Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻആർസി കരട്: ‘അസം’തൃപ്തർ 40 ലക്ഷം; സംസ്ഥാനത്തെങ്ങും ആശങ്ക, ഭയപ്പെടുത്തുന്ന നിശ്ശബ്ദത

D-voter family ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ വോട്ടവകാശം നിഷേധിക്കപ്പെട്ട് ഡി വോട്ടർ പട്ടികയിലായ അസമിലെ ഒരു കുടുംബം. (ഫയൽ ചിത്രം)

ദേശീയ പൗരത്വ റജിസ്റ്ററിന്റെ (എൻആർസി) അവസാന കരടു പ്രസിദ്ധീകരിച്ചപ്പോൾ, അസമിലെ ലക്ഷക്കണക്കിനു പേരുടെ ആശങ്കകളുടെ നേർച്ചിത്രം വരച്ചിടുകയാണു ബർപേട്ട ജില്ല. വർഗീയ കലാപങ്ങളും വംശീയ പോരാട്ടങ്ങളും കണ്ട, ഒട്ടേറെ  രക്തസാക്ഷികളെ സൃഷ്ടിച്ച ജില്ല, കഴിഞ്ഞ ഒരാഴ്ചയായി പേടിപ്പെടുത്തുന്ന നിശ്ശബ്ദതയിലാണ്. എൻആർസി കരടു പ്രസിദ്ധീകരിച്ച ദിവസം പലരും വീട്ടിൽനിന്നു പുറത്തിറങ്ങിയില്ല. ജില്ലയിലെ പല ഗ്രാമങ്ങളിലും ഒരു വീട്ടിൽ ഒരാളെങ്കിലും പൗരത്വപ്പട്ടികയിൽനിന്നു പുറത്താണ്. ഇതിനെതിരെ പ്രതിഷേധം കനത്താൽ നേരിടുന്നതിനായി പൊലീസും അർധസൈനികവിഭാഗവും ജില്ലയുടെ പല ഭാഗങ്ങളിലായി ക്യാംപ് ചെയ്യുന്നു.

മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ ബർപേട്ട മാത്രമല്ല, അസമിന്റെ പല ഗ്രാമങ്ങളിലും ഇതാണു സ്ഥിതി. പതിറ്റാണ്ടുകളായി ‘ബംഗ്ലദേശികൾ’ എന്ന വിളിയും പരിഹാസവും നേരിട്ടുകൊണ്ടിരിക്കുന്ന ലക്ഷങ്ങൾ, ഇനിയെന്ത് എന്ന ചോദ്യവുമായി രാജ്യമനഃസാക്ഷിക്കു മുൻപിൽ നിൽക്കുകയാണ്. ഇന്ത്യക്കാരെന്നു തെളിയിക്കാൻ അവർക്കു വീണ്ടും അവസരമുണ്ട്. പക്ഷേ, ഇവരിൽ വലിയൊരു പങ്കിനും അതിനെ സാധൂകരിക്കാനുള്ള സർക്കാർ രേഖകളില്ല.

അവർ പുറത്ത്

40.07 ലക്ഷം പേരാണ് അസമിൽ ദേശീയ പൗരത്വ റജിസ്റ്ററിന്റെ  അവസാന കരടു പ്രസിദ്ധീകരിച്ചപ്പോൾ പുറത്തായത്. അതായത്, ഇപ്പോൾ അസമിൽ താമസിക്കുന്ന 40 ലക്ഷത്തിൽപരം പേർക്ക് ഇന്ത്യക്കാരെന്നു തെളിയിക്കാൻ ഇനിയും കടമ്പകളുണ്ടെന്ന്. അതിർത്തി പങ്കിടുന്ന ബംഗ്ലദേശ് സ്വതന്ത്രമായ 1971 മാർച്ച് 24 അർധരാത്രിക്കു മുൻപ്, തങ്ങളോ പൂർവികരോ ഇന്ത്യയിൽ ജീവിച്ചവരാണെന്നു രേഖാമൂലം തെളിയിക്കാൻ കഴിഞ്ഞവർ മാത്രമേ പൗരത്വപ്പട്ടികയിലുള്ളൂ. 

