ഒടിയൻ, പാമ്പ്, ആന; കാനനപാത താണ്ടി നടത്തിയ ഒരു മെഡിക്കൽ ക്യാംപ് അനുഭവം

മഹാപ്രളയത്തിന്റെ നാളുകൾ കടന്ന് പഴയ ജീവിതത്തിലേക്കു മടങ്ങുകയാണ് കേരള ജനത. നഗര – ഗ്രാമ വ്യത്യാസമില്ലാതെ പ്രളയം നാടിനെ വിഴുങ്ങിയപ്പോൾ ദുരിതാശ്വാസ ക്യാംപുകളിൽ വൈദ്യസഹായമൊരുക്കിയ ഡോക്ടർമാർ നിരവധിയാണ്. നഗരങ്ങളിലെ ക്യാംപുകളെക്കാൾ വെല്ലുവിളി നിറഞ്ഞതാണ് വനപ്രദേശത്തെ ഉൗരുകൾ. മഴക്കെടുതിയിൽ ആരോഗ്യപ്രശ്നം നേരിട്ട വെറ്റില കൊല്ലി കോളനികാർക്കു വൈദ്യസഹായം നൽകിയ അനുഭവം ഡോ. അശ്വതി സോമൻ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. നിലമ്പൂരിൽനിന്ന് 27 കിലോമീറ്റർ ദൂരമുണ്ട് വെറ്റിലക്കൊല്ലിയിലേക്ക്. മലവെള്ളപ്പാച്ചിലിൽ മരങ്ങൾ വീണും റോഡുകൾ തകർന്നും ദുർഘടമായ വനപാതയിലൂടെയുള്ള വാഹനയാത്ര പാലക്കയത്ത് അവസാനിപ്പിക്കേണ്ടി വന്നു. പീന്നിട് രണ്ടു മണിക്കൂർ വനപാതയിലൂടെ സാഹസികമായി നടന്നാണ് ഡോക്ടറും സംഘവും വെറ്റിലക്കൊല്ലിയിലെത്തിയത്. അനൂപ് ഡാനിയേൽ, ലിജി തോമസ്, സുരേഷ് പീച്ചിമണ്ണിൽ, സജി എന്നിവരായിരുന്നു ഡോ. അശ്വതി സോമന് പിന്തുണയുമായി കൂടെയുണ്ടായിരുന്നത്.

ഡോ. അശ്വതി സോമന്റെ ഫെയ്സ്ബുക്ക് കുറിപ്പ്: 

നിലമ്പൂരിൽ ഉരുൾ പൊട്ടൽ ഉണ്ടായി മാറ്റിപാർപ്പിച്ചവരിൽ ഒരുപാട് പേർ ഞാൻ സ്ഥിരം സന്ദർശിച്ചിരുന്ന കോളനിയിലെ താമസക്കാർ ആയിരുന്നു. ചില കോളനികൾ ഭാഗികമായും, ചിലതു പൂർണമായും നഷ്ടപെട്ടു. രാത്രി ഇറങ്ങി ഓടിയപ്പോ ഇടത്തോട്ടു സ്വന്തം അമ്മയെ രക്ഷിക്കാൻ പോയ കുടുംബത്തെ വെള്ളം കൊണ്ടുപോയതും,വലത്തോട്ടു ഓടിയവർ രക്ഷപെട്ടതും, കഥ പറയാൻ ക്യാമ്പിൽ എത്തിയതും, മണ്ണ് മാന്തി പുറത്തെടുത്തപ്പോൾ 7ഉം 5ഉം വയസ്സായ പൊന്നോമനകളെ ചേർത്തു കെട്ടിപിടിച്ചു ഇരിക്കുന്നവരുടെയും, പുതിയ ലോൺ എടുത്തു പടുത്തുയർത്തിയ വീടുകൾ നിലം പതിച്ചപ്പോൾ എന്തു ചെയ്യണം എന്നറിയാതെ ചാലിയാറിന്റെ തീരത്തു പകച്ചു നിന്നവരെയും കണ്ടു. നമുക്ക് കഴിയുംപോലെ മെഡിക്കൽ ക്യാമ്പുകൾ നടത്തി ,പാട്ടുകൾ പാടി അവരുടെ കൂടെ ആയിരുന്നു കുറച്ചു ദിവസം. ഊരു തേടിയുള്ള യാത്രകൾക്ക് തത്കാലം വിരാമം ആയിരുന്നു. മണ്ണിടിച്ചിലും, മഴവെള്ളപ്പാച്ചിലും തന്നെ കാര്യം. കഴിഞ്ഞ ബുധനാഴ്ചയാണ് ക്യാമ്പ് വിട്ടു ഇവർ തിരിക അവരുടെ വീടുകളിലേക്ക് പോയത്. ചൊവ്വാഴ്ച്ചയായപ്പോഴേക്കും പനി ,ഛർദി, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ ഉണ്ടെന്നു വിവരം ലഭിച്ചു. കാട്ടിലെ വഴി അറിയാത്തതു കൊണ്ടു ചിലരെ ഇറക്കി പരിശോധിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി. ഇനിയും രണ്ടു പേർ തീരെ വയ്യാതെ കിടക്കുന്നു എന്നറിഞ്ഞാണ്‌ ദുർഘട പാതയിലൂടെ ഇന്നലെ പോയത്. 

