Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളമറിഞ്ഞ് കോൺഗ്രസ്, കാലുറപ്പിച്ച് ബിജെപി; മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്നു

Rahul Gandhi receives a sword തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗ്വാളിയറിലെ ഗുരുദ്വാര സന്ദർശിച്ച രാഹുൽ ഗാന്ധി ഉടവാൾ സ്വീകരിക്കുന്നു. ചിത്രം: പിടിഐ

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽനിന്ന് 150 കിലോമീറ്റർ അകലെ രാജ്ഗഡിലെ ജനങ്ങൾ ഇന്നും രോഷാകുലരാണ്. ഒരു മാസം മുൻപാണ് 6 പശുക്കൾ ഇവിടത്തെ സർക്കാർ ഗോശാലയിൽ ചത്തത്. ചത്ത പശുക്കളുടെ ചിത്രങ്ങളും വിഡിയോകളും വാട്സാപ്പിലൂടെ പറക്കുന്നു. വഴി നിറയെ പശുക്കളുടെ പോസ്റ്ററുകളുമുണ്ട്.. 

മധ്യപ്രദേശ് തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ, 14 കൊല്ലമായി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന ബിജെപിയുടെ ശിവരാജ് സിങ് ചൗഹാനു തലവേദനയുണ്ടാക്കുന്നതാണ് കോൺഗ്രസിന്റെ ഈ നീക്കങ്ങൾ. കോൺഗ്രസിന്റെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത വിധത്തിൽ, പാർട്ടി ഹിന്ദു അടയാളങ്ങളെ പുണരുന്ന തിരഞ്ഞെടുപ്പാണിത്.  

ജനസംഖ്യയുടെ 90.9 ശതമാനം ഹിന്ദുമത വിശ്വാസികളാണു മധ്യപ്രദേശിലുള്ളത്. മുസ്‌ലിംകൾ 6.6 ശതമാനം. ഹിന്ദുകാർഡ് പുറത്തിറക്കിയാണ് കോൺഗ്രസിന്റെ കോട്ട 14 കൊല്ലം മുൻപ് ബിജെപി പിടിച്ചെടുത്തത്. അവരെ താഴെയിറക്കാൻ അഴിമതി മുതൽ വികസനം വരെ പല വിഷയങ്ങൾ കോൺഗ്രസ് കൊണ്ടുവന്നെങ്കിലും ഫലിച്ചില്ല. അതുകൊണ്ട്, കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിലേതു പോലെ, ഹിന്ദുമതാചാരങ്ങളെ പുണർന്ന് ഭൂരിപക്ഷ സമുദായത്തെ കൂടെക്കൂട്ടാനുള്ള തന്ത്രം കോൺഗ്രസ് ആലോചിച്ചുറപ്പിച്ചു നടപ്പാക്കുകയാണ് ഇവിടെയും. രാജ്ഗഡിലെ പശുയുദ്ധം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതും ഇതിന്റെ ഭാഗമായാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ, സംസ്ഥാനത്തെ 23,000 ഗ്രാമപഞ്ചായത്തുകളിലും ഗോശാലകൾ സ്ഥാപിക്കുമെന്നാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ കമൽനാഥ് വോട്ടർമാർക്ക് നൽകിയ ആദ്യ തിരഞ്ഞെടുപ്പു വാഗ്ദാനം. 

