Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് – ഉത്തരകൊറിയ ചർച്ച അലസിയത് യുഎസ് പിടിവാശിമൂലം; ഒറ്റ വില്ലൻ: ഡോണൾഡ് ട്രംപ്

ally against the United States' policies against North Korea വേണം, സമാധാനം: ഉത്തര കൊറിയയുമായി നടത്താനിരുന്ന ഉച്ചകോടിയിൽനിന്നു യുഎസ് പിന്മാറിയതിനെതിരെ, ദക്ഷിണ കൊറിയയിലെ സോളിൽ യുഎസ് എംബസിക്കു മുന്നിൽ പ്രതിഷേധിക്കുന്ന വനിതകൾ. ചിത്രം: എപി

ഇതിനകം സുവ്യക്തമായ തന്റെ ശൈലിയോടു സത്യസന്ധത പുലർത്തി ഡോണൾഡ് ട്രംപ് അതു വീണ്ടും ചെയ്തിരിക്കുന്നു: ഉത്തരകൊറിയയുടെ കിം ജോങ് ഉന്നുമായി ജൂൺ 12നു സിംഗപ്പൂരിൽ നടത്താനിരുന്ന ഉച്ചകോടി അദ്ദേഹം റദ്ദാക്കി, തികഞ്ഞ അധികാരപ്രമത്തതയോടെ.  തൊട്ടുമുൻപാണ്, സൂക്ഷ്മമായി തയാറാക്കപ്പെട്ട ഇറാൻ ആണവക്കരാറിൽനിന്ന് അദ്ദേഹം പിന്മാറിയത്. അന്നും യുക്തിഭദ്രമായ കാരണങ്ങൾ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നില്ല. അതു മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം, രാജ്യാന്തര നിയമങ്ങൾക്കു വിലകൽപിക്കാതെ അദ്ദേഹം നടത്തിയ ആ നീക്കത്തിനു യുക്തിഭദ്രമായ എന്തു മറുപടിയാണു പറയാനുള്ളത്! 

എന്തുകൊണ്ടാണു ലോകം പ്രതീക്ഷയോടെ കാത്തിരുന്ന സിംഗപ്പൂർ ഉച്ചകോടി അലസിപ്പോയതെന്നു പരിശോധിക്കാം. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേശകൻ ജോൺ ബോൾട്ടനാണ് ആദ്യവില്ലൻ. ഏപ്രിൽ 29നു ബോൾട്ടൻ പറഞ്ഞത് ഉത്തരകൊറിയയുമായുള്ള ചർച്ച ‘ലിബിയൻ മാതൃക’യിൽ ആയിരിക്കും എന്നാണ്. 

രാജ്യാന്തര സമൂഹത്തിലേക്കു തിരികെ വരാൻ 2003–2004ൽ ലിബിയയിലെ കേണൽ ഗദ്ദാഫി തന്റെ ചെറിയ ആണവപരിപാടി ഉപേക്ഷിച്ചിരുന്നു. അണ്വായുധങ്ങളില്ലാതായ ഗദ്ദാഫിയെ നാറ്റോ സൈന്യത്തിന്റെ പിന്തുണയോടെ സ്ഥാനഭ്രഷ്ടനാക്കി. 2011ൽ മാലിന്യ പൈപ്പിനുള്ളിൽ ജീവരക്ഷാർഥം ഒളിച്ച ഗദ്ദാഫിയെ അതിൽനിന്നു പിടികൂടിയാണു വെടിവച്ചു കൊന്നത്. ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി അയച്ച രഹസ്യ ഏജന്റാണ് അതു ചെയ്തതെന്നാണു കരുതുന്നത്. 2007ൽ ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിച്ചപ്പോൾ ഗദ്ദാഫിയിൽനിന്നു സംഭാവന വാങ്ങിയ ആളാണു സർക്കോസി എന്നോർക്കണം (ഈ കേസിൽ ഇക്കഴിഞ്ഞ മാർച്ചിൽ സർക്കോസി അറസ്റ്റിലായിരുന്നു).

ഭീഷണിയുടെ സ്വരത്തിൽ, ലിബിയൻ മാതൃകയിലാകും ഉത്തരകൊറിയയുമായുള്ള ചർച്ചയെന്നു പറഞ്ഞ ജോൺ ബോൾട്ടന് എന്തെങ്കിലും നയതന്ത്ര വൈദഗ്ധ്യം ഉണ്ടെന്നു തെറ്റിദ്ധരിക്കേണ്ടതില്ലല്ലോ! ഉത്തരകൊറിയ അണ്വായുധങ്ങൾ ഉപേക്ഷിച്ചാൽ, യുഎസ് അവരെ ആക്രമിക്കില്ലെന്ന് ഉറപ്പുപറയാൻ കഴിയുമോ എന്നു ചോദിച്ചപ്പോൾ, വ്യക്തമായ ഒരു മറുപടിയും ബോൾട്ടൻ പറഞ്ഞതുമില്ല.  യുഎസ് ഉദ്യോഗസ്ഥർ പറയുന്ന ഓരോ വാക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട് ഉത്തരകൊറിയ. തങ്ങൾ അണ്വായുധങ്ങൾ ഉപേക്ഷിക്കുമ്പോൾ, അതിനു സമാന്തരമായി 1950–53ലെ കൊറിയൻ യുദ്ധം ഔപചാരികമായി അവസാനിക്കുന്ന ഉടമ്പടി ഉണ്ടാകണമെന്നും രാജ്യാന്തര സമൂഹത്തിൽ തുല്യപദവിയും കാര്യമായ സാമ്പത്തിക സഹായവും ഉറപ്പുവരുത്തുന്ന നടപടികൾ വേണമെന്നും അവർ ആവശ്യപ്പെട്ടു. 

