ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാർഥി പട്ടിക ബിജെപി പുറത്തുവിട്ടു. വിവിധ സംസ്ഥാനങ്ങളിലെ 72 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യഘട്ട പട്ടികയിൽ ഇടം പിടിക്കാതെ പോയ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി രണ്ടാം പട്ടികയിൽ ഇടംപിടിച്ചു. അദ്ദേഹം സിറ്റിങ് സീറ്റായ നാഗ്പുരിൽത്തന്നെ മത്സരിക്കും. 2014ലെയും 2019 ലെയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിതിൻ ഗഡ്കരി നാഗ്പുർ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരുന്നു.

കേന്ദ്രമന്ത്രി പ്രഹ്‍ളാദ് ജോഷി കർണാടകയിലെ ധർവാഡിൽനിന്നും പീയുഷ് ഗോയല്‍ മുംബൈ നോർത്തിൽനിന്നും മത്സരിക്കും. മുൻ പ്രധാനമന്ത്രി കൂടിയായ ജനതാദൾ നേതാവ് എച്ച്.ഡി.ദേവെഗൗഡയുടെ മരുമകൻ സി.എൻ.മഞ്ജുനാഥ് ബെംഗളൂരു റൂറലിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും. അതേസമയം, കേരളത്തിലെ  ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകൾ രണ്ടാം പട്ടികയിലില്ല.

കഴിഞ്ഞ ദിവസം രാജിവച്ച ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കർനാലിൽനിന്നും മത്സരിക്കും. കർനാലിലെ എംഎൽഎയായിരുന്ന മനോഹർലാൽ ഖട്ടർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സദാനന്ദ ഗൗഡ, അനന്തകുമാര്‍ ഹെഗ്ഡെ, നളിന്‍ കുമാര്‍ കട്ടീൽ, പ്രതാപ് സിംഹ തുടങ്ങിയ പ്രമുഖർക്കു കർണാടകയിൽ ഇക്കുറി സീറ്റില്ല. പ്രതാപ് സിംഹക്ക് പകരം മൈസുരു രാജകുടുംബാംഗം യദുവീര്‍ സ്ഥാനാര്‍ഥിയാകും.

കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ഹവേരിയിലും ത്രിവേന്ദ്ര സിങ് റാവത്ത് ഹർദ്വാരിലും അനുരാഗ് സിങ് ഠാക്കൂർ ഹമിർപുരിലും യെഡിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര ഷിമോഗയിലും അശോക് തൻവർ ഹരിയാനയിലെ സിർസയിലും ശോഭ കരന്തലജെ ബെംഗളൂരു നോർത്തിലും പങ്കജ മുണ്ടെ ബീഡിലും മത്സരിക്കും. മഹാരാഷ്ട്രയിൽ സിറ്റിങ് സീറ്റുകളിൽ മാത്രമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

മാർച്ച് രണ്ടിനാണ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പുറത്തുവിട്ടത്. 195 സ്ഥാനാർഥികളുടെ പേരുകളാണ് ആദ്യപട്ടികയിലുണ്ടായിരുന്നത്. രണ്ടാം സ്ഥാനാർഥി പട്ടികയോടെ ലോക്സഭയിലേക്കുള്ള 267 സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്.

English Summary:

BJP announced second list of candidates for the Lok Sabha elections.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com