ADVERTISEMENT

ആടുജീവിതം എന്ന സിനിമ സ്റ്റെഫി സേവ്യർ എന്ന കോസ്റ്റ്യൂം ഡിസൈനറെ സംബന്ധിച്ചിടത്തോളം ഒരു ഇമോഷൻ ആണ്. കരിയറിന്റെ തുടക്കകാലത്ത് ലഭിച്ച വമ്പൻ സിനിമ എന്നതിലുപരി ഏഴു വർഷങ്ങൾ കൊണ്ട് ആ സിനിമയ്ക്കൊപ്പം സ്റ്റെഫി നടന്നു തീർത്ത വഴികളുണ്ട്. നാടിന്റെ പച്ചപ്പും മരുഭൂമിയിലെ വെയിലും രക്ഷപ്പെടലിന്റെ ദാഹവുമെല്ലാം പേറുന്ന വസ്ത്രങ്ങൾക്കുമുണ്ട് പറയാൻ കഥകളേറെ. ഒരു ബട്ടൺസിനു മാത്രമല്ല ഓരോ കീറലിനും കെട്ടലിനും വരെ ഒരുപാടു ആലോചനകളുടെ ഭാരമുണ്ടെന്ന് സ്റ്റെഫി പറയുന്നു. ആടുജീവിതം അനുഭവങ്ങളുമായി കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ മനോരമ ഓൺലൈനിൽ.  

ഏഴുവർഷത്തെ മാസ്റ്റർ ക്ലാസ്
ആടുജീവിതത്തിൽ ഞാൻ വരുമ്പോൾ എനിക്ക് വെറും രണ്ടു വർഷത്തെ അനുഭവപരിചയം മാത്രമേയുള്ളൂ. വലിയ അനുഭവപരിചയമുള്ള ഒരു സംഘത്തിനൊപ്പമാണ് എന്നെയും ബ്ലെസി സർ ചേർത്തു നിര്‍‍ത്തിയത്. ഈ ഏഴു വർഷങ്ങൾ ഒരു മാസ്റ്ററിനൊപ്പം നിന്നു പഠിച്ചു പുറത്തിറങ്ങിയ ഫീലാണ്. വേഷവിധാനം എങ്ങനെ വേണമെന്നത് ബ്ലെസി സർ കൃത്യമായി പറഞ്ഞു തന്നിരുന്നു. പക്ഷേ, അതിനു മുകളിൽ ക്രിയേറ്റീവ് ആയി അതെങ്ങനെ കൊണ്ടു വരാം എന്നതിനുള്ള പൂർണസ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. ബ്ലെസി സർ ഓകെ പറയുന്നതിനു വേണ്ടി മാത്രമല്ല ഞങ്ങൾ വർക്ക് ചെയ്തത്. കോടിക്കണക്കിന് വായനക്കാരുടെ മനസിലൊരു നജീബും ഖാദിരിയും ഹക്കീമും ഒക്കെയുണ്ട്. അവർക്ക് സംതൃപ്തി കിട്ടണം. അതെല്ലാം മുന്നിൽ കണ്ടാണ് ഞാനും എന്റെ ടീമും വസ്ത്രങ്ങളൊരുക്കിയത്. 

മരുഭൂമിയെ വസ്ത്രത്തിലേക്ക് പകർത്തിയപ്പോൾ
കോസ്റ്റ്യൂമിൽ കാണുന്ന അഴുക്കും പൊടിയും മണ്ണും കീറലും പഴകലുമെല്ലാം ചെയ്തെടുത്തത് ഞാനും എന്റെ ടീമംഗങ്ങളും ഒരുമിച്ചാണ്. നാച്വറലായി അവ ചെയ്തെടുത്തതാണ്. അല്ലാതെ, ഏതെങ്കിലും പെയിന്റ് ഒഴിച്ച് നിറം മാറ്റിയെടുത്തതല്ല. നജീബിന്റെയും ഹക്കീമിന്റെയും  ഓരോ അനുഭവങ്ങളാണ് അവരുടെ വസ്ത്രത്തിൽ പ്രതിഫലിക്കുന്നത്. അവർ അനുഭവിച്ചതെല്ലാം ആ വസ്ത്രത്തിൽ കൂടിയും പ്രേക്ഷകർക്ക് വായിച്ചെടുക്കാൻ കഴിയണമെന്ന് ബ്ലെസി സാറിന് നിർബന്ധമുണ്ടായിരുന്നു. നജീബ് മരുഭൂമിയിലെത്തുമ്പോൾ ധരിക്കുന്ന ഒരു നീല ഷർട്ടുണ്ട്. അതിന്റെ പാറ്റേൺ വരെ ബ്ലെസി സർ പറഞ്ഞു തന്നിരുന്നു. നജീബ് ആദ്യം മസറയിലെത്തുമ്പോൾ ആ ഷർട്ട് ശരിക്കും വേറിട്ടു തന്നെ നിൽക്കുന്നുണ്ട്. പിന്നീട് ആ ഷർട്ടിന്റെ നിറം മരുഭൂമിയുടെ നിറമായി മാറുകയാണ്. 

