ADVERTISEMENT

അഴകിന്റെ വേദിയിൽ ലോകം ജയിക്കുന്നത് ആരെന്ന് ഇന്നറിയാം. സൗന്ദര്യവും ആത്മവിശ്വാസവും അറിവും കഴിവുംകൊണ്ട്  വിവിധ രാജ്യങ്ങളിലെ സുന്ദരിമാർ എത്തുന്ന വേദിയിൽ എല്ലാ കണ്ണുകളും ഇന്ത്യൻ സുന്ദരി സിനി ഷെട്ടിയിലേക്കാണ്. കർണാടക സ്വദേശിയായ സിനി ലോക സൗന്ദര്യ മത്സരത്തിന്റെ ഓപ്പണിങ് സെറിമണിയിൽ ഇന്ത്യയുടെ പരമ്പരാഗത വസ്ത്രവിധാനത്തിൽ എത്തി ഏറെ ശ്രദ്ധ കവർന്നിരുന്നു. 28 വർഷത്തെ ഇടവേളയ്ക്കു ശേഷം സൗന്ദര്യ മാമാങ്കത്തിനായി ലോകം ഇന്ത്യയിൽ വിരുന്നെത്തുമ്പോൾ 2017 ലെ ചരിത്രം ആവർത്തിച്ച് സൗന്ദര്യകിരീടം ഇന്ത്യ ചൂടുമോ എന്ന ആകാംഷയാണ് നിറയുന്നത്. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററാണ് ഫൈനൽ മത്സരങ്ങളുടെ വേദി.

ഇന്ന് രാത്രി 7.30ന് ആരംഭിക്കുന്ന മത്സരം 10.30 ഓടെ അവസാനിക്കും. 140ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും തത്സമയം ഇവന്റ് സംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ട്. 2021ലെ കിരീട ജേതാവായ പോളിഷ് മോഡൽ കരലീന ബിയെലവ്സ്ക ഇത്തവണത്തെ ലോകസുന്ദരിയെ കിരീടമണിയിക്കുന്നത്. ഇന്ത്യൻ ഗായിക നേഹ കക്കറും സഹോദരൻ ടോണി കക്കറും ഷാനും അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് ഗ്രാൻഡ്ഫിനാലെ ചടങ്ങുകളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. കരൺ ജോഹറും  2013ലെ ലോകസുന്ദരിയായിരുന്ന ഫിലിപ്പൈൻസ് സ്വദേശി മേഗൻ യങ്ങുമാണ്  71-ാം പതിപ്പിന്റെ അവതാരകർ.

NEW DELHI 2024 FEBRUARY 19    :   Miss world contestant before the opening ceremony at Delhi   . @ JOSEKUTTY PANACKAL / MANORAMA
NEW DELHI 2024 FEBRUARY 19 : Miss world contestant before the opening ceremony at Delhi . @ JOSEKUTTY PANACKAL / MANORAMA

കേവലം ആതിഥേയത്വം വഹിക്കുക എന്നതിനപ്പുറം ലോക സൗന്ദര്യ മത്സരം ഈ വർഷം ഇന്ത്യയിലേയ്ക്ക് എത്തിയതിന് വലിയ പ്രാധാന്യമുണ്ട്.  ഈ ആഗോള മത്സരത്തിന് വേദിയൊരുക്കുന്നത് സാമ്പത്തികശക്തിയായി ലോകരാജ്യങ്ങൾക്കു മുമ്പിൽ കരുത്താർജിക്കുന്ന ഇന്ത്യയുടെ ബ്രാൻഡ് ഇമേജിന് കുതിപ്പേകും. 1996 ലാണ് മിസ് വേൾഡ് മത്സരം ആദ്യമായി ഇന്ത്യയിലേയ്ക്ക് എത്തിയത്. രണ്ടേകാൽ പതിറ്റാണ്ടിന് മുകളിൽ നീണ്ട ഇടവേളയിൽ മത്സരത്തിന്റെ രീതികൾക്കും ഇന്ത്യയിലെ സാഹചര്യങ്ങൾക്കും ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും വിസ്മയക്കാഴ്ചകളും ലോകത്തെ അമ്പരപ്പിക്കും എന്ന വാക്കുകളോടെയാണ് മിസ് ഇന്ത്യ സിനി ഷെട്ടി സഹമത്സരാർഥികളെ സ്വന്തം നാട്ടിലേയ്ക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. 

