ADVERTISEMENT

ജറുസലം ∙ ഇസ്രയേൽ സൈന്യം പിൻവാങ്ങിയ വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽനിന്നും തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽനിന്നും 409 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിലിന് മണ്ണുമാന്തിയന്ത്രം അടക്കം ഉപകരണങ്ങൾക്കായി പലസ്തീൻ രക്ഷാപ്രവർത്തകസംഘം രാജ്യാന്തരസഹായം തേടി. കയ്റോയിലെ സമാധാന ചർച്ച ഫലം കാണാത്ത സാഹചര്യത്തിൽ മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തും ഖത്തറും പുതിയ വെടിനിർത്തൽ നിർദേശങ്ങൾ ഹമാസിനും ഇസ്രയേലിനും മുൻപാകെ വച്ചിട്ടുണ്ട്.

ഇന്നലെ മധ്യഗാസയിലും തെക്കൻ ഗാസയിലും ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 153 പേർ കൂടി കൊല്ലപ്പെട്ടു. ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 33,360 ആയി. 75,933 പേർക്കു പരുക്കേറ്റു. 

ഖാൻ യൂനിസിൽ വീടുകളടക്കം 55% കെട്ടിടങ്ങളും തകർന്നതായി പഠന സംഘം വെളിപ്പെടുത്തി. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ഇസ) ഉപഗ്രഹ ഡേറ്റ അടിസ്ഥാനമാക്കി സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ ഗ്വാജേറ്റ് സെന്റർ നടത്തിയ പഠനത്തിൽ 45,000 കെട്ടിടങ്ങൾ തകർന്നതായി കണ്ടെത്തി. വടക്കൻ ഗാസയിൽ 70 ശതമാനത്തിലേറെ കെട്ടിടങ്ങളായിരുന്നു തകർന്നത്.

6 മാസം വെടിനിർത്തൽ, 40 ബന്ദികൾക്കു പകരം 700 പലസ്തീൻ തടവുകാർ, വടക്കൻ ഗാസയിൽ ഇസ്രയേൽ സ്ഥാപിച്ച ചെക് പോസ്റ്റുകൾ നീക്കൽ തുടങ്ങിയ ശുപാർശകളാണു പുതിയ വെടിനിർത്തൽ കരാറിലുള്ളത്.

253 ബന്ദികളിൽ 133 പേരാണു ഹമാസിന്റെ കസ്റ്റ‍ഡിയിൽ ശേഷിക്കുന്നത്. അതിനിടെ ആക്രമണത്തിനു മുന്നോടിയായി, റഫയിൽനിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കാനായി ഇസ്രയേൽ 40,000 കൂടാരങ്ങൾ വാങ്ങിയതായി റിപ്പോർട്ടുണ്ട്. റഫ ആക്രമണത്തിനു തീയതി കുറിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

ഇസ്രയേലിലേക്കുള്ള കയറ്റുമതി വിലക്കിയതിനുപിന്നാലെ തുർക്കിയുടെ ഉൽപന്നങ്ങൾ നിരോധിക്കാൻ ഇസ്രയേലും നീക്കം തുടങ്ങി. ഇരുരാജ്യങ്ങളും തമ്മിൽ ദശകങ്ങളായി കലുഷിതമായ ബന്ധമാണെങ്കിലും വ്യാപാരം സാധാരണനിലയിലായിരുന്നു.

ഗാസയിൽ ബന്ദികളായവരുടെ കുടുംബാംഗങ്ങളുമായി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ നവംബർ 22നും ബന്ദികളുടെ കുടുംബാംഗങ്ങളുടെ പ്രതിനിധികൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com