ADVERTISEMENT

കോഴിക്കോട്∙ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണത്തെ പേടിക്കേണ്ടവർ പേടിച്ചാൽ മതിയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നിയമപരമായി ഇ.ഡി നടത്തുന്ന അന്വേഷണങ്ങൾക്ക് ആരും എതിരല്ല. ബിജെപി ഭരണത്തിൽ ദേശീയ അന്വേഷണ ഏജൻസികളുടെ പൊതു അവസ്ഥയെക്കുറിച്ച് നേരത്തെതന്നെ സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാട് ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ അനുദിനം രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ വിജയന് എതിരായ ഇ.ഡി കേസിന്റെ പശ്ചാത്തലത്തിലാണു പ്രതികരണം.

‘‘ബൊഫോഴ്സ്, സ്പെക്ട്രം അഴിമതികൾ പോലെ ചർച്ച ചെയ്യപ്പെടേണ്ട പ്രധാന പ്രശ്നമാണ് ഇലക്‌ടറൽ ബോണ്ട്. ഇത് അങ്ങേയറ്റത്തെ അഴിമതിയാണെന്ന നിലപാട് തുടക്കം മുതൽ സ്വീകരിച്ച പാർട്ടിയാണ് സിപിഎം. ബോണ്ട് വഴി ഫണ്ട് സ്വീകരിക്കാൻ തയാറല്ല എന്ന നിലപാടെടുത്ത പ്രസ്ഥാനമാണ് സിപിഎം. തിര‍ഞ്ഞെടുപ്പ് കടപ്പത്രം വഴി ബിജെപിക്കാണ് ഏറ്റവും കൂടുതൽ പണം കിട്ടിയത്. എന്താണ് കോൺഗ്രസ് ഇക്കാര്യത്തിൽ മിണ്ടാത്തത്? കോൺഗ്രസിന് മിണ്ടാൻ പറ്റില്ല. അവരും അഴിമതിപ്പണം വാങ്ങിയിട്ടുണ്ട്. ആയിരം കോടിയിലധികം രൂപ കോൺഗ്രസ് വാങ്ങി. ഇപ്പോൾ കോൺഗ്രസ് പറയുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന്. ഈ ആയിരം കോടിയൊക്കെ എവിടെ പോയി?

ഇ.ഡി ഒന്ന് തറപ്പിച്ചു നോക്കിയാൽ അയ്യോ ഒന്നും ചെയ്യരുത് ഞാൻ ബിജെപി ആയിക്കോളാം എന്ന് പറയുന്ന കോൺഗ്രസ് നേതാക്കളാണു രാജ്യത്തുള്ളത്. കേരളം പോലുള്ള സംസ്ഥാനത്ത് ഇതൊന്നും ജനങ്ങളെ പ്രത്യേകിച്ച് ബോധ്യപ്പെടുത്തേണ്ടതില്ല. അവർക്ക് നല്ല ധാരണയുണ്ട്. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ശക്തമായി പ്രതികരിച്ചു. വിമാനം കയറി ആലപ്പുഴ എത്തിയപ്പോൾ ഇ.ഡിക്ക് സിന്ദാബാദ് വിളിച്ചു. അവിടെ കുർത്തയും ഇവിടെ മുണ്ടും ഷർട്ടും എന്ന വേഷത്തിലേ വ്യത്യാസമുള്ളൂ. അത് കോൺഗ്രസിന്റെ ശൈലിയാണ്. ഓരോയിടത്തും ഓരോ അഭിപ്രായമാണ് അവർക്ക്.

അന്വേഷണ ഏജൻസികളെ ബിജെപി ദുരുപയോഗം ചെയ്യുന്നു എന്ന് കോൺഗ്രസ് പ്രമേയം പാസാക്കിയിട്ടുണ്ടെന്നാണ് ഓർമ. എന്നാൽ കേരളത്തിൽ കോൺഗ്രസിനും പ്രതിപക്ഷ നേതാവിനും ഇ.ഡി സിന്ദാബാദ് ആണ് . ഏതു വിഷയത്തിലായാലും അവർക്ക് ഓരോ പഞ്ചായത്തിലും ഓരോ നിലപാടാണ്. കേന്ദ്രസർക്കാർ എന്താ എന്ന് ചോദിച്ചാൽ പോടാ എന്ന് പറയാൻ കരുത്തുള്ളവരാണ് പാർലമെന്റിലെത്തേണ്ടത്. ഇടതുപക്ഷമാണ് ആ കരുത്ത്. ഇപ്പോൾ ചില യുഡിഎഫ് നേതാക്കൾ നൈറ്റ് മാർച്ച് നടത്തുന്നുണ്ട്. യുഡിഎഫിന്റെ സ്ഥാനാർഥികളിൽ ഭൂരിപക്ഷവും നേരത്തേ എംപിമാരാണ്.

പൗരത്വ നിയമം നടപ്പാക്കാനുള്ള നീക്കം തുടങ്ങിയിട്ട് അഞ്ചു വർഷമായി. നാല് വർഷത്തിനിടെ ഏതെങ്കിലും നൈറ്റിൽ ഇവർ മാർച്ച് നടത്തിയിട്ടുണ്ടോ? രാത്രി പോയിട്ട് പകൽ ഇവർ പാർലമെന്റിൽ ഇതിനെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? വോട്ട് തട്ടാനുള്ള പരിപാടിയായിട്ടാണ് യുഡിഎഫ് ഇപ്പോൾ നൈറ്റ് മാർച്ച് നടത്തുന്നത്. ഞങ്ങൾ പൗരത്വ നിയമത്തെ കേവലം തിരഞ്ഞെടുപ്പ് വിഷയമായി മാത്രമല്ല കാണുന്നത്. രാജ്യത്തെ കീറിമുറിക്കാനുള്ള നിയമമാണ് എന്ന നിലയ്ക്കാണ് ഇടതുപക്ഷം അതിനെ കൈകാര്യം ചെയ്യുന്നത്’’– റിയാസ് പറഞ്ഞു.

English Summary:

Minster Muhammad Riyas against ED and congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com