ADVERTISEMENT

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർ പരാജയങ്ങൾക്കൊടുവിൽ ഗോവയ്ക്കെതിരെ നടത്തിയ അസാധാരണ തിരിച്ചുവരവിന്റെ ആഘോഷം അവസാനിക്കുന്നതിനുമുന്നെ ബെംഗളൂരുവിനെ അവരുടെ തട്ടകത്തിൽ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കൊച്ചിയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ നേരത്തേ ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിലെല്ലാം നിർണായക സാന്നിധ്യമാകാറുള്ള താരമാണ് മിലോസ് ഡ്രിന്‍കിച്ച്. പ്രതിരോധ കോട്ടയിലെ ഏറ്റവും ശക്തനായ കൊമ്പൻ. ലീഗ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിലെ അനുഭവങ്ങളെക്കുറിച്ചും കിരീട പ്രതീക്ഷകളെക്കുറിച്ചുമെല്ലാം മനസു തുറക്കുകയാണ് മിലോസ്.

∙ ഇന്ത്യൻ സൂപ്പർ ലീഗിലേക്കെത്തുന്ന പല താരങ്ങളുടെയും ഇഷ്ട ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ടീമിനൊപ്പമുള്ള അനുഭവങ്ങളും അവിടുത്തെ അന്തരീക്ഷവും എങ്ങനെ വിലയിരുത്തുന്നു?

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് തീർച്ചയായും ഒരു സ്വപ്ന ക്ലബ്ബ് തന്നെയാണ്. ഇന്ത്യയിലെയും ഏഷ്യയിലെ തന്നെയും ഏറ്റവും വലിയ ആരാധക കൂട്ടമുള്ള ഒരു ക്ലബ്ബിന്റെ ഭാഗമാകാൻ സാധിച്ചതു പറഞ്ഞറിയിക്കാൻ സാധിക്കാത്ത വികാരമാണ്. ആരാധകരുടെ ഊർജവും ആവേശവും വളരെ വലുതാണ്. നിറഞ്ഞ ഗാലറി ഹോം മത്സരങ്ങളിൽ അന്തരീക്ഷം സവിശേഷമാക്കുന്നു. എവേ മത്സരങ്ങളിലും ടീമിനൊപ്പം യാത്ര ചെയ്യാൻ നിരവധി ആരാധകരാണുള്ളത്. ഇതും സന്തോഷം തരുന്ന കാര്യമാണ്.

എഫ്സി ഗോവയ്ക്കെതിരെ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ദിമിത്രി ഡയമന്റകോസിന്റെ (നടുവിൽ) ആഹ്ലാദം. സഹതാരങ്ങളായ (ഇടതുനിന്ന്) ഡെയ്സൂകി സകായ്, ഫിയദോർ ചെർനിച് എന്നിവർ സമീപം. (ചിത്രം: ടോണി ഡൊമിനിക് ∙മനോരമ)
എഫ്സി ഗോവയ്ക്കെതിരെ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ദിമിത്രി ഡയമന്റകോസിന്റെ (നടുവിൽ) ആഹ്ലാദം. സഹതാരങ്ങളായ (ഇടതുനിന്ന്) ഡെയ്സൂകി സകായ്, ഫിയദോർ ചെർനിച് എന്നിവർ സമീപം. (ചിത്രം: ടോണി ഡൊമിനിക് ∙മനോരമ)

∙ കരിയറിന്റെ പ്രാരംഭ ഘട്ടത്തിലുള്ള ഒരു താരമെന്ന നിലയിൽ ധാരാളം സാധ്യതകളാണ് മുന്നിലുള്ളത്. ഭാവിയിലേക്ക് നോക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നിങ്ങളുടെ കരിയർ വളർച്ചയിൽ എന്ത് പങ്കാണ് വഹിക്കുന്നത്? 

ഞാൻ ഫുട്ബോൾ ഇഷ്ടപ്പെടുന്നു. അത്തരത്തിലുള്ള ഒരു ജീവിതശൈലിയാണ് ഞാൻ മുന്നോട്ടു കൊണ്ടുപോകുന്നതും. എന്റെ യാത്രയുടെ പ്രാരംഭ ഘട്ടത്തിലാണെന്നാണ് ഞാനും വിശ്വസിക്കുന്നത്. ഒരു നീണ്ട കരിയർ ആഗ്രഹിക്കുകയും അത് സാധ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. ഏഷ്യയിലെ തന്നെ പ്രമുഖ ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഇവിടെ കളിക്കുന്നത് അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കും. വമ്പൻ ക്ലബ്ബുകളൊന്നും ഓഫറുകളുമായി എന്നെ സമീപിച്ചില്ലെങ്കിൽ, വർഷങ്ങളോളം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇവിടെ തുടരുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. ക്ലബ്ബിലെ ഒരു ഇതിഹാസമായി മാറാൻ സാധിച്ചാൽ അതൊരു ബഹുമതിയായിരിക്കും.