കുടിയേറ്റക്കാരെ പുറത്താക്കണമെന്നും അസമിന്റെ തനിമ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള, വർഷങ്ങൾനീണ്ട അസം പ്രക്ഷോഭത്തിന് അറുതിവരുത്താൻ 1985ൽ ഒപ്പിട്ട അസം കരാറിന്റെ തുടർച്ചയായാണു പുതുക്കിയ ദേശീയ പൗരത്വ റജിസ്റ്റർ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. പക്ഷേ, കോൺഗ്രസ് ഭരണകാലത്ത് നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ പടയോട്ടത്തിനു തുടക്കമിട്ട അസമിൽ, പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു എൻആർസി പുതുക്കി പ്രസിദ്ധീകരിക്കുമെന്നത്. സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണു റജിസ്റ്റർ തയാറാക്കുന്നതെങ്കിലും മുസ്‌ലിംകളെ രാജ്യത്തുനിന്നു പുറന്തള്ളാനുള്ള ബിജെപി തന്ത്രമായിട്ടാണ് അസമിലെ ഗ്രാമങ്ങളിൽ ഇതു വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. 

പൗരത്വ റജിസ്റ്റർ: ‌ഇനിയെന്ത്?

ദേശീയ പൗരത്വ റജിസ്റ്റർ നടപ്പാക്കുകയും ‘വിദേശികളെ’ രാജ്യത്തുനിന്നു പുറത്താക്കുകയും ചെയ്യുക എന്നത് സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ അഗ്നിപരീക്ഷയായിരിക്കും. എൻആർസിക്കായി പല്ലും നഖവും ഉപയോഗിച്ചു ബിജെപി നിലകൊള്ളുമ്പോൾ കോൺഗ്രസും തൃണമൂൽ കോൺഗ്രസും എതിർചേരിയിലാണ്. പട്ടികയിൽ ഉൾപ്പെടാത്ത 40 ലക്ഷം പേരുടെ അപ്പീൽ ഈ മാസം പരിഗണിക്കും. അന്തിമ പട്ടിക ഡിസംബർ 31നു പ്രസിദ്ധീകരിക്കും. 

ഈ സമയപരിധി പ്രായോഗികമല്ലെന്നു ബന്ധപ്പെട്ടവർതന്നെ രഹസ്യമായി സമ്മതിക്കുന്നു. ‘വിദേശികളുടെ’ എണ്ണം പകുതിയായി കുറഞ്ഞാലും ഇവരെ തിരികെ അയയ്ക്കുന്നതും പ്രായോഗികമല്ല. പട്ടിക പ്രസിദ്ധീകരിച്ചാലും ഒരാൾ അനധികൃത കുടിയേറ്റക്കാരനോ എന്നു തീരുമാനിക്കേണ്ടതു കോടതിയാണ്. അസമിൽ ഇത്തരം നൂറോളം കോടതികളുണ്ട് (ഫോറിനേഴ്‌സ് ട്രൈബ്യൂണൽ). എൻആർസി വിഷയത്തിൽ ബംഗ്ലദേശ് ഇതുവരെ കൈമലർത്തുകയാണു ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും തങ്ങൾക്കൊന്നും അറിയില്ലെന്നുമാണ് അവർ പറയുന്നത്. 

ഇരട്ടകളിൽ ഒരാൾ ഇന്ത്യൻ പൗരൻ, ഒരാൾ വിദേശി. മക്കളിൽ ചിലർ ഇന്ത്യക്കാർ, ചിലർ വിദേശികൾ, ഭാര്യ വിദേശി, ഭർത്താവ് ഇന്ത്യൻ എന്നിങ്ങനെ പോകുന്നു എൻആർസി കണ്ടെത്തൽ. ഇവരെ കുടുംബത്തിൽനിന്നു വേർപിരിക്കുക ഏറെക്കുറെ അസാധ്യം.പട്ടികയിൽനിന്നു പുറത്തായവർക്കു ഭൂമി വാങ്ങാനാവില്ല. പക്ഷേ, ഇതിനകം ഭൂമി വാങ്ങിയവരിൽനിന്നും വീടുവച്ചവരിൽനിന്നും തിരിച്ചെടുക്കുക എളുപ്പമല്ല. വിദേശികളെന്നു പ്രഖ്യാപിച്ചവർക്കു തൊഴിൽ പെർമിറ്റ് നൽകുകയാണു പരിഹാരങ്ങളിലൊന്ന്. പക്ഷേ, മറ്റൊരു രാജ്യത്തെ പൗരൻമാർക്കാണു തൊഴിൽ പെർമിറ്റ് നൽകുന്നത്. ഇവരെ തങ്ങളുടെ പൗരൻമാരായി ബംഗ്ലദേശ് അംഗീകരിക്കാൻ സാധ്യതയില്ല. രാജ്യത്തിനകത്ത്, മറ്റുള്ളവർക്കുള്ള അവകാശങ്ങളില്ലാതെ ജീവിക്കുന്ന ജനവിഭാഗമായി ഇവർ മാറും.