ഒടിയന്മാരുടെ കേന്ദ്രം എന്നു വിശേഷിപ്പിക്കാൻ പറ്റുന്ന ഇടം . ഇടക്കിടക്ക് ഉള്ള കൈത്തോടുകളും, വഴുക്കൽ പിടിച്ച പാറകൂട്ടങ്ങളും. വണ്ടി പോകുന്ന വഴി മുഴുവൻ മരങ്ങൾ വീണു, ചെളി നിറഞ്ഞു പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ്. എത്താൻ ആകെ ഉള്ളത് പാമ്പുകളും ആനകളും തേളുകളും ഓടിയന്മാരും പതിയിരിക്കുന്ന ഈ ഒരേ ഒരു കാട്ടു വഴി. വഴി അറിയാത്ത വഴി. പോണോ എന്നു മനസ്സിൽ നല്ല ശങ്ക ഉണ്ടായിരുന്നു. മഴ കാരണം കുതിർന്നിരിക്കുന്ന മണ്ണ്. മഴക്ക് ശേഷം പട്ടാളം മാത്രമാണ് അവിടെ ചെന്ന് ഇവരെ ഇറക്കി കൊണ്ടു വന്നത്. തിരിച്ചു അവർ ഒറ്റയ്ക്ക് കയറിയ വഴി. പാലം തകർന്ന അവസ്ഥയിൽ. ഏത് സമയവും ഒരു മണ്ണിടിച്ചിലിന് സാധ്യത, കൂടാതെ മൃഗങ്ങളുടെ ശല്യവും. ഇപ്പോഴും തോരാതെ പെയ്യുന്ന ചെറിയ മഴയും.

