ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വരദ. മഴവിൽ മനോരമയിലെ അമല എന്ന സീരിയലിൽ നായികയായെത്തി പ്രേക്ഷകരുടെ മനം കവർന്ന താരം. വരദയുടെ യഥാർഥ പേര് എമിമോൾ എന്നാണെന്ന് അധികമാർക്കും അറിയില്ല. പ്രശസ്ത സംവിധായകൻ ലോഹിതദാസ് ആണ് എമിമോൾക്ക് വരദ എന്ന പേര് സമ്മാനിച്ചത്. നിവേദ്യത്തിലെ നായികാവേഷം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ‘സുൽത്താൻ’ എന്ന സിനിമയിലെ നായികയായി അരങ്ങേറ്റം കുറിച്ച വരദ പിന്നീട് അവതാരകയായും മോഡലായും മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായി. തിരക്കേറുന്നതിനൊപ്പം വിവാദങ്ങളും വരദയെ പിന്തുടർന്നു. സീരിയലുകളിൽ വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന ജിഷിൻ മോഹനെ പ്രണയിച്ചു വിവാഹം കഴിച്ച വരദയ്ക്ക്  ജിയാൻ എന്നൊരു മകനുണ്ട്. അടുത്തിടെ വരദയും ഭർത്താവ് ജിഷിൻ മോഹനും വിവാഹമോചിതരായി എന്നൊരു വാർത്ത പുറത്തു വന്നിരുന്നു. ‘ലിവിങ് ടുഗതർ’ എന്ന വെബ് സീരീസിലെ സഹതാരത്തോടൊപ്പം വരദ പങ്കുവച്ച ചിത്രവും വാർത്തകളിൽ നിറഞ്ഞു. എങ്കിലും വിവാദങ്ങളോട് പ്രതികരിക്കാൻ തയാറല്ല എന്നാണ് വരദ പറയുന്നത്.  ബന്ധത്തിൽ വേണ്ടത് പരസ്പര ബഹുമാനമാണെന്നും ഗോസിപ്പുകൾക്കു താൻ ചെവികൊടുക്കാറില്ലെന്നും വരദ പറയുന്നു.

ലോഹിതദാസ് ആണ് എമിമോളെ വരദ എന്ന് വിളിച്ചത്
 

എമിമോൾ എന്നായിരുന്നു എന്റെ പേര്. ലോഹിതദാസ് സാറാണ് എന്റെ പേര് മാറ്റി വരദ എന്നാക്കിയത്. ‘നിവേദ്യം’ എന്ന സിനിമയിലെ നായികയെ തേടിക്കൊണ്ടിരുന്ന ലോഹിതദാസ് സാറിന്റെ മുന്നിൽ ഞാൻ എത്തുകയായിരുന്നു. മുടി നീളം കുറച്ചു വെട്ടി മോഡേൺ ഡ്രസ്സിൽ ആയിരുന്നു ചെന്നത്.

varada-7
വരദ (Image from Instagram)

എന്നെ കണ്ടിട്ട് അദ്ദേഹം പറഞ്ഞു: ‘ഈ സിനിമയ്ക്കു വേണ്ടി ഒരു നാടൻ കുട്ടിയെ ആണ് വേണ്ടത്. എമിക്ക് പറ്റിയ കഥാപാത്രമല്ല. വേറൊരു സിനിമയിൽ നായികയായി തന്നെ എമി സിനിമയിലെത്തണം. ചെറിയ കഥാപാത്രങ്ങളുമായി ആരെങ്കിലുമൊക്കെ സമീപിക്കും, പക്ഷേ ഏറ്റെടുക്കരുത്.’

