ADVERTISEMENT

കൊൽക്കത്ത∙ ചോദ്യത്തിനു കോഴ ആരോപണത്തിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നൽകിയ സമൻസ് തള്ളി തൃണമൂൽ‌ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു സമൻസ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണനഗർ മണ്ഡലത്തിൽനിന്നു മത്സരിക്കുന്ന മഹുവ വ്യാഴാഴ്ച മുതൽ മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങുമെന്നാണു മാധ്യമങ്ങളെ അറിയിച്ചത്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനായി അവർ ഹാജരാകില്ല. ഇതിനുമുമ്പും രണ്ടുതവണ ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടു നോട്ടിസ് ലഭിച്ചെങ്കിലും മഹുവ ഹാജരായിരുന്നില്ല. മഹുവ വിദേശ വിനിമയ ചട്ടം ലംഘിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. 

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്നു 'കൈക്കൂലി' സ്വീകരിച്ചെന്നാണു മഹുവയ്ക്കെതിരായ ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണു പാര്‍ലമെന്റില്‍ മഹുവയ്‌ക്കെതിരെ രംഗത്തുവന്നത്. ഇതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മഹുവയ്‌ക്കെതിരെ നടപടി വേണമെന്നും ദുബെ ആവശ്യപ്പെട്ടിരുന്നു.

ഇതോടെ വിഷയം പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ മുന്നിലെത്തുകയും പിന്നീട് ഐടി മന്ത്രാലയം വിശദ പരിശോധന നടത്തുകയും ചെയ്തു. ലോഗിന്‍ വിവരങ്ങള്‍ ഹിരാനന്ദാനിക്ക് നല്‍കിയതായി മഹുവ വെളിപ്പെടുത്തി. ഇതു സാധാരണമാണെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ ഹിരാനന്ദാനിക്ക് മാത്രമല്ല ലോഗിന്‍ വിവരങ്ങള്‍ നല്‍കിയതെന്നു ദുബെ ആരോപിച്ചു. ഡല്‍ഹി, ബെംഗളൂരു, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങി പലയിടങ്ങളില്‍നിന്ന് ലോഗിന്‍ ചെയ്തതു സൂചിപ്പിക്കുന്നത് അതാണെന്നും ദുബെ പറഞ്ഞു. 

മഹുവയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡി ദുബായ്ക്കു പുറമെ മറ്റു പലയിടങ്ങളില്‍നിന്നും ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മഹുവ കൊല്‍ക്കത്തയിലായിരുന്ന ദിവസം യുഎസിലെ ന്യൂജഴ്‌സി, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങില്‍നിന്ന് പാര്‍ലമെന്റ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതായും വിവരമുണ്ട്. മഹുവ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.

English Summary:

Trinamool Congress Leader Mahua Moitra to campaign in Krishnanagar, skips ED summons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com