ADVERTISEMENT

മക്കളുടെ ജനനത്തോടനുബന്ധിച്ച് ജീവിതത്തിൽ തനിക്കുണ്ടായ സൗഭാഗ്യങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞ് നടൻ സുരാജ് വെഞ്ഞാറമൂട്. ആദ്യ കുട്ടി ജനിച്ചപ്പോഴാണ് തനിക്ക് ആദ്യത്തെ സംസ്ഥാന പുരസ്കാരം ലഭിക്കുന്നതെന്ന് സുരാജ് പറയുന്നു. രണ്ടാമത്തെ കുട്ടി ജനിച്ചപ്പോഴും സംസ്ഥാന പുരസ്കാരം ലഭിച്ചു. മൂന്നാമത്തെ കുട്ടി പിറന്നപ്പോള്‍ സംസ്ഥാന അവാർഡിനൊപ്പം ദേശീയ പുരസ്കാരവും കിട്ടി. ഇനി ഓസ്കർ ലഭിക്കുമെങ്കിൽ നാലാമത്തേതിനും താൻ റെഡിയാണെന്നായിരുന്നു സുരാജിന്റെ വാക്കുകൾ. ചോറ്റാനിക്കര ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാസാംസ്കാരിക സമ്മേളനത്തിലാണ് ഹൃദ്യമായ പ്രസംഗത്തിലൂടെ സുരാജ് സദസ്സിന്റെ കയ്യടി നേടിയത്.

‘‘എനിക്ക് മൂന്നു കുട്ടികളാണ്. ആദ്യത്തെ ആൾ ജനിച്ചപ്പോഴാണ് എനിക്ക് ആദ്യത്തെ സംസ്ഥാന അവാർഡ് ലഭിക്കുന്നത്. രണ്ടാമത്തെ മകൻ വസുദേവ് ജനിച്ചപ്പോൾ എനിക്ക് രണ്ടാമത്തെ സംസ്ഥാന അവാർഡ് ലഭിച്ചു. അപ്പോൾ ഞാൻ വിചാരിച്ചു ഈ പരിപാടി കൊള്ളാമല്ലോ. താൻ പാതി ദൈവം പാതി എന്ന് പറയുന്നതുപോലെ. പിന്നീട് ഒരു പെൺകുഞ്ഞ് വേണം എന്ന് ഞങ്ങൾ ആഗ്രഹിച്ചു. അങ്ങനെ മൂന്നാമത് ഒരു പെൺകുട്ടി ജനിച്ചു, ഹൃദ്യ. അവൾ ജനിച്ചപ്പോൾ എനിക്ക് സംസ്ഥാന അവാർഡും ദേശീയ അവാർഡും കിട്ടി. ഇനി ഓസ്കർ അവാർഡ് കിട്ടുമെങ്കിൽ നാലാമത്തെതിനും ഞാൻ റെഡിയാണ്. അതിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണം വേണ്ട, പ്രാർഥന മാത്രം മതി എന്നുകൂടി ഈ അവസരത്തിൽ പറയുകയാണ്. ഇന്ന് ഞാൻ ഈ കഥ ഇവിടെ പറയുമെന്ന് എന്റെ ഭാര്യയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു, ‘‘നിങ്ങൾക്ക് നാണമില്ലേ, മൂന്ന് അവാർഡ് കിട്ടിയത് എന്റെയും കൂടി മിടുക്ക് കൊണ്ടാണ്. ഇനിയൊരു കാര്യം ചെയ്യ് സ്വന്തമായി കഷ്ടപ്പെട്ട് പോയി അഭിനയിച്ച് ഒരു അവാർഡ് കൊണ്ടുവരൂ. അതിനുശേഷം ഇനി എന്തെങ്കിലും പറഞ്ഞാൽ മതിെയന്ന്’’.

ചെറുപ്പം മുതലേ അച്ഛനമ്മമാർക്കൊപ്പം വരുന്ന ക്ഷേത്രമാണ് ചോറ്റാനിക്കര. രണ്ടാഴ്ച മുമ്പ് ഞാൻ അറിഞ്ഞു സത്യൻ അന്തിക്കാട് സർ ഇവിടെ വരുന്നുണ്ടെന്ന് .ഇവിടെ വന്ന് അദ്ദേഹവുമായി സംസാരിക്കാൻ സാധിച്ചു. അതൊരു വലിയ ഭാഗ്യമായി കാണുന്നു. ഞാൻ ജന്മം കൊണ്ട് വെഞ്ഞാറമൂടുകാരൻ ആണെങ്കിലും കർമം കൊണ്ട് ഇപ്പോൾ കൊച്ചിക്കാരനായി മാറിയിരിക്കുകയാണ്. 10-12 വർഷമായി ഞാൻ കൊച്ചിയിലാണ് താമസം. ഞാൻ സിനിമയിലൊക്കെ വരുന്നതിനു മുന്നേ തന്നെ എന്റെ അച്ഛനും അമ്മയും ജ്യേഷ്ഠനും സഹോദരിയും എല്ലാമായി കുട്ടിക്കാലത്ത് ചോറ്റാനിക്കര ക്ഷേത്രത്തിൽ വന്നിട്ടുണ്ട്. എന്റെ കുടുംബം അമ്മയുടെയും ഭക്തരാണ്. എന്റെ മൂന്നു കുഞ്ഞുങ്ങളുടെയും ചോറൂണ് ഈ ക്ഷേത്രത്തിൽ വച്ചായിരുന്നു. എന്റെ ഭാര്യ മിക്കപ്പോഴും ഇവിടെ വരുന്നതാണ്. ഞാനും ഇടയ്ക്കൊക്കെ ഇവിടെ വന്ന് പ്രാർഥിച്ചു പോകാറുണ്ട്. 

