മാൾട്ടാപ്പനി: പ്രതിരോധ കുത്തിവയ്പ്പ് ഈ മാസം

ലോകത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ജന്തുജന്യരോഗമായ ബ്രൂസല്ലോസിസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് ഈ മാസം അവസാന വാരം തുടങ്ങും. അതിനു വേണ്ടി വെറ്ററിനറി ഡോക്ടർമാർക്ക് 21 മുതൽ പരിശീലനം നൽകും. മനുഷ്യരെയും മൃഗങ്ങളെയും ഒരു പോലെ ബാധിക്കുന്നതും  മൃഗങ്ങളുമായി ബന്ധപ്പെട്ട സമ്പദ്‌മേഖലയ്ക്കു കടുത്ത നഷ്ടമുണ്ടാക്കുന്നതുമാണു ബ്രൂസല്ലോസിസ്. (മനുഷ്യരെ ബാധിക്കുമ്പോൾ അതിനു മാൾട്ടാപ്പനി എന്നാണു പേര്). ഈ രോഗം മൂലം ഇന്ത്യയിൽ പ്രതിവർഷം 300 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായാണു കണക്ക്. 

വന്ധ്യത, ഗർഭച്ഛിദ്രം

കന്നുകാലികൾ, ആട്, പന്നി തുടങ്ങിയവയിലാണു സാധാരണയായി മാൾട്ടാപ്പനി കണ്ടുവരുന്നത്. ‌കന്നുകാലികളിൽ ബ്രൂസല്ല അബോർട്ടസ്, ബ്രൂസല്ല മെലിറ്റൻസിസ്, എന്നീ ബാക്റ്റീരിയകളാണു രോഗം പരത്തുന്നത്. മൃഗങ്ങളിൽ ഗർഭച്ഛിദ്രം, വന്ധ്യത എന്നിവയും മൃഗങ്ങളുമായി അടുത്തിടപഴകുന്ന മനുഷ്യരിൽ വന്ധ്യതയും മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും ഈ രോഗം മൂലം ഉണ്ടാകുന്നു. നാലു മുതൽ എട്ടു മാസം വരെ പ്രായമുള്ള പശുക്കുട്ടി, എരുമക്കുട്ടി എന്നിവയ്ക്കാണു പ്രതിരോധ കുത്തിവയ്പ്പു നൽകുക. 

ആറു മാസം മുതൽ എട്ടു മാസം വരെ ഗർഭിണികളായ കന്നുകാലികളിൽ  ബ്രൂസല്ലോസിസ് മൂലം ഗർഭം അലസാം. കന്നുകാലികളിൽ ആദ്യരോഗബാധയിലാണു ഗർഭച്ഛിദ്രം കൂടുതലായും കണ്ടുവരുന്നത്. ഇതേപ്പറ്റി അറിവില്ലാതെ പിന്നീടുള്ള പ്രസവങ്ങൾ കൈകാര്യം ചെയ്യുന്നതും പ്രസവസ്രവങ്ങൾ, അലസിപ്പോയ ഗർഭത്തിലെ കുട്ടി എന്നിവയെ കൈകാര്യം ചെയ്യുന്നതും മനുഷ്യരിലെ രോഗസാധ്യത വർധിപ്പിക്കുന്നു. മൃഗങ്ങളെ നേരിട്ടു  കൈകാര്യം ചെയ്യുന്ന കർഷകർ, വെറ്ററിനറി ഡോക്ടർമാർ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, അറ്റൻഡർമാർ, കശാപ്പുകാർ തുടങ്ങിയവർക്കാണു  രോഗസാധ്യത കൂടുതൽ. വന്ധ്യത, ഗർഭച്ഛിദ്രം, മാൾട്ടാ പനി, മെനിഞ്ചൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളാണ്  മനുഷ്യരിൽ പൊതുവെ കാണുന്നത്. 

