ADVERTISEMENT

ഏറ്റവും മൂല്യവത്തായ ജോലികളിലൊന്നാണ് അധ്യാപനമെന്നു വിദ്യാർഥികൾക്കു മാത്രമല്ല, സർക്കാരിനും പെ‍ാതുസമൂഹത്തിനുമെ‍ാക്കെ ബോധ്യമുണ്ടാകേണ്ടതുണ്ട്. എന്നാൽ, തങ്ങൾക്ക് അഹിതമായ നടപടികളെടുക്കുന്ന അധ്യാപകരെ ഏതു വിധേനയും നിശ്ശബ്ദരാക്കാൻ മുതിരുന്ന വിദ്യാർഥിസംഘടനകൾക്കു തണലെ‍ാരുക്കാൻ സർക്കാർതന്നെ മുന്നോട്ടുവരുമ്പോൾ അത് അങ്ങേയറ്റം ഭീഷണമാകുന്നു. അതുകെ‍ാണ്ടാണ് കാസർകോട് ഗവൺമെന്റ് കോളജ് പ്രിൻസിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ. എം.രമയ്ക്കെതിരെ സർക്കാർ പ്രഖ്യാപിച്ച വകുപ്പുതല അച്ചടക്കനടപടികൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ഏറെ പ്രസക്തമാകുന്നത്.

വ്യാജ ആരോപണങ്ങളുന്നയിച്ച് തന്നെ പ്രിൻസിപ്പലിന്റെ ചുമതലയിൽനിന്നു നീക്കി സ്ഥലം മാറ്റുകയും വിദ്യാർഥിസംഘടനയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി ഡോ. രമ നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കോളജിലെ ലഹരിമരുന്ന് ഉപയോഗത്തിനും എസ്എഫ്ഐയുടെ തെറ്റായ രീതികൾക്കുമെതിരെ സംസാരിച്ചതിനും അച്ചടക്കനടപടിയെടുത്തതിനുമാണ് തന്നെ വേട്ടയാടിയതെന്ന ഡോ. രമയുടെ വാദം അംഗീകരിക്കപ്പെട്ടു. അന്വേഷണം ഏകപക്ഷീയമാണെന്നും നടപടികളിൽ ബാഹ്യ ഇടപെടലും താൽപര്യങ്ങളും വ്യക്തമാണെന്നും കോടതിക്കു ബോധ്യപ്പെടുകയും ചെയ്തു.

കുടിവെള്ള സമരം നടത്തിയ വിദ്യാർഥികളെ അപമാനിച്ചെന്നും കോളജിനെ അപകീർത്തിപ്പെടുത്തിയെന്നും പ്രവേശനസമയത്ത് ഒരു കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും മറ്റുമായിരുന്നു പ്രിൻസിപ്പലിനെതിരെയുള്ള ആക്ഷേപങ്ങൾ. എന്നാൽ, ശബ്ദമുയർത്താത്ത അധ്യാപകരെയാണ് എസ്എഫ്ഐ ക്യാംപസുകളിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും അത്തരമൊരു സന്ദേശമാണ് തനിക്കെതിരായ നടപടിയിലൂടെ സമൂഹത്തിനു നൽകാൻ നോക്കിയതെന്നും ഡോ. രമ പറയുന്നു. ആ ശ്രമം പക്ഷേ വിജയിച്ചില്ല. കുട്ടികളുടെ ഭാവികൊണ്ടു കളിക്കുകയാണു സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പുമെന്ന് ഒരധ്യാപിക പറയുമ്പോൾ അതു വളരെ ഗൗരവമുള്ള ആരോപണം തന്നെയാണ്.

