ADVERTISEMENT

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വിശ്വാസങ്ങളും കണക്കുകൂട്ടലുകളെല്ലാം കാറ്റിൽപറത്തിയാണ് മാർച്ചു മാസം എത്തിയത്. ചരിത്രത്തിൽ ആദ്യമായി ശമ്പളം മുടങ്ങി, െപൻഷൻ ൈവകി. ഏതാനും ദിവസത്തേക്കെങ്കിലും കെഎസ്ആർടിസിക്കാരും സംസ്ഥാന ജീവനക്കാരും തുല്യ ദുഃഖിതരായി.

അക്കൗണ്ടിലുണ്ട് എടുക്കാൻ പറ്റില്ല
 

ട്രഷറി സേവിങ്സ് ബാങ്കിലെ പണം എടുക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. ETSB, PTSB,TSB അക്കൗണ്ടുകളിലെ പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്കു ട്രാൻസ്ഫർ െചയ്യാനും വിലക്ക് വന്നു. സ്ഥിരനിക്ഷേപം പോലും തിരിച്ചെടുക്കാനായില്ല. വിവാഹം, വസ്തു ഇടപാട്, വാഹന ഇടപാട് തുടങ്ങിയവയെ എല്ലാം ട്രഷറി നിയന്ത്രണം ബാധിച്ചു. വരും മാസങ്ങളിലും നിയന്ത്രണങ്ങൾ തുടരുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ സർക്കാർ ജീവനക്കാരും െപൻഷൻകാരും.

ഓണത്തോടെ സ്ഥിതി രൂക്ഷമാകും
 

മാർച്ചിലെ തിരിച്ചടി ജീവനക്കാരുടെയും പെൻഷൻകാരുടെയും മനസ്സിൽ വലിയ ആശങ്കയാണ് ഉയർത്തിയത്–കെഎസ്ആർടിസിയിൽ സംഭവിക്കുന്നതു തങ്ങളുടെ കാര്യത്തിലും ആവർത്തിക്കുമോ എന്ന്? അത്രയും രൂക്ഷമായില്ലെങ്കിലും ശമ്പളം വൈകൽ വരും മാസങ്ങളിൽ തുടർക്കഥയാകാനാണ് സാധ്യതയെന്ന് ധനകാര്യ വിദഗ്ധർ പറയുന്നു. സർക്കാർ അനുകൂല തൊഴിലാളി സംഘടനകൾ പോലും ആ സാധ്യത തള്ളിക്കളയുന്നില്ല.

salary

പുതിയ സാമ്പത്തിക വർഷം പ്രതിസന്ധി വർധിക്കുമെന്നുതന്നെ കരുതണം. കേന്ദ്ര കണക്കനുസരിച്ച് 33,597 കോടി രൂപയാണ് 2024–25 ൽ േകരളത്തിന് അനുവദനീയമായ വായ്പ. മുൻപ് എടുത്ത 4,711 കോടി കുറച്ചാൽ ഇത് 28,886 കോടിയായി കുറയും. ഇതിൽ 21,664 കോടി (75%) ആദ്യത്തെ 9 മാസം കടമെടുക്കാം. േകരളത്തിന്റെ പ്രതിസന്ധി കണക്കിലെടുത്ത് പ്രത്യേക പാക്കേജ് അനുവദിച്ചാൽ ആ തുകയും ഈ വർഷത്തെ വായ്പാപരിധിയിൽ വെട്ടിക്കുറച്ചേക്കാം. ബാക്കി തുകകൊണ്ട് ഇൗ സാമ്പത്തികവർഷം േകരളത്തിനു മുന്നോട്ടു പോകാനാവില്ല. േകന്ദ്രം കടമെടുപ്പു നിബന്ധനകൾ കർശനമാക്കിയാൽ ഓണം കഴിയുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.

തിരഞ്ഞെടുപ്പിനുശേഷം പ്ലാൻ ബിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായേക്കും. കേന്ദ്രവിഹിതം മുൻവർഷത്തേതുപോലെയാണെങ്കിൽ ബദൽ മാർഗമായി പ്ലാൻ ബി ആവിഷ്കരിക്കേണ്ടിവരും.

സർക്കാരിന്റെ ‘പ്ലാൻ ബി’ എന്ത്?
 