Read Also: ബോളിങ്ങിനിടെ സഡൻ ബ്രേക്ക്, പാക്കിസ്ഥാൻ താരത്തിന്റെ ‘പ്രത്യേക തരം ആക്ഷൻ’; വിഡിയോ വൈറൽ

∙ അതിനോടു ചേർത്തുതന്നെ ചോദിക്കട്ടെ, ഇവാൻ വുകൊമാനോവിച്ച് എന്ന പരിശീലകൻ നിങ്ങളുടെ കളിയിൽ ചെലുത്തിയ സ്വാധീനത്തെ എങ്ങനെ വിവരിക്കും? നിങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ പദ്ധതികളെക്കുറിച്ച് എന്താണ് കരുതുന്നത്?

ഇവാൻ വുകൊമാനോവിച്ച് വളരെ വലിയൊരു പരിശീലകനും അസാധാരണമായ വ്യക്തിത്വവുമാണ്. കളിക്കളത്തിനകത്തും പുറത്തും തന്റെ സഹായം ഉറപ്പാക്കുന്ന വ്യക്തിയാണ് കോച്ച്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിനു കീഴിൽ പരിശീലിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. ‘കൗശലക്കാരനായ’ പരിശീലകനാണ് അദ്ദേഹം. ഓരോ മത്സരങ്ങളിലുമുള്ള അദ്ദേഹത്തിന്റെ സമീപനം തന്ത്രപരമായി വ്യത്യസ്തമാണ്. അതു ഞങ്ങൾ കളിക്കാർക്കു കാര്യങ്ങൾ വളരെ എളുപ്പമാക്കുന്നു. ഞാൻ ക്ലബ്ബിനൊപ്പം ചേർന്നതുമുതൽ അദ്ദേഹത്തിനുവേണ്ടി എല്ലാ മത്സരങ്ങളും 90 മിനിറ്റും കളിക്കാൻ സാധിച്ചു. ആ അവസരത്തിന് അദ്ദേഹത്തോട് എനിക്ക് നന്ദിയുണ്ട്.

ഗാലറിയെ അഭിവാദ്യം ചെയ്യുന്ന ഇവാൻ വുക്കോമനോവിച്ചും ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങളും.
ഗാലറിയെ അഭിവാദ്യം ചെയ്യുന്ന ഇവാൻ വുക്കോമനോവിച്ചും ബ്ലാസ്റ്റേഴ്സ് ടീമംഗങ്ങളും.

∙ തുടർച്ചയായ നിരാശകൾക്കൊടുവിൽ കഴിഞ്ഞ ദിവസം അസാധാരണമായ തിരിച്ചുവരവാണ് ടീം നടത്തിയത്. ടീമിന്റെ നിലവിലത്തെ പ്രകടനത്തെക്കുറിച്ചും മനോവീര്യത്തെക്കുറിച്ചും ഇപ്പോൾ എന്ത് തോന്നുന്നു?

തീർച്ചയായും, അതൊരു ഗംഭീര മത്സരമായിരുന്നു. ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവായി പലരും ഇതിനെ വിശേഷിപ്പിച്ചു. ആ വിജയത്തിന്റെ ഭാഗമാകാൻ സാധിച്ചത് വലിയ കാര്യമായി കാണുന്നു. ടീമിനെയോർത്ത് അഭിമാനമുണ്ട്. നൂറ് ശതമാനം പ്രചോദനവും കഴിവും ഉള്ളപ്പോൾ നമുക്ക് എല്ലാം ചെയ്യാൻ കഴിയുമെന്ന് ഒരിക്കൽ കൂടി ഞങ്ങൾ തെളിയിച്ചു.

∙ സീസണിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിര ഏറ്റവും ശക്തമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മത്സരങ്ങൾ പരിശോധിച്ചാൽ പ്രതിരോധത്തിലെ പിഴവുകളാണ് ഗോളുകൾക്ക് അവസരമൊരുക്കിയതെന്നും തോൽവിക്ക് കാരണമായതെന്നും വിലയിരുത്തപ്പെടുന്നു. അതിനോടുള്ള പ്രതികരണം?

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധമാണ് ഞങ്ങളുടേതെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ പ്രതിരോധം, നിയുക്തരായ നാല് കളിക്കാരുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് ഓർമിക്കേണ്ടതു പ്രധാനമാണ്. മുഴുവൻ ടീമും അതിന് പ്രതിജ്ഞാബദ്ധമാണ്. നിർഭാഗ്യവശാൽ നിരവധി താരങ്ങളുടെ പരുക്കുകൾ ഞങ്ങൾക്കു വെല്ലുവിളിയായി. ഇത് സ്റ്റാർട്ടിങ് ലൈനപ്പ് എപ്പോഴും മാറുന്നതിനു കാരണമായി. പ്രകടനത്തിലെ സ്ഥിരതയെയും ബാധിക്കുകയായിരുന്നു. 

kerala-blasters-fc-1

∙ സീസണിന്റെ ഈ ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തന്നെയാണ് പരുക്ക്. എങ്ങനെയാണ് ഈ പ്രതിസന്ധിയെ ടീം മറികടക്കുന്നത്?

