Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻസെക്സ് 536 പോയിന്റ് ഇടിഞ്ഞു

Bombay-Stock-Exchange

മുംബൈ ∙ ഓഹരി വിപണിയിൽ തകർച്ച തുടർക്കഥയാവുന്നു. സെൻസെക്സ് 536.58 പോയിന്റ് ഇടിഞ്ഞ് രണ്ടു മാസത്തെ താഴ്ന്ന നിലവാരമായ 36,305.02ൽ എത്തി. ഏഴു മാസത്തിനിടെ ഒറ്റ ദിവസം സൂചിക ഇത്രയധികം താഴ്ന്നതും ഇതാദ്യം. നിഫ്റ്റി 168.20 പോയിന്റ് കുറഞ്ഞ് 10,974.90ൽ അവസാനിച്ചു.

കഴിഞ്ഞ 5 പ്രവൃത്തിദിവസങ്ങളിലായി സെൻസെക്സിൽ 1785 പോയിന്റിന്റെ നഷ്ടമാണ് ഉണ്ടായത്. നിക്ഷേപകരുടെ ആസ്തിയിൽ ഉണ്ടായ നഷ്ടം 8.48 ലക്ഷം കോടി രൂപ. വിപണിയെ സ്വാധീനിച്ചത്: എണ്ണവിലക്കയറ്റം, ബാങ്ക് ഇതര ധനസ്ഥാപനങ്ങളുടെ ഓഹരികൾക്ക് ഏറ്റ തിരിച്ചടി, ചൈന–യുഎസ് വ്യാപാരയുദ്ധം. അടിസ്ഥാന സൗകര്യ വികസന രംഗത്തെ വൻകിട കമ്പനിയായ ഐഎൽ ആൻഡ് എഫ്എസ് നേരിടുന്ന പ്രതിസന്ധി വിപണി ഗൗരവത്തോടെയാണു കാണുന്നത്. ഏതാണ്ട് 91,000 കോടി രൂപയുടെ കടബാധ്യതയിലാണു കമ്പനി. സിഡ്ബിയിൽ 1000 കോടി രൂപയുടെ തിരിച്ചടവു മുടങ്ങിയതോടെയാണു കമ്പനി നേരിടുന്ന പ്രതിസന്ധി വ്യവസായലോകം അറിയുന്നത്. മാനേജിങ് ഡയറക്ടർ രമേശ് ബാവ രാജിവച്ചു. നിക്ഷേപ സർട്ടിഫിക്കറ്റുകളുടെ പലിശ തിരിച്ചടക്കുന്നതിലും കമ്പനി കുടിശിക വരുത്തിയതായി പരാതിയുണ്ട്.

ബാങ്ക് ഇതര ധനസ്ഥാപന രംഗത്തു പണലഭ്യത കുറയുമെന്ന ആശങ്കയും ഓഹരി വിപണിയിൽ ഈ വിഭാഗം ഓഹരികളുടെ വില താഴ്ത്തി. ധനമേഖലയിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ആർബിഐയും സെബിയും വ്യക്തമാക്കി.

എച്ച്ഡിഎഫ്സി, ഇൻഡസ് ഇൻഡ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, യേസ് ബാങ്ക് വിലകൾ ഇടിഞ്ഞു. എണ്ണവില വർധന ഓട്ടമൊബീൽ ഓഹരികളെയും ബാധിച്ചു. ഐടി ഓഹരികൾ മാത്രം മികവു കാട്ടി. സൂചികാധിഷ്ഠിത ഓഹരികളിൽ 24 എണ്ണത്തിന്റെ വില കുറഞ്ഞു. ഏഷ്യൻ വിപണിയിലും മാന്ദ്യം നേരിട്ടു.