Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിന്റെ വരുമാനം കണക്കിലെ കളിയോ?

ഉപഭോക്തൃ സംസ്ഥാനമായ കേരളമാകും, ജിഎസ്ടി വരുമാനത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുകയെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം. ജിഎസ്ടി നടപ്പാക്കിയാൽ നികുതി വരുമാനത്തിൽ 20% വരെ വർധനയുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. നികുതി വരുമാനത്തിൽ 16 ശതമാനം വർധനയുണ്ടായെന്നു സർക്കാർ ഇപ്പോൾ പറയുകയും ചെയ്യുന്നു. എന്നാൽ, സത്യമെന്ത്? ജിഎസ്ടി നടപ്പാക്കിയതിനു ശേഷമുള്ള ഓരോ മാസത്തെയും നികുതി വരവും കഴിഞ്ഞ വർഷം ഇതേ മാസങ്ങളിലെ വാറ്റ് (വാല്യു ആഡഡ് ടാക്സ്) വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ കാര്യങ്ങൾ നേരേ തിരിച്ചാണ്. സർക്കാരിനു നഷ്ടപ്പെട്ടത് 609 കോടി രൂപ! കേന്ദ്രത്തിൽ നിന്ന് ഐജിഎസ്ടി വിഹിതം അടക്കം ലഭിച്ചിട്ടും ഇതാണ് അവസ്ഥ. നികുതി പിരിവിൽ സംസ്ഥാനം ഇത്രത്തോളം പിന്നോട്ടുപോയ ചരിത്രവുമില്ല.

ഇതൊന്നും പക്ഷേ, സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ തൽക്കാലം ബാധിക്കില്ലെന്നതു വേറെ കാര്യം. മുൻ വർഷങ്ങളിൽ ശരാശരി 14% നികുതി വർധന രേഖപ്പെടുത്തിയതിനാൽ, ജിഎസ്ടി നടപ്പാക്കിയ ശേഷം നികുതി വരവിൽ 14% വർധന ഉണ്ടായില്ലെങ്കിൽ ആ കുറവു നഷ്ടപരിഹാരമായി കേന്ദ്രം നൽകും. ആ നഷ്ടപരിഹാരം എല്ലാ മാസവും കൈനീട്ടി വാങ്ങുന്നതിനാൽ പുറമെ എല്ലാം ഭദ്രം. എന്നാൽ, ഇൗ നഷ്ടപരിഹാരം അഞ്ചു വർഷത്തേക്കു മാത്രമേ കേന്ദ്രം നൽകൂ. അപ്പോഴേക്കും നികുതി പിരിവ് ഉൗർജിതപ്പെടുത്തിയില്ലെങ്കിൽ സംസ്ഥാനം നേരിടാൻ പോകുന്നത് അതിരൂക്ഷമായ സാമ്പത്തിക ഞെരുക്കമാണ്.

 വില കൂടി, എന്നിട്ടും...

സാധനങ്ങൾക്കെല്ലാം വില കൂടി. ജനങ്ങൾ നികുതി കൃത്യമായി അടയ്ക്കുന്നു. എന്നിട്ടും സർക്കാരിന്റെ വരുമാനം കുറഞ്ഞതിനു കാരണമെന്ത്? സർക്കാർ പറയുന്ന ന്യായം ഇതാണ്: മുൻപു വാറ്റ് നിലവിലുണ്ടായിരുന്നപ്പോൾ നികുതി വരുമാനത്തിന്റെ 70 ശതമാനത്തോളം, 14.5% നികുതിയുള്ള ഉൽപന്നങ്ങളിൽ നിന്നായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, ജിഎസ്ടി വന്നതോടെ ഏറ്റവും കൂടുതൽ വരുമാനം എത്തിക്കുന്ന ഉൽപന്നങ്ങളുടെ നികുതിനിരക്ക് 18 ശതമാനമായി ഉയർന്നെങ്കിലും സംസ്ഥാനത്തിനു വലിയ ഗുണമില്ല. പതിനെട്ടിന്റെ പകുതിയായ ഒൻപതു ശതമാനം മാത്രമേ സംസ്ഥാന സർക്കാരിനു ലഭിക്കൂ. 14.5 ശതമാനത്തിൽനിന്ന് ഒൻപതു ശതമാനത്തിലേക്കു നികുതി കുറഞ്ഞതാണ് സർക്കാരിന്റെ ജിഎസ്ടി വരുമാനത്തിൽ വൻ കുറവുണ്ടാക്കിയത്. ഐജിഎസ്ടി വിഹിതമായി 7648 കോടി രൂപ ഇതുവരെ സംസ്ഥാനത്തിനു ലഭിച്ചു. കേന്ദ്രം നൽകുന്ന ഇൗ പണം വാങ്ങാനല്ലാതെ കണക്കു ശരിയാണോ എന്നു പരിശോധിക്കാനുള്ള സൗകര്യംപോലും ഇപ്പോൾ സംസ്ഥാനത്തിനില്ല.

