Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ വഴിമുട്ടി വിപണി

sensex-rupee

മുംബൈ ∙ നിക്ഷേപകർക്കു നഷ്ടത്തിന്റെ ആഴ്ച സമ്മാനിച്ചു വിപണികൾ. തുടർച്ചയായ നാലാം ദിവസവും ഓഹരി വിലകൾ ഇടിഞ്ഞപ്പോൾ, ഡോളറുമായുള്ള വിനിമയത്തിൽ രൂപയും തകർന്നു. കർണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വവും, രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റവുമാണു കാരണങ്ങൾ.

തുടക്കം മുതൽ മാന്ദ്യത്തെ നേരിട്ട ഓഹരി വിപണിയിൽ സെൻസെക്സ് 300.82 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. ഇത് 34,848.30ൽ എത്തി. നിഫ്റ്റി 86.30 പോയിന്റ് കുറഞ്ഞ് 10,596.40ൽ അവസാനിച്ചു. ഈ ആഴ്ച സെൻസെക്സിൽ ഉണ്ടായ നഷ്ടം 687 പോയിന്റാണ്.

വിദേശ ധനസ്ഥാപനങ്ങൾ വിൽപന നടത്തുകയാണ്. വ്യാഴാഴ്ച 831 കോടിയുടെ വിൽപനയാണ് ഇവർ നടത്തിയത്. ബാങ്കുകളുടെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷം ഉയർന്നത്, ബാങ്ക് ഓഹരി വിലകൾ താഴ്ത്തി. എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആന്ധ്രാ ബാങ്ക് തുടങ്ങിയവയുടെ വിലയിൽ 4.67 ശതമാനം വരെ കുറവ് ഉണ്ടായി.

നഷ്ടം നേരിട്ട പ്രമുഖ സെക്ടറുകൾ: മെറ്റൽ (2.36%), ഓട്ടമൊബീൽ (1.82%), റിയൽറ്റി (1.74%), പിഎസ്‌യു (1.60%), ഓയിൽ ആൻഡ് ഗ്യാസ് (1.46%). ഏഷ്യൻ, യൂറോപ്യൻ വിപണികളും മാന്ദ്യത്തെ നേരിട്ടു.

68–ൽ എത്തി രൂപ

ഡോളറുമായുള്ള വിനിമയത്തിൽ രൂപ 16 മാസത്തെ താഴ്ന്ന തലത്തിലെത്തി. 30 പൈസ കുറഞ്ഞ് 68 ൽ വ്യാപാരം അവസാനിച്ചു. എണ്ണവില ബാരലിന് 80 ഡോളർ കടന്നതോടെ എണ്ണക്കമ്പനികൾ നല്ല തോതിൽ ഡോളർ വാങ്ങിക്കൂട്ടുകയാണ്. രൂപയുടെ മൂല്യം ഇനിയും കുറയുമെന്ന ആശങ്കയും വിപണിയിലുണ്ട്.

ചൊവ്വാഴ്ച രൂപ 68.15 ൽ എത്തിയിരുന്നു. തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇടപെട്ടതോടെ രൂപ കരുത്ത് നേടുകയും ചെയ്തു. എന്നാൽ എണ്ണ വിലക്കയറ്റം രൂപയ്ക്കു തിരിച്ചടിയായി. ഇന്നലെ ഒരവസരത്തിൽ 68.07 വരെ രൂപ എത്തിയിരുന്നു. ഈ ആഴ്ച രൂപ നേരിട്ടത് 67 പൈസയുടെ ഇടിവ്. ഏഷ്യൻ കറൻസികളിൽ ഈ വർഷം ഏറ്റവും മോശപ്പെട്ട പ്രകടനം നൽകിയത് രൂപയാണ്.രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഓട്ടമൊബീൽ വ്യവസായത്തിനു തിരിച്ചടിയാകുമെന്നു ടൊയോട്ട കിർലോസ്കർ മോട്ടോർ വൈസ് ചെയർമാൻ ശേഖർ വിശ്വനാഥൻ പറഞ്ഞു. എണ്ണവിലക്കയറ്റം മൂലം വ്യവസായം പ്രതിസന്ധിയെ നേരിടുകയാണ്. ഇതിനിടയിലാണ് രൂപയുടെ വിലയിടിവ്.

എണ്ണവിലക്കയറ്റം: ഇറക്കുമതി ബാധ്യത കൂട്ടും

ന്യൂഡൽഹി ∙ എണ്ണവിലക്കയറ്റം, ഇറക്കുമതി തുകയിൽ 5000 കോടി ഡോളറിന്റെ വരെ വർധന വരുത്തിയേക്കുമെന്നു കേന്ദ്ര സർക്കാർ. കറന്റ് അക്കൗണ്ട് കമ്മിയിലും വർധന ഉണ്ടാവും. വിലവർധന സർക്കാർ ഗൗരവത്തോടെയാണു കാണുന്നതെന്നും സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറഞ്ഞു. എന്നാൽ, പെട്രോൾ, ഡീസൽ എന്നിവയിലുള്ള എക്സൈസ് തീരുവ കുറയ്ക്കുന്നതിനെക്കുറിച്ച് വ്യക്തമായ മറുപടിയും നൽകിയില്ല.

കഴിഞ്ഞ വർഷം എണ്ണ ഇറക്കുമതിക്കായി 7200 കോടി ഡോളറാണ് ഇന്ത്യ ചെലവഴിച്ചത്. ഓഹരി വിപണിയിൽനിന്നുള്ള പണത്തിന്റെ ഒഴുക്ക് ആശങ്ക ഉയർത്തുന്നില്ല. കടപ്പത്രം, ഓഹരി വിപണിയിൽ ഒന്നര മാസത്തിനുള്ളിൽ 400 കോടി ഡോളറിന്റെ വിൽപന നടത്തതായാണ് കണക്ക്.