ADVERTISEMENT

വിവാഹ ദിനത്തിൽ സ്വപ്നം കണ്ടതുപോലെ നവവധുവായി അണിഞ്ഞൊരുങ്ങാൻ നാളുകൾ നീണ്ട തയാറെടുപ്പുകൾ നടത്തേണ്ടിവരും. പർച്ചേസിങ്ങിനും മറ്റുമായി യാത്രയും അലച്ചിലും വേണ്ടിവരുന്നതോടെ സൗന്ദര്യ സംരക്ഷണത്തിന് അധികസമയം നീക്കി വെക്കാൻ സാധിക്കണമെന്നില്ല. വിവാഹത്തിന് ദിവസങ്ങൾ മുമ്പുള്ള ഫേഷ്യൽ കൊണ്ടുമാത്രം ചർമഭംഗി നിലനിർത്താനുമാവില്ല. തിളക്കമാർന്ന മുഖത്തോടെ ഏറ്റവും സുന്ദരിയായ നവ വധുവായി ഒരുങ്ങാൻ കുറച്ചു സമയം ചർമ സംരക്ഷണത്തിനു വേണ്ടി നീക്കി വെക്കുക തന്നെവേണം. കൺതടങ്ങളിലെ കറുപ്പും മുഖക്കുരുവിന്റെ പാടുകളും ചർമത്തിലെ ചെറിയ ചുളിവുകളുമൊക്കെ മാറ്റിയെടുത്ത് സ്വപ്ന സുന്ദരിയായി വിവാഹദിനത്തിൽ ഒരുങ്ങാൻ ധാരാളം സൗന്ദര്യ ചികിത്സകൾ നിലവിലുണ്ട്. അവയിൽ ചിലത് നോക്കാം.

എക്സോസോം തെറാപ്പി
കോശങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന പ്രോട്ടീൻ, ലിപ്പിഡ് തുടങ്ങിയവ ചെറു അറകളായി ചർമത്തിൽ രൂപം കൊള്ളുന്നതാണ് എക്സോസോമുകൾ. കോശങ്ങളുടെ സന്ദേശവാഹകരായി പ്രവർത്തിക്കുന്ന ഇവ ബയോ ആക്ടീവ് തന്മാത്രകളെ മറ്റു കോശങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്ന പ്രക്രിയ വേഗത്തിലാക്കുന്നു. എക്സോസോം തെറാപ്പിയിൽ ചികിത്സ തേടുന്ന വ്യക്തിയുടെ കോശങ്ങളിൽ നിന്ന് തന്നെയാണ് എക്സോസോമുകൾ പലപ്പോഴും എടുക്കുന്നത്. ഇവ നേരിട്ട് ചികിത്സ വേണ്ട ഭാഗത്ത് കുത്തിവെക്കുകയോ ചർമ സംരക്ഷണ ഉത്പന്നങ്ങളിൽ ചേർക്കുകയോ ചെയ്യുന്നതോടെ സ്വാഭാവിക ഭംഗി നിലനിർത്താൻ സാധിക്കും. എക്സോസോമുകൾ കോശങ്ങളുമായി ഇടപെഴകുമ്പോൾ അവ ചർമത്തെ പുനരുജ്ജീവിപ്പിക്കുകയും വേഗത്തിൽ കേടുപാടുകൾ പരിഹരിക്കുകയും  ചെയ്യുന്നു. പിഗ്മെന്റേഷനും മെലാനിൻ ഉത്പാദനവും നിയന്ത്രിക്കാൻ ഈ ചികിത്സ സഹായിക്കുന്നു. ചർമത്തിന്റെ ഘടനയും ടോണും മെച്ചപ്പെടുത്തുകയും ചെറുപ്പമാക്കുകയും ചെയ്യുന്നതിലൂടെ വിവാഹദിനത്തിൽ ആരും കൊതിക്കുന്ന ചർമ ഭംഗിയിൽ  ശോഭിക്കാനാവും.

അൾട്രാലിഫ്റ്റ്
അൾട്രാ ലിഫ്റ്റ് ഒരു സ്കിൻ ലിഫ്റ്റിംഗ് ചികിത്സാ രീതിയാണ്. അൾതെറാപ്പി, അൾതെറാ എന്നിങ്ങനെ വിവിധ പേരുകളിൽ ഈ ചികിത്സ അറിയപ്പെടുന്നുണ്ട്. മുറിവുകൾ ഉണ്ടാക്കാതെ ചർമത്തെ ബലപ്പെടുത്തുകയാണ് ഈ ചികിത്സയിലൂടെ ചെയ്യുന്നത്. ചർമത്തിലെ കൊഴുപ്പടിഞ്ഞ് തൂങ്ങിക്കിടക്കുന്ന ഭാഗങ്ങൾ ഉയർത്താനും ചുളിവുകൾ അകറ്റാനും മൃദുത്വം നിലനിർത്താനും ഈ ചികിത്സ സഹായിക്കും. കീഴ്ത്താടി, പുരികം തുടങ്ങിയ മുഖഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്ത് മുഖത്തിന് കൃത്യമായ ആകൃതി നൽകാൻ ഇതിലൂടെ സാധിക്കും. ചികിത്സ ചെയ്താൽ ഉടൻ തന്നെ ഫലം കണ്ടറിയാൻ സാധിക്കും എന്നതാണ് മറ്റൊരു മേന്മ.