പ്രതിപക്ഷ ചിത്രം അവ്യക്തം

തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിക്ക് ആശയക്കുഴപ്പങ്ങളില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും  ദേശീയ അധ്യക്ഷൻ അമിത് ഷായും മധ്യപ്രദേശിൽ ആവർത്തിച്ച് സന്ദർശനം നടത്തി അണികൾക്ക് ആവേശം പകരുന്നുണ്ട്. ഇനി സ്ഥാനാർഥികളെ മാത്രം തീരുമാനിച്ചാൽ മതി. എന്നാൽ, പ്രതിപക്ഷത്തെ ചിത്രം ഇപ്പോഴും വ്യക്തമല്ല. കോൺഗ്രസ് ഒറ്റയ്ക്കാണോ അതോ സഖ്യം സൃഷ്ടിച്ചായിരിക്കുമോ മൽസരിക്കുകയെന്ന കാര്യത്തിന് വ്യക്തമായ ഉത്തരമില്ല. കോൺഗ്രസ്- ബിഎസ്പി- എസ്‌പി സഖ്യം എന്നത് ഏറെക്കുറെ പൊളിഞ്ഞ മട്ടാണ്. ഒറ്റയ്ക്ക് മൽസരിക്കുമെന്നു പരസ്യമായി പറഞ്ഞ ബിഎസ്‌പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസിനെ കാത്തിരുന്നു മടുത്തുവെന്നും ഒറ്റയ്ക്ക് മൽസരിക്കുകയാണെന്നും സമാജ് വാദി പാർട്ടിയും പറഞ്ഞു. ഒറ്റയ്ക്കു മൽസരിക്കാനാണ് കോൺഗ്രസും തയാറെടുക്കുന്നത്. എങ്കിലും അണിയറ ചർച്ചകൾ പാടേ ഉപേക്ഷിച്ചിട്ടില്ല. ഇടതുപക്ഷത്തെ ഉൾപ്പെടെയുള്ള ചെറുകിട പാർട്ടികൾ ബിജെപിക്കെതിരെയുള്ള കൂട്ടുകെട്ടിനായി ചർച്ചകൾ നടത്തുന്നു. സ്ഥാനാർഥി പ്രഖ്യാപനം വരെ ഈ നാടകം തുടർന്നേക്കും.

കഴിഞ്ഞ തവണ ആറു ശതമാനം വോട്ടും നാലു സീറ്റും നേടിയ ബിഎസ്‌പി 50 സീറ്റാണ് മധ്യപ്രദേശിൽ കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. 30 സീറ്റെങ്കിലും കിട്ടണമെന്നായിരുന്നു ബിഎസ്‌പിയുടെ വാശിയെന്നാണ് അണിയറക്കഥകൾ. എന്നാൽ പത്തോ പതിനഞ്ചോ സീറ്റിനപ്പുറം നൽകാൻ കോൺഗ്രസ് ആലോചിച്ചിട്ടില്ലത്രേ. സംസ്ഥാനത്ത്, ഗ്വാളിയർ- ചമ്പൽ, വിന്ധ്യ മേഖലകളിൽ മാത്രമാണ് ബിഎസ്പിക്ക് കരുത്തുള്ളത്. കഴിഞ്ഞ തവണ 4 സീറ്റിൽ വിജയിച്ചതിനു പുറമേ 11  മണ്ഡലത്തിൽ രണ്ടാം സ്ഥാനക്കാരാണ് ബിഎസ്പി. ഇതിനു പുറമേ 21 സീറ്റിൽ 30,000 വോട്ടിൽ കൂടുതൽ നേടുകയും ചെയ്തു. ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കിയാൽ മധ്യപ്രദേശിൽ ചിത്രം മാറുമെന്ന് കോൺഗ്രസിന് അറിയാം. എന്നാൽ, സഖ്യമുണ്ടാക്കാത്തത് ആത്മഹത്യാപരമല്ലെന്നും കോൺഗ്രസ് വിലയിരുത്തുന്നു. ശക്തമായ ഭരണവിരുദ്ധവികാരം കോൺഗ്രസിന് അനുകൂലമാകുമെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്ത‍ൽ. സിബിഐ അന്വേഷണത്തെ പേടിക്കുന്ന മായാവതി ഒരു തരത്തിലും കോൺഗ്രസുമായി കൂട്ടുകൂടില്ലെന്നും കരുതപ്പെടുന്നു.