സംസ്ഥാന ധനമന്ത്രിയുടെ മനസ്സിലുള്ള ‘പ്ലാൻ ബി’ ഇതുവരെയും പുറത്തുവന്നിട്ടില്ല. അതെന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജീവനക്കാരും െപൻഷൻകാരും. േകന്ദ്രവും ഇക്കാര്യത്തിൽ വ്യക്തത േതടിയിട്ടുണ്ട്. ഇന്നോളം കണ്ടിട്ടില്ലാത്ത കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളാകാം ലക്ഷ്യമിടുന്നത്. െപൻഷൻ പ്രായം വർധിപ്പിക്കാം, ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾക്ക് നിയന്ത്രണം വരാം, നഷ്ടത്തിലുള്ള സർക്കാർ സ്ഥാപനങ്ങൾ പൂട്ടാം. അതായത് എന്തും പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പിനുശേഷം പ്ലാൻ ബിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായേക്കും. കേന്ദ്രവിഹിതം മുൻവർഷത്തേതുപോലെയാണെങ്കിൽ ബദൽ മാർഗമായി പ്ലാൻ ബി ആവിഷ്കരിക്കേണ്ടിവരും. സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് വരുമാനം വർധിപ്പിക്കാനും ചെലവുകൾ വെട്ടിക്കുറയ്ക്കാനുമാകും ശ്രമിക്കുക. അതു തങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് ജീവനക്കാരും െപൻഷൻകാരും ഉറ്റുനോക്കുന്നത്.

നിങ്ങൾക്കു വേണം ഒരു പ്ലാൻ ബി
 

പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരം ഒരു പ്ലാൻ ബി അവതരിപ്പിക്കും എന്ന് ധനമന്ത്രി ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ പ്ലാൻ ബി എന്താണെന്നോ എന്നു തുടങ്ങുമെന്നോ അറിയില്ല. എന്നാൽ ജീവനക്കാരും െപൻഷൻകാരും സ്വന്തമായി ഉടനെ ഒരു പ്ലാൻ ബിയെക്കുറിച്ചു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കാരണം ശമ്പളം വൈകിയാൽ വായ്പകളുടെ മാസഗഡുക്കൾ, മ്യൂച്വൽ ഫണ്ട് എസ്ഐപി, ഇൻഷുറൻസ് പ്രീമിയം എന്നിവയടക്കം പലതും നിശ്ചിത ദിവസം അടയ്ക്കാനാകാതെ വരാം. ഓട്ടോ ഡെബിറ്റ് നിർദേശങ്ങളും ചെക്കുകളും മടങ്ങിയാൽ പിഴ ഇനത്തിൽ നല്ലൊരു തുകകൂടി പോക്കറ്റിൽ നിന്നു പോകും. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാതെ വന്നാൽ അതിന്റെ ചാർജുകൾ വേറെ. പ്രീമിയം നിശ്ചിത ദിവസം അടച്ചില്ലെങ്കിൽ വിവിധ പോളിസികൾ ലാപ്സാകും. വാഹന ഇൻഷുറൻസ് മെഡ‍ിക്ലെയിം, ലൈഫ് ഇൻഷുറൻസ് എന്നിവ മുടങ്ങിയാലുള്ള പ്രത്യാഘാതങ്ങൾ വലുതായിരിക്കും. ശമ്പളം വൈകലും മുടങ്ങലും ഇനിയും സംഭവിക്കാം എന്ന യാഥാർഥ്യം ഉൾക്കൊള്ളണം. പകച്ചു നിൽക്കാൻ ഇടവരരുത്. ഓരോരുത്തരും തങ്ങൾക്കു യോജിച്ച രീതിയിലുള്ള ‘പ്ലാൻ ബി’യാണ് ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടത്.

അക്കൗണ്ടിൽ പണം ഉറപ്പാക്കണം
 

മാസത്തിലെ ആദ്യ നാളുകളിൽ ശമ്പളവും െപൻഷനും കിട്ടിയില്ലെങ്കിലും പിടിച്ചുനിൽക്കാൻ കഴിയും വിധം പ്ലാൻ ചെയ്യണം. ഓട്ടോ ഡെബിറ്റ് നിർദേശങ്ങളും ചെക്കുകളും മുടങ്ങാതിരിക്കാനായി പണം അക്കൗണ്ടിൽ ഉറപ്പാക്കണം. ഇതിനായി പേയ്മെന്റ് തീയതികളിൽ മാറ്റം വരുത്തുന്ന കാര്യവും ആലോചിക്കാം. 

