Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാല ഭക്ഷണം

kanji-payar

ഇനി മഴക്കാലം. ആടി തിമിർത്തു പെയ്യുന്ന മഴ മണ്ണിനും മനസിനും കുളിരേകുമ്പോൾ തന്നെ മഴക്കാലത്തു കഴിക്കാൻ പറ്റിയ ഭക്ഷണങ്ങളെപ്പറ്റിയും, കഴിക്കാൻ പാടില്ലാത്തവയുമെല്ലാം ചിന്തിക്കേണ്ടതുണ്ട്.

ആഹാരത്തിന്റെ സർവോത്തരമായ പ്രാധാന്യം പണ്ടേ ഭാരതീയർക്കറിയാമായിരുന്നു. ആഹാരകാര്യങ്ങളിൽ നല്ല ശ്രദ്ധ ചെലുത്തിയിരുന്നതുകൊണ്ടാവാം. ഇന്നു ലൈഫ്സ്റ്റൈൽ ഡിസീസസ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന പ്രമേഹം, അർബുദം, രക്തസമ്മർദം, ഹൃദ്രോഗം, പൊണ്ണത്തടി മുതലായ രോഗങ്ങളിൽ നിന്നും നമ്മുടെ പൂർവികർ ഏറെക്കുറെ മുക്തരായിരുന്നു.

മഴക്കാല പാചകം

മഴക്കാലത്തു വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹന വൈഷമ്യങ്ങളും മറ്റും ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ടു വേവിക്കാത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുകയും കുടിക്കാൻ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുകയുമാണ് അഭികാമ്യം.

തിളപ്പിക്കൽ, ആവിയിൽ പുഴുങ്ങൽ തുടങ്ങിയ ഈർപ്പമുള്ള ചൂട് ഉപയോഗിച്ചുള്ള കേരളീയരുടെ സാധാരണ പാചകരീതികൊണ്ടുണ്ടാകുന്ന പോഷകാംശം തടയാൻ ക്വഥനാങ്കത്തിനു താഴെ (ബോയിലിങ് പോയിന്റ്) ഉള്ള താപത്തിൽ പാകം ചെയ്യുകയും, ധാന്യങ്ങളും മറ്റും വേവിക്കാൻ ഉപയോഗിക്കുന്ന അധികജലം കറികൾ, സൂപ്പുകൾ, പരിപ്പുകറി എന്നിവ ഉണ്ടാക്കാൻ എടുക്കുകയും ചെയ്യാം. വെള്ളത്തിൽ അധികനേരം കുതിർത്തു വയ്ക്കുന്നതും പല പ്രാവശ്യം അരി കഴുകുന്നതും പോഷകനഷ്ടത്തിനു വഴിയൊരുക്കുന്നു.

മഴക്കാലത്തു ദഹനശക്തി വൈഷമ്യങ്ങൾ ഉണ്ടാകാനിടയുള്ളതുകൊണ്ട് കഞ്ഞിയായിട്ടു തന്നെ കുടിക്കുന്നതു നല്ലതാണ്. ഇതുതന്നെ ആവശ്യത്തിനു മാത്രം വെള്ളം ചേർത്തു മിതമായ ചൂടിൽ പാകം ചെയ്യുക.

ഭക്ഷണം ചെറുചൂടോടെ

അരിയുടെയും മറ്റും പോഷകഘടനയിൽ മാറ്റം വരുന്നതുകൊണ്ടു പഴകുമ്പോഴാണ് അരിക്കും ഗോതമ്പിനും ഗുണം കൂടുക. ഇത്തരത്തിലുള്ള പഴയനെല്ല്, ഗോതമ്പ്, യവം എന്നിവയുടെ ചോറ് നെയ്യിൽ വറുത്തിട്ട പരിപ്പുചാറും കൂട്ടി വർഷ — ഋതുവിൽ സേവിക്കാനാണ് ആയുർവേദവിധി. മാംസരസവും (സൂപ്പ്), കറിയുമൊക്കെ മഴക്കാലത്തു പഥ്യമത്രെ. മഴക്കാലത്തു കുറച്ച് ഉപ്പും പുളിയുമൊക്കെ ആകാം.

ഭക്ഷണം ചെറുചൂടോടെ വേണം കഴിക്കാൻ. കഴിക്കുന്ന ഭക്ഷണം ലഘുവും സ്നിഗ്ധവുമാകണം. തുടർച്ചയായിപ്പെയ്യുന്ന മഴയുള്ള ദിനങ്ങളിൽ ഉരുട്ടാവുന്ന വിധത്തിലുള്ളതും തേൻ ചേർത്തതുമായ ഭക്ഷണം നന്ന്. ചെറുചൂടോടെ മാംസരസം (സൂപ്പ്) ചുക്ക് മേമ്പൊടി ചേർത്തു സേവിക്കാം. സസ്യഭുക്കുകൾക്കു വെജിറ്റബിൾ സൂപ്പ്, പരിപ്പുചാറ് എന്നിവ സേവിക്കാം.

