ADVERTISEMENT

ബത്തേരി∙ കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ തനിക്കെതിരെ കേസെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ വെല്ലുവിളിച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം.ഷാജി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പരാമർശത്തിൽ കേസെടുക്കുമെന്നാണ് എം.വി.ഗോവിന്ദൻ പറഞ്ഞത്. കേസെടുത്താൽ കണ്ണൂരിൽ നടന്ന മറ്റു ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

‘‘ന്യൂനപക്ഷങ്ങളുടെ തന്ത ചമയാൻ പിണറായി വിജയൻ നിൽക്കരുത്. ബിജെപിയെക്കാൾ വലിയ ഭീതിയാണു പിണറായി വിജയൻ സൃഷ്ടിക്കുന്നത്. കരിമണൽ കേസുമായി ബന്ധപ്പെട്ട് ‘പിവി’ താനല്ല എന്നാണ് പിണറായി പറഞ്ഞത്. എന്നാൽ വീണ തന്റെ മകളല്ല എന്നു പറഞ്ഞിട്ടില്ല. വീണയ്‌ക്കെതിരെ ആരോപണം ഉയർന്നപ്പോൾ അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടോ?. മകനെതിരെ ആരോപണം വന്നപ്പോൾ സിബിഐക്ക് കത്തെഴുതിയ ആളാണ് മുൻ സിപിഎം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. അധികം വൈകാതെ വീണയെ അറസ്റ്റ് ചെയ്യും. അപ്പോൾ ന്യായം പറയരുത്. പത്മജ ബിജെപിയിലേക്കു പോയപ്പോൾ ആ നിമിഷം പത്മജയെ തള്ളിപ്പറയാൻ വി.മുരളീധരനു സാധിച്ചു. ബിജെപിയിലേക്കു പോയ അനിൽ ആന്റണിയെ എ.കെ.ആന്റണി മൂന്നുവട്ടം തള്ളിപ്പറഞ്ഞു. അനിൽ തോൽക്കണമെന്നും പറഞ്ഞു. കോടാനുകോടികൾ കയ്യിലൂടെ ഒഴുകിയപ്പോഴും കട്ടൻ ചായയുടെ പൈസയ്ക്കു പോലും ആന്റണി അഴിമതി കാണിച്ചില്ല. കക്കാത്ത ആന്റണിയെ അല്ല, പകരം കക്കുന്ന ബിജെപിയെയാണ് അനിലിന് ഇഷ്ടം’’– ഷാജി പരിഹസിച്ചു. 

ഞങ്ങളുടെ കൊടി എവിടെ കെട്ടണമെന്നു പിണറായി വിജയൻ പറയണ്ട. മാഹി ബൈപ്പാസിൽ പ്രചാരണം നടത്തുന്ന വാഹനത്തിന്റെ വേഗതയ്ക്ക് അനുസരിച്ചു നിലപാടു മാറുന്ന പാർട്ടിയാണ് സിപിഎം. അത്രയും ഗതികെട്ട പാർട്ടിയാണ് സിപിഎം. തുടൽ അഴിച്ചുവിട്ട വേട്ടപ്പട്ടിയെപ്പോലെയാണു പി.വി.അൻവറെന്നും ഷാജി പറഞ്ഞു. 

English Summary:

K M Shaji criticized Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com