mutual-fund

കുറയ്ക്കണം ചെലവുകൾ
 

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഉടനൊന്നും പരിഹരിക്കപ്പെടാൻ സാധ്യതയില്ലെന്നു കരുതി തയാറെടുപ്പു നടത്തണം. പ്രതിസന്ധി നീണ്ടാൽ ശമ്പളം പിടിച്ചുവയ്ക്കാനോ കുറയ്ക്കാനോ ഉള്ള സാധ്യത മുന്നിൽ കാണണം. അതിനാൽ ചെലവു ചുരുക്കൽ അനിവാര്യമാണ്. ചെലവുകളെ അത്യാവശ്യം, ആവശ്യം, അനാവശ്യം എന്നിങ്ങനെ തരംതിരിക്കുക. അനാവശ്യമായ ചെലവുകൾ തീർത്തും ഒഴിവാക്കുക. കർശനമായ സാമ്പത്തിക അച്ചടക്കം പാലിക്കുക. 

വേണം എമർജൻസി ഫണ്ട്
 

മൂന്നു മാസത്തെ ശമ്പള/ െപൻഷൻ തുകയ്ക്കു തുല്യമായ എമർജൻസി ഫണ്ട് സ്വരൂപിച്ച് സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുക. അതിനു കഴിയാത്ത സ്ഥിതി ആണെങ്കിൽ പണത്തിന് അത്യാവശ്യം വന്നാൽ അതെങ്ങനെ മറികടക്കാമെന്ന് മുൻകൂട്ടി പ്ലാൻ ചെയ്യുക, സ്വർണമടക്കം പെട്ടെന്ന് പണമാക്കി മാറ്റാവുന്ന ആസ്തികളും നിക്ഷേപങ്ങളും കരുതിവയ്ക്കുക.

loan-5-

വേണ്ട പുതിയ വായ്പകൾ
 

പുതിയ വായ്പകൾക്ക് തൽക്കാലം തലവച്ചു കൊടുക്കാതിരിക്കുക. നിലവിലെ വായ്പകളുടെ തിരിച്ചടവ് തീയതിൽ മാറ്റം വന്നാൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. പിന്നീട് പുതിയ വായ്പകൾ കിട്ടാൻ പ്രയാസം നേരിടാം. കിട്ടിയാൽതന്നെ പലിശ നിരക്ക് കൂടുതലാകാം.

വേണം മിച്ചംപിടിക്കലും നിക്ഷേപവും
 

പ്രതിമാസം ഒരു ചെറിയ തുകയെങ്കിലും അധികമായി മിച്ചംപിടിക്കാൻ ശ്രദ്ധിക്കണം. കാരണം ഭാവിയിൽ ശമ്പളം വെട്ടിക്കുറയ്ക്കുകയോ പിടിച്ചുവയ്ക്കുകയോ ചെയ്താൽ കാര്യങ്ങൾ നടക്കണമല്ലോ? അങ്ങനെ മിച്ചംപിടിക്കുന്ന തുക നല്ല രീതിയിൽ നിക്ഷേപിക്കുകയും വേണം. ചെറിയൊരു വിഹിതം അനുയോജ്യമായ ഒരു മ്യൂച്വൽഫണ്ട് പദ്ധതിയിൽ ദീർഘകാലത്തേക്ക് എസ്ഐപി ആരംഭിച്ചാൽ റിട്ടയർമെന്റിനെങ്കിലും ഉപയോഗിക്കാം. കാരണം, സർക്കാർ ലക്ഷ്യമിടുന്ന പുതിയ പങ്കാളിത്ത െപൻഷൻ പദ്ധതിയുടെ ഭാവിയെക്കുറിച്ചും ഈ സാഹചര്യത്തിൽ ശുഭപ്രതീക്ഷ വച്ചുപുലർത്താനാവില്ല. വരാനുള്ളത് അത്ര നല്ല കാലമായിരിക്കില്ലെന്നുറപ്പ്. അതിനാൽ അതിജീവിതത്തിനായി നടപ്പിലാക്കേണ്ട ‘പ്ലാൻ’ ബിയെക്കുറിച്ചു ചിന്തിക്കാൻ ഇനിയും വൈകിക്കൂടാ. 

 ഏപ്രിൽ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്

English Summary:

Government Employees should have a 'Plan B' for Salary Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com