ADVERTISEMENT

മേക്കപ്പിട്ട് മുഖം കൂടുതൽ സുന്ദരമാക്കാൻ അറിയാമെങ്കിലും മേക്കപ്പിനു മുൻപായി മുഖചർമം ഒരുക്കേണ്ടത് എങ്ങനെ എന്നതു സംബന്ധിച്ച് പലർക്കും അത്ര ധാരണയുണ്ടാവില്ല. മേക്കപ്പ് ചർമത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനും ദീർഘനേരം നിലനിൽക്കാനും ഒക്കെ ചില ടിപ്സുകൾ ഉണ്ട്. ഐസ് വെള്ളത്തിൽ മുഖം മുക്കിവയ്ക്കുന്നത് അത്തരമൊരു ടിപ്പാണ്. കത്രീന  കൈഫ്, ആലിയ ഭട്ട്, കൃതി  സനോൺ തുടങ്ങിയ സെലിബ്രിറ്റികൾ മുൻപ് തന്നെ ഇത് തങ്ങളുടെ ചർമ സംരക്ഷണത്തിന്റെ ഭാഗമായി പിന്തുടരുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ നോക്കാം.

1) മേക്കപ്പ് ദീർഘനേരം നിലനിൽക്കും

കഷ്ടപ്പെട്ട് അപ്ലൈ ചെയ്യുന്ന മേക്കപ്പ് ഏറെനേരം അതേപടി നിലനിൽക്കുക എന്നത് പ്രധാനമാണ്. ഐസ് വെള്ളത്തിൽ മുഖം മുക്കിയ ശേഷം മേക്കപ്പിടുന്നത് മേക്കപ്പ് ചർമത്തിൽ ഏറെ നേരം നിലനിൽക്കുന്നതിന് സഹായകമാണ്. കൊറിയൻ ബ്യൂട്ടി ടിപ്സുകളിൽ ഒന്നുകൂടിയാണ് ഇത്. മൂന്നോ നാലോ മിനിറ്റ് നേരം ഐസ് വെള്ളത്തിൽ മുഖം മുക്കിയശേഷം മേക്കപ്പിട്ടാൽ മതിയാകും.

2) പഫിനെസ്സും ചുവപ്പും കുറയ്ക്കും

ഐസ് വെള്ളത്തിലെ കുറഞ്ഞ താപനില സൂക്ഷ്മരക്തവാഹിനികൾ ചുരുങ്ങാൻ സഹായിക്കും. പഫിനെസ്സും  ചുവപ്പും കുറച്ച് ചർമത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ഇത് സഹായകമാണ്. കൺതടങ്ങളിലെ വീക്കം എടുത്തു കാട്ടാതിരിക്കാനും ഐസ് വെള്ളത്തിൽ മുഖം മുക്കുന്നതിലൂടെ സാധിക്കും. ചർമത്തിന് നവോന്മേഷവും സ്വാഭാവികമായ തിളക്കവും നൽകാൻ ഈ പ്രക്രിയ ഏറെ പ്രധാനമാണെന്ന് ത്വക്ക് രോഗവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.

Read Also: ഗർഭിണികൾ സൺസ്ക്രീൻ ഉപയോഗിക്കാമോ? ചർമ സംരക്ഷണത്തിൽ സ്വീകരിക്കേണ്ടതും ഒഴിവാക്കേണ്ടതും

3) വീക്കം കുറയ്ക്കുന്നു

അമിതമായ സൂര്യപ്രകാശം ഏൽക്കുന്നതോ അല്ലെങ്കിൽ അലർജി മൂലമോ പലപ്പോഴും മുഖചർമത്തിൽ ചുവപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടാകാറുണ്ട്. ഐസ് വെള്ളത്തിൽ നിന്ന് ശക്തമായ തണുപ്പ് മുഖചർമത്തിലേയ്ക്ക് എത്തുന്നതോടെ ഇത്തരത്തിൽ വിവിധ ഘടകങ്ങൾ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ ലഘൂകരിക്കപ്പെടും. ചുവപ്പും വീക്കവും വേഗത്തിൽ മാറുകയും ചെയ്യും.

4) ചർമ സുഷിരങ്ങളെ ബലപ്പെടുത്തുന്നു

ഐസ് വെള്ളത്തിൽ മുഖം മുക്കിയാലുള്ള മറ്റൊരു ഗുണം ചർമത്തിലെ സുഷിരങ്ങൾക്ക് കൂടുതൽ മുറുക്കം ലഭിക്കും എന്നതാണ്. തണുപ്പ് സുഷിരങ്ങൾ ചുരുങ്ങാൻ ഇടയാക്കുകയും ചർമം മിനുസപ്പെടുത്തുകയും ചെയ്യും.

അഴുക്ക്, എണ്ണ, പൊടിപടലങ്ങൾ എന്നിവ ചർമത്തിൽ വന്നടിയുന്നത് വലിയതോതിൽ കുറയ്ക്കാൻ ഇത് സഹായിക്കും. ബ്ലാക്ക്ഹെഡ്സ്, മുഖക്കുരു എന്നിവ ഉണ്ടാകാനുള്ള സാധ്യതയും ഇത്തരത്തിൽ കുറയുന്നതാണ്.

5) സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ  വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നു

ഐസ് വെള്ളത്തിന് ചർമത്തിൻ്റെ ആഗിരണ ശേഷി വർദ്ധിപ്പിക്കാൻ കഴിയും. അതിനാൽ ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് ചർമ സംരക്ഷണ ദിനചര്യയുടെ ഭാഗമാക്കുന്നത് ഏറെ ഗുണകരമാണ്. മുഖത്ത് പുരട്ടുന്ന സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളിലെ ഗുണങ്ങൾ കൂടുതലായി ചർമത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ ഇത് സഹായിക്കും. ഐസ് വെള്ളത്തിൽ  മുഖം മുക്കിയ ശേഷം സെറം, മോയിസ്ചറൈസറുകൾ, മാസ്കുകൾ എന്നിവ ഉപയോഗിക്കുന്നത് അവയുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com