ADVERTISEMENT

നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരുമാസം തികച്ചില്ല. മാത്രമല്ല പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് ആദായ നികുതി ഫയല്‍ ചെയ്യേണ്ടതും. ഇതിനിടയില്‍ ഇളവിനായി പലരും നിക്ഷേപങ്ങള്‍ നടത്താന്‍ നെട്ടോട്ടം ഓടുകയാണ്. വെറുതെ ഏതെങ്കിലും പദ്ധതികളില്‍ പണം നിക്ഷേപിച്ചിട്ട് കാര്യമില്ല. ആദായ നികുതിയുടെ ആനുകൂല്യം ലഭിക്കുന്ന പദ്ധതികളിൽ പണം നിക്ഷേപിക്കണം. പോസ്റ്റ് ഓഫീസ് നികുതി ലാഭിക്കാന്‍ സഹായിക്കുന്ന നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇളവ് ലഭിക്കാന്‍ ഈ നിക്ഷേപ പദ്ധതികള്‍ നമ്മളെ സഹായിക്കും.

∙പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും പലിശയും ചേര്‍ത്ത് നിക്ഷേപം മടക്കി നല്‍കുന്ന സമ്പാദ്യ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). മൂന്ന് മടങ്ങ് നികുതി നേട്ടമാണ് പിപിഎഫിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഒരു വർഷം കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്. 2024  ജനുവരി ഒന്ന് മുതല്‍ 7.1 ശതമാനമാണ് പലിശ നല്‍കുന്നത്. ആദായ നികുതി നിയമത്തിലെ 80-സി വകുപ്പ് പ്രകാരം പരമാവധി 1.5 ലക്ഷം രൂപയുടെ വാര്‍ഷിക നിക്ഷേപം, നിക്ഷേപത്തിന്മേലുള്ള പലിശ, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുക ഇതിനെല്ലാം നികുതി ഇളവ് ലഭ്യമാണ്.

∙നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്

ചുരുങ്ങിയത് 1,000 രൂപ മുതല്‍ 100ന്റെ ഗുണിതങ്ങളായി നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റി(എന്‍ എസ് സി)ല്‍ നിക്ഷേപിക്കാം. നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല. നിക്ഷേപ കാലാവധി ഉപഭോക്താവിന് തിരഞ്ഞെടുക്കാം. നിലവില്‍ അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് 7.7 ശതമാനമാണ് പലിശ നിരക്ക്. ആദായ നികുതി നിയമത്തിലെ 80-സി വകുപ്പ് പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും.

∙സുകന്യ സമൃദ്ധി യോജന

10 വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് തുടങ്ങാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.  

വീണ്ടും ജനിക്കുന്നത് പെണ്‍കുട്ടിയായാലോ ഇരട്ട പെണ്‍കുട്ടികളായാലോ രണ്ട് എസ്.എസ്.വൈ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ അനുവദിക്കും. പെണ്‍കുട്ടിക്ക് 18 വയസ് ആയാല്‍ ഈ അക്കൗണ്ടിന്റെ ഉടമസ്ഥാവകാശവും അവള്‍ക്ക് കൈമാറും. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി ഇളവ് ലഭിക്കും.

∙ടൈം ഡിപ്പോസിറ്റ്

ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് സമാനമായി വിവിധ കാലയളവിലേക്കുള്ള പോസ്റ്റ് ഓഫീസിന് കീഴിലുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് നാഷണല്‍ സേവിങ്സ് ടൈം ഡിപ്പോസിറ്റ് അക്കൗണ്ട് അഥവാ പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്. എല്ലാ മൂന്ന് മാസം കൂടുമ്പോഴും പലിശ നിരക്ക് പുനഃപരിശോധിക്കും. അക്കൗണ്ടിലേക്ക് വാര്‍ഷികമായി പലിശ വരവ് വയ്ക്കും. 5 വര്‍ഷത്തേക്കുള്ള ടേം ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് 7.5 ശതമാനമാണ്. മൂന്ന് വര്‍ഷത്തിന് 7.1 ശതമാനം, രണ്ട് വര്‍ഷത്തിന് 7 ശതമാനം, ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം എന്നിങ്ങനെയാണ് നിരക്ക്.

ചുരുങ്ങിയത് 1,000 രൂപ വേണമെന്ന നിബന്ധനയേ ഉള്ളൂ. ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല. ആദായ നികുതി നിയമത്തിലെ 80-സി വകുപ്പ് പ്രകാരമുള്ള നികുതി ആനുകൂല്യം ടൈം ഡിപ്പോസിറ്റിനും ലഭ്യമാണ്.

∙സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം

60 വയസും അതിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി പോസ്റ്റ് ഓഫീസ് അവതരിപ്പിച്ച പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം(എസ്.സി.എസ്.എസ്). എന്നാല്‍ 55-ന് മുകളിലും 60 വയസിന് താഴെ പ്രായമുള്ള വിരമിച്ചവര്‍, സര്‍വീസ് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷം ഒരു മാസത്തിനകം നിക്ഷേപിക്കുകയാണെങ്കില്‍ എസ്.സി.എസ്.എസ് അക്കൗണ്ട് ആരംഭിക്കാനാകും. കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒരിക്കല്‍ നിക്ഷേപിച്ചാല്‍ ആ കാലാവധിയിലെ പലിശ സ്ഥിരമായിരിക്കും. നിലവില്‍ 8.2 ശതമാനമാണ് പലിശ ലഭിക്കുന്നത്. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായാല്‍ 3 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കാം. സാമ്പത്തിക വര്‍ഷത്തിന്റെ ഒരോ പാദത്തിലും പലിശ കണക്കാക്കും. 80-സി വകുപ്പ് പ്രകാരം നികുതി ഇളവിന് അപേക്ഷിക്കാം.

English Summary:

Post Office Savings Schemes and 80C Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com