ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റാണ് റിൻഷ പട്ടാക്കൽ എന്ന പതിനെട്ടുകാരി മിടുക്കി. മലപ്പുറം സ്വദേശിയായ റിൻഷയ്ക്ക് ഉമ്മയും ഉപ്പയും രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് ഉള്ളത്. സിവിൽ എൻജിനീയറായ ഉപ്പയെ കണ്ടു വളർന്ന റിൻഷയ്ക്ക് കുട്ടിക്കാലം മുതൽ ഉപ്പയുടെ വഴിയേ സഞ്ചരിക്കാൻ തന്നെയായിരുന്നു താൽപര്യം. താൻ ഇങ്ങനെയൊരു മേഖലയിലേക്കു വരാൻ കാരണം ഉപ്പ മാത്രമാണെന്നാണ് റിൻ‌ഷ പറയുന്നത്. 

16 ദിവസത്തെ കോഴ്സ്

‘‘ഏഴാം ക്ലാസ് മുതൽ ഉപ്പയുടെ ഒപ്പം സർവേയ്ക്കു പോകാറുണ്ടായിരുന്നു. അക്കാലം മുതൽ എൻജിനീയറിങ്ങിൽ താൽപര്യമുണ്ടായി. പ്ലസ് ടു കഴിഞ്ഞ് ബിടെക് സിവിലിന് ചേരാനുള്ള പ്ലാനുമായി നിൽക്കുമ്പോഴാണ് പുതിയൊരു കോഴ്സിനെപ്പറ്റി അറിഞ്ഞത്. 96 മണിക്കൂറുള്ള ക്ലാസ്. അതായത് വെറും 16 ദിവസം മാത്രം നീളുന്ന കോഴ്സ്. ഡ്രോൺ പറത്തൽ പരീശീലിപ്പിക്കുന്ന കോഴ്സ്. സിവിൽ എൻജിനീയറിങ് എടുക്കണമെന്നാണല്ലോ തീരുമാനിച്ചിരുന്നത്. ആ ഫീൽഡിലും അപ്ഗ്രേഡ് വേർഷൻ ഡ്രോണായതു കൊണ്ട് അതുപയോഗിച്ചുള്ള സർവേയിങ് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പക്ഷേ കോഴ്സ് പഠിക്കാൻ മലപ്പുറത്തുനിന്ന് കാസർകോട്ടു വരെ പോകേണ്ടി വന്നു. ഡിജിസിഎ അംഗീകാരമുള്ള കേരളത്തിലെ ഏക ഡ്രോൺ പറത്തൽ പരിശീലന കേന്ദ്രമായ കാസർകോട്ടെ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിലായിരുന്നു പരിശീലനം.

rinsha-family
റിൻഷയും കുടുംബവും

എതിർപ്പില്ല, സപ്പോർട്ട് മാത്രം

ദൂരെ പോയി പഠിക്കേണ്ടി വന്നെങ്കിലും കുടുംബത്തിൽ ആർക്കും എതിർപ്പുണ്ടായില്ലെന്നു മാത്രമല്ല, പൂർണ പിന്തുണയുമായിരുന്നു. സർവേയ്ക്ക് ഡ്രോൺ ഉപയോഗിക്കാൻ പറ്റുമെന്നും കാസർകോട്ടാണ് ഇതിന്റെ ലൈസൻസ് എടുക്കേണ്ടതെന്നും ഈയടുത്താണ് അറിഞ്ഞത്. അത് ഓൺലൈനിൽ തിരഞ്ഞു കണ്ടുപിടിച്ചതൊക്കെ ഉപ്പയാണ്. പിന്നെ ഒന്നും നോക്കിയില്ല, റജിസ്റ്റർ ചെയ്തു. കാസർകോട്ട് ഞാനിതുവരെ പോകാത്തതുകൊണ്ടും എനിക്ക് അറിയാത്ത നാടായതു കൊണ്ടും ഗ്രാന്റ്പേരന്റ്സ് എന്റെ എല്ലാ സഹായത്തിനും അവിടെ ഉണ്ടായിരുന്നു. പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഒരു റൂം എടുത്താണ് ഞങ്ങൾ നിന്നിരുന്നത്. അവിടെനിന്ന് മൂന്നര കിലോമീറ്ററുണ്ടായിരുന്നു  സ്കിൽ പാർക്കിലേക്ക്. രാവിലെ ക്ലാസിന് കൊണ്ടുവിടാനും ക്ലാസ് കഴിയുമ്പോൾ കൊണ്ടുപോകാനും ഉപ്പൂപ്പ വരും.

