ADVERTISEMENT

വിനീത് ശ്രീനിവാസൻ ചിത്രമായ ‘വർഷങ്ങൾക്കു ശേഷ’ത്തിലെ ഫയർ മൊമന്റ് ആയിരുന്നു നിതിൻ മോളിയെന്ന സൂപ്പർ സ്റ്റാറായുള്ള നിവിൻ പോളിയുടെ വരവ്. സെൽഫ് ട്രോളും ഇടിവെട്ടു ഡയലോഗുകളുമായി രണ്ടാം പകുതിയിലെ മാരക പെർഫോമൻസ് ആ സിനിമയുടെ തന്നെ വഴിത്തിരിവായി മാറി. മലയാളികളുടെ പ്രിയപ്പെട്ട യങ് എന്റർടെയ്നറെ ആ പഴയ ഫോമിൽ കാണാനായതിന്റെ സന്തോഷം കരഘോഷമായി തിയറ്ററുകളിൽ മുഴങ്ങി. പ്രേക്ഷകർ തന്നിലർപ്പിച്ചിരിക്കുന്ന വിശ്വാസത്തിലും ഇപ്പോൾ കിട്ടുന്ന പ്രതികരണങ്ങളിലും ഏറെ സന്തോഷമുണ്ടെങ്കിലും ‘നിതിൻ മോളി’യുടെ മുഴുവൻ ക്രെഡിറ്റും തന്റെ ‘ആശാനായ’ വിനീതിനു നൽകുകയാണ് നിവിൻ. ചിത്രം തിയറ്ററുകളിലെത്തിയതിനു ശേഷം ഇതാദ്യമായി നിവിൻ പോളി മനസ്സു തുറക്കുന്നു....

വിനീതിനാണ് ക്രെഡിറ്റ്

വിനീതിന്റെ കൂടെ വർക്ക് ചെയ്യാൻ ഭയങ്കര രസമാണ്. ഞങ്ങൾ തമ്മിൽ ഒരു സിങ്കുണ്ട്. ഒരു സീനിൽ അഭിനയിക്കുമ്പോഴും നമ്മൾ എന്തെങ്കിലും അഭിപ്രായങ്ങൾ പറയുമ്പോഴുമെല്ലാം പടപടാന്ന് അങ്ങോട്ടുമിങ്ങോട്ടും കണക്റ്റാകും. അങ്ങനെയുള്ള ഫിലിം മേക്കേഴ്സിന്റെ കൂടെ വർക്ക് ചെയ്യാൻ സുഖമാണ്. എന്റെ കരിയറിന്റെ തുടക്കം മുതൽ എത്രയോ സിനിമകൾ വിനീത് എനിക്കു നൽകിയിരിക്കുന്നു. പ്രേക്ഷകർ എന്നുമോർക്കുന്ന എന്റെ മിക്ക കഥാപാത്രങ്ങളും വിനീതിന്റെ സിനിമകളിലേതാണ്. ഈ കഥാപാത്രത്തിനും സിനിമയ്ക്കും അതുപോലൊരു വലിയ സ്വീകാര്യത കിട്ടുന്നത് കാണുമ്പോൾ സന്തോഷം. 

nivin-pauly3
നിവിൻ പോളി

കുറച്ചു കുഴപ്പം പിടിച്ച ‘സൂപ്പർസ്റ്റാർ’

വേറെ ആരെങ്കിലുമാണ് ഇങ്ങനെയൊരു ക്യാരക്ടർ തന്നിരുന്നതെങ്കിൽ ഞാൻ ഒരിക്കലും ചെയ്യില്ല. വിനീതിനെ നമുക്കൊരു വിശ്വാസമുണ്ടല്ലോ. ഒരിക്കലും എന്നെ മോശമാക്കാൻ വേണ്ടി ഒരു പരിപാടിയും വിനീത് ചെയ്യില്ല. അവനെ എനിക്ക് ബ്ലൈൻഡായി വിശ്വസിക്കാം. ഈ സിനിമയില്‍ ഞാൻ പറയുന്ന ഡയലോഗുകൾ എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്ന പേടി എനിക്ക് ഉണ്ടായിരുന്നു. സെൽഫ് ട്രോൾ ആളുകൾ പോസിറ്റീവ് ആയി എടുക്കുമോ എന്നു ഞാൻ വിനീതിനോടു ചോദിച്ചിരുന്നു. ‘എടാ നീയെന്നെ വിശ്വസിക്ക്. വേറെ പ്രശ്നങ്ങളൊന്നുമില്ല’ എന്നാണ് വിനീത് പറഞ്ഞത്. ഏതു ഫിലിം മേക്കറെയും ബ്ലൈൻഡായി വിശ്വസിച്ചാണല്ലോ നമ്മൾ ചെയ്യുന്നത്. വിനീത് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളാണ്. ഇന്നലെ സിനിമ റിലീസ് ചെയ്ത േശഷം ഒരുപാട് കോളുകളും മേസേജുകളും വന്നു. ഓൺലൈനിൽ ഉള്ള പോസ്റ്റും ഫീഡ്സും ഒക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം. 

