Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ടക്കാർക്കു പകരക്കാരില്ല

manohar-parrikar-alok-varma-and-rakesh-asthana മനോഹർ പരീക്കർ, അലോക് വർമ, രാകേഷ് അസ്താന

ഉറച്ചനിലപാടെടുക്കുക ഭരണാധികാരിയുടെ നല്ല ലക്ഷണമാണ്. പക്ഷേ വല്ലാതെ കടുംപിടിത്തമാകുമ്പോൾ അതൊരു ശാപമായിത്തീരും. അതാണ് ഇവിടെ രണ്ടു വ്യത്യസ്ത പ്രശ്നങ്ങളിൽ സംഭവിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരിക്കൽ ഒരാളെ വിശ്വാസമായാൽ പിന്നെ ആ വ്യക്തിയെ മാറ്റാൻ ഒട്ടും വഴങ്ങില്ല, പ്രവർത്തനമികവു തീരെയില്ലാത്ത ആളാണെങ്കിൽപോലും. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ കാര്യമാണ് ആദ്യ സംഭവം. ഗുരുതര രോഗബാധയുള്ള പരീക്കർക്കു പ്രത്യേക ചികിൽസ വേണം, ആവശ്യത്തിനു വിശ്രമവും നിർബന്ധമാണ്. എന്നാൽ, പരീക്കറെ പോലെ മുതിർന്ന നേതാവിനു പകരം ആളെ കണ്ടെത്താൻ മോദിക്കോ പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കോ കഴിയുന്നില്ല. നരേന്ദ്രമോദി സർക്കാരിനെ വിഷമവൃത്തത്തിലാക്കുന്ന രണ്ടാമത്തെ സംഭവം സിബിഐയിലെ അധികാരപ്പോരാണ്. ഡയറക്ടർ അലോക് വർമയും തൊട്ടുതാഴെയുള്ള സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയും കീരിയുംപാമ്പും പോലെയാണിപ്പോൾ.

സിബിഐയിലെ തമ്മിലടി

സിബിഐയിൽ പ്രവർത്തന പരിചയം തീരെയില്ലാത്ത ആളാണ് അലോക് വർമ.  ഡൽഹി പൊലീസ് കമ്മിഷണറായിരിക്കെയാണ് എല്ലാവരെയും അമ്പരപ്പിച്ച് അദ്ദേഹത്തെ നരേന്ദ്ര മോദി സിബിഐ ഡയറക്ടറായി നിയമിച്ചത്. അസ്താന ഗുജറാത്ത് കേഡറിലെ ഉദ്യോഗസ്ഥനാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തരമന്ത്രിയും ആയിരിക്കേ അടുത്തറിയാവുന്ന ഉദ്യോഗസ്ഥൻ.

അസ്താനയ്ക്കൊപ്പം ഗുജറാത്ത് കേഡർ ഓഫിസർമാരെല്ലാം ഇപ്പോഴത്തെ സർക്കാരിന്റെ മാനസപുത്രൻമാരുമാണ്. പക്ഷേ,  സിബിഐയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നനിലയിൽ വർമയും അസ്താനയും പരസ്പരം ചെളിവാരിയെറിയുമ്പോഴും മോദി ചലനമറ്റനിലയിലാണ്. സിബിഐയുടെ ചുമതല പ്രധാനമന്ത്രിക്കാണ്. നിയമകാര്യ കാബിനറ്റ് സമിതിയുടെ അധ്യക്ഷനും  പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിനു വർമയെയും അസ്താനയെയും അല്ലെങ്കിൽ രണ്ടിലൊരാളെ സിബിഐയിൽനിന്നു നീക്കാവുന്നതേയുള്ളൂ. സിബിഐ ഡയറക്ടറുടെ നിയമനത്തിൽ ശക്തമായ മാർഗനിർദേശങ്ങൾ നിലവിലുണ്ടെങ്കിലും അന്തിമ തീരുമാനം പ്രധാനമന്ത്രിക്കുതന്നെയാണ്.

