Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീചിത്രൻ തന്നെ: തുറന്നു സമ്മതിച്ച്, മാപ്പു പറഞ്ഞ് ദീപാ നിശാന്ത്

Deepa-Nishanth--MJ-Sreechithran ശ്രീചിത്രൻ, ദീപാ നിശാന്ത്

ഓരോ രചനയിലും അതിന്റെ എഴുത്തുകാരൻ അന്നോളം നടന്നു തീർത്ത ജീവിതവും അനുഭവങ്ങളും ഉണ്ട്. അതിനാൽത്തന്നെ ഒരു കലാസൃഷ്ടിയുടെ കൃത്യമായ പകർപ്പായി മറ്റൊന്നു സാധ്യവുമല്ല. എസ്. കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ’ എന്ന കവിത കാര്യമായ വ്യത്യാസങ്ങൾ കൂടാതെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന്റെ പേരിൽ ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ പ്രസിദ്ധീകരണത്തിൽ പ്രത്യക്ഷപ്പെട്ടതായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായി സാഹിത്യ ലോകത്തെ ചർച്ച. 

എന്നാൽ എസ്. കലേഷിന്റെ കവിത താൻ അറിഞ്ഞുകൊണ്ടു കോപ്പിയടിച്ചതല്ലെന്നും തനിക്കു കവിത നൽകിയത് എം.ജെ. ശ്രീചിത്രനാണെന്നും ഇപ്പോൾ തുറന്നു സമ്മതിച്ചിരിക്കുകയാണ് ദീപ നിശാന്ത്.

ഒരു കവിത, രണ്ട് എഴുത്തുകാർ

2011 മാർച്ച് നാലിന് ബ്ലോഗിലാണ് കലേഷിന്റെ കവിത ആദ്യം വന്നത്. പിന്നീട് അത് ഒരു ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവരികയും സി. എസ്. വെങ്കിടേശ്വരൻ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിക്കുയും ചെയ്തു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. 

ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ മാഗസിനിൽ ഇതേ കവിത ‘അങ്ങനെയിരിക്കെ’ എന്നപേരിൽ ദീപ നിശാന്തിന്റെ പേരും ചിത്രവും സഹിതം പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് വിവാദമുണ്ടായത്. കവിത മുൻപ് വായിച്ചിട്ടുള്ളവർ ഇത് തിരിച്ചറിയുകയും എസ്. കലേഷിനെ വിവരം അറിയിക്കുകയും ചെയ്തു.

എസ്. കലേഷിന്റെ ആദ്യ പ്രതികരണം

തന്റെ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതു കണ്ടപ്പോൾ വിഷമം തോന്നിയെന്ന് എസ്. കലേഷ് സമൂഹ മാധ്യമത്തിൽ കുറിച്ചു.

എസ്. കലേഷ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:

മാർച്ച് നാലിനാണ് ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ’ എന്ന കവിത എഴുതിതീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomasഅഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ Venkit Eswaran കവിത ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. AKPCTA യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ'

ആരോപണം നിഷേധിച്ച് ദീപാ നിശാന്ത്

തനിക്കെതിരെ ഉയർന്ന കോപ്പിയടി ആരോപണം നിഷേധിച്ചുകൊണ്ടായിരുന്നു ദീപാ നിശാന്തിന്റെ ആദ്യ പ്രതികരണം. ‘കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. ഒരു സർവീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക.’- ദീപ നിശാന്ത് സമൂഹമാധ്യമത്തിൽ കുറിച്ചു.

കവിത മോഷ്ടിച്ചവൾ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുൻപെഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആർപ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.

കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാ നിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുക.

ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങൾക്കും അപവാദങ്ങൾക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സർഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയർത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.

എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തിൽ ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ട്.

ഇക്കാര്യത്തിൽ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതിൽ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങൾ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.

കലേഷിനോട് മാപ്പു ചോദിച്ച് ദീപ

ഇക്കാര്യത്തിൽ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണെന്നു പറഞ്ഞാണ് ദീപ ആദ്യം കുറിപ്പിട്ടതെങ്കിലും പിന്നീട് നിലപാടു മാറ്റി. കലേഷിനോടു ക്ഷമ ചോദിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ, വിവാദത്തിനു കാരണം മൂന്നാമതൊരാളാണെന്ന സൂചനയുമുണ്ടായിരുന്നു. 

