Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിമ പറയും രാഷ്ട്രീയം

എൻ. എസ്. മാധവൻ
Statue of Unity

200 വർഷം മുൻപ്, 1818ൽ ആണ് ഷെല്ലിയുടെ പ്രസിദ്ധ കവിതയായ ‘ഒസിമാൻഡിയസ്’ പ്രസിദ്ധീകരിച്ചത്. റാമെസീസ് രണ്ടാമൻ എന്ന ഈജിപ്തിലെ ഫറവോയാണ് പാശ്ചാത്യനാടുകളിൽ ഒസിമാൻഡിയസ് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ഒരു പടുകൂറ്റൻ പ്രതിമയുടെ ടൺകണക്കിനു ഭാരമുള്ള അവശിഷ്ടങ്ങൾ ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചതാണ് ഷെല്ലിയുടെ കവിതയ്ക്കു പ്രചോദനമായതെന്നു കരുതുന്നു. 

ആ പ്രതിമയിലെ ഫലകം ഇപ്രകാരം രേഖപ്പെടുത്തി: ‘എന്റെ പേര് ഒസിമാൻഡിയസ്, രാജാക്കന്മാരുടെ രാജാവ്. നിങ്ങൾ, ലോകത്തിലെ പ്രബലരേ, ഞാൻ ചെയ്തുകൂട്ടിയ കാര്യങ്ങൾ നോക്കുക, അസൂയപ്പെടുക.’ കാലപ്രവാഹത്തിൽ സ്മാരകങ്ങളും അവയ്‌ക്കു വിഷയമായ വ്യക്തികളും അപ്രസക്തരാകുന്നു എന്നതാണ് ഷെല്ലിയുടെ മനോഹരകവിതയുടെ ആശയം. അതുപോലെ, അതതു കാലത്തെ രാഷ്ട്രീയം തന്നെയാണ് ചരിത്രവ്യക്തികളുടെ പ്രാധാന്യം നിശ്ചയിക്കുക; അവർക്കുള്ള സ്മാരകങ്ങളെക്കുറിച്ച് തീരുമാനിക്കുക. 

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ, സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ പേരിലുള്ള ‘ഏകതാപ്രതിമ’ (സ്റ്റാച്യു ഓഫ് യൂണിറ്റി) കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തപ്പോൾ, അതിന്റെ രാഷ്ട്രീയവിവക്ഷകളെപ്പറ്റി വേണ്ടുവോളം ചർച്ച നടന്നിരുന്നു. ഒരു പ്രധാന ആഖ്യാനം, പട്ടേലിനെ തമസ്കരിക്കാൻ നെഹ്‌റു - ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരുകൾ മുൻകാലത്തു ശ്രമിച്ചിരുന്നുവെന്നാണ്. പട്ടേലിനോടു ചെയ്ത ഈ അന്യായത്തിനുള്ള മറുപടി കൂടിയായാണ് ഈ പ്രതിമയെ അവതരിപ്പിച്ചത്. 

സർദാർ പട്ടേലിന്റെ ഏറ്റവും വലിയ സംഭാവന ഇന്നത്തെ ഇന്ത്യയാണ്. ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടിഷുകാർ നേരിട്ടു ഭരിക്കാത്ത നാട്ടുരാജ്യങ്ങൾ തത്വത്തിൽ സ്വതന്ത്രമാകുകയായിരുന്നു. പട്ടേലും അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന വി.പി.മേനോനും കൂടി ഇന്ത്യയെന്ന രാഷ്ട്രത്തെ തുന്നിച്ചേർത്തത് ലോകചരിത്രത്തിൽതന്നെ മറ്റെവിടെയും കാണാൻ പറ്റാത്ത സംഭവമാണ്. ഇന്ത്യയെക്കാൾ വളരെ വലുപ്പംകുറഞ്ഞ ഇറ്റലിയെ ഒരു രാജ്യമാക്കി യോജിപ്പിക്കാൻ ഗാരിബാൾഡിക്ക് പല യുദ്ധങ്ങളും നടത്തേണ്ടിവന്നു എന്നുകൂടി ഓർക്കുക. 

