Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നും മായാതെ 1924ലെ പ്രളയാനുഭവങ്ങൾ

Floods

നീല മഷിയിലെ അക്ഷരങ്ങൾ പടർന്നിട്ടുണ്ട്. പ്രളയത്തിന്റെ ഈർപ്പവും നിറവും അവിടെത്തന്നെ വായിക്കാം. 1924 ജൂലൈയിലെ എഴുത്താണ്. തൊണ്ണൂറ്റിനാലു വർഷം കഴിഞ്ഞു മറ്റൊരു പെരുകാലവർഷം കേരളത്തെ മുക്കിപ്പിടിക്കാൻ തുടങ്ങിയപ്പോഴും പഴയ പ്രളയം തളംകെട്ടിയ ആ വാക്കുകൾ മിഴിച്ചിരിക്കുന്നുണ്ട്. കവിയായ ഒരധ്യാപകന്റെ ദിനസരിക്കുറിപ്പുകളിൽ കയറിയിറങ്ങുന്ന ‘തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കം.’

മാവേലിക്കര കുറത്തികാട് കണ്ടങ്കര എൻ. കൃഷ്ണനുണ്ണിത്താന്റെ പ്രളയാനുഭവങ്ങൾ. കാലത്തിനും വെള്ളപ്പൊക്കങ്ങൾക്കും മീതേ നനയാതെ ഉയർത്തിപ്പിടിച്ച ഓർമകളായി അവ പിൻമുറക്കാർ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

പ്രളയകാലത്ത് ഉണ്ണിത്താൻ യുവാവായിരുന്നു. മുപ്പത്തിരണ്ടു വയസ്സ്. 1892ൽ ജനിച്ച് 1944ൽ മരിച്ചു. ഉണ്ണിത്താന്റെ മകൾ ഓമനക്കുഞ്ഞമ്മയുടെ മകൻ ആർ‍.കൃഷ്ണൻ ഉണ്ണിത്താനും (72), മറ്റൊരു മകൾ ഭാരതിക്കുഞ്ഞമ്മയുടെ മകൻ കെ.പ്രഭാകരൻ ഉണ്ണിത്താനു (70) മാണ് മുത്തച്ഛന്റെ ഡയറിക്കുറിപ്പുകളുടെ സൂക്ഷിപ്പുകാർ. അവർ മുത്തച്ഛനെ കണ്ടിട്ടില്ല. കണ്ടിട്ടില്ലാത്ത മുത്തച്ഛൻ താൻ കണ്ട പ്രളയത്തിന്റെ കഥ പറയുമ്പോൾ കേട്ടിരിക്കുന്ന പേരക്കുട്ടികളുടെ കൗതുകത്തോടെ അവർ ആ താളുകൾ വീണ്ടും വീണ്ടും വായിക്കുന്നു.

തൊണ്ണൂറ്റൊൻപതിലേതിനും മുൻപുള്ള മറ്റൊരു വലിയ വെള്ളപ്പൊക്കത്തെപ്പറ്റിയും ആ കുറിപ്പുകളിൽ സൂചനയുണ്ട്. ‘അൻപത്തേഴിലെ വെള്ളപ്പൊക്കം’ എന്നാണു പരാമർശം. തൊണ്ണൂറ്റൊൻപതിലേതായിരുന്നു കൂടുതൽ ഭീകരമെന്നാണ് ഉണ്ണിത്താന്റെ കുറിപ്പുകളിലെ സൂചന.

unnithan കണ്ടങ്കര എൻ. കൃഷ്ണനുണ്ണിത്താൻ

ദുരിതത്തിലായവരെ സഹായിക്കാൻ അന്നും ആളുകൾ പാഞ്ഞു നടന്നതിനെപ്പറ്റി അങ്ങിങ്ങു വായിക്കാം. ആരോഗ്യരക്ഷയുടെ അടയാളങ്ങളും കാണാം. മഴയും പ്രളയവും പിടി അയയ്ക്കുന്നതും കാറൊഴിഞ്ഞു സൂര്യൻ തെളിയുന്നതും 