സംസ്ഥാന പൊലീസ് മേധാവിമാരുടെ നിയമനകാലാവധി സംബന്ധിച്ചു സുപ്രീം കോടതി മാർഗനിർദേശങ്ങൾ നിലവിലുണ്ടായിട്ടുപോലും കേന്ദ്രസർക്കാർ ഈയിടെ ജമ്മു കശ്മീർ ഡിജിപി എസ്.പി. വൈദിനെ മാറ്റുകയുണ്ടായി. തന്നോടു യോജിക്കാത്തവർ എന്ന പേരിൽ, നരേന്ദ്ര മോദി വിദേശകാര്യ സെക്രട്ടറി സുജാത സിങ്,  ആഭ്യന്തര സെക്രട്ടറി ഐ.സി. ഗോയൽ എന്നിവരെ കാലാവധി പൂർത്തിയാക്കും മുൻപേ നീക്കം ചെയ്തിട്ടുണ്ട്.  

പരീക്കറോടു പ്രിയമേറെ

പരീക്കറുടെ കാർമികത്വത്തിലാണു 2013 ലെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് നടന്നത്. ആ യോഗത്തിലാണ് എൽ.കെ. അഡ്വാനിയുടെയും മറ്റു മുതിർന്ന നേതാക്കളുടെയും എതിർപ്പുകളെ അവഗണിച്ചു പ്രധാനമന്ത്രി സ്ഥാനാർഥിയായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തത്.  ഇക്കാരണത്താൽ പരീക്കറോട് ഒരു വികാരവായ്പ് മോദി ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട്. മോദി അധികാരത്തിലേറി ഏതാനും മാസങ്ങൾക്കകം പരീക്കറെ ഡൽഹിയിലേക്കു കൊണ്ടുപോയി പ്രതിരോധ വകുപ്പ് നൽകി. മുതിർന്ന മന്ത്രിമാരായ രവിശങ്കർ പ്രസാദ്, അനന്ത് കുമാർ എന്നിവരുടെ നെഞ്ചു പൊള്ളിച്ച തീരുമാനമായിരുന്നു അത്. പക്ഷേ, ഡൽഹിയിലിരിക്കുമ്പോഴും പരീക്കറുടെ മനസ്സ് ഗോവയിലായിരുന്നു.

ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ത്രിശങ്കു സഭ വന്നപ്പോൾ, അദ്ദേഹം ചെറുപാർട്ടികളെ കൊണ്ടു പറയിപ്പിച്ചു, പരീക്കർ മുഖ്യമന്ത്രിയായി വന്നാൽ മാത്രം ബിജെപിയെ പിന്തുണയ്ക്കാമെന്ന്. ഗോവയിൽ ഘടകകക്ഷികളെ യോജിപ്പിച്ചുനിർത്തുന്നതിൽ അദ്ദേഹം വിജയിച്ചെങ്കിലും രോഗപ്രശ്നങ്ങൾ പരീക്കറെ അലട്ടി. മാസങ്ങളോളം ചികിൽസ തേടി. രോഗം പരീക്കറുടെ ഊർജസ്വലത നഷ്ടമാക്കി. ക്ഷീണിതനാക്കി.ബിജെപിക്കു മറ്റു 13 എംഎൽഎമാരുണ്ടെങ്കിലും ഘടകകക്ഷികളോ കേന്ദ്രനേതൃത്വമോ അവരെയാരെയും വിശ്വസിക്കുന്നില്ല. അതുകൊണ്ടാണു പരീക്കർ തന്നെ തുടർന്നാൽ മതിയെന്നു തീരുമാനിച്ചത്.

മുതിർന്ന മന്ത്രിമാരായ സുഷമ സ്വരാജും അരുൺ ജയ്റ്റ്ലിയും വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു പോയപ്പോൾ നരേന്ദ്രമോദി അവരിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ചു. ആശുപത്രിയിലായിരിക്കേ വിദേശകാര്യ മന്ത്രാലയം സുഷമയിൽനിന്നെടുത്തുമാറ്റിയില്ല. കൂടുതൽ നിർണായകമായ ധനകാര്യ മന്ത്രാലയത്തിന്റെ ചുമതല റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെ ഏൽപിച്ചെങ്കിലും ജയ്റ്റ്ലിയുടെ കസേരയിൽ ഗോയൽ ഇരുന്നില്ല. (പകരം ഓഫിസിലെ സോഫ സെറ്റാണ് ഉപയോഗിച്ചത്). എന്നാൽ, സിബിഐയിലെ അടിപിടി കാണുമ്പോൾ ഉദ്യോഗസ്ഥരിലുള്ള വിശ്വാസത്തിന് ഒരതിരുണ്ടെന്നു പറയാതെ വയ്യ.