ADVERTISEMENT

ഹെൽമറ്റിലും ജഴ്സിയിലും ഇന്ത്യൻ പതാകയിലെ ത്രിവർണം ആലേഖനം ചെയ്തെത്തിയ ഇരുപത്തൊന്നുകാരി പെൺകുട്ടി ദീർഘദൂര കുതിരയോട്ടത്തിൽ ഇന്ത്യയ്ക്കായി ഇന്നലെ ചരിത്രം കുറിച്ചു. പെൺകുട്ടിയുടെ പേര് നിദ അൻജും ചേലാട്ട്. നാട്, മലപ്പുറം കൽപകഞ്ചേരി. കുതിര സവാരിയിലെ ആഗോള സംഘടനയായ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഇക്വസ്ട്രിയൻ സ്പോർട്സ് (എഫ്ഇഐ) സംഘടിപ്പിച്ച ഇക്വസ്‌ട്രിയൻ വേൾഡ് എൻഡ്യുറൻസ് ചാംപ്യൻഷിപ്പിലെ നാലു ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിതയായാണ് നിദ ചരിത്രം രചിച്ചത്. ദക്ഷിണ ഫ്രാൻസിലെ കാസ്റ്റൽസെഗ്രാറ്റിൽ നടന്ന ചാംപ്യൻഷിപ്പിൽ 120 കിലോമീറ്റർ 7.29 മണിക്കൂറിൽ നിദ പൂർത്തിയാക്കി. ഈ യാത്രയിൽ എപ്സിലോൺ സലോയെന്ന കുതിരയായിരുന്നു നിദയുടെ പങ്കാളി.

ഒരേ കുതിരയുമൊത്ത് രണ്ടു വർഷക്കാലയളവിൽ 120 കിലോമീറ്റർ രണ്ടു വട്ടമെങ്കിലും മറികടന്നവർക്കാണ് ഈ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനാവുക. നിദയാവട്ടെ രണ്ടു കുതിരകളുമായി നാലുവട്ടം ഈ ദൂരം താണ്ടി റെക്കോർഡിട്ടിട്ടുണ്ട്. ആകെ 120 കിലോമീറ്ററാണ് റൈഡിന്റെ ദൂരം. ഇത് നാലുഘട്ടങ്ങളായി (ലൂപ്) പൂർത്തിയാക്കണം. ഓരോ ഘട്ടത്തിനു ശേഷവും വിദഗ്ധ വെറ്ററിനറി ഡോക്ടർമാർ കുതിരയുടെ ആരോഗ്യം പരിശോധിക്കും. കുതിരയുടെ കായികക്ഷമത നിലനിർത്തി നാലുഘട്ടവും പൂർത്തിയാക്കുക എന്നതാണ് ഈ ചാംപ്യൻഷിപ്പിന്റെ പ്രധാന വെല്ലുവിളി.

റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ ഡോ.അൻവർ അമീൻ ചേലാട്ടിന്റെ മകളായ നിദ വളർന്നത് യുഎഇയിലാണ്. പ്രശസ്ത കുതിരയോട്ട പരിശീലകനും റൈഡറുമായ അലി അൽ മുഹാരിയാണ് ഗുരു. നിലവിൽ ത്രീ സ്റ്റാർ റൈഡർ യോഗ്യതയുണ്ട്. അക്കാദമിക് രംഗത്തും മികവ് പുലർത്തുന്ന നിദ ദുബായ് റഫാൾസ് വേൾഡ് അക്കാദമിയിൽനിന്ന് ഐബി ഡിപ്ലോമയും ബർമിങ്ങാം സർവകലാശാലയിൽനിന്ന് സോഷ്യൽ വർക്കിൽ ബിരുദവും നേടിയിട്ടുണ്ട്. മിന്നത്ത് അൻവർ അമീനാണ് മാതാവ്. ഡോ.ഫിദ അൻജും ചേലാട്ട് സഹോദരിയാണ്.

nida-horse-racing

Read also: വിവാഹമോചനത്തിനു ശേഷവും അനുരാഗിന്റെ പുതിയ റിലേഷൻഷിപ്പ് എന്നെ വേദനിപ്പിച്ചിരുന്നു: കൽക്കി കേക്‌ല

Content Summary: Nida Anjum Chelat became the first Indian to complete the Equestrian World Endurance Championship race for juniors and young riders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com