ഏറെ ദുഃഖകരമായ കാര്യമാണ് നടന്നത്. തന്റെ പേരിൽ വരുന്ന ഓരോ വാക്കിനും ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ ക്ഷമചോദിക്കുന്നുവെന്നും ഇവിടെ ഇതവസാനിക്കുമെന്ന് കരുതുന്നുവെന്നും ദീപ സമൂഹമാധ്യമത്തിൽ കുറിച്ചു. ‘മുഴുവൻ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികൾ അതിലുണ്ട് എന്നുമാത്രമേ  പറയാനാവൂ.  ആ പ്രതിസന്ധികൾ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകർക്കാൻ ഉദ്ദേശിക്കുന്നില്ല’ എന്ന് ദീപ ക്ഷമാപണക്കുറിപ്പിൽ എഴുതിയതോടെ വിവാദത്തിൽ മൂന്നാമതൊരു പേരു കൂടി ഉയർന്നു കേൾക്കാൻ തുടങ്ങി

ദീപ നിശാന്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ:

ഇന്നു വരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഞാനെന്ന് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ പറയുന്ന ഓരോ വാക്കിലും എനിക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്.

ഞാൻ എന്നെത്തന്നെയാണ് എഴുതിയിട്ടുള്ളത്. എന്റെ ജീവിതാന്തരീക്ഷമാണ് എന്റെ മഷിപ്പാത്രം. അതിൽ നിന്നുള്ള എഴുത്തുകളാണ് ഇന്നത്തെ ദീപാ നിശാന്തിനെ നിർമ്മിച്ചതും വളർത്തിയതും. അവ മറ്റാരുടേയും പകർപ്പല്ല. അവയുടെ കനം പോരെന്നോ കാര്യമായൊന്നുമില്ലെന്നോ ആർക്കു വേണമെങ്കിലും പറയാം. പക്ഷേ അവയോരോന്നും ‘പറഞ്ഞുപോകരുതിത്/ മറ്റൊന്നിന്റെ പകർപ്പെന്നു മാത്രം” എന്ന ഇടശ്ശേരിയുടെ പ്രഖ്യാപനത്തെ മുറുകെപ്പിടിക്കുന്നതാണ് എന്ന ആത്മാഭിമാനം എനിക്കുണ്ട്.

പെട്ടെന്നൊരു നാൾ വന്ന ഈ വിവാദത്തിൽ താണുപോകുന്നതാണ് ഞാനിന്നലെ വരെ എഴുതിയതെല്ലാം എന്നു ഞാൻ കരുതുന്നില്ല. അഥവാ അങ്ങനെ തകരുന്നു എങ്കിൽ അതിനുള്ള ബലമേ അവയ്ക്കുണ്ടായിരുന്നുള്ളൂ എന്നു ഞാൻ കരുതും. വിവാദങ്ങളാൽ നിർമ്മിക്കപ്പെട്ട വ്യക്തിയാണ് ഞാനെന്നും വിമർശനം കേട്ടിട്ടുണ്ട്. അവ എന്റെ സ്വകാര്യതകളാണ്, പങ്കുവെക്കേണ്ടതല്ലാത്തതും പങ്കുവെക്കാനാവാത്തതുമായ സ്വകാര്യതകൾ.

കിട്ടിയ അവസരം മുതലാക്കി ഇന്നുവരെയുള്ള എന്റെ രാഷ്ടീയനിലപാടുകളോടും ഞാനുയർത്തിയ ശബ്ദങ്ങളോടും അസഹിഷ്ണുത പ്രകടിപ്പിച്ചവർ നടത്തുന്ന ആർപ്പുവിളികൾ കൊണ്ട് ഞാൻ തകരില്ല എന്ന ആത്മബോധ്യമുണ്ട്. അങ്ങനെയെങ്കിൽ എന്നോ അതു സംഭവിക്കുമായിരുന്നു.

കലേഷ് നല്ല കവിയാണ്. കലേഷിന് മറ്റാരുടെയെങ്കിലും വരികൾ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോൾ എനിക്കുണ്ട്.' ഇപ്പോൾ 'എന്നെടുത്തു പറഞ്ഞത് ഇന്നലെ വരെ ഉണ്ടായിരുന്നില്ല എന്ന കുറ്റബോധത്തിന്റെ കൂടി നിഴലിൽ നിന്നു കൊണ്ടു തന്നെയാണ്. ആ കവിത കലേഷിന്റേതല്ല എന്ന്ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽത്തന്നെയാണ് ആ ബോധ്യം.

