ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനി ഉൾപ്പെടെയുള്ളവയുമായി സിഎംആർഎൽ നടത്തിയ സാമ്പത്തിക ഇടപാടിൽ മൂന്നു വർഷം മുൻപേ പ്രാഥമിക വിവരശേഖരണം നടത്തിയതിനാൽ അന്വേഷണത്തിന്റെ രണ്ടാംഘട്ടം ഇ.ഡിക്ക് എളുപ്പമാകും. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിൽ 2021ൽ ഇ.ഡി കൂടി അന്വേഷണം തുടങ്ങിയപ്പോൾ പ്രതിരോധിക്കാൻ ചടുലമായ നീക്കങ്ങൾ അന്നു രണ്ടു കമ്പനികളും നടത്തുകയും ചെയ്തിരുന്നു.

കൊച്ചിയിലെ ഐടി പ്രിൻസിപ്പൽ കമ്മിഷണറേറ്റ് സിഎംആർഎലിന്റെ 2016 മുതൽ 2019 വരെയുള്ള കണക്കുകൾ പരിശോധിച്ചതിലാണു 135.54 കോടി രൂപയുടെ  പൊരുത്തക്കേട് കണ്ടെത്തിയത്. തുടർന്നായിരുന്നു ഇ.ഡിയുടെ പ്രാഥമിക അന്വേഷണം. സിഎംആർഎലുമായി ഇടപാടു നടത്തിയ കമ്പനികളിൽ നിന്നും മൊഴിയെടുത്തു.

ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പ്രവർത്തനം താൽക്കാലികമായി മരവിപ്പിക്കാൻ എക്സാലോജിക് കമ്പനി, ബംഗളൂരുവിലെ റജിസ്ട്രാർ ഓഫ് കമ്പനീസിനെ സമീപിക്കുന്നത്.  2022 നവംബറിൽ പ്രവർത്തനം മരവിപ്പിച്ചു. വീണയുടെ കമ്പനിക്കു വായ്പയായി 78 ലക്ഷം രൂപ നൽകിയ, ശശിധരൻ കർത്തായ്ക്കു പങ്കാളിത്തമുള്ള എംപവർ ഇന്ത്യ കമ്പനിയും ഈ കാലയളവിൽ പ്രവർത്തനം അവസാനിപ്പിച്ചു.

ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിനെതിരെ സിഎംആർഎൽ ഇന്ററിം സെറ്റിൽമെന്റ് ബോർഡിനെ സമീപിച്ചു. ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ പരിഗണനയിലെത്തിയതോടെയാണ് ഇതേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയ അന്വേഷണം ഇ.ഡി തൽക്കാലം നിർത്തിയത്.

ഒരു വർഷത്തിലേറെ കഴിഞ്ഞാണു സെറ്റിൽമെന്റ് ബോർഡിന്റെ വിധി വന്നത്. 73.38 കോടി രൂപ, ആദായ നികുതിക്കായി വെളിപ്പെടുത്തേണ്ട ഗണത്തിലല്ലെന്നും ബാക്കി തുകയ്ക്കു നികുതി അടയ്ക്കാമെന്നുമായിരുന്നു ബോർഡിൽ സിഎംആർഎൽ വാദിച്ചത്. എന്നാൽ മൊത്തം 135.99 കോടി രൂപ വെളിപ്പെടുത്താത്ത ഗണത്തിലാണെന്നും അതിലെ 81.51 കോടിക്ക് നികുതി അടയ്ക്കണമെന്നുമായിരുന്നു ബോർഡിന്റെ  തീർപ്പ്. വീണയ്ക്കും കമ്പനിക്കും നൽകിയ 1.72 കോടി രൂപ ലഭിക്കാത്ത സേവനത്തിനാണെന്നും ഇതിനും നികുതി നൽകണമെന്നും വിധിച്ചു. 

ഇതിനു പുറമേ പിഴ ചുമത്തുന്നതിൽ നിന്നുള്ള സംരക്ഷണവും (പ്രോസിക്യൂഷൻ ഇമ്യൂണിറ്റി) അനുവദിച്ചു. എന്നാൽ ബോർഡിനു മുൻപിൽ നൽകിയ കണക്കിലും രേഖയിലും കളവോ, കൃത്രിമമോ നടന്നുവെന്ന് എസ്എഫ്ഐഒ, ഇ.ഡി അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ ഈ സംരക്ഷണം നഷ്ടമാകും. 

അഞ്ചിനു കേസ് ഹൈക്കോടതിയിൽ

ഇതിനിടെ, എക്സാലോജിക്കുമായി സാമ്പത്തിക ഇടപാട് നടത്തിയ 12 കമ്പനികളിൽ 6 എണ്ണത്തിന്റെ പ്രതിനിധികളോടു മൊഴി നൽകാൻ ഹാജരാകാൻ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) നിർദേശിച്ചു.

നോട്ടിസിനു മറുപടി നൽകാനുള്ള സമയപരിധി 15ന് അവസാനിച്ചിരുന്നു. ചില കമ്പനികൾക്ക് ആവശ്യപ്രകാരം കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. എസ്എഫ്ഐഒ അന്വേഷണത്തിനു കാരണമായ ഷോൺ ജോർജിന്റെ ഹർജിയും അന്വേഷണത്തിനെതിരെ കെഎസ്ഐഡിസി സമർപ്പിച്ച ഹർജിയും അഞ്ചിനു ഹൈക്കോടതി വീണ്ടും പരിഗണിക്കും.

English Summary:

Exalogic: Initial data collection 3 years ago; Figures in hand, easy for Enforcement Directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com