കുറച്ച് സീരിയസ് ആയിപ്പോയി

അടുത്ത കാലത്തിറങ്ങിയ എന്റെ കുറച്ച് പടങ്ങള്‍ തിയറ്ററിൽ വിജയിച്ചില്ല. എല്ലാം സീരിയസ് സിനിമകളായിരുന്നു. സീരിയസ് സിനിമകൾ ചെയ്തപ്പോൾ എല്ലാം കൂടി സീരിയസ് ആയിപ്പോയി. പിന്നെ ഇതൊക്കെ ഒരു ലേണിങ് ആണ്. നമുക്കിതൊന്നും മുൻകൂട്ടി കാണാൻ അറിയില്ലല്ലോ. വരുന്ന പടങ്ങളിൽ നമുക്ക് കണക്റ്റാവുന്നവ ചെയ്യാനൊരു പ്രേരണ തോന്നും. അങ്ങനെ ചെയ്തു പോയതാണ്. ‍‍‍

nivin-pauly4
നിവിൻ പോളി

ഇപ്പോൾ ഇങ്ങനെയൊരു സ്വീകരണം കിട്ടുമ്പോൾ, പ്രേക്ഷകർ എന്നെ ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നുണ്ട് എന്നറിയുമ്പോൾ സത്യത്തിൽ സന്തോഷമാണ്. വിനീത് എപ്പോഴും എന്റടുത്ത് പറയും, ‘‘നിവിനേ, നിന്നെ ഒരു എന്റർടെയ്നറായി കാണാനാണ് എല്ലാവർക്കും ഇഷ്ടം. മറ്റ് പടങ്ങൾ െചയ്യേണ്ട എന്നല്ല. പക്ഷേ നീ അത് മിസ് ചെയ്യരുത്. നീയത് ശ്രദ്ധിക്കണം’’. ഇന്നലെ പടമിറങ്ങിയ ശേഷം ഞാനും വിനീതും ഒരുപാട് സംസാരിച്ചു. ‘‘എടാ, നിനക്ക് ഇപ്പോൾ ഞാൻ പറഞ്ഞത് മനസ്സിലായോ? ഞാൻ എപ്പോഴും പറയാറില്ലേ’’ എന്നാണ് വിനീത് ചോദിച്ചത്. 

എന്റെയൊരു എന്റർടെയ്ൻമെന്റ് സിനിമ വന്നാൽ എല്ലാവർക്കും ഇഷ്ടമാണ്. എല്ലാ ഘടകങ്ങളും നന്നായാൽ മാത്രമേ ആ സിനിമ പ്രേക്ഷകരുമായി കണക്ട് ആകൂ. അതാണ് ഇപ്പോൾ തിയറ്ററിൽ പ്രതിഫലിക്കുന്നത്. ആ കഥാപാത്രം പ്രേക്ഷകരുമായി പെട്ടെന്നു കണക്ട് ആയതും അതുകൊണ്ടാണ്. വ്യത്യസ്തമായ രീതിയിലാണ് ഈ കഥാപാത്രത്തിന്റെ പ്രസന്റേഷൻ തന്നെ. തിരിച്ചായിരുന്നെങ്കിൽ ഇങ്ങനെ വർക്കാകുമോ എന്നറിയില്ല. ഹ്യൂമർ ആ രീതിയില്‍ പ്രസന്റ് ചെയ്യുന്നത് ജനങ്ങൾക്ക് ഇഷ്ടമാണ്. സിനിമ നന്നായി ഓടുന്നു. നമ്മളെക്കുറിച്ച് നല്ലത് പറയുന്നു. അഭിനയിച്ച എല്ലാവരെക്കുറിച്ചും നല്ല അഭിപ്രായം. ഒരുപാട് സന്തോഷം.

പോസ്റ്റർ
പോസ്റ്റർ

ധ്യാൻ പൊളിയല്ലേ !

