ADVERTISEMENT

രഹസ്യങ്ങൾക്കു കാതോർക്കുന്ന പോലെ തലകുനിച്ചു നിൽക്കുന്ന തണൽമരങ്ങൾ, സ്ലോമോഷനിൽ കടന്നുവരുന്ന ആഡംബരക്കാറുകൾ, അടുത്തും അകന്നും പോകുന്ന കാലടിയൊച്ചകൾ, പല വേഷങ്ങളിൽ പല വിഭവങ്ങളുമായി വരുന്ന പരിചാരകർ... പിന്നെ നീണ്ട കാത്തിരിപ്പും- അധികാരത്തിന്റെ അടയാളങ്ങളെല്ലാമുള്ള ഭുവനേശ്വറിലെ നവീൻ നിവാസിലെ നിശ്ശബ്ദത തകർക്കുന്ന റിങ്ടോൺ പോലെ ഒരാരവം മുഴങ്ങി; നവീൻ പട്നായിക് സിന്ദാബാദ്.

പടിഞ്ഞാറൻ ഒഡീഷയിലെ കാന്തബഞ്ചി മണ്ഡലത്തിൽ നിന്നുള്ള ബിജു ജനതാദൾ പാർട്ടി പ്രവർത്തകരുടെ വരവാണ്. നിയമസഭയിലേക്കു മത്സരിക്കുന്ന രണ്ടാം മണ്ഡലമായി കാന്തബഞ്ചിയെ തിരഞ്ഞെടുത്തതിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനോടു നന്ദി പറയാനുള്ള വരവാണ്. 

പടിഞ്ഞാറു വഴി ഒഡീഷയിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റം ചെറുക്കുന്നതിനു വേണ്ടിയാണു നവീൻ ദീർഘകാലമായി സിറ്റിങ് സീറ്റായ ഹിഞ്ചിലിക്കു പുറമേ കാന്തബഞ്ചിയിലും മത്സരിക്കാൻ തീരുമാനിച്ചത്. 

ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടക്കുന്ന ഇത്തവണ നവീന്റെ ഇരട്ടപ്പോരാട്ടം ഇരട്ടി ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെഡി.

നവീൻ പട്നായിക്കിന്റെ വിശ്വസ്തൻ

സ്കൂൾ അസംബ്ലിയിലെന്ന പോലെ പ്രവർത്തകരെയെല്ലാം അടക്കി നിർത്തിയതിനു ശേഷം പരിചാരകർ ഒരു വാതിൽ പാതി തുറന്നു സൂചന നൽകുന്നു; പിന്നാലെ 2 പേർ പുറത്തേക്ക്. ഒരാൾ വെള്ള കുർത്തയും പൈജാമയുമണിഞ്ഞ നവീൻ ബാബു തന്നെ. വെള്ള ഫുൾസ്ലീവ് ഷർട്ടും കാക്കി പാന്റ്സുമിട്ട രണ്ടാമൻ വി.കെ.പാണ്ഡ്യൻ. പട്‌നായിക്കിന്റെ പിൻഗാമിയെന്നു പ്രവർത്തകരും സൂപ്പർ മുഖ്യമന്ത്രിയെന്നു വിമർശകരും വിശേഷിപ്പിക്കുന്ന തമിഴ്നാട്ടുകാരനായ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ. ബിജെപിയിൽനിന്നു കടുത്ത വെല്ലുവിളി നേരിടുന്ന ഇത്തവണ ബിജെഡിയുടെ പവർഹൗസ് ഈ നാൽപത്തിയൊൻപതുകാരനാണ്.

ഹ്രസ്വമായ സംസാരത്തിനു ശേഷം അധികാരത്തിന്റെ ബാറ്റൺ കൈമാറ്റം പോലെ പട്നായിക് മൈക്ക് കൈമാറുന്നതു പാണ്ഡ്യനു തന്നെ. ശരീരഭാഷയിലെ അതിവിനയം പതിയെ സ്വരത്തിലെ ആജ്ഞാശക്തിക്കു വഴിമാറുന്നു. 24 വർഷമായി നവീൻ പട്നായിക്കിനു വിശ്വസിച്ചു വോട്ടു നൽകുന്ന ഒഡീഷയിൽ പട്നായിക് കണ്ണടച്ചു വിശ്വസിക്കുന്ന ഒരേയൊരാൾ ഈ തമിഴ്നാട്ടുകാരനാണെന്നാണ് അടക്കംപറച്ചിൽ. 2012 ൽ താൻ ലണ്ടനിലായിരിക്കെ മന്ത്രിസഭയെ അട്ടിമറിക്കാൻ ബിജെ‍ഡി എംപി പ്യാരിമോഹൻ മൊഹാപാത്ര ശ്രമിച്ചതോടെയാണു പട്‌നായിക്കിനു പാർട്ടിയിലെ ഒഡീഷക്കാരിൽ വിശ്വാസംപോയത്.