മറ്റു പാർട്ടികളുടെ വോട്ടുകൾ ബിജെപിയിലേക്കും കോൺഗ്രസിലേക്കും മറിയുന്നതാണു കുറേ വർഷങ്ങളായി കാണുന്ന ചിത്രം. 2008 തിരഞ്ഞെടുപ്പിൽ 16 സീറ്റാണ് കോൺഗ്രസ്- ബിജെപി ഇതര പാർട്ടികൾ നേടിയത്. 30 ശതമാനം വോട്ടും ഇവർക്ക് ലഭിച്ചു. 2013 ൽ വോട്ട് ശതമാനം 19 ആയി. സീറ്റുകൾ 16ൽനിന്ന് ഏഴായി കുറഞ്ഞു. 2008ൽ 38 ശതമാനം വേട്ടും 143 സീറ്റും നേടിയ ബിജെപി കഴിഞ്ഞ തവണ ഇത് 45 ശതമാനം വോട്ടും 165 സീറ്റുമാക്കി ഉയർത്തി. 2008ൽ 32 ശതമാനം വോട്ടും 71 സീറ്റും നേടിയ കോൺഗ്രസിന് 2013ൽ 36 ശതമാനം വോട്ട് കിട്ടി. പക്ഷേ നേടിയ സീറ്റുകൾ 58 മാത്രം. 

ആദിവാസി മേഖലയുടെ ആധികൾ

ആദിവാസി വോട്ടുകൾ മധ്യപ്രദേശിലെ വിജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായകമാവും. 47 ആദിവാസി മണ്ഡലങ്ങളാണ് മധ്യപ്രദേശിലുള്ളത്. ഛത്തീസ്ഗഡ് രൂപീകരണത്തിനു മുൻപ് ഇത് 75 ആയിരുന്നു. 2003ൽ ബിജെപി മധ്യപ്രദേശ് പിടിച്ചെടുത്തപ്പോൾ ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന ട്രൈബൽ മേഖലകൾ ബിജെപിക്ക് ഒപ്പം നിന്നു. അന്ന് 41 ട്രൈബൽ സീറ്റുകൾ ഉണ്ടായിരുന്നതിൽ 37 എണ്ണം ബിജെപിക്ക് ഒപ്പമായി. 

ആദിവാസി മേഖലയിലെ കോൺഗ്രസിന്റെ കുത്തക തകർത്തത് ആർഎസ്എസിന്റെ നിരന്തര പ്രവർത്തനങ്ങളാണ്. വനവാസി കല്യാൺ ആശ്രമം 1950കൾ മുതൽ ആദിവാസി മേഖലകളിൽ സജീവമാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും ആദിവാസികൾക്കു തൊഴിൽ സൃഷ്ടിക്കുന്നതിലുമാണ് സംഘടന പ്രവർത്തിക്കുന്നത്. പക്ഷേ, ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപിക്ക് കഴിഞ്ഞു. 2003ലെ ഞെട്ടലിൽനിന്ന് ഉണർന്ന കോൺഗ്രസ് ആദിവാസി മേഖലയിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ട് ഇപ്പോൾ. 47 ട്രൈബൽ മണ്ഡലങ്ങളിൽ 2008ൽ പതിനെട്ടും 2013ൽ മുപ്പത്തിയൊന്നും സീറ്റ് നേടാൻ കോൺഗ്രസിനു കഴിഞ്ഞു.

ബിജെപിയെ നയിച്ച് മോദി – അമിത് ഷാ 

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ നായകനാക്കിയാണ് ബിജെപി കളിക്കുന്നതെങ്കിലും ഫോർവേഡുകളായി കളത്തിലുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായുമാണ്. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിനു മുൻപു തന്നെ തുടങ്ങിയതാണ് മോദിയുടെയും അമിത് ഷായുടെയും പ്രചാരണം. കോൺഗ്രസ് നീക്കങ്ങളുടെ മുനയൊടിക്കുകയാണ് ഇരുവരുടെയും പ്രചാരണത്തിന്റെ ഉദ്ദേശ്യം. എല്ലാ സംസ്ഥാനങ്ങളിലും പരാജയപ്പെടുന്ന കോൺഗ്രസ് മധ്യപ്രദേശിൽ ജയിക്കുമെന്നതു ദിവാസ്വപ്നം മാത്രമാണെന്ന് അമിത് ഷാ തിരഞ്ഞെടുപ്പു വേദികളിൽ ആവർത്തിക്കുന്നു. മധ്യപ്രദേശ് നേടുന്നത്  അനായാസമാണെന്നും ദക്ഷിണേന്ത്യയാണ് ലക്ഷ്യമെന്നും പറഞ്ഞ് അമിത് ഷാ മധ്യപ്രദേശ് തിരഞ്ഞെടുപ്പിനെ ലളിതവൽക്കരിക്കുകയും ചെയ്യുന്നു. 