ഇപ്പോൾ നടന്നത് ഏറെ ദു:ഖകരമായ കാര്യമാണ്. ഒരു സർവ്വീസ് സംഘടനയുടെ മാഗസിനിൽ മറ്റൊരാളുടെ വരികൾ എന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടതു കൊണ്ട് എനിക്ക് ഒരു ലാഭവുമില്ല എന്നും കാര്യമായ നഷ്ടമേ സാദ്ധ്യതയുള്ളൂ എന്നും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എനിക്കുണ്ട്. നിങ്ങളോരോരുത്തർക്കുമുണ്ട്. അത്രമാത്രം സോഷ്യൽ ഓഡിറ്റിംഗ് നേരിടുന്ന വ്യക്തിയാണ് ഞാൻ. ഞാൻ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കണം. പിന്നെയെങ്ങനെ ഇതു സംഭവിച്ചു എന്നു ചോദിച്ചാൽ മുഴുവൻ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികൾ അതിലുണ്ട് എന്നുമാത്രമേ എനിക്കു പറയാനാവൂ. ആ പ്രതിസന്ധികൾ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകർക്കാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ നേടുന്ന ഒന്നിലും എനിക്ക് വിശ്വാസവുമില്ല. 

കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയിൽ എനിക്കു മനസ്സിലാവും. അക്കാര്യത്തിൽ ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരിൽ വരുന്ന ഓരോ വാക്കിനും ഞാൻ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ ഞാൻ ക്ഷമചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നു.

ഇനിയും കലേഷിനും എനിക്കും എഴുതാനാവും. താൽപര്യമുള്ളവർ അതു വായിക്കുകയും ചെയ്യും. വേണ്ടത് എടുക്കാനും തള്ളേണ്ടത് തള്ളാനുമുള്ള ശേഷി വായനക്കാർക്കുണ്ടെന്നുംഅവർ അതു നിർവ്വഹിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.

സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി

‘ആരാണ് എന്റെ കവിതയുടെ വരികൾ വെട്ടി വഴിയിലുപേക്ഷിച്ചത്? സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി. അത് ഞാനർഹിക്കുന്നു’ എന്നു മാത്രമായിരുന്നു എസ്. കലേഷിന്റെ മറുപടി.

വിശദീകരണവുമായി ശ്രീചിത്രനും

വിവാദത്തിൽ ആദ്യം പ്രതികരിക്കാൻ വിസമ്മതിച്ചെങ്കിലും ദീപ നിശാന്തിനു കവിത അയച്ചുനല്‍കിയെന്ന് പിന്നീടു ശ്രീചിത്രന്‍ പരോക്ഷമായി സമ്മതിച്ചു‍. സുഹൃത്തുക്കള്‍ക്കിടയിൽ അയച്ച കവിത ഇങ്ങനെ വരുന്നത് ദൗര്‍ഭാഗ്യകരമാണ്. മാസികയില്‍ പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞ് ആര്‍ക്കും കവിത നല്‍കിയിട്ടുമില്ല. കലേഷ് ഇപ്പോള്‍ അനുഭവിക്കുന്ന വിഷയത്തില്‍ ഖേദമുണ്ടന്നും കലേഷിനോട് മാപ്പ് പറയുന്നുവെന്നും ശ്രീചിത്രൻ പറഞ്ഞു.

ശ്രീചിത്രൻ വഞ്ചിച്ചു, പറ്റിയത് വലിയ പിഴവ്, മാപ്പ്

ഒടുവിൽ, ശ്രീചിത്രന്റെ പേര് ദീപ നിശാന്ത് തുറന്നു സമ്മതിച്ചു.  സ്വന്തം വരികളാണെന്നു പറഞ്ഞാണ് ശ്രീചിത്രൻ തനിക്കു കവിത നൽകിയതെന്നും അയാൾ വഞ്ചിക്കുകയായിരുന്നെന്നും പറ‍ഞ്ഞ ദീപ കലേഷിനോടു മാപ്പും പറയുന്നു. കുറേക്കൂടി ജാഗ്രത കാട്ടേണ്ടിയിരുന്നു. പറ്റിയത് വലിയ പിഴവാണ് - ദീപ സമ്മതിച്ചു.

എഴുതപ്പെടുന്ന ഓരോ വാചകങ്ങളും അത് എഴുതിയവന്റെ മാത്രമാണ്. മറ്റൊരാൾക്കും അതുപോലെ ചേർത്തുവയ്ക്കാൻ കഴിയാത്തവിധം മൗലികവും. മലയാളസാഹിത്യം കാര്യമായി ചർച്ചചെയ്യേണ്ട ഒരു വിഷയത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നുണ്ട് ഈ വിവാദം.