Read more at: അഞ്ചുവർഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്നു: രശ്മി ബോബൻ അഭിമുഖം

പോകുന്നതിനു മുൻപ് അദ്ദേഹം പറഞ്ഞു: ‘എന്തായാലും അടുത്ത പ്രോജക്റ്റ് ചെയ്യുന്നതിന് മുൻപ് പേര് ഒന്ന് മാറ്റണം, ഒരു ഹിന്ദു പേര് ആണെങ്കിൽ നന്നായിരിക്കും’. അന്ന് ആ സിനിമ ചെയ്യാതെ പോയതുകൊണ്ട് ഞാൻ പേരൊന്നും മാറ്റിയില്ല. പിന്നെ അദ്ദേഹത്തിന്റെ ശിഷ്യനായ വിനോദ് ഗുരുവായൂർ സ്ക്രിപ്റ്റ് എഴുതിയ പടത്തിൽ ആണ് ഞാൻ നായികയായി അഭിനയിച്ചത്. ‘സുൽത്താൻ’ എന്ന സിനിമയായിരുന്നു അത്. എന്റെ ഫോട്ടോ കണ്ടപ്പോൾ ലോഹി സർ പറഞ്ഞു, ‘ഈ കുട്ടിയെ എനിക്ക് അറിയാം അവളെത്തന്നെ വിളിച്ചോളൂ.’ അതിൽ അഭിനയിക്കാൻ പോയപ്പോഴാണ് പേര് മാറ്റി വരദ ആക്കിയത്. ആ പേര് എനിക്ക് ഒരുപാട് ഇഷ്ടമായി.

ആദ്യസിനിമ ‘വാസ്തവം’ 

ഞാൻ ആദ്യമായി അഭിനയിച്ചത് ‘വാസ്തവം’ എന്ന സിനിമയിലാണ്. പൃഥ്വിരാജിന്റെ ഇളയ അനുജത്തിയുടെ കഥാപാത്രം. സിനിമയിൽ എത്തുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല.  പഴയ എമിമോൾ ആണ് ഈ വരദ എന്ന് എന്റെ പഴയ സഹപാഠികളും അധ്യാപകരും ഒന്നും ചിലപ്പോൾ അറിയുന്നുണ്ടാകില്ല. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ആകെ പങ്കെടുത്തിട്ടുള്ളത് ടാബ്ലോയിൽ ആണ്.

varada-emi-22

അമ്മ ബ്യൂട്ടീഷ്യൻ ആയിരുന്നു. അമ്മ മോഡൽസിനെ ഒക്കെ ഒരുക്കമായിരുന്നു. ആ സമയത്ത് ആ വർഷത്തെ കലണ്ടറിനു വേണ്ടി ഫോട്ടോ എടുക്കാൻ ഒരു മോഡൽ വേണം എന്ന് ഒരു ക്യാമറാമാൻ പറഞ്ഞു.  അങ്ങനെ ഒരു  ഫോട്ടോ എടുക്കാൻ പോയതാണ് ഞാൻ.  

varada-emi-2

അന്ന് എനിക്ക്  നേരെ ചിരിക്കാൻ അറിയില്ല, പരിഭ്രമം വന്നിട്ട് ചിരിച്ചാൽ ചുണ്ടു വിറയ്ക്കും. അന്ന് അവിടെ ആർട്ടിലും മറ്റും വർക്ക് ചെയ്യുന്ന കുറേപ്പേരുണ്ട്. അവർ ഇപ്പോൾ പല ചാനലുകളിൽ ജോലി ചെയ്യുകയാണ്. അന്ന് പരിചയപ്പെട്ടവർ അവരുടെ പ്രോജക്ട് വരുമ്പോൾ വിളിക്കും, പിന്നെ അവരുടെ കോണ്ടാക്ടിൽ വേറെ ആൾക്കാർ വിളിക്കും. അങ്ങനെ അങ്ങനെ മോഡൽ ആയി, കുറെ പരസ്യങ്ങൾ ചെയ്തു. അങ്ങനെ ശരിക്കും പറഞ്ഞാൽ  ഞാൻ പോലും അറിയാതെ "നമ്മൾ പോലും അറിയാതെ നമ്മൾ ഒരു അധോലോകമായി മാറി".  പിന്നെ ചാനലുകളിൽ അവതാരകയായി. അങ്ങനെ ചെറിയ കുട്ടികളെപ്പോലെ മുട്ടിലിഴഞ്ഞ് അടി വച്ചുവച്ച് ആണ് ഞാൻ ഒരു നടി ആയി വളർന്നു വന്നത്. സിനിമയാണ് ആദ്യം ചെയ്തത്. 2008 ൽ ആയിരുന്നു അത്. 2012 ൽ ആണ് സീരിയൽ ചെയ്യുന്നത്.

varada-emi4
വരദ (Image from Instagram)

