ADVERTISEMENT

അഹമ്മദാബാദ്∙ പൊരുതാനുള്ള സ്കോർ പോലും നേടാനാകാതെ ബാറ്റിങ്ങിൽ പാടേ തകർന്നുപോയ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസ ജയം. ഐപിഎൽ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും മോശം സ്കോറെന്ന നാണക്കേടുമായി ഗുജറാത്ത് ഉയർത്തിയ 90 റൺസ് വിജയലക്ഷ്യം, 67 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഡൽഹി മറികടന്നു. വന്നവരെല്ലാം തകർത്തടിച്ചതോടെ ഒരു വശത്ത് വിക്കറ്റുകൾ കൊഴിഞ്ഞെങ്കിലും, നാലു വിക്കറ്റ് വീഴുമ്പോഴേയ്ക്കും ഡൽഹി വിജയത്തിലെത്തി.

ഇതോടെ, ഏഴു മത്സരങ്ങളിൽനിന്ന് മൂന്നു വിജയം സഹിതം ആറു പോയിന്റുമായി ഡൽഹി ആറാം സ്ഥാനത്തെത്തി. ആറാം സ്ഥാനത്തായിരുന്ന ഗുജറാത്ത് ഒരു പടി ഇറങ്ങി ഏഴാമതായി.

20 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 20 റൺസെടുത്ത ജെയ്ക് ഫ്രേസൻ മഗൂർക് ഡൽഹിയുടെ ടോപ് സ്കോററായി. അഭിഷേക് പോറൽ (ഏഴു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 15), ഷായ് ഹോപ്പ് (10 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 19), ഓപ്പണർ പൃഥ്വി ഷാ (ആറു പന്തിൽ ഒരു ഫോർ സഹിതം ഏഴ്) എന്നിവരാണ് പുറത്തായത്. ക്യാപ്റ്റൻ ഋഷഭ് പന്ത് 11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 16 റൺസോടെയും സുമിത് കുമാർ ഒൻപതു പന്തിൽ രണ്ടു ഫോറുകൾ സഹിതം ഒൻപതു റൺസോടെയും പുറത്താകാതെ നിന്നു.

ഗുജറാത്ത് ടൈറ്റൻസിനായി അരങ്ങേറ്റം കുറിച്ച മലയാളി താരം സന്ദീപ് വാരിയർ മൂന്ന് ഓവറിൽ 40 റൺസ് വഴങ്ങി രണ്ടി വിക്കറ്റ് വീഴ്ത്തി. സ്പെൻസർ ജോൺസൻ രണ്ട് ഓവറിൽ 22 റൺസ് വഴങ്ങിയും റാഷിദ് ഖാൻ രണ്ട് ഓവറിൽ 12 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

∙ തകർന്നടിഞ്ഞ് ഗുജറാത്ത്

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത്, ഡൽഹി ക്യാപിറ്റൽസിനു മുന്നിൽ ഉയർത്തിയത് 90 റൺസ് വിജയലക്ഷ്യം. ഐപിഎൽ ചരിത്രത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ഏറ്റവും ചെറിയ സ്കോറാണിത്. ഈ സീസണിൽ ഏതൊരു ടീമും നേടുന്ന കുറഞ്ഞ സ്കോറും. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഉൾപ്പെടെ പ്രമുഖ താരങ്ങളെല്ലാം കൂട്ടത്തോടെ നിറംമങ്ങിയ മത്സരത്തിൽ 17.3 ഓവറിലാണ് ഗുജറാത്ത് 89 റൺസിന് എല്ലാവരും പുറത്തായത്. 24 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 31 റൺസെടുത്ത റാഷിദ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.

റാഷിദ് ഖാൻ ഉൾപ്പെടെ ഗുജറാത്ത് നിരയിൽ രണ്ടക്കത്തിലെത്തിയത് മൂന്നു പേർ മാത്രമാണ്. സായ് സുദർശൻ ഒൻപതു പന്തിൽ 2 ഫോറുകളോടെ 12 റൺസെടുത്തും രാഹുൽ തെവാത്തിയ 15 പന്തിൽ ഒരേയൊരു ഫോർ സഹിതം 10 റൺസെടുത്തും പുറത്തായി. റാഷിദ് ഖാൻ നേടിയ ഒരേയൊരു സിക്സർ മാത്രമുള്ള ഗുജറാത്ത് ഇന്നിങ്സിൽ, ആകെ പിറന്നത് എട്ടു ഫോറുകൾ മാത്രം.

ടീമിലേക്കു തിരിച്ചെത്തിയ ഓപ്പണർ വൃദ്ധിമാൻ സാഹ (10 പന്തിൽ രണ്ട്), ഡേവിഡ് മില്ലർ (ആറു പന്തിൽ രണ്ട്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (ആറു പന്തിൽ എട്ട്), അഭിനവ് മനോഹർ (14 പന്തിൽ എട്ട്), ഷാരൂഖ് ഖാൻ (0), മോഹിത് ശർമ (14 പന്തിൽ രണ്ട്), നൂർ അഹമ്മദ് (ഏഴു പന്തിൽ ഒന്ന്) എന്നിവരും നിരാശപ്പെടുത്തി. സ്പെൻസർ ജോൺസൻ ഒറു റണ്ണുമായി പുറത്താകാതെ നിന്നു.

ഡൽഹിക്കായി മുകേഷ് കുമാർ 2.3 ഓവറിൽ 14 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശർമ രണ്ട് ഓവറിൽ എട്ടു റൺസ് മാത്രം വഴങ്ങിയും ട്രിസ്റ്റൻ സ്റ്റബ്സ് ഒരു ഓവറിൽ 11 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അക്ഷർ പട്ടേൽ, ഖലീൽ അഹമ്മദ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ടീമുകൾ ഇങ്ങനെ:

ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ജെയ്ക് ഫ്രേസർ മഗൂർക്, ട്രിസ്റ്റൻ സ്റ്റബ്സ്, ഷായ് ഹോപ്, ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), അക്ഷർ പട്ടേൽ, സുമിത് കുമാർ, കുൽദീപ് യാദവ്, ഇഷാന്ത് ശർമ, മുകേഷ് കുമാർ, ഖലീൽ അഹമ്മദ്

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), സായ് സുദർശൻ, അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, മോഹിത് ശർമ, നൂർ അഹമ്മദ്, സ്പെൻസർ ജോൺസൻ, സന്ദീപ് വാരിയർ

English Summary:

IPL 2024: Gujarat Titans vs Delhi Capitals Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com