കോസ്റ്റ്യൂം കണ്ടിന്യൂവിറ്റി എന്ന ചലഞ്ച്
നജീബിനു വേണ്ടി ഒരു വസ്ത്രത്തിന്റെ പല കോപ്പികൾ ചെയ്തു വച്ചിരുന്നു. പക്ഷേ, ചില കറകളും കീറലുകളുമൊന്നും നമുക്ക് മുൻകൂട്ടി ചെയ്തു വെക്കാൻ പറ്റില്ല. ആർടിസ്റ്റ് ആ വേഷമിട്ട് പെർഫോം ചെയ്യുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് ആ വേഷത്തിന് സംഭവിക്കുന്നത്, അതെല്ലാം നിലനിർത്തിക്കൊണ്ടാണ് അടുത്ത ഷോട്ടിന് കോസ്റ്റ്യൂം കൊടുക്കുന്നത്. ഒരുപാട് കോപ്പികൾ ഉണ്ടെങ്കിലും അതൊന്നും ഇടയ്ക്കിടയ്ക്ക് മാറ്റി കൊടുക്കാൻ പറ്റില്ല. കാരണം, അത്രയും വ്യതിയാനങ്ങൾ ഓരോ ഷോട്ടിലും വസ്ത്രത്തിന് തോന്നും.  അപ്പോൾ ഡൾ ആയ അതേ കോസ്റ്റ്യൂം തന്നെ ആവർത്തിച്ച് ഉപയോഗിച്ചു കൊണ്ടിരുന്നു. അതെല്ലാം, ഒരു പ്രശ്നവും പറയാതെ രാജുവേട്ടൻ ധരിച്ചു. 

stephy3
സ്റ്റെഫി സേവ്യർ, ചിത്രം:മനോരമ

നാട്ടിൽ നിന്ന് സ്റ്റിച്ച് ചെയ്തു കൊണ്ടു പോയ കോസ്റ്റ്യൂം നേരെ കൊണ്ടു ചെന്നു ഇടീച്ചു കൊടുക്കുന്ന പരിപാടിയല്ല ആടുജീവിതത്തിൽ സംഭവിച്ചത്. നജീബിന്റെ കഥാപാത്രത്തിന് ആ മരുഭൂമിയിൽ നേരിടുന്ന കഷ്ടപ്പാടുകൾ, അയാളുടെ യാത്ര, അവിടത്തെ ജീവിതം അതെല്ലാം ആ വേഷത്തിലുണ്ടാകണം. അതൊന്നും മുൻകൂട്ടി ചെയ്തു വച്ച് കൊടുക്കാൻ പറ്റുന്നതല്ല. അദ്ദേഹം ആ വേഷം ഇട്ടു പെർഫോം ചെയ്യുമ്പോഴാണ് എവിടെ നിന്ന് എവിടെ വരെയാണ് അതു കീറുന്നതെന്ന് മനസിലാക്കാൻ പറ്റുകയുള്ളൂ. അതു വെറുതെ ഒരു ടേബിളിൽ ആ വസ്ത്രമിട്ട് ഒരു മനക്കണക്കിൽ കീറി എടുക്കുന്നതല്ല. അതു സാധ്യവുമല്ല. കോസ്റ്റ്യൂമിൽ വെള്ളം വീഴുന്നത്, പാൽക്കറയാകുന്നത്, മുറിവിൽ നിന്നുള്ള രക്തമാകുന്നത്… ഇതെല്ലാം ആ സ്പോട്ടിൽ കൃത്യമായി നോക്കി മനസിലാക്കി നിലനിർത്തിക്കൊണ്ടുപോവുക എന്നതായിരുന്നു ചലഞ്ച്.   