ജീവിതം മാറ്റി മറിച്ച അമല 

ആദ്യത്തെ സീരിയൽ സ്നേഹക്കൂട് ആയിരുന്നു. അത് കുറെ എപ്പിസോഡ് ചെയ്തു പിന്നെ നിർത്തി. അതിനു ശേഷമാണ് അമലയിൽ അഭിനയിച്ചത്. അമല എന്റെ ജീവിതം മാറ്റിമറിച്ച സീരിയലാണ്. അതിനു ശേഷമാണ് ഞാൻ അഭിനയത്തെ സീരിയസ് ആയി കണ്ടുതുടങ്ങിയത്. മഴവിൽ മനോരമയിലെ ഹിറ്റ് സീരിയൽ ആണ് അത്. ജോയ്സി സാർ ആയിരുന്നു തിരക്കഥാകൃത്ത്. വൻ ഹിറ്റ് ആയിരുന്നു സീരിയൽ. പിന്നീട് നിരവധി പ്രോജക്ടുകൾ വന്നു. അമല ചെയ്തപ്പോൾ തന്നെ നിരവധി അവസരങ്ങൾ വന്നു. പക്ഷേ അമല തീരാതെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. 

varada-emi-4

അമലയ്ക്കു ശേഷം ഞാൻ അഭിനയത്തെ സീരിയസ് ആയി എടുത്തു. എനിക്ക് ഇഷ്ടപ്പെട്ടത് മാത്രമേ സ്വീകരിച്ചുള്ളൂ. പക്ഷേ അതിനു ശേഷം സിനിമയിൽ അവസരങ്ങൾ അധികം കിട്ടിയില്ല. സീരിയലിൽ നായികയാകുമ്പോൾ നമ്മുടെ ഡേറ്റ് മുഴുവൻ അവിടെ കൊടുത്തിരിക്കും അതിനിടയിൽ മറ്റൊന്നും ചെയ്യാൻ കഴിയില്ല. പിന്നെ നമ്മളെ ദിവസവും കുടുംബ പ്രേക്ഷകർ കാണുകയാണ്, പിന്നീട് സിനിമയിൽ എത്തിയാൽ ഒരു പുതുമ ഇല്ല. അതുകൊണ്ട് അവസരം കുറയും. സീരിയലിൽ ബ്രേക്ക് എടുത്ത സമയത്ത് അൽ മല്ലു, ചീന ട്രോഫി തുടങ്ങി കുറച്ചു സിനിമകൾ ചെയ്തു.  

varada-emi

‘കോടികളുടെ വീട്’ സ്വന്തമാക്കിയ വരദ 

എന്നെപ്പറ്റിയുള്ള ഗോസിപ്പുകൾ എല്ലാം ഞാൻ അറിയാത്ത കാര്യങ്ങൾ ആയിരുന്നു. ചില ഗോസിപ്പുകൾ വരുമ്പോഴാണ് ഓ ഇങ്ങനെയും സംഭവിച്ചോ എന്ന് തോന്നുന്നത്. ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളായിരിക്കും പറയുക. ഒപ്പം അഭിനയിക്കുന്നവരോടൊപ്പം ചേർത്ത് പറയുക എന്നത് മിക്കവർക്കും സംഭവിക്കുന്ന കാര്യമാണ്. അത്തരത്തിലാണ് സാജൻ സൂര്യ ചേട്ടനോടൊപ്പം ഒരു ഗോസിപ്പു വന്നത്. എന്നെ വ്യക്തിപരമായി ഉലച്ച സംഭവമാണ് അത്. ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു ഗോസിപ്പ്. സാജൻ ചേട്ടൻ നല്ല ഒരു സുഹൃത്താണ്, ആ സൗഹൃദം നഷ്ടപ്പെടുമോ എന്ന പേടി ആയിരുന്നു. എനിക്ക് വളരെ ചുരുക്കം സുഹൃത്തുക്കളേ ഉള്ളൂ. അവരുടെ സൗഹൃദം നഷ്ടപ്പെടുത്താൻ ആഗ്രഹമില്ല.