സർദാർ പട്ടേലും നെഹ്‌റുവും തമ്മിൽ അഭിപ്രായഭിന്നതകളുണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടത്, സാമ്പത്തികനയ കാഴ്ചപ്പാടുകൾ സംബന്ധിച്ചുള്ളതായിരുന്നു. നെഹ്റു ഇടതുപക്ഷ കേന്ദ്രീകൃത സാമ്പത്തികാസൂത്രണത്തിൽ വിശ്വസിച്ചപ്പോൾ, പട്ടേൽ സ്വതന്ത്ര കമ്പോളവ്യവസ്ഥയുടെ വക്താവായിരുന്നു. ഇത്തരം ആശയപരമായ ഭിന്നതകൾ കാരണം, നെഹ്റു-ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരുകൾ പട്ടേലിനെ കണ്ടില്ലെന്നു നടിച്ചു എന്നു പറഞ്ഞാൽ തെറ്റുണ്ടാവില്ല. പ്രത്യേകിച്ച് കോൺഗ്രസിനകത്തു നടന്ന സംഘർഷങ്ങളും പിളർപ്പുകളും അവയുടെ പ്രത്യയശാസ്ത്രപരമായ കാരണങ്ങളും പട്ടേലിനെ അവഗണിക്കാൻ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. 1991ൽ ഉദാരവൽക്കരണത്തിനു തുടക്കമിട്ടപ്പോൾ പട്ടേലിന്റെ കാഴ്ചപ്പാടാണു വിജയിച്ചത് എന്നതു മറ്റൊരു കാര്യം.

nehru-sardar നെഹ്റു, സർദാർ

പട്ടേൽ പ്രതിമയ്‌ക്കു പിന്നിൽ ഇതു മാത്രമല്ല രാഷ്ട്രീയം. അതിനു പിന്നിൽ ഗുജറാത്തി ദേശീയത തൊട്ട്, അവിടത്തെ സർക്കാരിനോട് ഇടഞ്ഞുനിൽക്കുന്ന പട്ടേൽ ജാതിക്കാരെ അനുനയിപ്പിക്കൽ വരെയുള്ള പല അടരുകളുണ്ട്. ഏറ്റവും വലിയ പ്രതിമ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ കരുത്തിന്റെ പ്രതീകമാകണമെന്ന വിചാരവുമുണ്ട്. ഇന്ത്യയുടെ ഭൂപടം ഇന്നത്തെ രീതിയിൽ തുടരുന്ന കാലത്തൊന്നും സർദാർ വല്ലഭ് ഭായ് പട്ടേലിനെ മറക്കാൻ പറ്റില്ല എന്നതാണു വാസ്തവം.  

  കണ്ണീർ സെൽഫികൾ 

സെൽഫി അപകടകരമാകാമെന്ന് ഓർമിപ്പിക്കുന്നു, മലയാളിദമ്പതികളായ വിഷ്ണുവിന്റെയും മീനാക്ഷിയുടെയും മരണം. യുഎസിലെ യോസെമിറ്റി ദേശീയോദ്യാനത്തിലെ ടാഫ്റ്റ് പോയിന്റ് എന്ന ഉയരമേറിയ സ്ഥലത്തുനിന്നു താഴോട്ടുവീണാണ് ഇവർ മരിച്ചത്. മരണകാരണം, സെൽഫിയെടുത്തതാണ് എന്ന് ഊഹിക്കാനേ കഴിയുകയുള്ളൂ. മരിക്കുന്നതിനു കുറച്ചുമുൻപ് അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഇത്തരം സാഹസിക സെൽഫികൾ എടുക്കരുതെന്നാണ്. ഉയർന്ന പ്രദേശങ്ങളിൽ പെട്ടെന്നു കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ അവിടങ്ങളിൽവച്ചു സെൽഫിയെടുക്കുന്നതിന്റെ അപകടങ്ങളെപ്പറ്റി മുൻപും അവർ അവരുടെ പോസ്റ്റുകളിൽ ശക്തമായി എഴുതിയിട്ടുണ്ട്. 

