ADVERTISEMENT

ഗർഭകാലം ഓരോ സ്ത്രീയും ഏറ്റവും സന്തോഷത്തോടെ ചിലവഴിക്കേണ്ട കാലമാണ്. വൈകാരികമായും ശാരീരികമായും ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാകുന്ന കാലം. ഗർഭകാലത്ത് സ്ത്രീകൾ എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്നതു സംബന്ധിച്ച് ഓരോ നാട്ടിലും ചിട്ടവട്ടങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ നിലവിലുണ്ടാകും. ശരിയായ നിയന്ത്രണങ്ങളും മിഥ്യാധാരണകളും ഇവയിൽ ഉൾപ്പെടുമെന്നതാണ് വാസ്തവം. ഇത്തരത്തിൽ ഗർഭിണികളുടെ ചർമ സംരക്ഷണവുമായി ബന്ധപ്പെട്ടും ചില മിത്തുകൾ നിലനിൽക്കുന്നുണ്ട്. ഇവയിൽ സ്വീകരിക്കേണ്ടതും തള്ളിക്കളയേണ്ടയും ഏതൊക്കെയാണെന്ന് നോക്കാം.

മുടി നീക്കം ചെയ്യരുത്
ശരീരഭാഗങ്ങളിലെ മുടി ഗർഭിണികൾ നീക്കം ചെയ്യാൻ പാടില്ല എന്നതാണ് പൊതുവേയുള്ള ധാരണ. എന്നാൽ സുരക്ഷിതമായ രീതിയിൽ ഏറ്റവും വൃത്തിയായി ശരീരഭാഗങ്ങളിലെ മുടികൾ ഗർഭിണികൾ നീക്കം ചെയ്യുന്നതിൽ തെറ്റില്ല. ചർമത്തിന് കേടുപാടുകളോ പൊള്ളലുകളോ ഏൽപ്പിക്കുന്ന കഠിനമായ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കരുതെന്ന് മാത്രം. അനുയോജ്യമായ മികച്ച ഉത്പന്നങ്ങൾ തിരഞ്ഞെടുത്ത് സുരക്ഷിതമായി കൈകാര്യം ചെയ്താൽ പ്രശ്നമില്ല. ഇത്തരത്തിൽ സുരക്ഷിതമായ രീതിയിൽ പുരികം ത്രെഡ് ചെയ്യുന്നതിലും പ്രശ്നങ്ങളില്ല.

മുടി കളർ ചെയ്യരുത്
ഗർഭകാലവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമാണ് മുടിയിൽ കളർ ഉപയോഗിക്കരുത് എന്നത്. ഗർഭകാലത്തിന്റെ ആദ്യ ട്രൈമെസ്റ്ററിൽ മുടി കളർ ചെയ്യുന്നത് ഒഴിവാക്കുന്നത് നല്ലതെന്ന് ഡോക്ടർമാരും പറയുന്നു. കുഞ്ഞിന്റെ വളർച്ചയുടെ ആദ്യഘട്ടത്തിൽ കെമിക്കൽ റിയാക്ഷനുകൾ ഉണ്ടായാൽ അത് പ്രതികൂലമായി ബാധിച്ചേക്കാം എന്നതിനാലാണിത്. എന്നാൽ നര തെളിഞ്ഞു കാണുന്നതുപോലെയുള്ള സാഹചര്യം ഉണ്ടെങ്കിൽ വളരെ ചെറിയ അളവിൽ ഹെയർ കളറുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഇത്തരം അവസരങ്ങളിൽ തലയോട്ടിയോട് ചേർന്നുള്ള ഭാഗത്ത് കളർ എത്തുന്നില്ല എന്ന് ഉറപ്പാക്കുക. കെരാറ്റിൻ, റീബോണ്ടിംഗ് തുടങ്ങിയ കേശ ചികിത്സകൾ പൂർണമായും ഒഴിവാക്കുന്നതാണ് ഉചിതം. 

ചർമ സംരക്ഷണ ഉൽപ്പന്നങ്ങൾ എല്ലാം ഒഴിവാക്കുക
വൈറ്റമിൻ എ അടിസ്ഥാനമാക്കിയുള്ള ചർമ സംരക്ഷണ ഉത്പന്നങ്ങൾ ഗർഭകാലത്ത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ആന്റി ഏജിംഗ് ക്രീമുകളിലും മുഖക്കുരു കുറയ്ക്കാനുള്ള ക്രീമുകളിലും ഇത് അടങ്ങിയിട്ടുണ്ട്. കൂടാതെ ഹൈഡ്രോക്വിനോൺ, അർബുട്ടിൻ, ഹെവി മിനറൽ മേക്കപ്പ് എന്നിവയിൽ ലോഹങ്ങൾ അടങ്ങാൻ സാധ്യതയുള്ളതിനാൽ അത്തരം ഉത്പന്നങ്ങളും ഒഴിവാക്കണം.

സൺസ്ക്രീൻ ഉപയോഗം
ഗർഭകാലത്ത് വെയിലത്തിറങ്ങേണ്ട സാഹചര്യമുണ്ടെങ്കിൽ സൺസ്ക്രീൻ പുരട്ടണം എന്നതാണ് വിദഗ്ധർ നൽകുന്ന നിർദേശം. ഇവ ത്വക്കിന് സൂര്യതാപത്തിൽ നിന്നും സംരക്ഷണം നൽകും. എന്നാൽ കെമിക്കൽ സൺസ്ക്രീനുകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 

ഓരോരുത്തരുടെയും ത്വക്കിന്റെ പ്രത്യേകതകൾ വ്യത്യസ്തമായിരിക്കും. അതിനാൽ ചർമ സംരക്ഷണ മാർഗങ്ങളും അതിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതുവരെ പിന്തുടർന്നു പോന്ന ചർമ സംരക്ഷണ മാർഗങ്ങൾ ഗർഭകാലത്ത് തുടരുന്നത് തെറ്റാണെന്ന് കരുതി ഒഴിവാക്കുന്നത് ചിലപ്പോൾ ചർമത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ശരീരത്തിന് ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്ന കാലമായതിനാൽ ചില ഉത്പന്നങ്ങൾ അലർജിക് റിയാക്ഷനുകളും ഉണ്ടാക്കിയെന്ന് വരാം. ഇക്കാര്യങ്ങൾ കണക്കിലെടുത്ത്  ഗർഭകാലത്തെ ചർമ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വയം തീരുമാനങ്ങൾ എടുക്കും മുൻപ് ഡോക്ടർമാരുടെ ഉപദേശം തേടാം. 

English Summary:

Unraveling the Truth About Sunscreen and Skin Care During Pregnancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com