Assam-Twins സ്‌നേഹ അഹമ്മദും റാസിബ് അഹമ്മദും. (ചിത്രത്തിനു കടപ്പാട്: വിധി ദോഷി, വാഷിങ്ടൻ പോസ്റ്റ്)

എങ്ങനെ പിരിയും ഞങ്ങൾ?

അസം സെക്രട്ടേറിയറ്റിൽനിന്ന് അഞ്ചു കിലോമീറ്റർ മാത്രം അകലെയുള്ള ഗൊരോമാറയിലെ സ്‌കൂൾ അധ്യാപകനായ സർബാത് അലി എൻആർസിയിലെ ക്രമക്കേടുകളിൽ പകച്ചുനിൽക്കുന്നു. അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളിൽ ഒരാൾ, സ്‌നേഹ അഹമ്മദ് പട്ടികയിലുണ്ട്. എന്നാൽ, രണ്ടാമത്തെയാൾ റാസിബ് അഹമ്മദ് പട്ടികയിലില്ല. 

മറ്റൊരു മകനായ റോസ് അഹമ്മദും പട്ടികയ്ക്കു പുറത്താണ്. അലിയും ഭാര്യയും മകളും പട്ടികയിലുണ്ട്. ഇതെങ്ങനെ സംഭവിച്ചു! പരാതിയുമായി മുന്നോട്ടുപോകുന്നുണ്ടെന്നും പ്രതീക്ഷയുണ്ടെന്നും സർബാത് അലി പറയുന്നു. സമാനമായ നൂറുകണക്കിനു കഥകളാണ് അസമിനു പറയാനുള്ളത്. 

പിഴവുകളേറെ 

ജൂലൈ 30നു പുറത്തുവന്ന ദേശീയ പൗരത്വ റജിസ്റ്ററിന്റെ കരട് പിഴവുകൾ നിറഞ്ഞതാണ്. മുൻ രാഷ്ടപതി ഫക്രുദീൻ അലി അഹമ്മദിന്റെ പിൻമുറക്കാർവരെ പട്ടികയിൽനിന്നു പുറത്തായി. നൂറുകണക്കിനു പിഴവുകളാണ് ഓരോദിവസവും പുറത്തുവരുന്നത്. എന്നാൽ, രേഖകൾ സമർപ്പിക്കാത്തതിനാലാണു പലരും പുറത്തായതെന്നും ഇവർക്കു വീണ്ടും അവസരമുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു. പൗരത്വ റജിസ്റ്റർ രാഷ്ട്രീയ ആയുധമാക്കരുതെന്നു സർക്കാർ അഭ്യർഥിക്കുന്നുണ്ടെങ്കിലും അസമിൽ ഇതു ധ്രുവീകരണത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. 

കുടിയേറ്റത്തിന്റെ ദീർഘകാല ചരിത്രമാണ് അസമിനു പറയാനുള്ളത്. ഇന്ത്യ-പാക്ക് വിഭജനകാലത്തും പിന്നീടു ബംഗ്ലദേശ് രൂപീകരണത്തിനു തൊട്ടുമുൻപും ലക്ഷക്കണക്കിനു പേരാണ് ‘കിഴക്കൻ പാക്കിസ്ഥാനിൽ’നിന്ന് അസമിലേക്കു കുടിയേറിയത്. ഇന്ത്യ–പാക്ക് വിഭജനകാലത്ത് പഞ്ചാബ് അതിർത്തിവഴി ഇന്ത്യയിലെത്തിയവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേക്കേറിയപ്പോൾ, കിഴക്കൻ പാക്കിസ്ഥാനിൽനിന്നുള്ളവരിൽ ഭൂരിപക്ഷവും അസമിൽ സ്ഥിരതാമസമാക്കി. അന്നത്തെ അസം മുഖ്യമന്ത്രി ഗോപിനാഥ് ബർദലോയ്, ഇതു ദേശീയപ്രശ്‌നമായി കണക്കാക്കണമെന്നും അഭയാർഥികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പാർപ്പിക്കണമെന്നും പ്രധാനമന്ത്രി നെഹ്റുവിനോട് അഭ്യർഥിച്ചിരുന്നെങ്കിലും അതു പ്രാവർത്തികമായില്ല. വിഭജനകാലത്തെ ഭാരം, അസം ഒറ്റയ്ക്ക് ഏറ്റെടുക്കുകയായിരുന്നെന്നും ഇനിയതു സാധ്യമല്ലെന്നുമാണ് തദ്ദേശീയരിൽ വലിയൊരു വിഭാഗത്തിന്റെയും നിലപാട്. 

