Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാൻ ഉപരോധം: അടുത്ത ഒപെക് യോഗം നിർണായകം

ASIA-IRAN/CRUDE

 ദോഹ ∙ യുഎസ് ഉപരോധം നേരിടുന്ന ഇറാനെ സംരക്ഷിക്കുന്ന കാര്യത്തിൽ ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ) അംഗരാജ്യങ്ങൾക്കിടയിൽ ആശയക്കുഴപ്പം. 23ന് അൽജീറിയയിൽ നടക്കുന്ന ഒപെക് യോഗത്തിൽ ഇക്കാര്യം പ്രധാന ചർച്ചയാവും. ഒപെക് യുഎസിനു വേണ്ടി പ്രവർത്തിക്കുകയാണെന്നാണ് ഇറാൻ ആരോപണം.

രാജ്യാന്തര എണ്ണ വിപണിയിൽ നിന്ന് ഇറാനെ ഒഴിവാക്കാനാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇറാന്റെ ഒപെക് ഗവർണർ ഹുസൈൻ കസേംപൂർ ആർഡെബിലി കുറ്റപ്പെടുത്തി. ഇതു റഷ്യയെയും സൗദി അറേബ്യയെയും വിപണി കയ്യടക്കാനാണു സഹായിക്കുക. ഇരു രാജ്യങ്ങളും എണ്ണവില താഴാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കു ഗുണകരമായ തരത്തിൽ ഒപെക് ഒരുമിച്ചു നിൽക്കണമെന്നു സെക്രട്ടറി ജനറൽ മുഹമ്മദ് സനൂസി ബർക്കിൻഡോ അഭിപ്രായപ്പെട്ടു.

രാജ്യാന്തര എണ്ണവില വർധിപ്പിക്കാൻ ഒപെകും ഇതര എണ്ണ ഉൽപാദക രാജ്യങ്ങളും തമ്മിലുള്ള സഹകരണം സഹായിച്ചിട്ടുണ്ട്. ഈ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് അൽജീറിയ യോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യോഗത്തിൽ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കു നീങ്ങാനുള്ള സാധ്യതയേറെയാണ്.

യുഎസും സൗദിയും റഷ്യയും ചേർന്ന് എണ്ണ ഉൽപാദനം ഉയർത്താനാണു ലക്ഷ്യമിടുന്നത്. അടുത്ത മാസം മുതൽ യുഎസ് എണ്ണ കമ്പനികൾ ഉൽപാദനം പ്രതിദിനം 79,000 ബാരൽ വർധിപ്പിക്കും. ഒരു വശത്ത് ഇറാനെതിരെയുള്ള യുഎസ് ഉപരോധവും മറുവശത്ത് യുഎസ്–ചൈന വ്യാപാര സംഘർഷവും രാജ്യാന്തര എണ്ണവിപണിയെ സ്വാധീനിക്കുന്നുണ്ട്.