Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോബ്സ് പട്ടികയിൽ ഇടം നേടി മമ്മൂട്ടിയും നയൻതാരയും; മലയാളത്തിൽനിന്ന് ഒരാൾ ഇതാദ്യം

Mammootty, Nayantara മമ്മൂട്ടി, നയൻതാര

മുംബൈ ∙ ഇന്ത്യൻ താരങ്ങളുടെ വിനോദരംഗത്തു നിന്നുള്ള കഴിഞ്ഞ വർഷത്തെ വരുമാനം അടിസ്ഥാനമാക്കി ഫോബ്സ് ഇന്ത്യ പ്രസിദ്ധീകരിച്ച 100 പേരുടെ പട്ടികയിൽ മലയാളത്തിൽ നിന്നും നടൻ മമ്മൂട്ടി ഇടം നേടി. മലയാള വിനോദരംഗത്തു നിന്ന് ഇതാദ്യമായാണ് ഒരാൾ ഫോബ്സ് പട്ടികയിൽ ഇടംനേടുന്നത്. കോളിവുഡിൽ നിന്നും മലയാളിയായ നയൻതാര ഈ വർഷവും പട്ടികയിലുണ്ട്.

48ാം സ്ഥാനം നേടി മമ്മൂട്ടി ആദ്യ 50ൽ ഇടംപിടിച്ചപ്പോൾ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരേയൊരു വനിതയായ നയൻതാരയ്ക്ക് 68ാം സ്ഥാനമാണ്. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ വിനോദരംഗത്തു നിന്നുള്ള വരുമാനം. നയൻതാര 15.17 കോടി സമ്പാദിച്ചു. 2017 ഒക്ടോബർ 1 മുതൽ 2018 സെപ്റ്റംബർ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് ഫോബ്സ് പട്ടിക തയാറാക്കിയിരിക്കുന്നത്.

തുടർച്ചയായി മൂന്നാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനം ബോളിവുഡ് താരം സൽമാൻ ഖാനാണ്. 253.25 കോടി രൂപയാണ് സിനിമയിൽ നിന്ന് കഴിഞ്ഞ വർഷം സൽമാൻ ഖാൻ നേടിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ് രണ്ടാമത് (228.09 കോടി രൂപ). 185 കോടി രൂപ നേടിയ നടൻ അക്ഷയ് കുമാർ മൂന്നാം സ്ഥാനത്തും 112.8 കോടി രൂപ നേടി നടി ദീപിക പദുക്കോൺ നാലാം സ്ഥാനത്തുമുണ്ട്. ആദ്യ അഞ്ചിൽ സ്ഥാനം നേടുന്ന ഏകവനിതയാണ് ദീപിക. അടുത്തിടെ വിവാഹിതയായ ദീപികയുടെ ഭർ‌ത്താവും നടനുമായ രൺവീർ സിങ്ങിന് എട്ടാം സ്ഥാനമാണ്. അതേ സമയം മറ്റൊരു നവവധുവായ പ്രിയങ്ക ചോപ്ര ഏറെ പിന്നിലേക്കു തള്ളപ്പെട്ടു. ഹോളിവുഡിലേക്കു ചേക്കേറിയ പ്രിയങ്കയ്ക്ക് ഇന്ത്യയിൽ വരുമാനം കുറഞ്ഞതാണ് കാരണം. കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ഈ വർഷം 49ാം സ്ഥാനത്താണ്.

എംഎസ് ധോണി (5), ആമിർ ഖാൻ (6), അമിതാഭ് ബച്ചൻ (7), സച്ചിൻ ടെൻഡുൽക്കർ (9), അജയ് ദേവ്ഗൺ (10) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റുള്ളവർ. കഴിഞ്ഞ വർഷം ഒറ്റ സിനിമ പോലും പുറത്തിറങ്ങാത്ത ഷാറൂഖ് ഖാൻ 13–ാം സ്ഥാനത്താണ്. എ.ആർ റഹ്മാൻ 11ാമതും രജനീകാന്ത് 14ാമതുമുണ്ട്.