Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടിആർ 1 ഫയലിങ്: പിഴവ് നെറ്റ്‌വർക്കിന്; പിഴ വ്യാപാരിക്ക്

Goods and Services Tax - GST

കൊച്ചി∙ ജിഎസ്ടിആർ 1 ഫയലിങ് നടത്താൻ ഭൂരിഭാഗം വ്യാപാരികൾക്കും കഴിയാത്തതോടെ ജിഎസ്ടി വന്നതിനുശേഷമുള്ള ആദ്യ ആദായ നികുതി റിട്ടേൺ ഫയലിങ് താറുമാറായി. 

വ്യാപാരികൾക്ക് ഓഡിറ്റ് ചെയ്ത കണക്കുകൾ പ്രകാരം വരുമാനനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ഇന്നലെയായിരുന്നു. സമയപരിധി കഴിഞ്ഞതോടെ 5,000 മുതൽ 1.5 ലക്ഷം രൂപ വരെയാണു വ്യാപാരികൾ പിഴ നൽകേണ്ടത്. ജിഎസ്ടി നെറ്റ്‌വർക്കിലുണ്ടായ സാങ്കേതിക പ്രശ്നങ്ങളും തിരക്കും മൂലം ഫയലിങ് സമയത്തു നടക്കാത്തതാണു പ്രശ്നങ്ങൾക്കു കാരണം. ജിഎസ്ടിആർ1 ഫയൽ ചെയ്തതിനു ശേഷം, ജിഎസ്ടിആർ2 വെരിഫിക്കേഷൻ നടന്നാൽ മാത്രമേ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനാവൂ.

ഫയലിങ് ഒരുമിച്ചുവന്നതു വിന

ജിഎസ്ടിആർ1, ജിഎസ്ടിആർ2എ വെരിഫിക്കേഷൻ, ജിഎസ്ടിആർ3ബി എന്നിവയുടെ ഫയലിങ് തീയതികളും ഇന്നലെ അവസാനിച്ചു. ജിഎസ്ടി റിട്ടേണുകൾക്കൊപ്പം വരുമാനനികുതി സമർപ്പണത്തിന്റെ സമയവും ഇന്നലെ അവസാനിച്ചതോടെയാണ് വ്യാപാരികൾ പ്രതിസന്ധിയിലായത്. കൂടുതൽ ഫയലിങ്ങുകൾ വന്നതോടെ ജിഎസ്ടി പോർട്ടലലിൽ ഉണ്ടായ തിരക്കും സാങ്കേതിക പ്രശ്നങ്ങളുമാണു പല വ്യപാരികളുടെയും സമർപ്പണം നടക്കാത്തതിന്റെ കാരണം.

പ്രളയം മൂലം ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ജിഎസ്ടി സമർപ്പണം കേരളത്തിലെ വ്യാപാരികൾക്കു നീട്ടിക്കിട്ടിയിരുന്നു. പ്രളയത്തിൽ കണക്കുകൾ നഷ്ടപ്പെട്ടവരിൽ പൂർണമായി ഇതുവരെ തിരിച്ചുപിടിക്കാൻ സാധിക്കാത്ത വ്യാപാരികളുമുണ്ട്. മൂന്നു മാസത്തെ ഫയലിങ് ഒക്ടോബർ മാസത്തിലേക്കു വന്നതോടെ അവസാന ദിവസങ്ങളിലെല്ലാം ജിഎസ്ടി നെറ്റ്‌വർക്കിലെ തിരക്കു കൂടി. നിലവിൽ 10% മാത്രമാണു ദേശീയ തലത്തിൽ ജിഎസ്ടിആർ1 ഫയലിങ് നടന്നിട്ടുള്ളത്. കേരളത്തിൽ ഇത് 20%. ജിഎസ്ടിആർ1ഉം 3ബിയും തുലനപ്പെടുത്തിയശേഷമാണ് വരുമാന നികുതി സമർപ്പക്കേണ്ടത്.

പലപ്പോഴും ജിഎസ്ടി നെറ്റ്‌വർക്ക് പ്രവർത്തനരഹിതമായി. 80 ലക്ഷം പേർക്ക് ഒരേ സമയം കയറാവുന്ന വെബ്സൈറ്റിൽ 1.5 ലക്ഷം പേർ ഒരേ സമയം കയറുമ്പോൾ ഹാങ് ആകുന്ന സ്ഥിതിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി, ‘1.5 ലക്ഷം പേർ നിലവിൽ സൈറ്റിലുള്ളതിനാൽ കാത്തിരിക്കൂ’ എന്ന സന്ദേശം മാത്രമാണു ലഭിക്കുന്നത്.

ജിഎസ്ടിനെറ്റ്‌വർക്കിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വ്യാപാരികളുടെ ദേശീയ സംഘടനാ പ്രതിനിധികൾ പലതവണ കേന്ദ്രധനമന്ത്രിയെ കണ്ടിരുന്നങ്കിലും തീയതി നീട്ടിക്കിട്ടിയില്ല. പ്രതിമാസം റിട്ടേൺ സമർപ്പിക്കേണ്ട അവസാന ദിവസങ്ങളിലും നെറ്റ്‌വർക്കിൽ സമാന പ്രശ്നങ്ങൾ പതിവാണ്.