ADVERTISEMENT

ഖാൻ യൂനിസ് ∙ ‘‘എങ്ങും മരണം മണക്കുന്നു. ഞങ്ങൾക്ക് ഇനിയൊരു നഗരമില്ല, ആകെയുള്ളത് ഈ ചരൽക്കൂന മാത്രം, ഒന്നും അവശേഷിച്ചിട്ടില്ല. ഈ തെരുവിലൂടെ നടക്കുമ്പോൾ എനിക്ക് കരച്ചിലടക്കാനാകുന്നില്ല. തെരുവുകളെല്ലാം ഇടിച്ചുനിരത്തിക്കഴിഞ്ഞു. വല്ലാത്ത ഒരു ഗന്ധം...അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകൾ മൃതദേഹങ്ങൾ പുറത്തെടുക്കുന്നത് ഞാൻ കണ്ടിരുന്നു.’’ തെക്കൻ ഗാസയിൽ നിന്ന് സേനയെ ഇസ്രയേൽ പിൻവലിച്ചതിന്    പിന്നാലെ  സ്വന്തംവീട്ടിലേക്ക് മടങ്ങിയെത്തിയ മാഹാ തായേര്‍ എന്ന വീട്ടമ്മയുടെ വാക്കുകളാണിത്.  ഖാൻ യൂനിസിൽ അവരെ കാത്തിരുന്നത് ഹൃദയം നടുക്കുന്ന കാഴ്ചകളാണ്.  

ഒക്ടോബർ ഏഴിനുമുൻപ് നാലുലക്ഷത്തോളം ആളുകൾ തിങ്ങിപ്പാർത്തിരുന്ന നഗരമായിരുന്നു ഖാൻ യൂനിസ്. ഇസ്രയേൽ സേനയുടെ മാസങ്ങൾ നീണ്ടുനിന്ന ആക്രമണത്തിൽ നഗരം പൂർണമായി തകർന്നു കഴിഞ്ഞു. യുദ്ധ സ്പർശമേൽക്കാത്ത ഒരു കാഴ്ചപോലും നഗരത്തിൽ അവശേഷിക്കുന്നില്ല. ടവറുകളുൾപ്പെടെ നിലംപൊത്തി. വീടുകളിൽ ജനാലകളും വാതിലുകളും പാതി ചുമരുകളുമില്ല. പക്ഷെ ടെൻറിൽ ജീവിക്കുന്നതിനേക്കാൾ ഭേദം തകർന്ന സ്വന്തം ഭവനത്തിൽ താമസിക്കുന്നതാണെന്നു പറഞ്ഞുകൊണ്ടാണ് മാഹായെ പോലെ പലരും തിരികെയെത്തുന്നത്. 

തികച്ചു അപ്രതീക്ഷിതമായാണ് തെക്കൻ ഗാസയിൽനിന്നു സേനയെ വൻതോതിൽ ഇസ്രയേൽ പിൻവലിച്ചത്. ഖാൻ യൂനിസിൽനിന്ന് ആയിരക്കണക്കിനു സൈനികരെ മടക്കിവിളിച്ചു. സേനയുടെ ‘നഹാൽ’ ബ്രിഗേഡ് മാത്രം തുടരും. പിന്മാറ്റകാരണവും കൃത്യമായ എണ്ണവും ഇസ്രയേൽ വ്യക്തമാക്കിയിട്ടില്ല. ഖാൻ യൂനിസിൽ നിന്ന് സൈനികർ ഒഴിഞ്ഞതോടെ, പലായനം ചെയ്ത പലസ്തീൻകാർ തിരികെയെത്തിത്തുടങ്ങി. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കുമിടയിൽ സ്വന്തം വീട് തിരഞ്ഞ് അവർ നടന്നു.

വെടിനിർത്തലും ബന്ദി മോചനവും ലക്ഷ്യമിട്ടു കയ്റോയിൽ നടക്കുന്ന സമാധാനചർച്ച ഇസ്രയേലിന് അനുകൂലമാക്കാനുള്ള തന്ത്രപരമായ നീക്കമെന്നാണു വിലയിരുത്തൽ. സേനാപിന്മാറ്റം വിശ്രമത്തിനുള്ള ഇടവേളയായിരിക്കാമെന്ന് യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കേർബി പ്രതികരിച്ചു. ഇസ്രയേ‍ൽ പുതിയ ആക്രമണത്തിനു തയാറെടുക്കുന്ന സൂചനകളില്ലെന്നും കേർബി പറഞ്ഞു.

രാജ്യാന്തര സമ്മർദങ്ങൾക്കു വഴങ്ങില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ‘വെടിനിർത്തൽ കരാറിന് ഇസ്രയേൽ തയാറാണ്, ഹമാസിന്റെ അതിരുകടന്ന ആവശ്യങ്ങൾക്കു കീഴടങ്ങാൻ തയാറല്ല’– നെതന്യാഹു വിശദീകരിച്ചു. ശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കാതെ വെടിനിർത്തലിന് സമ്മതിക്കില്ലെന്നും മന്ത്രിസഭായോഗത്തിനു മുന്നോടിയായി അദ്ദേഹം പറഞ്ഞു.

ഗാസയിൽ കൊല്ലപ്പെട്ട 4 സൈനികരുടെ പേരുകൾ കൂടി ഇസ്രയേൽ ഇന്നലെ പുറത്തുവിട്ടു. ആകെ 604 സൈനികർ ഗാസയിൽ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ കണക്കുകൾ. കയ്റോയിലെത്തിയ സിഐഎ മേധാവി വില്യം ബേൺസുമായി ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽസിസി ചർച്ച നടത്തി.

ഇതിനിടെ, ഇസ്രയേൽ എംബസികൾ ഇനിയൊരിടത്തും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ സൈനിക ഉപദേഷ്ടാവ് ജന. റഹീം സഫാവി പറഞ്ഞു. ഡമാസ്കസിലെ ഇറാൻ എംബസിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് അതേ നാണയത്തിൽ മറുപടിയുണ്ടാകുമെന്ന സൂചന ആവർത്തിച്ചു.

ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത് 33,175 പലസ്തീൻകാരാണ്. അതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

English Summary:

Palestinians Return To Southern Gaza As Troops Withdraw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com