ADVERTISEMENT

കൊൽക്കത്ത∙ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിൽ വിരാട് കോലിയുടെ പുറത്താകലാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചർച്ചാ വിഷയം. നോബോളിനു വേണ്ടി കോലി ഡിആർഎസ് വിളിച്ചിരുന്നെങ്കിലും അംപയർ അനുകൂലമായല്ല പ്രതികരിച്ചത്. ഇതോടെ കോലിക്കു നിരാശയോടെ ഗ്രൗണ്ട് വിടേണ്ടിവന്നിരുന്നു. അംപയർമാരുമായി കുറച്ചുനേരം തര്‍ക്കിച്ച ശേഷമാണ് കോലി ഡ്രസിങ് റൂമിലേക്കു രോഷത്തോടെ കയറിപ്പോയത്.

മൂന്നാം ഓവറിലായിരുന്നു വിവാദങ്ങളുടെ തുടക്കം. ഓവറിലെ ആദ്യ പന്തിൽ ഹർഷിത് റാണ ക്യാച്ചെടുത്തു കോലിയെ പുറത്താക്കി. ഫുൾ ടോസായി വന്ന പന്ത് കോലിയുടെ ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങിയതോടെ ഹർഷിത് റാണ തന്നെ പിടിച്ചെടുക്കുകയായിരുന്നു. എന്നാല്‍ പന്ത് അരയ്ക്കു മുകളിലാണു വന്നതെന്നും അതുകൊണ്ടുതന്നെ നോബോൾ വേണമെന്നുമായിരുന്നു കോലിയുടെ ആവശ്യം. താരം ഡിആർഎസ് എടുക്കുകയും ചെയ്തു. റീപ്ലേകളിൽ കോലി ക്രീസിനു പുറത്താണെന്നും നോബോളല്ലെന്നും വ്യക്തമായി.

അംപയർ ഔട്ട് വിളിച്ചെങ്കിലും കോലി അംഗീകരിക്കാൻ തയാറായിരുന്നില്ല. ആദ്യം മടങ്ങാൻ ഒരുങ്ങിയ കോലി, വീണ്ടും തിരിച്ചെത്തിയാണ് അംപയർമാർക്കു നേരെ ചൂടായത്. പന്തു വന്നത് കോലിയുടെ അരയ്ക്കു മുകളിലാണെങ്കിലും കോലി ക്രീസ് വിട്ടു പുറത്തിറങ്ങിയാണു പന്തു നേരിടാൻ ശ്രമിച്ചത്. 1.04 മീറ്ററിലാണ് വിരാട് കോലിയുടെ അരഭാഗമുള്ളത്. കോലി ക്രീസിൽ തന്നെയുണ്ടായിരുന്നെങ്കിൽ, ശരീരത്തിന്റെ 0.92 മീറ്റര്‍ പൊക്കത്തിൽ പന്തു പതിക്കുമായിരുന്നു എന്നാണു വിശദീകരണം.

പരിശോധനകളിൽ ഇക്കാര്യം വ്യക്തമായതോടെയാണ് തേർഡ് അംപയർ നോ–ബോൾ അനുവദിക്കാതിരുന്നത്. ഏഴു പന്തുകൾ നേരിട്ട കോലി 18 റൺസെടുത്താണു പുറത്തായത്. മത്സരത്തിന്റെ അവസാന പന്തിലാണ് ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു റൺ വിജയം നേടിയത്. സീസണില്‍ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഏഴാം തോൽവിയാണിത്. രണ്ടു പോയിന്റുമായി പത്താം സ്ഥാനത്താണ് ആർസിബി ഉള്ളത്.

English Summary:

Why Virat Kohli's Dismissal Against KKR Wasn't A No-Ball

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com