ഖാദിരിയുടെ വസ്ത്രം കഥാപാത്രമായപ്പോൾ
നജീബിനെയും ഹക്കീമിനെയും രക്ഷിക്കാൻ വരുന്ന ഖാദിരിയുടെ വേഷത്തിനു പിന്നിലും ഏറെ ആലോചനകളുണ്ട്. കാരണം, ആ കഥാപാത്രത്തിന്റെ വസ്ത്രത്തിന് മരുഭൂമിയിലെ പലായനത്തിൽ വലിയൊരു റോൾ തന്നെയുണ്ട്. പ്രത്യേകിച്ചും ആ കഥാപാത്രത്തിനു കൊടുത്തിരിക്കുന്ന ജാക്കറ്റ്. നജീബിന്റെ പൊള്ളുന്ന കാലിന് ഒരു കവചമായി കെട്ടിക്കൊടുക്കുന്നത് ആ ജാക്കറ്റാണ്. അങ്ങനെയൊരു ആവശ്യത്തിനു കൂടി ഉപകരിക്കുന്ന തുണിയായിരിക്കണം അതിനു വേണ്ടി ഉപയോഗിക്കുന്നത്. ജാക്കറ്റ് കീറി കാലിൽ കെട്ടിക്കൊടുക്കുന്നത് എങ്ങനെയാകണമെന്നൊക്കെ ഷൂട്ടിനു വളരെ നേരത്തെ ബ്ലെസി സാറിന്റെ സാന്നിധ്യത്തിൽ ട്രയൽ ചെയ്ത് ഉറപ്പിച്ചിരുന്നു. പിന്നെ, ആ ഉടുപ്പു കീറി, വെള്ളത്തിൽ നനച്ചാണ് നജീബിനു വെള്ളം ഇറ്റിച്ചു കൊടുക്കുന്നത്. അങ്ങനെ പലതരത്തിൽ ഖാദിരിയുടെ വസ്ത്രം സിനിമയിൽ അവതരിക്കുന്നുണ്ട്. അതെല്ലാം മനസിൽ കണ്ടുകൊണ്ടാണ് ഖാദിരിക്കു വേണ്ടി കോസ്റ്റ്യൂം ഒരുക്കിയത്. അതു കീറുമ്പോൾ പോലും നാച്വറൽ ആകണമെന്ന് ബ്ലെസി സാറിന് നിർബന്ധമുണ്ടായിരുന്നു. രക്ഷപ്പെടലിന്റെ സമയത്ത് ഒരു കഥാപാത്രത്തെപ്പോലെ കോസ്റ്റ്യൂം നിന്നെന്നു കേൾക്കുമ്പോൾ ഒരുപാടു സന്തോഷം. 

stephy1
സ്റ്റെഫി സേവ്യർ സംവിധായകൻ ബ്ലെസിക്കൊപ്പം, Image Credits: Instagram/stephy_zaviour

മീനിനെപ്പോലെ സൈനു
സൈനുവിന്റെ വേഷമായിരുന്നു മറ്റൊരു ചലഞ്ച്. പ്രത്യേകിച്ചും പാട്ടിലെ സീക്വൻസിൽ കാണിക്കുന്ന ഒരു കോസ്റ്റ്യൂം. വെള്ളത്തിന് അടിയിൽ ഒരു മീൻ പോകുന്ന പോലെയാകണം സൈനുവെന്നാണ് ബ്ലെസി സർ പറഞ്ഞത്. വെള്ളത്തിൽ നന്നായി ഫ്ലോ ചെയ്യുന്ന മെറ്റീരിയൽ കണ്ടെത്താൻ ശരിക്കും കഷ്ടപ്പെട്ടു. ചിലതൊക്കെ വെള്ളത്തിൽ ഇടുമ്പോഴേക്കും ഒട്ടിപ്പോകും. ഒടുവിൽ ഒരു ട്രാൻസ്പരന്റ് ബക്കറ്റിൽ വെള്ളമെടുത്ത്, അതിലേക്ക് ഒരേ നിറത്തിലുള്ള പല മെറ്റീരിയലുകൾ ഇട്ടു നോക്കി. അങ്ങനെ മെറ്റീരിയലുകളുടെ ഫ്ലോ നോക്കിയാണ് അവസാനം അതിലൊരെണ്ണം തിരഞ്ഞെടുത്തത്.