ധ്യാനിന്റെ കൂടെ ‘ലവ് ആക്‌ഷൻ ഡ്രാമ’ കഴിഞ്ഞ് ‘മലയാളി ഫ്രം ഇന്ത്യ’ ചെയ്തിരുന്നു. അതും ഇതുപോലെ രസകരമായൊരു കോംബിനേഷനാണ്. അത് മേയ് ഒന്നിനു റിലീസ് ആകും. അവൻ ഇന്റർവ്യൂവിലൊക്കെ അടിച്ചു പൊളിയാണെങ്കിലും നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നയാളാണ്. ഒരു നല്ല ക്യാരക്ടർ ചെയ്ത്, അത് ആളുകൾ സ്വീകരിക്കണമെന്ന് ആഗ്രഹിക്കാത്ത അഭിനേതാക്കളില്ല. ധ്യാനും ഭയങ്കര ഹാപ്പിയാണെന്ന് വിശ്വസിക്കുന്നു. ഇതുവരെ കാണാത്ത ഒരു ധ്യാനിനെ കണ്ടു എന്നു പ്രേക്ഷകർ പറയുന്നതു കേൾക്കുമ്പോൾ നല്ല സന്തോഷം തോന്നുന്നു. ‘മലയാളി ഫ്രം ഇന്ത്യ’യിലും ധ്യാൻ നന്നായി ചെയ്തിട്ടുണ്ട്. നല്ല രസമുള്ള ഒരു ക്യാരക്ടറാണ്. ഈ രണ്ട് പടങ്ങളും ഇറങ്ങി സൂപ്പർഹിറ്റടിച്ചിട്ടുവേണം ഒന്നാഘോഷിക്കാനെന്ന് ഞങ്ങൾ പറയുമായിരുന്നു. 

vineeth-nivin
അൽഫോൻസ് പുത്രനും വിനീത് ശ്രീനിവാസനുമൊപ്പം നിവിൻ പോളി

നിതിൻ മോളിയും ആശാനും

അതു മുഴുവനായും വിനീതിന് അവകാശപ്പെട്ടതാണ്. എ ടു സെഡ് വിനീതിന്റെ പരിപാടിയാണ്. കംപ്ലീറ്റ് ഡയലോഗുകളും വിനീതിന്റെയാണ്. ഡബ്ബ് ചെയ്യുമ്പോൾ ചെറുതായി എന്തെങ്കിലും ആഡ് ചെയ്യും എന്നല്ലാതെ ബാക്കി മുഴുവൻ ഡയലോഗും ആ കഥാപാത്രത്തിന്റെ പ്രസന്റേഷനും വിനീതിന്റെ ഐഡിയയാണ്. ക്യാമറ നോക്കി സംസാരിക്കുന്ന ഷോട്ടും വിനീതിന്റെ പ്ലാനായിരുന്നു.  എല്ലാം ആശാനു കൊടുത്തു. ആശാനെ വിശ്വസിച്ചാണ് നമ്മൾ ചെയ്യുന്നത്. 

നിവിൻ പോളി, പ്രണവ് മോഹൻലാൽ
നിവിൻ പോളി, പ്രണവ് മോഹൻലാൽ

ഒരു വിനോദയാത്ര

മൂന്നാറില്‍ ‍‍ഞങ്ങൾ കുറച്ചു ദിവസം അടുപ്പിച്ചുണ്ടായിരുന്നു. ഒരുപാട് നാളുകൾക്കു ശേഷമാണ് എല്ലാവരും കൂടി ഒരുമിച്ചുള്ള സമയം. ലവ് ആക്‌ഷൻ ഡ്രാമയിൽ എല്ലാവരും പല സമയത്താണ് വന്നത്. പക്ഷേ ഇതിൽ എല്ലാവരും ഒരുമിച്ച് ഉണ്ടായിരുന്നു. ഓർത്തിരിക്കുന്ന ഒരുപാട് നിമിഷങ്ങൾ സമ്മാനിച്ച സമയമായിരുന്നു അത്. പ്രണവിനെ പരിചയപ്പെടുന്നത് സെറ്റില്‍ വച്ചായിരുന്നു. പ്രണവുമായി ഒരുപാട് സംസാരിക്കുകയും തമാശയും കളിയും പാട്ടു ബഹളവും കളിയാക്കലും എല്ലാം വേറെ ഒരു ഫീലായിരുന്നു. നമുക്ക് അറിയാവുന്ന കുറേപ്പേരുടെ കൂടെ ഒരു ട്രിപ്പ് പോകുമ്പോൾ എങ്ങനെ ഇരിക്കും. അത് കിട്ടിയിട്ട് കുറേയായി. അതൊക്കെ മനസ്സുനിറച്ച് സന്തോഷം തന്ന നിമിഷങ്ങൾ ആണ്.

English Summary:

Exclusive chat with Nivin Pauly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com