെത്ര ധന്യ’, ‘കരിയിലക്കാറ്റുപോലെ’, ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്’,  ‘താളവട്ടം’... പിന്നെ അവിടുന്ന് തമിഴിലേക്കും. ഓരോ സിനിമയും ഞങ്ങൾ സഹപാഠികൾ കാണുകയും പരസ്പരം ചർച്ച ചെയ്യുകയും മറ്റുള്ളവരെ കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. വിവാഹിതയായി ആലപ്പുഴയിലെത്തിയ ഞാൻ കാർത്തികയുടെ സിനിമ ഇറങ്ങുന്ന അന്ന് വെള്ളിയാഴ്ച തന്നെ കാണുന്ന പതിവുണ്ടായിരുന്നു.

family-Karthika

വർഷങ്ങൾക്കുശേഷം ശ്രീ രാജൻ പൊതുവാളിന്റെ മകന്റെ വിവാഹാഘോഷങ്ങൾക്കിടയിൽ ആണ് ഞങ്ങൾ വീണ്ടും കണ്ടുമുട്ടുന്നത്. അപ്പോഴും യാതൊരു നാട്യങ്ങളും ഇല്ലാതെ ഓടിവന്ന് മേരി ആണോ എന്ന് ചോദിച്ചു എന്റെയടുത്ത് വന്ന് കുടുംബത്തെയൊക്കെ പരിചയപ്പെട്ടു. അപ്പോൾ ഞാൻ പറഞ്ഞു. “എന്റെ ഫോണിന്റെ റിങ്ടോൺ ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു മാത്ര വെറുതെ ഞാൻ  നിനച്ചു പോയി (‘നീയെത്ര ധന്യ’ എന്ന സിനിമയിൽ കാർത്തിക അഭിനയിച്ച ആ സീൻ) എന്നതാണെന്ന്. സന്തോഷത്തോടെ ഞങ്ങൾ അന്ന് എടുത്ത ഫോട്ടോ നിങ്ങളുമായി പങ്കുവയ്ക്കുന്നു. മലയാള സിനിമാപ്രേമികൾ ഒരിക്കലും മറക്കാത്ത ഒരു അഭിനേത്രിയാണ് കാർത്തിക. സ്വാഭാവിക തനതു സൗന്ദര്യവും അഭിനയശേഷിയും കൊണ്ട് പ്രേക്ഷക മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന കലാകാരിയാണ് കാർത്തിക. മൂന്ന് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ അഭിനയിച്ചത് ഇരുപതോളം സിനിമകളിൽ മാത്രമാണ്.

1988 ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി പങ്കെടുത്ത ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയം ഉദ്ഘാടനചടങ്ങിൽ പ്രാർഥനാ ഗാനവും കുച്ചുപ്പുടി നൃത്തവും അവതരിപ്പിച്ചത് ആയിരുന്നു കാർത്തികയുടെ കലാകാരി എന്ന നിലയിൽ ഏറ്റവും അവസാനത്തെ പൊതുവേദി. പിന്നീട് താമസിയാതെ വിവാഹിതയായി. ഇപ്പോൾ ഭർത്താവ് ഡോക്ടർ സുനിൽ കുമാറിനോടും ഏകമകൻ ഡോക്ടർ വിഷ്ണുവിനും മരുമകൾ പൂജയ്ക്കും കൊച്ചുമകൾ ശിവാലികയ്ക്കും ഒപ്പം തിരുവനന്തപുരത്ത് സ്വസ്ഥമായ കുടുംബ ജീവിതം തുടരുന്നു. മാന്യമായി വസ്ത്രധാരണം ചെയ്ത് അഭിനയിച്ച് സിനിമാരംഗത്ത് തുടരാമെന്ന് തെളിയിച്ച അപൂർവ വ്യക്തിത്വത്തിന് ഉടമയായ കാർത്തികയെ സ്നേഹപൂർവ്വം ഞാൻ ഈ വനിതാ ദിനത്തിൽ ഓർമ്മിക്കുന്നു. ഓരോ വനിതാദിനവും സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷം ആണല്ലോ? പെൺകരുത്തിന്റെ കാഹളം മുഴങ്ങട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിച്ചു കൊണ്ട്...

English Summary:

Malayalam Article ' Vanithadinam ' Written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com