meenakshi-vishnu-travel-pictures വിഷ്ണു, മീനാക്ഷി

ഉലകംചുറ്റി നടക്കുന്നതിലും അതിസാഹസികമായ ചിത്രങ്ങളെടുക്കുന്നതിലും അവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിലും ആനന്ദം കണ്ടെത്തിയിരുന്ന ചെറുപ്പക്കാർ. ചെങ്ങന്നൂരിലെ എൻജിനീയറിങ് കോളജിൽ സതീർഥ്യരായിത്തുടങ്ങിയ അവരുടെ ഒന്നിച്ചുള്ള ജീവിതം, ഇത്തരത്തിൽ അവസാനിച്ചത് സമൂഹമാധ്യമത്തിലൂടെ ഇവരെ പരിചയമുള്ളവരെയെല്ലാം ദുഃഖത്തിലാക്കുന്നു.

സെൽഫി അപകടമരണങ്ങൾ ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്. എന്നാൽ, ഇതു സംബന്ധിച്ച്, സ്വാഭാവികമായും കൃത്യമായ കണക്കു ലഭ്യമല്ല. 2014നും 2016നും ഇടയ്‌ക്ക് ഇന്ത്യയിൽ 54 സെൽഫി മരണങ്ങൾ നടന്നുവെന്നാണ് അനുമാനം. കേന്ദ്ര വിനോദസഞ്ചാരവകുപ്പ് സംസ്ഥാനങ്ങളോട് ഇത്തരം അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ അരമതിലുകൾ കെട്ടാൻ പറഞ്ഞിട്ടുണ്ട്. കുംഭമേള തുടങ്ങിയ വലിയ ആൾത്തിരക്കുള്ള ഇടങ്ങളിൽ സെൽഫിയെടുക്കുന്നവർ തിക്കും തിരക്കുമുണ്ടാക്കി, അപകടസാധ്യതകൾ വർധിപ്പിക്കുന്നു. 

ഇന്ത്യക്കാർ സമൂഹമാധ്യമങ്ങളുടെ പുതുമയിൽപെട്ടു കിടക്കുകയാണെന്നു തോന്നുന്നു. ചരിത്രത്തിൽ സ്വയം രേഖപ്പെടുത്താനും ‘ഞാൻ ഇവിടെ ഉണ്ടായിരുന്നു’ എന്ന് അറിയിക്കാനുമുള്ള വെപ്രാളത്തിൽ സ്വയം ചരിത്രമായി തീരുകയാണ് സെൽഫി എടുക്കുന്നവർ. സാങ്കേതികമാറ്റങ്ങൾ പെരുമാറ്റം മാറ്റുമെന്നു മനസ്സിലാക്കി, ശക്തമായ ബോധവൽക്കരണം നടത്തേണ്ട സമയമായി. സെൽഫി അപകടമേഖലകൾ മുൻകൂട്ടിക്കണ്ട് അവിടെ അരമതിലുകൾ കെട്ടണം. യോസെമിറ്റിയിൽ ബാരിക്കേഡ് ഇല്ലാത്ത അപൂർവം ഇടങ്ങളിലൊന്നിൽനിന്നാണു മലയാളിദമ്പതികൾ വീണു മരിച്ചത്. 

സ്കോർപ്പിയോൺ കിക്ക്: ട്രെയിനിൽ സഞ്ചാരം, ഒപ്പം ഭാര്യമാർ, തിന്നാൻ ഏത്തപ്പഴം... ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിനു മുൻപായി ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ.

അതൊക്കെ അവിടെ. ഇവിടെ കേരളത്തിലായിരുന്നെങ്കിൽ, ദേശീയ സ്കൂൾ കായികമേളയ്ക്കായി പിള്ളേരെ റാഞ്ചിയിലേക്ക് അയച്ചമട്ടിൽ, ട്രെയിനിൽ മത്തിയടുക്കും പോലെ കയറ്റി അയയ്ക്കും.