കണക്കില്ല; പഠിക്കുന്നുമില്ല

രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ ജിഎസ്ടി നടപ്പാക്കിയിട്ട് ഒരു വർഷം കഴിയുമ്പോഴും സംസ്ഥാന സർക്കാരും സർക്കാരിനു കീഴിലെ വിവിധ ഏജൻസികളും ഒരു പഠനവും നടത്താൻ കഴിയാതെ ഇരുട്ടിൽ. ഇതുകാരണം, ജിഎസ്ടി സംസ്ഥാനത്തെ വിപണിയിലും സമ്പദ്‌വ്യവസ്ഥയിലും എന്തു മാറ്റമുണ്ടാക്കിയെന്ന് ആർക്കുമറിയില്ല. ജിഎസ്ടി വകുപ്പ്, ആസൂത്രണ ബോർഡ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ, സ്റ്റേറ്റ് എക്സ്പെൻഡിച്ചർ കമ്മിറ്റി എന്നിവയൊന്നും ജിഎസ്ടി ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ല. കാരണം തിരക്കിയപ്പോൾ എല്ലാവരുടെയും മറുപടി ഒന്നു മാത്രം; പഠിക്കണമെങ്കിൽ കണക്കു വേണ്ടേ? ഓരോ മാസവും കിട്ടുന്ന ആകെ ജിഎസ്ടി വരുമാനവും ഐജിഎസ്ടി വിഹിതവും നഷ്ടപരിഹാരവും എത്രയാണെന്നു മാത്രമേ സർക്കാരിനറിയൂ.

ഓരോ ഉൽപന്നത്തിൽ നിന്നും എത്ര നികുതി കിട്ടി, സേവന നികുതിവഴി വന്ന പണമെത്ര, കേന്ദ്രം നൽകുന്ന പണം എത്തരത്തിൽ കണക്കുകൂട്ടിയെടുത്തതാണ് എന്നൊന്നും അറിയാൻ വഴിയില്ലത്രെ. ജിഎസ്ടി വരുമ്പോൾ സേവന നികുതിയായി വലിയ തുക കിട്ടുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. ഓൺലൈൻ വിൽപനയിൽനിന്നു വൻതുക പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇൗ ഇനങ്ങളിൽ നിന്നൊക്കെ എത്ര രൂപ പിരിഞ്ഞുകിട്ടിയെന്നതിന്റെ കണക്ക് ജിഎസ്ടി വകുപ്പിന്റെ പക്കലില്ല. ജിഎസ്ടി ശൃംഖലയിൽനിന്നു സംസ്ഥാനത്തിനാവശ്യമായ വിവരങ്ങൾ ക്രോഡീകരിച്ചെടുക്കാൻ സോഫ്റ്റ്‌വെയർ സംവിധാനം (ബാക് എൻഡ് മൊഡ്യൂൾ)  തയാറാക്കേണ്ടതായിരുന്നു.   ജിഎസ്ടി  ശൃംഖല തയാറാക്കിയ  ഇൻഫോസിസിൽനിന്നു തന്നെ പകുതിയോളം സംസ്ഥാനങ്ങൾ ഇൗ മൊഡ്യൂൾ പണംനൽകി വാങ്ങി. എന്നാൽ, സ്വന്തമായി മൊഡ്യൂൾ തയാറാക്കാമെന്ന നിലപാടിലായിരുന്നു കേരളം. ഇതിനായി നാഷനൽ ഇൻഫർമാറ്റിക് സെന്ററിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഒരു വർഷമായിട്ടും സോഫ്റ്റ്‌വെയർ നിർമാണം എങ്ങുമെത്തിയിട്ടില്ല. ഓരോ വിഭാഗം ഉൽപന്നങ്ങളിൽ നിന്നും ലഭിച്ച നികുതി വരുമാനത്തിന്റ കണക്കു ലഭിച്ചാൽ മാത്രമേ, സർക്കാരിനു വിപണിയിൽ ഫലപ്രദമായ പരിഹാരനടപടികൾ സ്വീകരിക്കാൻ കഴിയൂ. അതു കിട്ടാത്തതിനാൽ നികുതി വർധിച്ചെന്ന തട്ടിക്കൂട്ടു കണക്കു വിളിച്ചുപറഞ്ഞ് പിടിച്ചുനിൽ‌ക്കാനാണു സർക്കാർ ശ്രമം.