പഠനനിലവാരവും കലാലയത്തിന്റെ സുഗമപ്രവർത്തനവും വിദ്യാർഥിക്ഷേമവുമെ‍ാക്കെ ഉറപ്പാക്കാനുള്ള ചുമതലയാണ് പ്രിൻസിപ്പൽമാർക്കുള്ളതെങ്കിലും ഭരിക്കുന്ന പാർട്ടിയോടു മുതൽ അവരുടെ വിദ്യാർഥിസംഘടനയോടുവരെ വിധേയത്വമുള്ള പ്രിൻസിപ്പൽമാർ ചില കോളജുകളിലെങ്കിലുമുണ്ട്. അതുകെ‍ാണ്ടാണ് കോളജിൽ നടക്കുന്ന അന്യായപ്രവർത്തനങ്ങളെ അവർക്കു ന്യായീകരിക്കേണ്ടിവരുന്നത്. പാർട്ടിപ്പേടിയില്ലാത്ത പ്രിൻസിപ്പൽമാർക്കു നേരിടേണ്ടിവരുന്ന വെല്ലുവിളികളും അപമാനങ്ങളും കേരളം കണ്ടുകെ‍ാണ്ടിരിക്കുകയുമാണ്. ഇക്കൂട്ടത്തിലാണ് ഡോ. രമയും. 

പാലക്കാട് വിക്ടോറിയ കോളജിൽ 2016ൽ കോളജ് പ്രിൻസിപ്പലിന്റെ റിട്ടയർമെന്റ് ദിനത്തിൽ ഒരുസംഘം വിദ്യാർഥികൾ അവർക്കു കുഴിമാടം ഒരുക്കിയ സംഭവം കേരളത്തിലുടനീളം ചർച്ചചെയ്യപ്പെട്ടതാണ്. വിരമിച്ച പ്രിൻസിപ്പലിനു വിദ്യാർഥികൾ ഒരുക്കിയതു കുഴിമാടമല്ലെന്നും അത് ‘ആർട് ഇൻസ്റ്റലേഷനായി’ (പ്രതിഷ്ഠാപന കല) കാണണമെന്നുമാണ് സിപിഎമ്മിന്റെ സമുന്നത നേതാവ് പറഞ്ഞത്. എറണാകുളം മഹാരാജാസ് കോളജിൽ 2017ൽ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചതും സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രതിഷേധത്തിനു കാരണമായ സംഭവമാണ്. വിദ്യാഭ്യാസം, സാക്ഷരത, സംസ്കാരം എന്നിവയുടെയൊക്കെ പേരിൽ പെരുമകൊള്ളുന്ന കേരളത്തിനാകെത്തന്നെ അപമാനകരമായ ഇത്തരം നിർഭാഗ്യസംഭവങ്ങൾ ആവർത്തിച്ചുകെ‍ാണ്ടേയിരിക്കുന്നു. 

മാനവികതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ മുദ്രാവാക്യമാക്കിയ ഒരു വിദ്യാർഥിസംഘടനയുടെ പ്രവർത്തനശൈലി എത്രത്തോളം അതിനു വിരുദ്ധമായി മാറാമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം. ആൾക്കൂട്ടവിചാരണയ്ക്കും ക്രൂരമായ മർദനത്തിനുമെ‍ാടുവിൽ സിദ്ധാർഥൻ എന്ന വിദ്യാർഥിയുടെ ജീവിതം പെ‍ാലിഞ്ഞതിൽ എസ്എഫ്െഎ വഹിച്ച പങ്ക് പെ‍ാതുസമൂഹത്തിനു മുന്നിൽ ഗൗരവമുള്ള ചോദ്യങ്ങളാണ് ഉയർത്തുന്നത്. 

വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങൾ ഉന്നയിക്കുന്നതിനപ്പുറം, സ്വന്തം കയ്യൂക്കുകൊണ്ട് ക്യാംപസ് ഭരിക്കുന്നവരായി വിദ്യാർഥിസംഘടനകൾ മാറിക്കൂടാ എന്ന സന്ദേശംതന്നെയാണ് ഡോ. രമയുടെ ഹർജിയിലെ കോടതിവിധി നൽകുന്നത്. അധികാര രാഷ്ട്രീയത്തിന്റെ നഖമുനകളാൽ വിദ്യാഭ്യാസത്തിന്റെ മുഖം വികൃതമാക്കിക്കെ‍ാണ്ടേയിരിക്കുന്ന വിദ്യാർഥിസംഘടനയ്ക്കും നീതിബോധമില്ലാതെ അവരെ സംരക്ഷിക്കുന്ന സർക്കാരിനുമുള്ള നിശിതമായെ‍ാരു മുന്നറിയിപ്പുകൂടി അതിലുണ്ട്.

English Summary:

Editorial about Dr. Rama's case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com