1924 ജൂലൈ 15 മുതൽ 25 വരെ (1099 മിഥുനം 32 മുതൽ കർക്കടകം 10 വരെ) യാണ് കൃഷ്ണനുണ്ണിത്താന്റെ കുറിപ്പുകൾ. ഡയറിയുടെ 334 മുതൽ 344 വരെ പുറങ്ങളിൽ. ചില ദിവസങ്ങളിലെ താളുകൾ നഷ്ടമായിട്ടുണ്ട്. ബാക്കിയുള്ളവ കുറച്ചൊക്കെ അവ്യക്തമാണ്. വീണ്ടുകിട്ടിയ, പടരാത്ത ചില ദിവസങ്ങളിലെ കുറിപ്പുകൾ ഇങ്ങനെ വായിക്കാം:

മിഥുനം 32, ജൂലൈ 15 ചൊവ്വാ – മഴയും മറ്റും കലശലായിരുന്നു. പുറത്തേക്കെങ്ങും ഇറങ്ങിയില്ല.

കർക്കടകം 4, ജൂലൈ 19 ശനി – മഴയ്ക്കു ശമനം ഇല്ലായിരുന്നു. പുറത്തേക്കൊന്നും ഇറങ്ങിയില്ല. വെള്ളപ്പൊക്കം കൊണ്ടു വടക്കൻ പ്രദേശങ്ങളിൽ അനവധി ആൾനാശവും മുതൽ നഷ്ടവും വന്നതായി കേട്ടു. 57ലെ വെള്ളപ്പൊക്കത്തേക്കാൾ കൂടുതലാണെന്നാണ് ജനസംസാരം ഉണ്ടായിരിക്കുന്നത്.

കർക്കടകം 5, ജൂലൈ 20 ഞായർ – മഴയുടെ ശല്യം കലശലായിരുന്നു. വെള്ളപ്പൊക്കത്തിൽ കഷ്ടപ്പെടുന്നവർക്കു ചെലവിനു കൊടുക്കാൻ പിരിവിന് വക്കീൽമാരുമൊക്കെ ഇറങ്ങിയതായി കേട്ടു.

കർക്കടകം 8, ജൂലൈ 23 ബുധൻ – മഴ സാമാന്യം ഇന്നും ഉണ്ടായിരുന്നു. ശവങ്ങൾ ഒട്ടധികം നാടിന്റെ നാനാഭാഗങ്ങളിലും കാൺമാനുണ്ടെന്നു കേട്ടു.

കർക്കടകം 10, ജൂലൈ 25 വെള്ളി – മഴയ്ക്ക് അൽപം സാവകാശമുണ്ടായിരുന്നു. സൂര്യപ്രകാശം കുറെ കണ്ടുതുടങ്ങി. വെള്ളം നിമിത്തം വളരെ കഷ്ടപ്പാടുകൾ ജനങ്ങൾക്കുണ്ടായിട്ടുണ്ടെന്നറിഞ്ഞു. 57ലെ വെള്ളപ്പൊക്കത്തേക്കാൾ കൂടുതൽ ആൾ നഷ്ടവും പണനഷ്ടവും ഉണ്ടായിട്ടുണ്ടുപോലും. വാക്സിനേറ്റർ വന്ന് കുഞ്ഞുങ്ങളെ കുത്തിവച്ചു.

കവിയും നാടകകൃത്തുമായിരുന്നു കൃഷ്ണനുണ്ണിത്താൻ. കുറത്തികാട് നാടാലയിൽ മീനാക്ഷിക്കുഞ്ഞമ്മയെ വിവാഹം ചെയ്തു നാടാലയിൽ കുടുംബത്തിൽ താമസമാക്കി. മലയാളം അധ്യാപകനായിരുന്നു. പതിനഞ്ചു കവിതാസമാഹാരങ്ങളും ഹാസ്യനാടകങ്ങളും പാട്ടുകളും എഴുതി. അക്കാലത്തെ പല പ്രസിദ്ധീകരണങ്ങളിലും കൃതികൾ അച്ചടിച്ചു വന്നിട്ടുണ്ട്.