varada-34

അടുത്തിടെ കൊച്ചിയിൽ ഒരു ചെറിയ ഫ്ലാറ്റ് സ്വന്തമാക്കി. അപ്പോൾ വന്ന തലക്കെട്ട്. ‘കൊച്ചിയിൽ കോടികളുടെ വീട് സ്വന്തമാക്കി വരദ’.  ഈ ന്യൂസ് കൊടുത്തവരോട് എനിക്ക് ചോദിക്കണം എന്നുണ്ട് ഈ കോടികൾ എവിടെ, കുറച്ചു കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു എന്ന്. ഞാൻ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കിയ പണവും ലോണും ഒക്കെ എടുത്ത് എന്റെ ആഗ്രഹം സഫലമാക്കിയതാണ്. അതിനാണ് ഇങ്ങനെ പറയുന്നത്. ഇവർക്ക് വർക്ക് ഒന്നും ഇല്ലല്ലോ, പിന്നെ ഈ കോടികളുടെ ഫ്ലാറ്റിനു പണം എവിടെനിന്ന് വന്നു എന്നൊക്കെ.

varada-832

ഇവൾക്ക് എങ്ങനെയാണ് ഇത്രയും പണം, ഇവൾ മറ്റതായതുകൊണ്ടല്ലേ എന്നൊക്കെ മറ്റുള്ളവരെക്കൊണ്ട് ചോദിപ്പിക്കണം. അതിനാണ് ഇങ്ങനെ എഴുതുന്നത്. ഇവരോടൊക്കെ സഹതാപം മാത്രമേ ഉള്ളൂ. എന്തെങ്കിലും എഴുതി വിടുമ്പോൾ അത് ബാധിക്കുന്ന ആളുകളുടെ മനസികാവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നില്ലല്ലോ.

varada-9

ദാമ്പത്യജീവിതത്തിൽ എന്താണ് സംഭവിച്ചത്?

അതിനെപ്പറ്റി പ്രതികരിക്കാൻ ഞാൻ  ആഗ്രഹിക്കുന്നില്ല. എല്ലാവരും അവരുടെ താല്പര്യത്തിനനുസരിച്ച് ഓരോ കഥകൾ ഉണ്ടാക്കുന്നുണ്ടല്ലോ. പിന്നെ ഒരാൾ പറയാൻ ഉള്ളതൊക്കെ പറയുന്നുണ്ട്. ഈ വിഷയത്തിൽ പ്രതികരിക്കില്ല എന്ന് ഞാൻ വാക്കു പറഞ്ഞിട്ടുണ്ട്. ആ വാക്ക് ഞാൻ ഇതുവരെയും പാലിച്ചു. ഒരു ബന്ധത്തിൽ പരസ്പര ബഹുമാനം വേണം എന്നാണ് എന്റെ അഭിപ്രായം. ഞാൻ വളരെ സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. ഞാൻ എന്ന ഒരാൾ ജീവിച്ചിരിക്കുന്നു എന്നുപോലും ആരും അറിയണമെന്നില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തുറന്നിടാൻ എനിക്ക് താല്പര്യമില്ല.

varada-family

മകൻ ജിയാൻ എന്റെ അമ്മയോടൊപ്പം ആണ്. ഇപ്പോൾ ഒന്നാം ക്ലാസ്സിൽ പഠിക്കുകയാണ്. അവൻ ജനിച്ചത് മുതൽ ഞങ്ങൾ ജോലിക്ക് പോകുന്നത് അവൻ കാണുന്നതാണ്. ഇപ്പോഴും അതുപോലെ തന്നെ. അതുകൊണ്ട് അവന് ബുദ്ധിമുട്ടില്ല. ഞാൻ പറയുന്ന ഒരു കാര്യം പോലും എന്റെ മകന്റെ ഭാവിയെ ബാധിക്കാൻ പാടില്ല. ഗോസ്സിപ്പുകളോട് ഞാൻ പ്രതികരിക്കുന്നില്ല. 

