ADVERTISEMENT

ദുബായ് / ജറുസലം ∙ ഇസ്രയേൽ–ഇറാൻ സംഘർഷം തുറന്ന ഏറ്റുമുട്ടലിലേക്കു നീങ്ങുമെന്ന ഭീതി ഉയർത്തി ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തു. 2 മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ജീവനക്കാരായുള്ള എംഎസ്‌സി ഏരീസ് എന്ന കപ്പലാണു ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്.

മലയാളികളിൽ ഒരാൾ പാലക്കാട് സ്വദേശിയും മറ്റൊരാൾ കോഴിക്കോട് സ്വദേശിയുമാണ്. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്. ഇറ്റാലിയൻ–സ്വിസ് കമ്പനിയായ എംഎസ്‌സിയാണു കപ്പലിന്റെ നടത്തിപ്പ്.

ഈ മാസം ഒന്നിന് ഡമാസ്കസിലെ കോൺസുലേറ്റിനു നേരെയുണ്ടായ മിസൈലാക്രമണത്തിൽ ഇറാന്റെ 2 മുതിർന്ന ജനറൽമാർ അടക്കം 7 സേനാംഗങ്ങളാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇസ്രയേലിനെതിരെ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. ഹെലികോപ്റ്ററുകളിൽനിന്നു കയറിൽ തൂങ്ങിയിറങ്ങി കപ്പലിന്റെ ഡെക്കിൽ നിരത്തിവച്ച കണ്ടെയ്നറുകളുടെ മുകളിൽ നിലയുറപ്പിക്കുന്ന ഇറാൻ കമാൻഡോകളുടെ വിഡിയോ പുറത്തുവന്നു.

എംഎസ്‌സി ഏരീസ് കപ്പലിന് ഇസ്രയേൽ ബന്ധമുണ്ട് എന്നുമാത്രമാണ് ഇറാൻ ഈ സംഭവത്തെക്കുറിച്ചു പറഞ്ഞത്. കടൽക്കൊള്ളക്കാരെപ്പോലെയാണ് ഇറാന്റെ പ്രവൃത്തിയെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രതികരിച്ചു. ഇറാൻ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘമായി പ്രഖ്യാപിച്ച് ഉപരോധം ഏ‍ർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

6 മാസം പിന്നിട്ട ഗാസ യുദ്ധം ഉയർത്തിയ സംഘർഷാവസ്ഥ മധ്യപൂർവദേശമാകെ കത്തിപ്പട‌രുമെന്ന ആശങ്ക വർധിപ്പിച്ചാണു ഇറാന്റെ നേരിട്ടുള്ള ഇടപെടൽ. ഗാസ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിനെതിരെ രംഗത്തുള്ള ലബനനിലെ ഹിസ്ബുല്ലയ്ക്കും യെമനിലെ ഹൂതികൾക്കും ഇറാൻ പിന്തുണയുണ്ട്.

ഇറാനോട് യുഎസ്: ‘അരുത്’

ഇറാന്റെ പ്രത്യാക്രമണ പദ്ധതികൾക്കെതിരെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പു നൽകി. ഇസ്രയേലിനെ ഇറാൻ ഏതു നിമിഷവും ആക്രമിച്ചേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾക്കു പിന്നാലെയാണ് അത്തരമൊരു നീക്കം അരുതെന്ന മുന്നറിയിപ്പ്. ‘ഇസ്രയേലിനെ ഞങ്ങൾ സംരക്ഷിക്കും, ഇറാനു ജയിക്കാനാകില്ല’ – ബൈഡൻ പറഞ്ഞു.

മോചനത്തിന് ഇന്ത്യൻ ശ്രമം

ന്യൂഡൽഹി ∙ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിലുള്ള 17 ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയ്ക്കും മോചനത്തിനുമായി ഇറാൻ അധികൃതരെ ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്. പ്രദേശത്തുള്ള ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

English Summary:

17 indians including two malayalees onboard Israel linked cargo vessel MSC Aries seized by Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com