ഈ പരിസരത്തു തന്നെ വീട് വാങ്ങണം എന്നുള്ള  ഉദ്ദേശ്യത്തോടുകൂടിയാണ് ഞങ്ങൾ എറണാകുളത്തു വരുന്നത്.  ഈ പരിസരപ്രദേശത്തൊക്കെ ഞാൻ വീട് അന്വേഷിച്ചു നടന്നു. ഇപ്പോഴാണ് അറിയുന്നത് പലതിനും അഭിലാഷ് പിള്ള (തിരക്കഥാകൃത്ത്) അഡ്വാൻസ് കൊടുത്തിരിക്കുകയാണ് എന്ന്. ശ്രീനിയേട്ടൻ അഡ്വാൻസ് കൊടുത്തിരിക്കുന്നു, ധ്യാൻ ശ്രീനിവാസൻ, അതിഥി രവി അങ്ങനെ പലരും ഇവിടെ സ്ഥലത്തിന് അഡ്വാൻസ് കൊടുത്തിരിക്കുകയാണ് എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്.  ഒരുപാട് കലാകാരന്മാർ ക്ഷേത്രത്തിന്റെ ചുറ്റുപാട് താമസിക്കുന്നുണ്ട്. താമസിയാതെ എനിക്കും വരാൻ കഴിയണമെന്ന് ഞാൻ പ്രാർഥിക്കുന്നു.  

ഞാൻ സിനിമയിലേക്കു വരാൻ കാരണമായവരിൽ പ്രധാനപ്പെട്ട ഒരാൾ സത്യൻ അന്തിക്കാട് സാറാണ്. ഞാൻ കുട്ടിക്കാലത്തു കുടുംബമായി സിനിമയ്ക്ക് പോകുന്നത് സത്യൻ അന്തിക്കാട് സാറിന്റെ സിനിമകൾ കാണാനാണ്. നീലക്കുറുക്കൻ എന്ന സിനിമ ഞാൻ കാസറ്റ് ഇട്ട് കാണുകയായിരുന്നു. ഞാൻ തിയറ്ററിൽ കണ്ടു തുടങ്ങിയത് നാടോടിക്കാറ്റ് എന്ന സിനിമ തൊട്ടാണ്. ആ സിനിമകൾ കണ്ടപ്പോഴാണ് എനിക്കും സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം തോന്നിത്തുടങ്ങിയത്. നേരത്തേ തന്നെ റിയലിസ്റ്റിക് ആയ സിനിമകൾ ചെയ്യുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. എനിക്ക് മാത്രമല്ല എന്റെ വീട്ടുകാര്‍ക്കും ഇഷ്ടമുള്ള സംവിധായകൻ. ‘മകൾ’ വരെയുള്ള സിനിമകൾ കണ്ടിട്ടുണ്ട്.  

എന്റെ അച്ഛനമ്മമാർ ഉൾപ്പെടെ കാണുന്ന സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങളെ മറക്കാൻ കഴിയില്ല. നാടോടിക്കാറ്റിൽ ഒരുപാട് രസകരമായ മുഹൂർത്തങ്ങൾ ഉണ്ട്. പുതിയ തലമുറയ്ക്കും ഓർത്തോർത്ത് ചിരിക്കാൻ പറ്റിയ ഒരുപാട് മുഹൂർത്തങ്ങൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്.

ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ അദ്ദേഹത്തിന്റെ പടത്തിൽ അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. അച്ചുവിന്റെ അമ്മ, രസതന്ത്രം തുടങ്ങിയ സിനിമകളിൽ കുഞ്ഞുകുഞ്ഞ് വേഷങ്ങൾ ആണെങ്കിലും ചെയ്യാൻ കഴിഞ്ഞു. ഇപ്പോൾ സാറ് പറഞ്ഞു, രണ്ട് പടങ്ങളുടെ ചർച്ചകളിൽ ആണ് അതിൽ ഒന്നിൽ ഞാനുമുണ്ട് എന്ന്. അത് കേട്ടപ്പോൾ സന്തോഷമുണ്ട്.’’–സുരാജ് വെഞ്ഞറമ്മൂട് പറയുന്നു.

English Summary:

Suraj Venjaramoodu's speech at Chottanikkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com