സമാധാന നൊബേൽ സ്വപ്നം കണ്ട ഡോണൾ‍ഡ് ട്രംപ് ഭീഷണിയിലൂടെ ആണവനിരായുധീകരണ കരാർ യാഥാർഥ്യമാക്കാമെന്നു വിശ്വസിച്ചു. ബോൾട്ടനെ ആദ്യം പാതിമനസ്സോടെയാണെങ്കിലും ശാസിക്കാൻ തയാറായ ട്രംപ് പിന്നീടു സ്വരം മാറ്റി. ‘ഉത്തരകൊറിയ അണ്വായുധങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ ആ രാജ്യത്തെ നശിപ്പിക്കും’ എന്നായിരുന്നു ഭീഷണി. ട്രംപ് കഴിഞ്ഞ ദിവസം കിം ജോങ്ങിന് എഴുതിയ കത്തിൽ ആവർത്തിക്കുന്ന സൂചനയും ഇതുതന്നെയാണ്. ഉത്തരകൊറിയൻ ഉച്ചകോടി അലസിപ്പോയതിന്റെ കാരണങ്ങൾ വ്യക്തമാണ്. 

ഒന്ന്: കൊടുക്കൽ വാങ്ങലുകളും മര്യാദകളുമുള്ള ശ്രേഷ്ഠമായ നയതന്ത്രം ട്രംപിനും സംഘത്തിനും മനസ്സിലാവില്ല. 

രണ്ട്: രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ തകർക്കുന്ന രാജ്യാന്തര ഉപരോധങ്ങളിൽനിന്നു തലയൂരുക എന്ന ഒറ്റലക്ഷ്യത്തോടെയാണ് ഉത്തരകൊറിയ ചർച്ചകൾക്കു തയാറായതെന്ന തെറ്റിദ്ധാരണയിലാണു ട്രംപ്. ട്രംപിനു കാര്യങ്ങൾ ഇപ്പോഴും വ്യക്തമായിട്ടില്ല. ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്; അവർക്ക് അണ്വായുധമുണ്ട്. വേണമെങ്കിൽ അമേരിക്കൻ ഭൂപ്രദേശംവരെ അണ്വായുധം എത്തിക്കാനുള്ള ശേഷിയും, കിറുകൃത്യമായിരിക്കില്ലെങ്കിൽക്കൂടി. 

മൂന്ന്: നേരിട്ടു കണ്ട് ഇടപെടുമ്പോൾ അപ്പുറത്തുള്ളയാളെ വീഴ്ത്താമെന്ന അമിതമായ ആത്മവിശ്വാസം ട്രംപിനുണ്ട്, ഭൂമിക്കച്ചവടക്കാരനായിരുന്ന കാലത്തേയുള്ള വിശ്വാസം! അവസാനമായി, നയതന്ത്രപരമായി കാര്യശേഷിയില്ലാത്ത സംഘമാണു ട്രംപിനൊപ്പമുള്ളത്. വിദഗ്ധ ഉപദേശങ്ങൾ നൽകാൻ കഴിയുന്നവരെയാണ് ഒരു പ്രസിഡന്റിനു സഹായികളായി വേണ്ടത്; ചപലമായ പദ്ധതികളുമായി മുന്നോട്ടു പോകുന്നവരെയല്ല. 

ചർച്ചകൾ അലസിയതിനു ചൈനയെയാണു ട്രംപ് കുറ്റപ്പെടുത്തുന്നത്. യുഎസും ഉത്തരകൊറിയയും ധാരണയിലെത്തുന്നതിൽ അവരുടേതായ കാരണങ്ങളാൽ ചൈനയ്ക്കു താൽപര്യമില്ലെങ്കിലും ചർച്ച അലസിയതിന്റെ ഉത്തരവാദിത്തം അവരുടെ തലയിൽ വച്ചുകെട്ടുന്നതിൽ കാര്യമില്ല. 

ഈ കുഴപ്പത്തിന് ഒറ്റ ഉത്തരവാദിയേയുള്ളൂ: ഡോണൾഡ് ട്രംപ്. 

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)