Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാൻ ബുക്കർ ലിസ്റ്റിലെ ചെറുപ്പക്കാരി

man-booker

ഇല്ല, രക്ഷപ്പെടാനാവില്ല. അവസാനനിമിഷം വരെയുള്ള എല്ലാ വസ്തുതകളും ജനന നിമിഷം തന്നെ നമ്മിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ തീരുമാനം എടുക്കുമ്പോഴും വ്യാമോഹിക്കും; ഇഛാശക്തിയുടെ വിജയമെന്ന്. യഥാർഥത്തിൽ എല്ലാം നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണ്. നമ്മുടേത് ലഭിച്ച വേഷങ്ങൾക്കനുസരിച്ചുള്ള അഭിനയം മാത്രം. 

– സാറയുടെ വാക്കുകളിൽ നിരാശയേക്കാൾ യാഥാർഥ്യത്തോടുള്ള ഒത്തുതീർപ്പ്. പരാജയബോധത്തേക്കാൾ വിജയിക്കില്ലെന്ന മുൻവിധിയുടെ ആശ്വാസം. മാഞ്ഞുപോകുന്ന ഇന്നലെകളെ കൂട്ടിയിണക്കാൻ വെമ്പിയും കാത്തിരിക്കുന്ന നാളെയെക്കുറിച്ച് ആശങ്കയില്ലാതെയും അവർ പറഞ്ഞുതുടങ്ങി: തന്റെ തന്നെ കഴിഞ്ഞകാലത്തെക്കുറിച്ച്. ശ്രദ്ധാലുവായി മകൾ ഗ്രെറ്റൽ കേട്ടിരുന്നു. അമ്മയും മകളും തമ്മിലുള്ള സംഭാഷണത്തിലൂടെ ഒരു കഥ തുടങ്ങുകയായി. ഒരു ജീവിതം തെളിയുകയായി. അതിഭാവുകത്വം ആരോപിക്കാമെങ്കിലും യഥാർഥ്യം. സ്വപ്നം പോലെ തോന്നുമെങ്കിലും വാസ്തവം. 

ഇരുപത്തിയേഴുവയസ്സുകാരി ഡെയ്സി ജോൺസൺ എഴുതിയ ആദ്യത്തെ നോവൽ ‘എവരിതിങ് അണ്ടർ’ ഒരു അമ്മയുടെ ജീവിതാനുഭവങ്ങളുടെ തീവ്രമായ ആഖ്യാനമാണ്; ഒപ്പം മകളുടെ തിരച്ചിലും അലച്ചിലും ഒത്തുചേരലും പിന്നെ അനിവാര്യമായ വേർപാടും. അമ്മയുടെയും മകളുടെയും ജീവിതങ്ങളിലൂടെ സ്ത്രീയനുഭവത്തിന്റെ കൂടിപ്പിണഞ്ഞതെങ്കിലും വ്യത്യസ്തമായ സവിശേഷ സാഹചര്യങ്ങളെ ആഖ്യാനം ചെയ്യുകയാണ് ഡെയ്‍സി; വ്യാഖ്യാനിക്കാൻ ശ്രമിക്കുകയും. മാജിക്കൽ റിയലിസം എന്ന വിഭാഗത്തിൽപ്പെടുത്താവുന്ന ഒരു ചെറുകഥാ സമാഹാരം മാത്രം ഇതിനുമുമ്പ് എഴുതിയിട്ടുള്ള ഡെയ്‍സി ആദ്യത്തെ നോവലിലൂടെ മാൻ ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിലും ഇടംപിടിച്ചിരിക്കുന്നു. ഇത്തവണ അവസാന ആറിലെത്തിയ പ്രായം കുറഞ്ഞ എഴുത്തുകാരി. ഒക്ടോബർ 16 നു ലണ്ടനിൽ ജേതാവിനെ പ്രഖ്യാപിക്കുമ്പോൾ ബുക്കർ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയായി ഡെയ്‍സി ജോൺസൺ ചരിത്രം തിരുത്തിയെഴുതുമോ എന്നാണ് ഇനി അറിയാനുള്ളത്. 