NEW DELHI 2024 FEBRUARY 19    :   Miss world contestant before the opening ceremony at Delhi   . @ JOSEKUTTY PANACKAL / MANORAMA
NEW DELHI 2024 FEBRUARY 19 : Miss world contestant before the opening ceremony at Delhi . @ JOSEKUTTY PANACKAL / MANORAMA

1966ൽ റെയ്ത ഫാരിയയിലൂടെയാണ് ആദ്യമായി ലോക സൗന്ദര്യ കിരീടം ഇന്ത്യയിലേക്ക്ക് എത്തിയത്. പിന്നീട് നീണ്ട 28 വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 94ൽ ഐശ്വര്യ റായി വിജയകിരീടം അണിഞ്ഞു. ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ ലോകസൗന്ദര്യ മത്സരത്തെ കുറിച്ചുള്ള മതിപ്പ് വർധിച്ചതും അതിനുശേഷമാണ് എന്ന് പറയാം. എന്നാൽ ഐശ്വര്യ റായി ലോകസുന്ദരിയായി രണ്ടു വർഷങ്ങൾക്കിപ്പുറം ഇന്ത്യ മത്സരത്തിന് ആതിഥേയത്വം വഹിച്ചെങ്കിലും അന്ന് ഇന്ത്യക്ക്  ലോക സുന്ദരി പട്ടം ലഭിച്ചിരുന്നില്ല. പിന്നീട് 1997ൽ ഡയാന ഹെയ്ഡനും, 99ൽ യുക്താമുഖിയും, 2000ത്തിൽ പ്രിയങ്ക ചോപ്രയും കിരീടം സ്വന്തമാക്കി.  2017ൽ മാനുഷി ഛില്ലറിലൂടെയാണ് ഇന്ത്യ അവസാനമായി കിരീടം ചൂടിയത്.

സിനി ഷെട്ടി (Photo: Instagram/Sini Shetty)
സിനി ഷെട്ടി (Photo: Instagram/Sini Shetty)

ലോകസുന്ദരി മത്സര ജേതാവിന് കോടികളാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. ഇന്ദ്രനീല കല്ലുപതിച്ച 40 കോടി രൂപ വിലമതിക്കുന്ന കിരീടം ഒരു വർഷത്തേയ്ക്ക് ജേതാവിന് കൈവശം വെക്കാം. ലോകത്തെവിടെയും സൗജന്യമായി സഞ്ചരിക്കാനുള്ള അവസരം, താമസം, ഭക്ഷണം, സ്പോൺസർമാരിൽനിന്നു ലഭിക്കുന്ന ആനുകൂല്യങ്ങൾ, ഒരു വർഷത്തേക്ക് ആവശ്യമായ മേക്കപ് സാധനങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, പ്രഫഷനൽ സ്റ്റൈലിസ്റ്റിന്റെ സേവനം, സ്വന്തമായി ന്യൂട്രീഷനിസ്റ്റ്, ലോകത്തെ ഏറ്റവും പ്രശസ്തരായ ഫാഷൻ  ഡിസൈനർമാരുടെയും ഫൊട്ടോഗ്രഫർമാരുടെയും കൂടെ പ്രോജക്ടുകൾ ചെയ്യാനുള്ള അവസരം, മിസ് വേൾഡ് ഓർഗനൈസേഷന്റെ ബ്രാൻഡ് അംബാസഡർ പദവി തുടങ്ങി സ്വപ്ന സമാനമായ നേട്ടങ്ങളാണ് വിജയിക്ക് വന്നുചേരുന്നത്.

sinishetty
സിനി ഷെട്ടി മിസ് ഇന്ത്യ കിരീടം നേടിയപ്പോൾ

2022ൽ മിസ് ഇന്ത്യ പട്ടം നേടിയ ഇന്ത്യൻ സുന്ദരി സിനി ഷെട്ടി ഭരതനാട്യം നർത്തകി കൂടിയാണ്. അക്കൗണ്ടിംഗ് ആന്റ് ഫിനാൻസിലാണ് സിനി ബിരുദം പൂർത്തിയാക്കിയത്. ഇന്ത്യൻ ജനതയെയും പാരമ്പര്യത്തെയും സംസ്കാരത്തെയും പ്രതിനിധീകരിച്ച് മത്സരവേദിയിൽ നിൽക്കുന്നത് വലിയ ഉത്തരവാദിത്തമായി കണക്കാക്കുന്നു എന്ന് മുമ്പ് തന്നെ താരം വ്യക്തമാക്കിയിരുന്നു. ലോകത്തിനു മുന്നിൽ തലയെടുപ്പോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചടങ്ങിൽ സിനി ഷെട്ടി കിരീടം ചൂടുന്നത് കാണാനായി കാത്തിരിക്കുകയാണ് രാജ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com