ഹക്കീമിന്റെ ട്രെൻഡി ഷൂസ്
ഹക്കീമിന് കഥ നടക്കുന്ന സമയത്ത് ട്രെൻഡിലുണ്ടായിരുന്ന ബാഗി ജീൻസും ആക്ഷൻ ഷൂസുമാണ് കൊടുത്തത്. ആ ഷൂ മരുഭൂമിയിൽ നിന്നു രക്ഷപ്പെടുമ്പോഴും അയാളുടെ കാലിലുണ്ട്. ആ ഷൂവിന്റെ സോളിൽ മണൽ പിടിക്കില്ല. ഷൂവിന്റെ മുകൾ ഭാഗത്താണ് കേടാപടുകൾ ഉണ്ടാവുക. ആ പാറ്റേൺ തന്നെയാണ് സിനിമയിലും ചെയ്തിട്ടുണ്ടത്. 

അവസാനം കരഞ്ഞു പോയി
നജീബ് നീളൻ വസ്ത്രം ഇടുമ്പോൾ അതിനൊപ്പം തലയും മുഖവും മറയ്ക്കാനുപയോഗിക്കുന്ന പുതപ്പു പോലെയുള്ള ഒരു തുണിയുണ്ട്. ആ മെറ്റീരിയൽ കിട്ടാൻ കുറെ അലഞ്ഞു. അതിന്റെ ടെക്സ്ച്ചർ കിട്ടുമ്പോൾ നിറം ഓകെ ആവില്ല. നിറം ശരിയാകുമ്പോൾ തുണിയുടെ ടെക്സ്ച്ചർ ഓകെ ആകില്ല. അവസാനം എല്ലാം കയ്യീന്നു പോയി ഞാൻ കരഞ്ഞു. എന്നെക്കൊണ്ട് പറ്റില്ലെന്നൊക്കെ പറഞ്ഞ് ആകെ ഇമോഷനലായി. ബ്ലെസി സാറും എന്റെ ടീമും എനിക്കൊപ്പം കട്ടയ്ക്ക് നിന്നു. എന്റെ അതിരുകളെ വിസ്തൃതമാക്കാൻ എന്നെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. 

stephy2
സ്റ്റെഫി സേവ്യർ ആടുജീവിതം സിനിമയുടെ പ്രെമോഷനിൽ, Image Credits: Instagram/stephy_zaviour

ആടുജീവിതം എന്ന റഫറൻസ് പുസ്തകം
സത്യത്തിൽ ആടുജീവിതത്തിന്റെ എന്റെ എല്ലാ യാത്രകളും നേരിട്ടു കണ്ടിട്ടുള്ളത് എന്റെ സഹപ്രവർത്തകരാണ്. സനൂജും റാഫിയും സുൽഫിയും സ്പോട്ട് ബോയ്സും തുണികൾ ഡൾ ചെയ്യാൻ വന്നവരുമൊക്കെയാണ്. മലയാളത്തിന് അപ്പുറത്ത് എവിടെപ്പോയാലും ഏതാണ് നിങ്ങൾ ചെയ്ത സിനിമ എന്നു ചോദിക്കുമ്പോൾ ആടുജീവിതത്തിന്റെ കോസ്റ്റ്യൂം ചെയ്തു എന്നു പറയുന്നതിനെക്കാൾ വലിയ മേൽവിലാസം എനിക്കു കിട്ടാനില്ല. മറ്റൊരു റഫറൻസ് എനിക്ക് ആവശ്യമായി വരുമെന്നു തോന്നുന്നില്ല. കാരണം, ആ സിനിമ അത്രയ്ക്ക് ഗംഭീരമാണെന്നു ഞാൻ വിശ്വസിക്കുന്നു. 

English Summary:

Stephy Zaviour Opens Up About the Emotional Journey Behind Costuming Aadujeevitham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com