ഗ്രെറ്റൽ എന്ന കൗമാരക്കാരിയാണ് എവരിതിങ് അണ്ടർ എന്ന നോലിലെ ആഖ്യാതാവ്. ശിശുസംരക്ഷണകേന്ദ്രത്തിലായിരുന്നു ഗ്രെറ്റൽ. കുട്ടിക്കാലത്തുതന്നെ അമ്മയാൽ ഉപേക്ഷിക്കപ്പെട്ടു. 16 വർഷത്തിനുശേഷം അമ്മ സാറയെ തിരിച്ചുകിട്ടിയിരിക്കുന്നു ഗ്രെറ്റലിന്. സാറയാകട്ടെ മറവിരോഗത്തിന്റെ പിടിലാണ്. അസുഖം പൂർണമായും കീഴടക്കുന്നതിനുമുമ്പ് അമ്മയിൽനിന്ന് അവരുടെയും തന്റെയും കഥ ചോദിച്ചറിയുകയാണ് ഗ്രെറ്റൽ. സാറ ദുസ്വപ്നം പോലെയുള്ള ജീവിതകഥ മകളോടു പറയുന്നു. ഇടയ്ക്കിടെ അമ്മയ്ക്കുവേണ്ടി നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഗ്രെറ്റലും വിവരിക്കുന്നു. ആശുപത്രികളിൽനിന്നും ആശുപത്രികളിലേക്കു സഞ്ചരിക്കുകയായിരുന്നു ഗ്രെറ്റൽ. അഭയകേന്ദങ്ങളി‍ൽ. മാനസികാരോഗ്യകേന്ദ്രങ്ങളിൽ. എന്നെങ്കിലും അമ്മയെ കണ്ടെത്താമെന്ന ശുഭപ്രതീക്ഷയിൽ. 

തീവ്രദുരന്തത്തിന്റെ ഇതിഹാസമാനങ്ങളുള്ള ഈഡിപ്പസിന്റെ അലയൊലികളും ഡെയ്‍സിയുടെ നോവലിലുണ്ട്. പിതാവിനെ കൊല്ലുന്ന മകൻ. അമ്മയെ കാമിക്കുന്ന മകൻ. പുതിയ നോവലിനു താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നതും ഈഡിപ്പസ് എഴുതിയ സോഫോക്ളിസിനോടാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് ബ്രിട്ടിഷ് എഴുത്തുകാരിയായ ഡെയ്‍സി. 

മാൻ ബുക്കർ സമ്മാന ചുരുക്കപ്പട്ടികയിൽ ഇടംപിച്ച ആറ് എഴുത്തുകാരിൽ നാലു പേരും വനിതകളാണെന്ന പ്രത്യേകതയുമുണ്ട്. അന്ന ബേൺസ് (മിൽക്‌മാൻ), റോബിൻ റോബർട്‌സ്‌സൻ (ദ് ലോങ് ടേക്ക്), റേച്ചൽ കഷ്‌നർ (ദ് മാർസ് റൂം), റിച്ചർഡ് പവേഴ്സ് (ദി ഓവർസ്റ്റോറി), എസി എഡുജ്യൻ (വാഷിങ്ടൻ ബ്ലാക്) എന്നിവരാണ് മറ്റുള്ളവർ. 

റോബിൻ റോബർട്‌സന്നിന്റെ  ദ് ലോങ് ടേക്ക് എന്ന നോവലിനുമുണ്ട് പ്രത്യേകത. ഗദ്യത്തേക്കാൾ പദ്യത്തിലാണു നോവൽ എഴുതിയിരിക്കുന്നത്. 

രണ്ടാം ലോക മഹായുദ്ധത്തിലെ ഒരു വീരനായകനെ പ്രധാനകഥാപാത്രമായി അവതരിപ്പിക്കുന്ന നോവലിൽ കവിതയ്ക്കുപുറമെ ഫോട്ടോഗ്രാഫുകളും ഉപയോഗിച്ചിട്ടുണ്ട്. ഹോളിവുഡിന്റെ സുവർണകാലത്ത അമേരിക്കയാണു പശ്ഛാത്തലം.