Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.എസ്.വിയുടെ 'സത്യനായക മുക്തി ദായക'

M S Viswanathan

ഒരു മനുഷ്യായുസ് മുഴവൻ ഓർത്തിരിക്കാനുള്ള മനോഹര ഗാനങ്ങളാണ് എം എസ് വി എന്ന എം എസ് വിശ്വനാഥൻ നമുക്ക് സമ്മാനിച്ചത്. അതിസങ്കീർണതകളില്ലാത്ത ലളിതമായ സംഗീതം എല്ലാക്കാലത്തും ഒരേപോലെ തിളങ്ങി നിൽക്കുന്നവയാണ്. മലയാള സിനിമയ്ക്ക് നിരവധി ഗാനങ്ങൾ സമ്മാനിച്ച എം എസ് വി നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾക്കും ഈണം പകർന്നിട്ടുണ്ട്. അതില്‍ സത്യനായക മുക്തി ദായക എന്ന ഗാനം ഇന്നും ആരാധനാലയങ്ങളിലെ പ്രിയങ്കരഗാനമായി നിലക്കൊള്ളുന്നുമുണ്ട്.

എം എസ് വി ഈണം നൽകി പ്രശസ്ത ചില ക്രിസ്തീയ ഭക്തി ഗാനങ്ങൾ.

സത്യനായക മുക്തി ദായക

1979 ൽ പുറത്തിറങ്ങിയ ജീവിതം ഒരു ഗാനം എന്ന ചിത്രത്തിന് വേണ്ടി ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം എസ് വി ഈണം നൽകിയ ഗാനമാണ് സത്യനായക മുക്തി ദായക. എം എസ് വിയുടെ ഏറ്റവും മികച്ച മലയാളം ഗാനങ്ങളിലൊന്നായി കാണുന്ന സത്യനായകയ്ക്ക് ഇന്നും ആരാധകരേറയാണ്. എം എസ് വിയുടെ സംഗീതവും ഗാനഗന്ധവ്വൻ യേശുദാസിന്റെ അതിമനോഹര ആലാപനവും ചേർന്നപ്പോൾ അനശ്വരമായി ഈ ഗാനം. എംജി സോമൻ, ശോഭന (റോജ രമണി)യുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.

സത്യനായകാ മുക്തി ദായകാ

പുൽത്തൊഴുത്തിൻ പുളകമായ

സ്‌നേഹ ഗായകാ...

ശ്രീ യേശുനായകാ (സത്യ നായകാ ..)

............................................

കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ

കാലത്തിന്റെ കവിതയായ കനകതാരമേ (കാൽവരിയിൽ..)

നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ?

നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ? (സത്യ നായകാ ..)

.............................................

അന്വേഷിച്ചാൽ കണ്ടെത്തീടും പുണ്യതീർഥമേ

സാഗരത്തിൻ തിരയെ വെന്ന കർമ്മകാണ്ഡമേ..

നിൻ കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ?

നിന്റെ രാജ്യം വന്നു ചേരും പുലരി എന്നാണോ? (സത്യ നായകാ ...) 

.............................................

Sathya Nayaka...

കന്യാമറിയമേ തായേ ഞങ്ങൾക്കെന്നാളും

ലില്ലി എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്‌കരൻ രചിച്ച് എംഎസ് വിശ്വനാഥനും ടി കെ രാമമൂർത്തിയും ചേർന്ന് ഈണം നൽകിയ ഗാനമാണ് കന്യാമറിയമേ തായേ... രേണുക, ശാന്ത പി നായർ, ടിഎസ് കുമരേശ് തുടങ്ങിയവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 1958 ൽ പുറത്തിറങ്ങിയ ചിത്രം എഫ് നാഗൂറാണ് സംവിധാനം ചെയ്തത്. പ്രേം നസീർ, ബി എസ് സരോജ, സത്യൻ, ബഹദൂർ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കൾ.

കന്യാമറിയമേ തായേ ഞങ്ങൾ

ക്കെന്നാളും ആശ്രയം നീയെ

വിണ്ണിൻ പൊന്നുണ്ണിയെ മണ്ണിൽ വളർത്തിയ

ധന്യമാതാവും നീയേ

ഞങ്ങൾക്കെന്നാളുമാശ്രയം നീയെ

.............................................

താപത്തിൽ വീണവർ ഞങ്ങൾ കൊടും

പാപം ചുമന്നവർ ഞങ്ങൾ

കൂപ്പുകൈമൊട്ടുമായ് നിന്തിരുപാദത്തിൽ

മാപ്പിരന്നീടും കിടാങ്ങൾ

മാതാവിൻ പിഞ്ചുകിടാങ്ങൾ

.............................................

പൊന്നിൻ വിളക്കുകളില്ല നൽകുവാൻ

സുന്ദരപുഷ്പങ്ങളില്ല

അമ്മതൻ കോവിലിൽ പൂജയ്ക്കു മക്കൾതൻ

കണ്ണുനീർത്തുള്ളികൾ മാത്രം വെറും

കണ്ണുനീർത്തുള്ളികൾ മാത്രം

.............................................

യേശുനായകാ...

ലില്ലി എന്ന ചിത്രത്തിലെ മറ്റൊരു ഗാനമാണ് യേശുനായകാ പ്രേമസാഗരാ എന്നത്. പി ഭാസ്‌കരൻ രചിച്ച് എംഎസ് വിശ്വനാഥനും ടി കെ രാമമൂർത്തിയും ചേർന്ന് ഈണം നൽകിയ ഗാനമാണ് യേശുനായകാ എന്നത്. പി ലീലയും ശാന്തി പി നായരും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

യേശുനായകാ പ്രേമസാഗരാ

വീശുക നിൻ കൃപ പാരിൽ

ദാസദാസർതൻ യാത്രയിലെന്നും

കാട്ടുക മാർഗ്ഗം നേരിൽ

.............................................

നീയേ പാരിന്നഭയം

നീയേ ആശാ നിലയം

നീയേ പാപവിമോചനസദനം

നീയേ കടലിൻ തീരം

.............................................

അന്ധർ ഞങ്ങളീ കൂരിരുൾ തന്നിൽ

സന്താപത്തിൻ നടുവിൽ

താന്തരായിഹ വീഴുമ്പോൾ നീ

താങ്ങായ് കൈതരുമോ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.