അതെ, പരുക്ക് ഒരു വെല്ലുവിളിയാണ്. ചില പ്രധാന കളിക്കാരുൾപ്പെടെ ഞങ്ങളുടെ പല കളിക്കാരും പരുക്കുകൾ കാരണം ടീമിന് പുറത്താണ്, ഇതു ഞങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കുമെന്നതിൽ സംശയമില്ല. അവരുടെ അഭാവത്തിൽ ആ വിടവ് നികത്താനും പ്രകടന മികവ് നിലനിർത്താനും ബാക്കിയുള്ളവർ തങ്ങളുടെ നൂറു ശതമാനത്തിലധികം നൽകേണ്ടതുണ്ട്. അതേസമയം, ഈ സാഹചര്യം കൂടുതൽ യുവതാരങ്ങൾക്ക് അവസരം കിട്ടുന്നതിലേക്ക് നയിച്ചു. നിലവിൽ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു.

∙ നിലവിലെ സാഹചര്യവും പ്രകടനവും കണക്കിലെടുക്കുമ്പോൾ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് കിരീടം നേടാനുള്ള സാധ്യത എത്രത്തോളമുണ്ട്? മുന്നോട്ടുള്ള യാത്രയിൽ നിർണായകമാകുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

വിജയിക്കാൻ അവസരമുള്ള ദിവസം വരെ ഞങ്ങൾക്ക് ഈ സ്വപ്നത്തിൽ വിശ്വാസമുണ്ട്. ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായതിനാൽ ഞങ്ങൾ ഓരോ ദിവസവും കഠിനാധ്വാനം ചെയ്യുന്നു, സാധ്യമാണെന്ന ഉറപ്പിലാണത്. ഓരോ മത്സരത്തിലേക്ക് അടുക്കുമ്പോഴും ഞങ്ങൾ കൂടുതൽ മെച്ചപ്പെടുകയും ജയിക്കാൻ അങ്ങേയറ്റം പരിശ്രമിക്കുകയും ചെയ്യുന്നു. അവസാനം വരെ ഞങ്ങളുടെ ഏറ്റവും മികച്ചതു നൽകുകയും ഞങ്ങളുടെ പരിശ്രമങ്ങൾ ആത്യന്തികമായി ഞങ്ങളെ വിജയത്തിലേക്കു നയിക്കുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.

∙ ക്ലബ്ബിലെ നിങ്ങളുടെ റോളിൽ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് എന്താണ്?

ഞാൻ ഇവിടെ എന്റെ സമയം നന്നായി ആസ്വദിക്കുന്നുണ്ട്. സസ്‌പെൻഷൻ കാരണം എനിക്ക് നഷ്‌ടമായ ചില മത്സരങ്ങൾ ഒഴികെ എല്ലാ മത്സരങ്ങളും കളിക്കാൻ എനിക്ക് സാധിച്ചു. അങ്ങനെ ടീമിലെ ലീഡർമാരിൽ ഒരാളാകാനും ഇവിടെ കാര്യമായ സ്വാധീനം ചെലുത്താനും ഞാൻ ആഗ്രഹിക്കുന്നു. ഇതിൽ ഞാൻ ശരിക്കും സന്തുഷ്ടനാണ്, അനുദിനം ഞാനും വളരുകയാണെന്നും വിശ്വസിക്കുന്നു.

∙ കണ്ടീഷനിങ്, ഫിറ്റ്നസ് തുടങ്ങിയ കാര്യങ്ങളിൽ ഇവിലെ ലഭിച്ച സാങ്കേതിക പിന്തുണയെ എങ്ങനെ വിലയിരുത്തുന്നു? പ്രകടനത്തിൽ അത് എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട്?

ഒരു മികച്ച കോച്ചിങ് സ്റ്റാഫും ഉയർന്ന വൈദഗ്ധ്യമുള്ള കണ്ടീഷനിങ് കോച്ചും ഉള്ളതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. ഇത്തരത്തിൽ കോംപറ്റീറ്റിവായിട്ടുള്ള ഒരു ലീഗ് ആവശ്യപ്പെടുന്നതനുസരിച്ചു മികച്ച ശാരീരികാവസ്ഥയിലാണെന്ന് ഉറപ്പാക്കാൻ വളരെയധികം പരിശ്രമിക്കുന്നുണ്ട്. ഓരോ മത്സരങ്ങൾക്കും പ്രത്യേകമായി തയാറെടുക്കേണ്ടതുണ്ട്. മുന്നിലുള്ള എല്ലാ വെല്ലുവിളികളെയും നേരിടാൻ ഞങ്ങൾ തയാറാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പിച്ചിലും ജിമ്മിലും കഠിനമായ പരിശീലന സെഷനുകളിൽ ഏർപ്പെടുന്നു. അങ്ങനെ എല്ലാ തടസങ്ങളെയും മറികടക്കാൻ ഞങ്ങൾ സജ്ജരാണെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.

English Summary:

Milos Drincic Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com