ഒറ്റ കുത്തിവയ്പ്പിൽ ആയുഷ്കാര പ്രതിരോധം

പ്രതിരോധ പദ്ധതി രണ്ടു ഘട്ടങ്ങളായാണു മൃഗസംരക്ഷണ വകുപ്പു നടപ്പാക്കുന്നത്. പശു-എരുമ കുട്ടികളിലെ പ്രതിരോധ കുത്തിയ്പ്പ്, കന്നുകാലികളിൽ രോഗബാധ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ്  എന്നിവയാണവ. നാലു മുതൽ എട്ടു മാസം വരെ പ്രായമുള്ള പശുക്കുട്ടി, എരുമക്കുട്ടി എന്നിവയ്ക്കു  പ്രതിരോധകുത്തിയ്പ്പു  നടത്തിയാൽ ഗർഭച്ഛിദ്രം ഉണ്ടാകില്ല. ചെറുപ്രായത്തിൽ കുത്തിവച്ചാൽ മൂന്നു മുതൽ അഞ്ചു വർഷം കൊണ്ട് രോഗപ്രതിരോധ ശേഷിയുള്ള കന്നുകാലികളുടെ തലമുറ സൃഷ്ടിക്കാം. ഒറ്റത്തവണ കുത്തിവയ്പ്പിലൂടെ ജീവിതകാലം മുഴുവൻ രോഗപ്രതിരോധശേഷി കൈവരിക്കുന്നു. 

കുത്തിവച്ചില്ലെങ്കിൽ സർക്കാർ സഹായമില്ല

മുതിർന്ന  പശു-എരുമ എന്നിവയിൽ  രോഗത്തിന്റെ  സാന്നിധ്യം  ഉണ്ടോയെന്നത് സ്ഥിരമായി നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനായി  പാൽ, രക്തം എന്നിവ വർഷത്തിൽ രണ്ടുപ്രാവശ്യം പരിശോധിക്കുന്നു. എല്ലാ ക്ഷീര സംഘങ്ങളിൽ നിന്നും ഒരു മിൽക്ക് ക്യാനിൽനിന്ന് ഒരു പാൽ സാമ്പിൾ വീതവും ഡയറി ഫാമുകളിൽ നിന്ന് എല്ലാ പശുക്കളിൽ നിന്നുള്ള പാൽ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കുന്നു. എല്ലാ ക്ഷീരസംഘങ്ങൾക്കും ഡയറിഫാമുകൾക്കും പാലിന്റെ പരിശോധന നിർബന്ധമാണ്. 

പാൽ സാമ്പിൾ പരിശോധനയിൽ രോഗം കണ്ടെത്തിയാൽ  അതിലുൾപ്പെടുന്ന കന്നുകാലികളുടെ രക്ത പരിശോധനയും നടത്തുന്നു. മൃഗാശുപത്രികളിലും സബ്‌സെന്ററുകളിലും കൃത്യമായി പശു-എരുമ കുട്ടികളുടെ ജനനം  രേഖപ്പെടുത്തുന്നു. നാല്-എട്ട് മാസം വരെ പ്രായമുള്ള പശു-എരുമ കുട്ടികളെ പ്രത്യേക അറിയിപ്പ് നൽകി മൃഗാശുപത്രികളിലും സബ്‌സെന്ററുകളിലും മറ്റു നിശ്ചിത സ്ഥലങ്ങളിലും വച്ചു ക്യാമ്പുകളായോ ഭവനസന്ദർശനത്തിലൂടെയോ ചുമതലപ്പെട്ട ലൈവ്‌സ്‌റ്റോക്ക്  ഇൻസ്‌പെക്ടർമാർ കുത്തിവയ്പ്പു നടത്തും. 

ബ്രൂസല്ലോസിസ് കുത്തിവപ്പ് നൽകാത്ത പശുക്കുട്ടികളെ കന്നുകുട്ടി പരിപാലന പദ്ധതിയിലോ മറ്റ് പദ്ധതികളിലോ ഉൾപ്പെടുത്തുന്നതല്ല. ഈ കുത്തിവയ്പ്പു മൂലം കന്നുകാലികളിലോ മനുഷ്യരിലോ ഒരുവിധത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നതല്ലെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. കുത്തിവയ്പ്പിയി വെറ്ററിനറി ഡോക്ടർമാക്ക് ഈ മാസം 21നും ലൈവ്‌സറ്റോക്ക് ഇൻസ്‌പെക്ടർമാർക്ക് 24നും പരിശീലനം നൽകും.

Read More : Health News