കാടിന്റെ ഉള്ളിൽ വഴി നമുക്കറിയില്ല. എല്ലാ മരങ്ങളും അരുവികളും തോടുകളും മലകളും ഒരുപോലെ ഉണ്ട്. 8km ഓളം നടക്കണം. ഏകദേശം 4 മണിക്കൂർ കുന്നു കയറണം, പാറകളിലും മരങ്ങളിലും പൊത്തുകളിലും പിടിച്ച് വലിഞ്ഞു കയറണം. പല കുറി വേണോ എന്ന് ചിന്തിച്ചു. പിന്നീടു ഓർത്തു പ്രളയം കഴിഞ്ഞു ഒരു പകർച്ചവ്യാധി എങ്ങാനും ആണ് ആർക്കെങ്കിലും ഒരു ജീവന് ഒരപായം വന്നു എന്ന് പിന്നീട് അറിഞ്ഞാൽ പിന്നെ എന്റെ മനസ്സിന് ഒരു കാലത്തും സമാധാനം കിട്ടില്ല. ഞാൻ പോയാലും വരാൻ ഉള്ളത് വരാം but atleast ഞാൻ ട്രൈ ചെയ്തു എന്ന് മനസ്സിനെ സമാധാനിപ്പിക്കാമല്ലോ. അങ്ങനെ ആണ് ആ യാത്ര പുറപ്പെട്ടത്. കാറ് -വീട് - ഓഫീസ്- കാറ് എന്ന രീതിയിൽ ആണ് ഇത് വരെ ജീവിച്ചേ.10അടി വെക്കുമ്പോൾ കിതക്കുന്ന ഞാൻ ആണ് ഇത് കയറാൻ പോകുന്നേ..തമാശ ഓഫ് ദി year...എന്നാലും അവർക്ക് ചെയ്യാമെങ്കിൽ വൈ നോട്ട്. എനിക്ക് സാധ്യമാവണം. 

ആദ്യത്തെ കുറച്ചു ദൂരം വേഗത്തിൽ നടന്ന ഞാൻ പാറകൂട്ടത്തിന് അടുത്തെത്തിയപ്പോൾ ശരിക്കും പകച്ചു, കിതച്ചു.. പിന്നീട് കുത്തനെ ഉള്ള കയറ്റം. ഒറ്റ കാൽ വെക്കാൻ പോലും സ്ഥലം ഇല്ല. കാലിലെ വിരലുകൾ മാത്രം നിലത്തു ഊന്നി , അതിൽ ശക്തി കൊടുത്തു വലിഞ്ഞു കയറണം. പിടി വിട്ടാൽ എന്റെ പൊടി അടിച്ചു കൂട്ടി കൊണ്ടുപോകാം. ഇന്നാണെങ്കിൽ രക്ഷപെടുത്താൻ പോലീസു കാരോ തണ്ടെർബോൾട്ടോ കൂടിയില്ല താനും. എന്തായാലും വലിഞ്ഞങ്ങു കയറി. 

ഏകദേശം 45 മിനിറ്റ് കഴിഞ്ഞു കാണും നെഞ്ചിടിപ്പ് കഴുത്തിൽ വരെ കാണാൻ തുടങ്ങി. ഏകദേശം 160 പ്ലസ് . ഇനി നടന്നാൽ എന്നെ കൊണ്ടുപോകാൻ ഹെലികോപ്റ്റർ വരേണ്ടി വരും അതോണ്ട് തത്കാലം കിട്ടിയ പാറയിൽ നീണ്ടു നിവർന്ന് അങ്ങു കിടന്നു... ഇത്രയും സുഖം dunlop മെത്തയിൽ പോലും കിട്ടില്ല. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ heart beat ഒരു 100-120 റേഞ്ചിൽ എത്തി. വീണ്ടും നടന്നു. പക്ഷേ മനസ്സ് എത്തുനിടത്തു കാലുകൾ എത്തണ്ടേ... കുഴങ്ങി കുഴങ്ങി അടുത്ത നിരപ്പായ സ്ഥലത്തു വിശ്രമമോട് വിശ്രമം. വേണമെങ്കിൽ ഡ്രിപ് ഇടാം എന്നു കരുതി കൊണ്ടുവന്ന ഒരു ബോട്ടിൽ ഞാൻ തന്നെ കുടിച്ചു തീർത്തു. കയ്യിൽ കുത്തി വെക്കുന്ന നോർമൽ സലൈനിന് ഇത്രക്കും രുചിയോ. എന്നിട്ടും ക്ഷീണം മാറണ്ടേ.

