Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ വില കൂടാൻ ഉപയോഗം വർധിക്കണം: ഷീല തോമസ്

sheela-thomas-rubber കൊച്ചിയിൽ ‘ഇന്ത്യ റബർ മീറ്റ് 2018’ ഷീല തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡി. അനന്തൻ, ഡോ. ഷൺമുഖ സുന്ദരം എന്നിവർ സമീപം.

കൊച്ചി ∙ ഇന്ത്യയിൽ റബർ വില കൂടാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയും അതുവഴി ഉപയോഗ വർധനയുമാണു വേണ്ടതെന്ന് അസോസിയേഷൻ ഓഫ് നാച്ചുറൽ റബർ പ്രൊഡ്യൂസിങ് കൺട്രീസ് മുൻ സെക്രട്ടറി ജനറലും റബർ ബോർഡ് മുൻ ചെയർമാനുമായ ഷീല തോമസ്. 

ഇന്ത്യ റബർ മീറ്റ് 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷീല തോമസ്. ഇന്ത്യയിൽ ആളോഹരി റബർ ഉപഭോഗം 1.2 കിലോഗ്രാം മാത്രമാണ്. ആഗോള ശരാശരി 3.69 കിലോഗ്രാം. ചൈനീസ് ഉപഭോഗം 6.5 കിലോഗ്രാമാണ്. ഇന്ത്യയിൽ ഉപഭോഗം ഇനിയുമേറെ വർധിക്കാനുണ്ട്. റബർ വിലയുടെ കയറ്റിറക്കങ്ങൾ ആവർത്തന സ്വഭാവമുള്ളതാണെങ്കിലും 2012നു ശേഷമുള്ള വിലത്തകർച്ച രൂക്ഷവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായിരുന്നു. 

ചെറുകിട കർഷകരെയാണ് ഇതു കൂടുതലും ബാധിച്ചത്. ഉൽപാദന ക്ഷമതയിലെ കുറവും ഉയർന്ന കൃഷിച്ചെലവും മറ്റുമാണു കാരണങ്ങൾ.ഈ വെല്ലുവിളികളെ നേരിടാൻ ഗവേഷണവും നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗവും ആവശ്യമാണെന്നു ഷീല തോമസ് പറഞ്ഞു. അതിനാൽ ‘സുസ്ഥിരമായ റബർ മൂല്യ ശൃംഖലയിലേക്ക്’ എന്ന സമ്മേളന പ്രമേയവും ശരിയായ ദിശയിലുള്ളതാണ്. ഇന്ത്യയിൽ 85000 കോടിയുടെ വാർഷിക മൂല്യമാണ് റബർ ഉൽപന്നങ്ങൾക്കുള്ളത്. 19000 കോടിയുടെ റബർ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഇന്ത്യ റബർ മീറ്റിന് ആശംസകൾ അറിയിച്ച് വിഡിയോ സന്ദേശം നൽകി. റബർ ബോർഡ് ചെയർമാൻ ഡി. അനന്തൻ, സംഘാടക സമിതി വൈസ് ചെയർമാൻ വിനോദ് സൈമൺ എന്നിവർ പ്രസംഗിച്ചു.