Read also: 'എന്റെ അമ്മ സൂപ്പർ കൂളാണ്', ജീവിക്കാൻ പഠിപ്പിച്ച അമ്മയ്ക്ക് ടീച്ചേഴ്സ് ഡേ ആശംസകളുമായി കാജോൾ

ഞാനാണ് ആ ഒരേയൊരു പെൺകുട്ടി

rinsha-drone

കോഴ്സിനു ചേർ‌ന്നതിനു ശേഷമാണ് ഞാൻ മാത്രമേ പെൺകുട്ടിയായി അവിടെ ഉള്ളൂ എന്ന് അറിഞ്ഞത്. ക്ലാസിലെ ഏറ്റവും പ്രായം കുറഞ്ഞ ആളും ഞാൻ തന്നെയായിരുന്നു. ആദ്യം ക്ലാസില്‍ ചെന്നപ്പോൾ ആരുമായും കമ്പനി ഉണ്ടാവില്ലെന്നാണ് കരുതിയത്. കാരണം, വേറെ പെൺകുട്ടികളൊന്നുമില്ലല്ലോ. പക്ഷേ ക്ലാസിലുള്ളവരും ടീച്ചേഴ്സും നല്ല ഫ്രണ്ട്‌ലി ആയിരുന്നു. അവർ തന്ന പിന്തുണയും ചെറുതല്ല. ഈ കോഴ്സ് പഠിക്കാൻ പോയതിലൂടെ കുറേ നല്ല സഹോദരന്മാരെ കിട്ടി എന്നുള്ളതാണ് മറ്റൊരു നല്ല കാര്യം..

ഇനി ഡ്രോണിന്റെ കാലം

ഈ കോഴ്സിനു പോയത് അബദ്ധമായി എന്ന് എനിക്കു തോന്നിയിട്ടേയില്ല. വരും കാലങ്ങളിൽ ഡ്രോണിനു സാധ്യത കൂടുതലാണല്ലോ. ഫൊട്ടോഗ്രഫി, സിനിമാറ്റോഗ്രഫി, അഗ്രികൾച്ചറൽ ഫീൽഡിൽ, സർവേയിങ്, ത്രീഡി മാപ്പിങ്, ഡെലിവറിങ് തുടങ്ങിയവയ്ക്കൊക്കെ ഡ്രോൺ ഉപയോഗത്തിലാകും. സർവേയെക്കുറിച്ചു പറയുകയാണെങ്കിൽ അതിലൊക്കെ ഇനി ജിപിഎസ് കോഓർഡിനേറ്റ്സ് വച്ചിട്ടല്ലേ സർവേ ചെയ്യേണ്ടത്. പഴയ അളവും ടേപ്പും ഒക്കെ വച്ചുള്ള അളവൊക്കെ നിർത്തിയില്ലേ. അപ്പോൾ ഡ്രോൺ ഒരു വലിയ സാധ്യതയാണ്.

ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റ് എന്നൊക്കെയുള്ള വാർത്തകൾ വന്നപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായി. വലിയ സെലിബ്രിറ്റി ആയല്ലോ എന്ന പറച്ചിലും ഉണ്ട്. എന്തായാലും റിൻഷയും ഫാമിലിയും ഹാപ്പിയാണ്. മുന്നിലുള്ള സാധ്യതകളെ അറിഞ്ഞ് നന്നായി പഠിക്കാനും ജോലി ചെയ്യാനും തന്നെയാണ് തീരുമാനവും.’’

Read also:‘കുതിരപ്പവൻ തിളക്ക’ത്തിൽ ഇന്ത്യയുടെ നിദ, ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച് 21കാരി

Content Summary: Rinsha Pattakkal is Kerala's first DGCA-licensed woman drone pilot

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com