പിഡിആർഎൻ ചികിത്സ
പോളിഡിയോക്‌സിറൈബോ ന്യൂക്ലിയോടൈഡ് അഥവാ പിഡിആർഎൻ ചർമത്തിന്റെ പ്രായം കുറച്ചു കാണിക്കുന്നതിനും പുനരുജ്ജീവന പ്രക്രിയയ്ക്ക് തുടക്കമിടാനും കഴിവുള്ള ഒരു ചികിത്സാ രീതിയാണ്. മത്സ്യങ്ങളിൽ നിന്നു വേർതിരിച്ചെടുക്കുന്ന പോളിന്യൂക്ലിയോടൈഡുകൾ ചർമത്തിൽ പ്രയോഗിക്കുന്നതിന് സൂക്ഷ്മമായ സൂചികളോ ഡെർമാപെന്നോ ഉപയോഗിക്കുന്നു. കൊളാജൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ ഉത്തേജിപ്പിക്കാൻ ഈ ചികിത്സ സഹായിക്കുന്നുണ്ട്. 20-25 ദിവസത്തെ ഇടവേളകളിൽ കുറഞ്ഞത് നാല് സെഷനുകളായി വേണം ചികിത്സ പൂർത്തിയാക്കാൻ. ചർമത്തിലെ ജലാംശം വർധിപ്പിക്കാനും സൂക്ഷ്മ സുഷിരങ്ങൾ നീക്കം ചെയ്യാനും ചുളിവുകളും നേർത്ത വരകളും മായ്ക്കാനും ഇരുണ്ട പാടുകൾ നീക്കം ചെയ്യാനും ഈ ചികിത്സ തേടുന്നതിലൂടെ സാധിക്കും.

വാൽമോണ്ട് ഫേഷ്യൽ
ചർമത്തെ കൂടുതൽ ജീവസുറ്റതാക്കുന്ന ചികിത്സയാണ് തേടുന്നതെങ്കിൽ വാൽമോണ്ട് ഫേഷ്യലാണ് അതിന് ഏറ്റവും മികച്ചത്. സ്വിസ് സ്കിൻ കെയർ ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന ഈ ചികിത്സാരീതി സാധാരണ ഫേഷ്യലുകളെ അപേക്ഷിച്ച് ത്വക്കിന് സ്വാഭാവിക ലുക്ക് നൽകാനും ചർമത്തിന് ദൃഢത നൽകാനും ജലാംശം വർധിപ്പിക്കാനും തിളക്കം കൂട്ടാനും സഹായിക്കും. ഏതുതരത്തിലുള്ള ചർമമാണെന്ന് കൃത്യമായി വിലയിരുത്തിയതിന് ശേഷമാണ് ഈ ഫേഷ്യൽ ചെയ്യുന്നത്.

ആർഎഫ് ഡയാ തെർമോകോൺട്രാക്ഷൻ
കോശങ്ങളെ ചൂടാക്കി ചർമത്തിന് കൂടുതൽ ദൃഢത നൽകുന്ന ചികിത്സാ രീതിയാണിത്. ചൂടും വൈദ്യുത സിഗ്നലുകളും ഉപയോഗിക്കുന്ന ഈ പ്രക്രിയ മുഖത്തിന്റെ പേശികൾ ചുരുക്കി അതിന്റെ ഫലമായി കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനം ഉത്തേജിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും  ചെയ്യും. ചർമത്തിലെ കൊഴുപ്പു കുറയ്ക്കുന്നതിനും ചർമത്തിന് കൂടുതൽ മുറുക്കം തോന്നിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ഏറ്റവും ഫലപ്രദമായ മാർഗമാണ് ഇത്. ചുളിവുകളും പാടുകളും കുറയ്ക്കാനും ഈ ചികിത്സ സഹായകമാണ്. 

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിൽ അതിമനോഹരിയായി മാറാൻ ധാരാളം ചർമസംരക്ഷണ മാർഗങ്ങൾ ഉണ്ടെങ്കിലും ഇതിനൊക്കെയപ്പുറം ചർമം സ്വാഭാവിക ഭംഗിയോടെ നിലനിർത്താൻ കൃത്യമായി പാലിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ മറക്കരുത്.  പോഷകസമൃദ്ധമായ ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. പഞ്ചസാരയും ജങ്ക് ഫുഡും പരമാവധി ഒഴിവാക്കുക. ശരീരത്തിൽ ജലാംശം കൃത്യമായി നിലനിർത്തുക. ഇതിനെല്ലാം പുറമേ മാനസിക സംഘർഷങ്ങൾക്ക് വിട നൽകി പരമാവധി സന്തോഷത്തോടെ ഇരിക്കുന്നതും ആരോഗ്യവും ഭംഗിയുള്ളതുമായ ചർമം നിലനിർത്തുന്നതിന് പ്രധാനമാണ്.

English Summary:

Top Skincare Treatments for Radiant Bridal Beauty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com