varda-56

ലിവിങ് ടുഗതർ 

ഹരീഷ് എന്ന ആക്ടറുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ ഈ ഗോസിപ്പിനു കാരണം. അതിന്റെ കാര്യം പറയുകയാണെങ്കിൽ തമാശ ആണ്. ‘ലിവിങ് ടുഗതർ’ എന്ന ഞാൻ ചെയ്യുന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗം വരുന്നു, അതിന്റെ അനൗൺസ്‌മെന്റ് ആണ് അത്. യൂട്യൂബിൽ ആണ് ഒന്നാം ഭാഗം വന്നത്. പിന്നീട് അത് സൈന പ്ലേ എടുത്തു. വെബ് സീരീസിന്റെ പേരാണ് ഹാഷ് ടാഗ്‌ ഇട്ടത്. ഹരീഷ് എന്റെ കൂട്ടുകാരി ജസ്നയുടെ ഭർത്താവാണ്. ഞങ്ങൾ ആത്മമിത്രങ്ങളാണ്. ഈ ഫോട്ടോ വൈറൽ ആയപ്പോൾ ജസ്‌ന ആണ് ഒരു വാർത്ത എനിക്ക് അയച്ചു തന്നത്.  'ലിവിങ് ടുഗതർ വെളിപ്പെടുത്തി വരദ' എന്ന ടൈറ്റിൽ ആയിരുന്നു അത്. നമുക്ക് ഇത്തവണ പബ്ലിസിറ്റി എളുപ്പമായല്ലോ എന്നാണ് അവൾ പറഞ്ഞത്. അവർ അപ്പനും അമ്മയും മക്കളുമായി വളരെ സ്നേഹത്തോടെ ജീവിക്കുന്ന കുടുംബമാണ്. ഞങ്ങളെ രണ്ടുപേരെയും അടുത്തറിയാവുന്ന ആരും ഇങ്ങനെ പറയില്ല. 

varada-son

ഈ ഹെഡിങ് കൊടുക്കുന്നവർ ആർട്ടിക്കിളിന്റെ ഒടുവിൽ പറയുന്നുണ്ട്, അവർ ഈ പേരിൽ ഒരു വെബ് സീരീസിൽ അഭിനയിച്ചിട്ടുണ്ട്, അതിന്റെ രണ്ടാം ഭാഗമായിരിക്കും ഇത് എന്ന്.  എന്നാലും ഇങ്ങനെ ഒരു തലക്കെട്ട് ഇട്ടില്ലെങ്കിൽ മനഃസുഖം ഇല്ല. അവർ അതിൽ സന്തോഷം കണ്ടെത്തിക്കോട്ടെ. നമ്മളെക്കുറിച്ച് മറ്റുള്ളവർ നല്ലതു മാത്രം പറയണം എന്ന് നമുക്ക് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ. ഇതിനെതിരെ പ്രതികരിക്കാനൊന്നും എനിക്ക് സമയമില്ല. 

varada-82

മാംഗല്യത്തിലെ വില്ലത്തി 

വലിയൊരു ഇടവേളയ്ക്കു ശേഷമാണ് മാംഗല്യം എന്ന സീരിയലിൽ അഭിനയിക്കുന്നത്. ഇതൊരു നെഗറ്റീവ് റോൾ ആണ്. വില്ലത്തി ആണെന്ന് തോന്നാത്ത ഒരാൾ വില്ലത്തി ആയാൽ എങ്ങനെയിരിക്കും എന്ന് തോന്നാൻ വേണ്ടി ആണ് എന്നെ കാസ്റ്റ് ചെയ്തത്. ഈ സീരിയൽ ചെയ്യണോ എന്നൊക്കെ സംശയിച്ചിരുന്നു. ചാനലിൽനിന്ന് കുറെ പറഞ്ഞിട്ടാണ് ചെയ്യാം എന്ന് സമ്മതിച്ചത്.

varada-8

വളരെ കുറച്ചു സീരിയൽ മാത്രമേ ചെയ്തിട്ടുള്ളൂ. എനിക്ക് കംഫർട്ടബിൾ അല്ലെങ്കിൽ ഞാൻ അവിടെ നിൽക്കില്ല. ടിവി ഷോകൾ കുറെ ചെയ്തിട്ടുണ്ട് ഇപ്പോഴും അവതാരകയായി പ്രവർത്തിക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് കലാപരമായി ക്യാമറയുടെ മുന്നിലോ പിന്നിലോ എവിടെയെങ്കിലുമൊക്കെ പ്രവർത്തിക്കണം എന്നേ ഉള്ളൂ.  ഇതുകൊണ്ടൊക്കെ ഞാൻ സംതൃപ്തയാണ്.

English Summary:

Interview with Serial actress Varada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com