ഇതിനിടക്ക് ഞങ്ങൾക്ക് വഴി കാണിക്കാനായി ആശുപത്രിയിൽ അഡ്മിറ്റ് ആയ രോഗിയുടെ ബൈസ്റ്റാണ്ടറെ ചാക്കിട്ടു പിടിച്ചു കൂടെ കൂട്ടിയിരുന്നു. പൊതുവേ ആൾക്കാരുടെ മുഖത്തു പോലും നോക്കാത്ത ഇവർ എന്റെ ദയനീയാവസ്ഥ കണ്ടു ചിരിയോട് ചിരി. 

"ഇവിടെ ആന ശല്യം ഉണ്ട് മാഡം ,ചുവപ്പു ഡ്രെസ്സും അല്ലേ നമുക്ക് നടക്കാം.."

കേട്ടതും കണ്ണീന്നു വെള്ളം ചാടാതിരിക്കാൻ ഞാൻ പണിപ്പെട്ടു."എന്നെ കൊണ്ടോയിക്കോട്ടെ ആന, എനിക്ക് വയ്യ"

എല്ലാവരും ചിരിയോട് ചിരി. പിന്നെ തളർന്ന് ഇരുന്നു കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് ബോധം വന്നേ.വീണ്ടും അടുത്ത 1 മണിക്കൂർ നടത്തം.

അങ്ങനെ അവരുടെ അളയിൽ എത്തി. എത്തിയതും അവരെ നോക്കാൻ വന്ന ഡോക്ടർ ദാണ്ടേ ചെയറിൽ കിടന്നു ഉറങ്ങുന്നു. ആര് ഈ ഞാൻ തന്നെ. എല്ലാ ശക്തിയും കഴിഞ്ഞു തളർന്ന‌് ഇരിപ്പായിരുന്നു. ഒരു കൊച്ചു മയക്കവും. കുറച്ചു കഴിഞ്ഞു ഉഷാറായി എല്ലാവരെയും നോക്കി , വീടുകളിൽ കയറി സുഖം അന്വേഷിച്ചു, ഹെല്ത്ത് ക്ലാസ്സുകൾ ഒക്കെ കഴിഞ്ഞപ്പോൾ സമയം 4മണി.

"വേഗം പോവല്ലേ രാത്രിയായി..."ഈശ്വരാ ഇനി ഇതൊക്കെ തിരിച്ചു ഇറങ്ങണമല്ലോ..നമ്മുടെ വഴികാട്ടി കുട്ടന് വീട്ടിൽ എത്തിയപ്പോൾ ഒരു ചായ്‌വ്..."ഞാൻ വരണോ.."

പിന്നെ ഈ കാട്ടികൂടെ ഞങ്ങൾ ഒറ്റക്ക് പോയാൽ എന്നെങ്കിലും തിരിച്ച് എത്തുമോ..പിറ്റേന്നത്തെ പേപ്പറിൽ കാണും, വെണ്ടയ്ക്ക അക്ഷരത്തിൽ.."കാട്ടിൽ പരിശോധനക്ക് പോയ മെഡിക്കൽ സംഘം നാമാവശേഷമായി എന്ന്".അവന്റെ കയ്യും കാലും പിടിച്ചു തിരിച്ചു കൂട്ടി. ഇറക്കം വളരെ രസമായിരുന്നു. മുകളിൽ കാലു വെച്ചതേ ഓർമയുള്ളൂ , തീം പാർക്കിലെ സ്ലൈഡ് പോലും ഇത്രക്ക് ഉഷാറല്ലാ....ദാ പോണേ എന്നെ പിടിച്ചോ...... എന്നു പറഞ്ഞു തക്കിടു തരികിടു മത്തങ്ങ താഴെ എത്തി.രാത്രി 7 മണിക്ക് ഉച്ചയൂണും കഴിഞ്ഞു 9മണിക്ക് വീട്ടിൽ വന്നു കയറിയപ്പോഴും ഉറപ്പുണ്ടായില്ല ഇതു ഞാൻ തന്നെ ആണെന്ന്.....ഈ ഞാൻ , ഞാൻ തന്നെ ആണല്ലേ...

Read More : Health News