സിഡ്നിയിലെ ഷോപ്പിങ് മാളിൽ കത്തിയാക്രമണം; 6 മരണം
Mail This Article
സിഡ്നി (ഓസ്ട്രേലിയ) ∙ ഷോപ്പിങ് മാളിലെ കത്തിയാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. ഇതിൽ 5 പേരും സ്ത്രീകളാണ്. ഇവരിൽ ഒരാളുടെ കയ്യിലുണ്ടായിരുന്ന 9 മാസം മാത്രം പ്രായമുള്ള കുഞ്ഞിനും കുത്തേറ്റു. ഈ കുഞ്ഞ് ഉൾപ്പെടെ 8 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
കടലോര പ്രദേശമായ ബോണ്ടിയിലെ ഷോപ്പിങ് മാളിൽ ആളുകൾ ചിതറിയോടുന്നതിനിടെ അടുത്തുകിട്ടിയവരെയെല്ലാം വലിയ കത്തി കൊണ്ടു വെട്ടിയും കുത്തിയും വീഴ്ത്തി പാഞ്ഞ അക്രമിയെ പൊലീസ് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥ വെടിവച്ചു കൊന്നു. പൊലീസ് ഉദ്യോഗസ്ഥയുടെ മുന്നിലെത്തിയ അക്രമി കത്തി വീശിയ ഉടൻ അവർ വെടിവയ്ക്കുകയായിരുന്നു.
സിഡ്നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിൽനിന്ന് 3 കിലോമീറ്റർ അകലെ വെസ്റ്റ്ഫീൽഫ് ബോണ്ടി ജംക്‌ഷൻ ഷോപ്പിങ് മാളിൽ ശനിയാഴ്ച പകൽ മൂന്നരയ്ക്കാണു സംഭവം. ഭീകരാക്രമണമെന്ന സൂചന ഇല്ലെന്ന് ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു. 40 വയസ്സുള്ള അക്രമി നേരത്തേയും ചില കേസുകളിൽപ്പെട്ടിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. മാളിൽ ഏറെ നേരം ശാന്തനായി നടന്ന ഇയാൾ എസ്കലേറ്റർ കയറിവന്നതിനുശേഷം ആക്രമണം തുടങ്ങുകയായിരുന്നു. പലരും നേരിടാൻ ശ്രമിച്ചെങ്കിലും അക്രമം തടുക്കാനായില്ല.