അതാ, അങ്ങോട്ടുനോക്കൂ...

വെറുതേയിരുന്നപ്പോൾ ലോട്ടറി അടിച്ചെന്ന സ്ഥിതിയുള്ള മഹാരാഷ്ട്രയെപ്പോലുള്ള സംസ്ഥാനങ്ങളുമുണ്ട്. വലിയ ഉൽപാദനവും ഉപഭോഗവും നടക്കുന്ന സംസ്ഥാനങ്ങളാണവ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് മഹാരാഷ്ട്രയിലെ നികുതി വരുമാനം 26% ഉയർന്നു. 5.5 ലക്ഷം പേർ കൂടി ജിഎസ്ടിയുടെ പരിധിയിൽ വന്നതാണ് ഈ വർധനയ്ക്കുള്ള പ്രധാന കാരണം. ജിഎസ്ടി നടപ്പാക്കിയ ആദ്യ മാസത്തിൽ, അതിനു മുൻപത്തെ വർഷവുമായുള്ള താരതമ്യത്തിൽ 51 ശതമാനം വരെയായിരുന്നു വർധന. നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാടിന്റെ അവസ്ഥയും ഏതാണ്ടു സമാനം തന്നെ. സംസ്ഥാനത്തിനു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നായിരുന്നു ജിഎസ്ടി നടപ്പാക്കുമ്പോൾ സർക്കാരിന്റെ ആധി. എന്നാൽ, 11,834 കോടി രൂപയുടെ അധികവരുമാനം ഉണ്ടായെന്നാണു കണക്ക്.  

അയലത്തെ കണ്ണീർ

തമിഴ്നാട്ടിലെ തിരുപ്പൂർ നഗരമധ്യത്തിലെ കുടുസ്സുമുറിയില്‍ നെയ്തെടുക്കാനാകാത്ത പ്രതീക്ഷകളുടെ പ്രതിനിധിയായി, മലയാളിയായ നാരായണൻ ഇപ്പോഴുമുണ്ട്. കഴിഞ്ഞവർഷം നവംബറിൽ ഞങ്ങൾ കണ്ട നാരായണനും രണ്ടുമുറി കടയ്ക്കും മാറ്റമേതുമില്ല. നാരായണൻ ഇപ്പോൾ നൂൽ വാങ്ങി തുണികൾ നെയ്തെടുക്കുന്നില്ല. പകരം, ചില സ്കൂളുകളുടെ യൂണിഫോം ഓർഡറുകളിലാണു പിടിച്ചുനിൽക്കുന്നത്. തുണി വാങ്ങി തയ്ച്ചുകൊടുക്കുന്നു. രണ്ടോ മൂന്നോ തൊഴിലാളികളും കൂടെയുണ്ട്. ജിഎസ്ടി നടപ്പായതോടെ സ്വന്തമായി ഓർഡർ എടുത്തു ബനിയനുകൾ തയാറാക്കി നൽകുന്നത് ഇദ്ദേഹം നിർത്തിയിരുന്നു. ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്തതാണു കാരണം. അതുണ്ടെങ്കിലേ, വലിയ ഓർഡറുകൾ നേരിട്ടു ലഭിക്കുകയുള്ളൂ. ബനിയനുകൾ തയ്ച്ചുനൽകുന്ന ജോലിക്കിടെ ജിഎസ്ടി റജിസ്ട്രേഷനെടുക്കാനും ബില്ലുകൾ തയാറാക്കി ഓരോമാസവും കൃത്യമായി റിട്ടേൺ നൽകാനും സമയമില്ല. ഓഡിറ്റർക്കും അക്കൗണ്ടന്റിനും നൽകാനുള്ള തുക മാറ്റിയാൽപിന്നെ, ലാഭമൊന്നും കാണില്ലെന്നു നാരായണൻ പറയുന്നു. 

