ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പു തിരക്കിനിടെ ഒരു കുടുംബത്തെ ഒന്നിപ്പിച്ച അനുഭവം കേട്ടിട്ടുണ്ടോ?– ചിരിയോടെ തിരഞ്ഞെടുപ്പ് ഓർമകൾ പറയുകയാണ് ബിജെപിയുടെ മുതിർന്ന നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. സ്വത്ത് വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ടു തർക്കത്തിൽ കഴിഞ്ഞിരുന്ന സഹോദരങ്ങളെ നീണ്ട ചർച്ചകളിലൂടെ ഒന്നിപ്പിച്ചപ്പോൾ കുടുംബത്തിൽ സമാധാനം ഉണ്ടാക്കിയതിന്റെയും വോട്ടു കിട്ടിയതിന്റെയും അനുഭവം കുമ്മനം ഓർത്തെടുത്തു.

‘ഒരു രാത്രി കൊണ്ട് ധാരാവി’ ഒഴിപ്പിക്കുന്നതിനേക്കാള്‍ കഠിനമാണു തർക്കിച്ചു നിൽക്കുന്ന ഒരു കുടുംബത്തെ ഒന്നിപ്പിക്കുന്നതെന്ന് കുമ്മനം രാജശേഖരനു മനസ്സിലായത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്താണ്. കുമ്മനം രാജശേഖരനും ശശി തരൂരും സി.ദിവാകരനുമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് മത്സരിച്ചത്. വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനിടയിലാണു ഭവനസന്ദർശനത്തിനിടെ കരമനയിലെ ഒരു വീട് പൂട്ടിക്കിടക്കുന്നത് കുമ്മനത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.

നിരവധി അംഗങ്ങളുള്ള വീട് ഏറെ നാളായി പൂട്ടിക്കിടക്കുകയാണെന്ന് അന്വേഷണത്തിൽ മനസ്സിലായി. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്തുതർക്കം കാരണം പലയിടങ്ങളിലായി മാറി താമസിക്കുകയാണ്. കുടുംബത്തിൽ നിരവധി വോട്ടർമാർ ഉള്ളതിനാൽ അവരെ നേരിട്ടു കാണാതിരിക്കാനും കഴിയില്ല. കുടുംബാംഗങ്ങൾ എവിടെയൊക്കെയാണു താമസിക്കുന്നതെന്നു മനസ്സിലാക്കാൻ പ്രവർത്തകരെ ചുമതലപ്പെടുത്തി. സഹോദരങ്ങൾ തമ്മിൽ വസ്തു ഭാഗം വയ്ക്കുന്നതിനെച്ചൊല്ലിയായിരുന്നു വഴക്ക്.

‘‘വോട്ടു ലഭിക്കണമെങ്കിൽ അവർക്കു നമ്മളെ വിശ്വാസം വേണം. നമ്മൾ ഉണ്ടെന്ന തോന്നൽ വേണം. പ്രശ്നം പരിഹരിക്കണമെങ്കിൽ ആദ്യം അവർക്ക് പറയാനുള്ളതു കേൾക്കണം. അതിനായിരുന്നു പിന്നീടുള്ള ശ്രമം’’– കുമ്മനം പറഞ്ഞു. സഹോദരങ്ങളുടെ ഫോൺ നമ്പര്‍ ശേഖരിച്ച് വിളിച്ചെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചില്ല. സഹോദരങ്ങളിൽ ഒരാള്‍ റെഡിമെയ്ഡ് ഷോപ്പിലാണ് ജോലി ചെയ്യുന്നത്. സാമ്പത്തിക പ്രശ്നങ്ങളുള്ള അയാൾക്ക് വല്ലപ്പോഴുമാണ് ജോലി ലഭിക്കുന്നത്. ഉടമയുമായുള്ള ചർച്ചയിൽ, തൊഴിൽ ദിനങ്ങൾ കൂട്ടിക്കൊടുക്കാമെന്നു സമ്മതിപ്പിച്ചു.

അയാളുടെ സഹോദരിക്ക് കുടുംബസ്വത്ത് കിട്ടാത്തതിനൊപ്പം ഭർത്താവുമായും പ്രശ്നമുണ്ടായിരുന്നു. സംസാരിച്ച് ആ പ്രശ്നങ്ങളും ഒത്തുതീർപ്പിലെത്തിച്ചു. മറ്റൊരു സഹോദരനും സ്വത്ത് കൃത്യമായി വീതംവയ്ക്കാത്തിന്റെ പ്രശ്നമായിരുന്നു. അടുത്ത ദിവസങ്ങളിൽ ആ സ്ഥലത്ത് പ്രചാരണത്തിനു വരുമ്പോൾ മൂന്നു പേരോടും  വന്നു കാണാൻ കുമ്മനം പറഞ്ഞു. വീട് ഭാഗം വച്ചാൽ മൂന്നുപേരുടെയും പ്രശ്നം തീരും. വീട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണു പ്രശ്നം. കുമ്മനം ചർച്ചകൾക്ക് നേതൃത്വം നൽകി. ചർച്ചകളിലൂടെ സ്വത്ത് തർക്കം രമ്യമായി പരിഹരിച്ചു. മൂന്നു സഹോദരങ്ങൾക്കും അർഹതപ്പെട്ട സ്വത്ത് കിട്ടി.

‘‘25 അംഗങ്ങളുള്ള കുടുംബമായിരുന്നു. പ്രശ്നങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കാനായി. വിശ്വാസമുണ്ടെങ്കിലേ അവർ നമ്മൾ പറയുന്നത് കേൾക്കൂ. നമ്മളിൽ വിശ്വാസം ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പ്രശ്നം പരിഹരിക്കണം എന്നു വേറുതേ നിർദേശിച്ചിട്ട് പോയാൽ പ്രശ്നം പരിഹരിക്കപ്പെടില്ല. തത്വശാസ്ത്രം പറഞ്ഞിട്ടും കാര്യമില്ല. പ്രായോഗികമായ സമീപനം സ്വീകരിക്കണം. പ്രശ്നം പരിഹരിക്കപ്പെട്ടതോടെ കുടുംബം തിരഞ്ഞെടുപ്പിൽ എനിക്കുവേണ്ടി പ്രവർത്തിച്ചു’’–കുമ്മനം പറഞ്ഞു.

English Summary:

Kummanam Rajasekharan share a memory of election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com