honey Image Courtesy : The Week Smartlife Magazine

ആരോഗ്യം കൂട്ടാൻ തേൻ

ധാരാളം വെള്ളം ചേർത്തു പഴകിയ മദ്യവും അരിഷ്ടവുമൊക്കെ മഴക്കാലത്തു സേവിക്കാൻ ആയുർവേദം വിധിക്കുന്നുണ്ട്. ഇവിടെ മദ്യം എന്നുള്ളതുകൊണ്ട് ആയുർവേദ വിധിപ്രകാരം പച്ചമരുന്നുകളും പഴച്ചാറുമൊക്കെ സംഭരണികളിൽ നിശ്ചിതകാലം നിശ്ചിത താപത്തിൽ സൂക്ഷിച്ചുവച്ച് ഉണ്ടാക്കിയെടുക്കുന്ന സെൽഫ് ജനറേറ്റിംഗ് ആൽക്കഹോൾ ആണ് ഉദ്ദേശിക്കുന്നത്.

grape

അരിഷ്ടങ്ങളും ഇത്തരത്തിൽ പാകപ്പെടുത്തിയെടുക്കുന്ന മദ്യത്തിന്റെ വകഭേദം തന്നെയാണ്. നൈസർഗിക പ്രക്രിയയിലൂടെ ഉണ്ടാകുന്ന ആൽക്കഹോൾ ഇവയിലൊന്നും ഒരു പരിധിക്കപ്പുറം ഉണ്ടാവുകയുമില്ല. വെള്ളത്തിൽ തുവർച്ചിലയുപ്പും പഞ്ച്കോലവും പൊടിച്ചിട്ടു സേവിക്കുന്നതും നന്ന്. ആഹാരത്തിൽ കുറച്ചു തേൻ ചേർത്തു സേവിക്കുന്നതും മഴക്കാലത്തു നല്ലതാണ്.

മഴക്കാലത്തു പൊതുവെ ചെന്നെല്ല്, നവരനെല്ല്, ഗോതമ്പ്, യവം, ചെറുപയർ, തേൻ, പടോലം, നെല്ലിക്ക, മുന്തിരിങ്ങ എന്നിവ പഥ്യങ്ങളാകുന്നു.

nellikka

ഒഴിവാക്കേണ്ട ഭക്ഷണം

മഴക്കാലത്തു വാതകോപത്തിനുള്ള, സാധ്യത കണക്കിലെടുത്ത് ആഹാരം നിയന്ത്രിച്ചില്ലെങ്കിൽ അസുഖങ്ങൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്.

ഒരു കാരണവശാലും തിളപ്പിക്കാത്തതും അശുദ്ധവുമായുള്ള വെള്ളമുപയോഗിക്കരുത്. നദിയിലെ വെള്ളം, മലർപ്പൊടി കലക്കിയ വെള്ളം എന്നിവ നിഷിദ്ധമാണ്. ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങളും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം. പകൽ ഉറക്കം പാടില്ല. ചാറ്റൽമഴ ഏൽക്കരുത്. ചെരുപ്പില്ലാതെ നടക്കാൻ പാടില്ല. ആയാസകരമായ ജോലികൾ അധികനേരം ചെയ്യരുത്. ഇടയ്ക്കു കിട്ടുന്ന വെയിൽ അധികം കൊള്ളരുത്. പുഴവെള്ളത്തിലും മറ്റും കുളിക്കുന്നത് കരുതലോടെ മവേണം.

വാതം അകറ്റാൻ മരുന്നുകഞ്ഞി

പണ്ടൊക്കെ മഴക്കാലം തുടങ്ങിയാൽപ്പിന്നെ വേലിപ്പടർപ്പുകളിലും ഇടവഴിയോരങ്ങളിലും ഒക്കെ ചുറ്റിക്കറങ്ങി കരിങ്കുറിഞ്ഞി, കുറുന്തോട്ടി, പുത്തരിച്ചുണ്ടവേര്, നന്നാറിക്കിഴങ്ങ്, തഴുതാമവേര്, മൂവിലവേര്, ഉഴിഞ്ഞ വേര്, നിലപ്പനക്കിഴങ്ങ് എന്നിവ സംഘടിപ്പിച്ച്, വെള്ളത്തിലിട്ടു കുതിർത്തു കഴുകി ജീരകവും മല്ലിയും ചേർത്തരച്ചു കുഴമ്പു പരുവമാക്കി, ഉണക്കലരി വെള്ളത്തിൽ വെന്തുവരുമ്പോൾ ചേർത്തു കഞ്ഞിവച്ചു പ്രാതലിനു പകരം വിസ്തരിച്ചൊരു കഞ്ഞികുടി പതിവായിരുന്നു.

മരുന്നുകഞ്ഞിയിലെ ഘടകഒൗഷധങ്ങൾക്കു ശരീരത്തിൽ രക്തശുദ്ധി വരുത്തുക, വാതകോപമകറ്റുക തുടങ്ങിയ ധർമങ്ങൾ ഉണ്ടെന്നുള്ള വസ്തുത മനസിലാത്തിയാണു അവയെ കഞ്ഞിയിൽ ചേർത്തിരുന്നത്. ഉലുവയും ഉണക്കലരിയും കഞ്ഞിവച്ച് അതിൽ ഇല്ലംകെട്ടി, നന്നാറി, പുത്തരിചുണ്ടവേര്, മല്ലി, ജീരകം, മഞ്ഞൾ, തേങ്ങ എന്നിവ അരച്ചുചേർത്തുള്ള മരുന്നുകഞ്ഞിയും മഴക്കാലത്ത് ഉപയോഗിക്കാൻ പറ്റിയതാണ്. ഈ സമയത്തു മത്സ്യമാംസാദികൾ ഉപേക്ഷിക്കുകയാണു പതിവ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.