ഒന്നോ രണ്ടോ തയ്യൽമെഷീനുകളും തുണികൾ വെട്ടുന്ന മേശയും ഇട്ടുകഴിഞ്ഞാൽപിന്നെ, നിന്നുതിരിയാൻ ഇടമില്ലാത്ത ഓരോമുറിക്കും 1500 രൂപയാണു വാടക. കെട്ടിടം പരിതാപകരമായ അവസ്ഥയിലായതിനാലാണു വാടകയിൽ കുറവുള്ളത്. പക്ഷേ, വ്യവസായ അടിസ്ഥാനത്തിലുള്ള വൈദ്യുതിനിരക്കായതിനാൽ, വാടകയ്ക്കു പുറമേ മൂവായിരം രൂപകൂടി നൽകണം. കേരളത്തിൽ തയ്യൽജോലി ചെയ്തു ജീവിക്കുന്ന ഭാര്യയും സ്കൂളിൽ പഠിക്കുന്ന രണ്ടുമക്കളും അടങ്ങുന്നതാണു കുടുംബം. യൂണിഫോം സീസൺ കഴിഞ്ഞാൽ ചെറിയ ‘ജോബ് വർക്ക്’ കൊണ്ടുവേണം പിടിച്ചുനിൽക്കാൻ. ബനിയനുകളുടെ വശങ്ങളിലും താഴെയും ബട്ടൺ പിടിപ്പിക്കുന്നിടത്തുമുള്ള ഓവർലോക്ക്, ഫ്ലാറ്റ്‌ലോക്ക്, സിംഗിൾ ലോക്ക് തുടങ്ങിയ തയ്യൽജോലികളാണ് ഇതിൽ പ്രധാനം. ചുരുക്കത്തിൽ, 25 വർഷത്തിലേറെ വിവിധ ചെറുകിട കമ്പനികളിൽ തയ്യൽജോലി ചെയ്ത നാരായണൻ, നാലരവർഷം മുൻപു സ്വന്തമായി തുടങ്ങിയ സ്ഥാപനം ജിഎസ്ടി വന്നതോടെ ഒരു തയ്യൽക്കട മാത്രമായി. 

ജിഎസ്ടി പൊരുത്തക്കേടുകൾ കാരണം പിടിച്ചുനിൽക്കാനാവാതെ, തിരുപ്പൂരിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ചെറുകിട വസ്ത്രനിർമാണ വ്യവസായികൾ സ്ഥാപനങ്ങൾ പൂട്ടി. എന്നാൽ, വായ്പയും മറ്റുമെടുത്തിട്ടുള്ളതിനാൽ രേഖകളിൽ സ്ഥാപനങ്ങൾ ‘പ്രവർത്തനം’ തുടരുന്നു. കയറ്റുമതി മേഖലയിലുണ്ടായ ഇളവുകൾ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതും നോട്ട് നിരോധനവും അസംസ്കൃതവസ്തുവായ ‘ഹോസിയറി യാണി’ന്റെ വിലവർധനയുമൊക്കെ നഷ്ടത്തിലേക്കു നയിച്ചെങ്കിലും, പ്രധാന കാരണം ജിഎസ്ടി തന്നെ. 

നാളെ: പുതുരൂപത്തിൽ തട്ടിപ്പുകൾ

തയാറാക്കിയത്: വാസുദേവ ഭട്ടതിരി, പി.കിഷോർ, ഷില്ലർ സ്റ്റീഫൻ, വി.ആർ.പ്രതാപ്, ജോമിച്ചൻ ജോസ്, റൂബിൻ ജോസഫ്, പിങ്കി ബേബി. 

സങ്കലനം: എ.ജീവൻകുമാർ