കുടിയേറ്റങ്ങളുടെ ഒട്ടേറെ ദുരന്തങ്ങൾ കണ്ട ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ഇന്ത്യയിൽ താമസിക്കുന്ന ദശലക്ഷങ്ങൾ ഇന്ത്യക്കാരല്ലാതാകുന്നത് നമ്മുടെ മാത്രം വിഷയമല്ല; രാജ്യാന്തര വിഷയമായും മാറുന്നു. 

കുടിയേറ്റം യാഥാർഥ്യം

ഇന്ത്യ – ബംഗ്ലദേശ് അതിർത്തിയുടെ 262 കിലോമീറ്റർ അസമിലൂടെയാണ്. വ്യാപകമായ കള്ളക്കടത്തും കന്നുകാലിക്കടത്തും ലഹരിക്കടത്തും നടന്നിരുന്ന അതിർത്തി ബിഎസ്എഫിന്റെ ചുമതലയിലാണ്. സമീപകാലത്തു കുടിയേറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും എഴുപതുകളിലും എൺപതുകളിലും അനധികൃത കുടിയേറ്റം വ്യാപകമായിരുന്നുവെന്നാണു പരാതി. 

കലാപങ്ങളുടെ  ഭൂമി

ബംഗ്ലദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ ജനങ്ങൾ തമ്മിൽ പതിറ്റാണ്ടുകളായി മാനസിക അകലമുണ്ട്. അനധികൃത ബംഗ്ലദേശി കുടിയേറ്റം അസമിന്റെ രാഷ്ട്രീയ ഗതിവിഗതികളെ എന്നും നിയന്ത്രിച്ചു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുക എന്നതായിരുന്നു, ആറുവർഷം നീണ്ട അസം പ്രക്ഷോഭത്തിന്റെ ആണിക്കല്ല്. ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ (ആസു) ആയിരുന്നു പ്രക്ഷോഭം നയിച്ചത്. 1985ലെ അസം കരാറിനെത്തുടർന്ന് അന്നത്തെ ആസു നേതൃത്വം അസം ഗണ പരിഷത് (എജിപി) എന്ന പാർട്ടി രൂപീകരിച്ചു. രണ്ടു ടേമുകളിൽ സംസ്ഥാനത്തിന്റെ ഭരണം എജിപി പിടിച്ചെടുത്തു. 

അസമിന്റെ തനിമ നിലനിർത്തുകയായിരുന്നു പ്രക്ഷോഭത്തിന്റെ ലക്ഷ്യമെങ്കിലും ആയിരക്കണക്കിനു നിരപരാധികൾ ഇരയാക്കപ്പെട്ടു. ബംഗാളിൽനിന്ന് അസമിലേക്കു കുടിയേറിയ, ബംഗാളി സംസാരിക്കുന്നവരും കുടിയേറ്റക്കാരായി ചിത്രീകരിക്കപ്പെട്ടു. ഇന്ത്യക്കാരാണെങ്കിലും, പതിറ്റാണ്ടുകളായി തങ്ങളുടെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന അനുഭവങ്ങളാണ് അവർക്കുണ്ടായത്. രാഷ്ട്രീയപാർട്ടികൾ ഈ വൈരം മുതലെടുത്തു. ആയിരങ്ങൾ പങ്കെടുക്കുന്ന സത്യഗ്രഹങ്ങളും പ്രക്ഷോഭങ്ങളുമാണ് ആസു ആദ്യം നയിച്ചിരുന്നതെങ്കിലും സംസ്ഥാനത്തെ ജനങ്ങളിൽ ഇതു വിള്ളലുണ്ടാക്കി. ബംഗ്ലദേശികളെന്നു മുദ്രകുത്തപ്പെട്ട് ഒരു വിഭാഗം മുഖ്യധാരയിൽനിന്ന് ഒഴിവാക്കപ്പെട്ടു. 

