ഓട്ടിസം ബാധിതരായ കുട്ടികൾക്ക് ഗെയിമിങ് തെറപ്പി

ഓട്ടിസമുള്ള ഒരു കുട്ടിയെ റോഡ് മുറിച്ചു കടക്കാൻ പഠിപ്പിക്കണം. സാധാരണ ഗതിയിൽ അത്ര എളുപ്പമല്ല, റോഡിലെ തിരക്കും ബഹളങ്ങളും കുട്ടിയുടെ മാനസിക നിലയെ പെട്ടന്നു ബാധിക്കും. പക്ഷേ, ഗെയിമിങ് തെറപ്പിയിലൂടെ റോഡ് മുറിച്ചുകടക്കാനുള്ള പരിശീലനം നൽകാനുള്ള സങ്കേതങ്ങൾ ഇപ്പോഴുണ്ട്. ഇതിനായി റോഡ് അതേ തിരക്കിൽ, അതേ ബഹളത്തിൽ സൃഷ്ടിച്ചെടുക്കുകയാണു ചെയ്യുന്നത്. 

ത്രീഡി എൻവയൺമെന്റിൽ 360 ഡിഗ്രിയിൽ റോഡിന്റെ അതേ അന്തരീക്ഷം സൃഷ്ടിക്കും. അതു ഫോണിലേക്കു മാറ്റും. ഫോണിലൂടെ, ഒരു ഗെയിം ടാസ്ക് പോലെ കുട്ടിയെ പരിശീലിപ്പിക്കും. ഫോണിലെ സെൻസറുകൾക്കു കുട്ടി ഏതു വശത്താണു നിൽക്കുന്നതെന്നും കുട്ടിയുടെ നോട്ടം എങ്ങോട്ടെന്നുമൊക്കെ മനസ്സിലാകും. അങ്ങനെ ഗെയിം കളിക്കുന്ന ലാഘവത്തോടെ, പുതിയ ടാസ്കുകൾ പോലെ റോഡ് ക്രോസ് ചെയ്യാൻ കുട്ടികൾ പഠിക്കും. പടി കയറാനും കൈ വിറയ്ക്കാതെ ഭക്ഷണം കൃത്യമായി കഴിക്കാനുമൊക്കെ ഇത്തരം കുട്ടികളെ കൃത്യമായി പഠിപ്പിക്കുന്ന ഗെയിമിങ് തെറപ്പി ഇപ്പോഴുണ്ട്.

ഗെയിമിങ് ഒരു മോട്ടിവേഷൻ ആണ്. തുടങ്ങിയാൽ ഒരുപക്ഷേ, അടിമകളാക്കാൻ വരെ ശക്തിയുള്ളവ. ഗെയിമിന്റെ ഈ സാധ്യതകളെ മറ്റു മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുകയാണു സാങ്കേതിക വിദ്യ. ഗെയിമിങ് തെറപ്പി പണ്ടു മുതലേയുണ്ട്. അതിലേക്കു പുതു സാങ്കേതികവിദ്യകളെ കൊണ്ടുവരികയാണ് ഇപ്പോൾ. ബോധക്ഷയത്തിൽനിന്നു (കോമ സ്റ്റേജ്) തിരിച്ചുവരുന്ന രോഗികളെ ത്രീഡി ക്യാമറ ഡിവൈസുകളിലൂടെ  നടക്കാനും മറ്റു കാര്യങ്ങൾ ചെയ്യാനും പഠിപ്പിക്കുന്ന ഗെയിമുകൾ കൂടുതൽ ‘റിയൽ’ആയി. 

ശരീരത്തെയാകെ മാപ് ചെയ്തു വിരലുകളുടെ വരെ ചലനം മനസിലാക്കി, അതു ശരിയാക്കുന്ന ഇന്റലിജൻസ് ഇപ്പോൾ ഗെയിമുകൾക്കുണ്ട്. ടാറ്റ കൺസൽറ്റൻസി സർവീസിന്റെ (ടിസിഎസ്) വെർച്വൽ ഹാബിലിറ്റേഷൻ എന്ന, ഗെയിമിങ് തെറപ്പി മോഡൽ സെറിബ്രൽ പാൾസി, ഓട്ടിസം ബാധിതരായ കുട്ടികൾക്കു വേണ്ടിയുള്ളതാണ്. ലോകമെങ്ങും ഒട്ടേറെ ഗവേഷണങ്ങൾ ഈ മേഖലയിൽ നടക്കുന്നുണ്ട്. അപകടങ്ങളിൽനിന്നു സ്പോർട്സ് താരങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ഗെയിമിഫിക്കേഷൻ പ്രോഗ്രാമുകൾക്കും പ്രചാരം കൂടിവരുന്നു. ഡോക്ടർമാർക്ക് ഏറ്റവും കൃത്യമായി രോഗികളെ നിരീക്ഷിക്കാൻ ഈ ഡിജിറ്റൽ തെറപ്പി സഹായിക്കുന്നുണ്ട്. 

ഗെയിം ഫോർ ലേണിങ് 
ഒന്നാം ക്ലാസ്സിലെ കുട്ടിയെ പൂമ്പാറ്റയുണ്ടാകുന്നതെങ്ങനെയെന്നു പഠിപ്പിക്കണമെന്നിരിക്കട്ടെ. നമ്മുടെ കൺമുന്നിൽ പുഴു കൊക്കൂണാകുന്നതും മുന്നിലുള്ള ഇലത്തുമ്പിൽ പ്യൂപ്പ തൂങ്ങിനിൽക്കുന്നതും നമ്മൾ നിറം കൊടുക്കുന്ന പൂമ്പാറ്റ പറന്നുപോകുന്നതുമെല്ലാം കണ്ട്, അനുഭവിച്ചു പഠിച്ചാലോ. വെർച്വൽ റിയാലിറ്റി ലേണിങ് ഗെയിമുകൾ പഠനത്തെ പുതിയൊരു അനുഭവമാക്കി മാറ്റുന്നുണ്ട്. പല പുസ്തകങ്ങളോടൊപ്പവും ലേണിങ് ആപ്പുകൾ ഇപ്പോൾ ലഭ്യമാണ്. സീരിയസ് ഗെയിമുകളിലൂടെ, ബോറടിക്കാതെ ആവേശത്തോടെ പഠിക്കാൻ സഹായിക്കുന്ന ആപ്പുകൾ. 

വിവരങ്ങൾക്ക് കടപ്പാട്: റോബിൽ ടോമി, ഇന്നവേഷൻ ലീഡ് ടിസിഎസ്

Read More : Health News