താരപ്രചാരകൻ

പട്നായിക്കിന്റെ സ്വപ്നപദ്ധതികളുടെയെല്ലാം ചുമതലക്കാരനായ പാണ്ഡ്യൻ കഴിഞ്ഞ ഒക്ടോബറിലാണു സിവിൽ സർവീസിൽനിന്നു രാജിവച്ചു രാഷ്ട്രീയത്തിലിറങ്ങിയത്. ഇപ്പോൾ ഒഡീഷയുടെ സമൂലപരിവർത്തനം ലക്ഷ്യമിടുന്ന 5ടി പദ്ധതിയുടെ അമരക്കാരൻ. കാബിനറ്റ് റാങ്കോടെയാണു ചുമതല. ഭാര്യയും മക്കളുമില്ലാത്ത പട്നായിക്കിന്റെ അടുത്തേക്ക് എത്താൻ കടക്കേണ്ട മെറ്റൽ ഡിറ്റക്‌‌ടറാണു പാണ്ഡ്യനെന്ന് ഒരു ബിജെഡി നേതാവിന്റെ തന്നെ വിശേഷണം.

തദ്ദേശീയ വികാരം ഏറെയുള്ള ഒഡീഷയിൽ പാണ്ഡ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഔട്സൈഡർ എന്ന ഇമേജ് തന്നെ. എന്നാൽ, ഒഡീഷയുടെ മരുമകൻ എന്നു പറഞ്ഞാണു പാണ്ഡ്യൻ അതിനെ നേരിടുന്നത്. പാണ്ഡ്യന്റെ ഭാര്യ ഈ നാട്ടുകാരിയാണ്. ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ സുജാത ആർ.കാർത്തികേയൻ‍. അനാരോഗ്യം മൂലം മുഖ്യമന്ത്രിക്ക് എല്ലാ മണ്ഡലങ്ങളിലും നേരിട്ടു പോകാനാകില്ല എന്നതിനാൽ പാണ്ഡ്യൻ തന്നെയാണ് ഇത്തവണ ബിജെഡിയുടെ താരപ്രചാരകനും. ആൾക്കൂട്ടങ്ങളുടെ നടുവിൽ അദ്ദേഹത്തെ ഒറ്റയ്ക്കു പ്രതിഷ്ഠിക്കുന്ന പിആർ ഫോട്ടോഷൂട്ടുകൾ ബിജെഡി നേരത്തേ തുടങ്ങിക്കഴിഞ്ഞു. ഇൻ‍സ്റ്റഗ്രാം ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്സുള്ള പാണ്ഡ്യന് എത്രത്തോളം ഒഡീഷക്കാരുടെ മനസ്സു പിടിക്കാനാകും എന്നതാണു ബിജെഡി നേരിടുന്ന വലിയ ചോദ്യം.

വി.കെ.പാണ്ഡ്യൻ മനോരമയോടു മനസ്സു തുറന്നപ്പോൾ...

Qരാഷ്ട്രീയത്തിലിറങ്ങിയതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. എന്നിട്ടും എന്തുകൊണ്ടു മത്സരിക്കുന്നില്ല?

Aനവീൻ ബാബു എന്റെ ഗുരുവാണ്. അദ്ദേഹത്തെ സഹായിക്കുകയാണു ദൗത്യം. അതിനാണു ഞാൻ രാഷ്ട്രീയത്തിൽ ചേർന്നത്. മത്സരിക്കാനല്ല.

Qപടിഞ്ഞാറൻ ഒഡീഷയിൽ ബിജെപിയെ ചെറുക്കാനാണോ മുഖ്യമന്ത്രി ഇരട്ടപ്പോരാട്ടത്തിനിറങ്ങുന്നത് ?

Aഅല്ല. കഴിഞ്ഞ തവണയും അദ്ദേഹം 2 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നല്ലോ. ഓരോ മണ്ഡലത്തിൽ നിന്നുള്ളവരും അദ്ദേഹത്തെ മത്സരിക്കാൻ അങ്ങോട്ടു ക്ഷണിക്കുകയാണ്.

Qബിജെപിയുമായുള്ള സഖ്യചർച്ചകൾ‍ എങ്ങനെയാണു പരാജയപ്പെട്ടത്?

Aഅതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ല. ഒന്നു മാത്രം പറയാം. ഞങ്ങളുടെ ശക്തി ഞങ്ങൾക്കറിയാം. ലോക്സഭയിലും നിയമസഭയിലും ഒറ്റയ്ക്കു തന്നെ ബിജെഡി മികച്ച വിജയം ആവർത്തിക്കും. കാൽനൂറ്റാണ്ടായുള്ള മികച്ച ഭരണമാണു ഞങ്ങളുടെ കൈമുതൽ.

Qപ്രതിപക്ഷ സഖ്യവും ബിജെഡിയെ സ്വീകരിക്കാൻ ഒരുക്കമായിരുന്നല്ലോ? അങ്ങനെ ഒരു ആലോചന ഉണ്ടായിരുന്നോ?

A ഒരിക്കലുമില്ല. ഞങ്ങളുടെ ഉദ്ഭവം തന്നെ ആന്റി കോൺഗ്രസ് തത്വങ്ങളിലാണ്.

Qഎന്താണു ബിജെഡിയുടെയും നവീൻ പട്നായിക്കിന്റെയും ഈ വിജയത്തുടർച്ചയുടെ രഹസ്യം?

Aഅദ്ദേഹം പരമ്പരാഗത ശൈലിയുള്ള ഒരു രാഷ്ട്രീയക്കാരനല്ല എന്നതു തന്നെ. ഒരു ജനസേവകനായിട്ടാണ് അദ്ദേഹം സ്വയം കാണുന്നത്. ഒഡീഷയിലെ ജനങ്ങളും അങ്ങനെത്തന്നെ.

English Summary:

VK Pandian Steps Up as BJD’s Strategist in the Upcoming Odisha Assembly Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com