ആറു മണിക്കൂറിനുള്ളിൽ പതിനായിരത്തോളം പേർ കൊല്ലപ്പെട്ട നെല്ലി കലാപവും ഈ വൈരത്തിൽനിന്ന് ഉടലെടുത്തതാണ്. ഗുവാഹത്തിയിൽനിന്ന് 60 കിലോമീറ്റർ മാത്രം അകലെയുള്ള നെല്ലിയിൽ നടന്ന കൂട്ടക്കൊലയിൽ ഔദ്യോഗിക കണക്കനുസരിച്ചു 2191 പേരാണു കൊല്ലപ്പെട്ടത്. അനൗദ്യോഗിക കണക്കനുസരിച്ച് ഇതു പതിനായിരമാണ്. 

മാനുഷിക പരിഗണന ഇല്ലെന്ന് ആക്ഷേപം

ദേശീയ പൗരത്വപ്പട്ടികയുടെ നടപടിക്രമങ്ങൾ രേഖകൾ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. 1971നു മുൻപ് ഇന്ത്യയിൽ ജീവിച്ചിരുന്നുവെന്നതിന്റെ, എൻആർസി നിഷ്‌കർഷിക്കുന്ന രേഖകൾ മാത്രമാണ് ഇതിനാധാരം. തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡാണെങ്കിലും പാസ്‌പോർട്ട് ആണങ്കിലും ഭൂമി ഉടമസ്ഥാവകാശ രേഖയാണെങ്കിലും ഇത് 1971 മാർച്ച് 24 അർധരാത്രിക്കു മുൻപുള്ളതാകണം. രണ്ടാം തലമുറയിൽപെട്ടവർ ഇതോടൊപ്പം തങ്ങളുടെ ബന്ധുത്വം തെളിയിക്കുന്ന രേഖകളും നൽകണം. രേഖകൾക്കപ്പുറം മനുഷ്യത്വപരമായ പരിഗണകളും സാക്ഷ്യപത്രങ്ങളും എൻആർസി പരിഗണിക്കുന്നില്ല.

അഭ്യസ്തവിദ്യരല്ലാത്തവരാണു പുറന്തള്ളപ്പെട്ടവരിൽ ഭൂരിപക്ഷവും. അതിൽത്തന്നെ കൂടുതലും മുസ്‌ലിംകളും. തലമുറകളായി ഇന്ത്യയിൽ താമസിക്കുന്നുണ്ടെങ്കിലും അറിവില്ലായ്മ കൊണ്ടുമാത്രം, രേഖകൾ സൂക്ഷിക്കാത്തതിന്റെ പേരിൽ പുറന്തള്ളപ്പെട്ടവരും ഇതിൽ ഉൾപ്പെടും. ഒരൊറ്റ മഴക്കാലംകൊണ്ട് അനേകം ഗ്രാമങ്ങളെ പൂർണമായും തുടച്ചുനീക്കുന്ന ബ്രഹ്മപുത്രയുടെ പ്രളയത്തിൽ സർവതും നശിച്ചവരും ഇക്കൂട്ടത്തിലുണ്ട്. പതിറ്റാണ്ടുകളായി വിവിധ ആവശ്യങ്ങൾക്കായി ഗ്രാമത്തലവന്റെ സാക്ഷ്യപത്രം മാത്രം ഉപയോഗിച്ചിരുന്നവരാണ് അവർ. ഗ്രാമത്തലവന്റെ സാക്ഷ്യപത്രം എൻആർസി അംഗീകരിച്ചിട്ടില്ല.

ഡി വോട്ടർമാർ (ഡൗട്ട്ഫുൾ വോട്ടർമാർ) വിഭാഗത്തിൽപെട്ടവരും പൗരത്വ റജിസ്റ്ററിനു പുറത്താണ്. വോട്ടർപട്ടിക തയാറാക്കിയപ്പോൾ, ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ അയോഗ്യരാക്കപ്പെട്ടവരാണ് ഇവർ. 2.48 ലക്ഷം ഡി വോട്ടർമാർ അസമിലുണ്ട്. ഫോറിനേഴ്‌സ് ട്രൈബ്യൂണലാണ് ഇവരുടെ കേസ് പരിഗണിക്കുന്നത്. ഇതിൽ ഇരുപതിനായിരത്തോളം പേരെ, ട്രൈബ്യൂണൽ വിദേശികളായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിദേശികളെന്നു കണ്ടെത്തിയാൽ പ്രത്യേക ക്യാംപിലാണു  താമസിപ്പിക്കുന്നത്. ബ്രിട്ടിഷ് കാലഘട്ടം മുതൽ ഭൂമി സ്വന്തമായുള്ളവർവരെ, ഉദ്യോഗസ്ഥർക്കു കോഴ കൊടുക്കാത്തതിനാൽ ഡി വോട്ടറായി മാറിയിട്ടുണ്ട്.