കോൺഗ്രസിനെ ഉടച്ചു വാർത്ത് രാഹുൽ  

എന്നാൽ, തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ ഉടച്ചുവാർത്തിരിക്കുകയാണ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ മുടിചൂടാമന്നനായിരുന്ന ദിഗ്‌വിജയ് സിങ്ങിനെ പിൻ സീറ്റിലേക്ക് മാറ്റി സീനിയർ കോൺഗ്രസ് നേതാവ് കമൽനാഥിനെ പാർട്ടി അധ്യക്ഷനാക്കി. തിരഞ്ഞെടുപ്പിന്റെ നിർണായക ചുമതലകൾ സീനിയർ നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കു നൽകി. ഗ്രൂപ്പുകളി ഒഴിവാക്കി കമൽനാഥ്- ജ്യോതിരാദിത്യ സിന്ധ്യ സഖ്യം കോൺഗ്രസിന് കൂടുതൽ ആത്മവിശ്വാസം നൽകി.

കർഷക രോഷം ആളിക്കത്തിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതാണ് ബിജെപിയുടെ തലവേദനകളിലൊന്ന്. മൻസോറിലെ കർഷക പ്രക്ഷോഭത്തിൽ അഞ്ചുപേർ വെടിയേറ്റു മരിച്ചതിന്റെ ചോരപ്പാടുകൾ ബിജെപി സർക്കാരിന് കഴുകിക്കളയാനായിട്ടില്ല. മൻസോർ പ്രക്ഷോഭത്തിന്റെ വാർഷികത്തിൽ പങ്കെടുത്താണ് രാഹുൽ ഗാന്ധി മാസങ്ങൾക്കു മുൻപ് മധ്യപ്രദേശ് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അനൗപചാരിക ഉദ്ഘാടനം നിർവഹിച്ചത്. 

ആയിരക്കണക്കിനു കർഷകരാണ് കടക്കെണിയിൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ബിജെപി സർക്കാർ രാജ്യത്തെ പതിനഞ്ചോ ഇരുപതോ വൻ വ്യവസായികൾക്കു വേണ്ടി മാത്രമാണു പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർഷകരുടെ കടം എഴുതിത്തള്ളുമെന്നും രാഹുൽ ഗാന്ധി ആവർത്തിക്കുന്നു. നോട്ട് നിരോധനം തുടങ്ങി കേന്ദ്ര സർക്കാർ നയങ്ങളും മധ്യപ്രദേശിലെ കർഷകരെ ഏറെ വലച്ചിട്ടുണ്ട്. പട്ടികജാതി അതിക്രമ നിയമത്തിൽ മാറ്റം വരുത്താനുള്ള തീരുമാനം പിന്നാക്കക്കാരിലും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.

വാൽക്കഷണം

ശിവഭക്തനെന്ന നിലയിലാണ് രാഹുൽ ഗാന്ധിയെ മധ്യപ്രദേശിൽ കോൺഗ്രസ് അവതരിപ്പിക്കുന്നത്. കൈലാസ്-മാനസസരോവർ പശ്ചാത്തലത്തിലുള്ള രാഹുലിന്റെ ഫ്ളെക്സ് ബോർഡുകളാണ് മധ്യപ്രദേശ് നിറയെ. വാൽമീകി രാമായണത്തിൽ ശ്രീരാമൻ വനവാസത്തിനു പോയതെന്നു പറയപ്പെടുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തി രാം വൻ ഗമൻ പഥ് എന്ന പേരിൽ ടൂറിസം സർക്യൂട്ട് ഒരുക്കുമെന്നാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്ന്.