Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ്; യുഎസിൽ മിഡ്ടേം തിരഞ്ഞെടുപ്പ് ആറിന്

us-migrants യുഎസ് ലക്ഷ്യമാക്കി നീങ്ങുന്ന കുടിയേറ്റ യാത്രാസംഘം (കാരവൻ). ചിത്രം: പിടിഐ

ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ആറിന് യുഎസിൽ. ഒരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ആ രാജ്യത്തെക്കാളേറെ മറ്റു രാജ്യങ്ങൾ ഉറ്റുനോക്കുകയും മറ്റു രാജ്യങ്ങളെ ബാധിക്കുകയും ചെയ്യുന്നു എന്നതാണ് യുഎസ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. പാർലമെന്റിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ അടുത്ത രണ്ടുവർഷം സംഭവബഹുലമായിരിക്കും. ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞാൽ, 2020ൽ രണ്ടാം തവണയും ട്രംപ് വൈറ്റ്ഹൗസിലെത്താനുള്ള സാധ്യതയായി അത് വിലയിരുത്തപ്പെടുകയും ചെയ്യും.

മിഡ്ടേം തിരഞ്ഞെടുപ്പ്

ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വിളിപ്പേര് മിഡ്‌ടേം എന്നാണെങ്കിലും ഇത് ഇടക്കാല തിരഞ്ഞെടുപ്പല്ല; ശരിയായ സമയത്തെ പൊതുതിരഞ്ഞെടുപ്പു തന്നെയാണ്. ജനപ്രതിനിധിസഭയിലെ മുഴുവൻ സീറ്റിലേക്കും (435) സെനറ്റിലെ 35 സീറ്റിലേക്കും 36 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രമേഖലകളിലെയും ഗവർണർ പദവിയിലേക്കുമാണു തിരഞ്ഞെടുപ്പ്.  യുഎസ് പാർലമെന്റിന് (കോൺഗ്രസ്) രണ്ടു സഭകളാണുള്ളത്. ഉപരിസഭയായ സെനറ്റും അധോസഭയായ ജനപ്രതിനിധിസഭയും (ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് – ഇതിനെ ചുരുക്കി ഹൗസ് എന്നുമാത്രം വിളിക്കാം). സെനറ്റിൽ 100 അംഗങ്ങളും ഹൗസിൽ 435 അംഗങ്ങളും. സെനറ്റിൽ ഒരു അംഗത്തിന്റെ കാലാവധി ആറു വർഷം. ഓരോ രണ്ടു വർഷത്തിലും മൂന്നിലൊന്ന് അംഗങ്ങൾ മാറും (നമ്മുടെ രാജ്യസഭ പോലെ). ഹൗസിന്റെ കാലാവധി 2 വർഷം മാത്രം. അതായത്, ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തുല്യമായ തിരഞ്ഞെടുപ്പ് യുഎസിൽ ഓരോ രണ്ടു വർഷത്തിലും നടക്കും.

എല്ലാ ഇരട്ടവർഷങ്ങളിലുമാണ് പൊതുതിരഞ്ഞെടുപ്പു നടക്കുന്നത് (ഉദാ: 2012, 2014, 2016, 2018, 2020, 2022, 2024, 2026... എന്നിങ്ങനെ). യുഎസ് പ്രസിഡന്റിന്റെ കാലാവധി 4 വർഷമാണ്. നാലിന്റെ ഗുണിതങ്ങളായി വരുന്ന വർഷങ്ങളിലാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ് (ഉദാ: 2012, 2016, 2020, 2024, 2028... എന്നിങ്ങനെ). ഇങ്ങനെ വരുമ്പോൾ, അധികാരത്തിലുള്ള പ്രസിഡന്റിന്റെ കാലാവധിയുടെ നേർപകുതിയിൽ ഒരു പൊതുതിരഞ്ഞെടുപ്പു വരും (ഉദാ: 2014, 2018, 2022, 2026... എന്നിങ്ങനെ). ഈ തിരഞ്ഞെടുപ്പിനെയാണ് മിഡ്ടേം എന്നു വിളിക്കുന്നത്.

പ്രസിഡന്റിനെ ബാധിക്കുമോ?

മിഡ്ടേം തിരഞ്ഞെടുപ്പിലെ ഫലം എന്തായാലും അത് പ്രസിഡന്റിന്റെ കാലാവധിയെ ബാധിക്കില്ല. എന്നാൽ, തിരിച്ചടി നേരിട്ടാൽ രണ്ടു വർഷത്തിനപ്പുറം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി അതു വിലയിരുത്തപ്പെടും. സെനറ്റിലോ ഹൗസിലോ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ, പാർലമെന്റിന്റെ അനുമതി ആവശ്യമുള്ള തീരുമാനങ്ങളെടുക്കാൻ പ്രസിഡന്റ് ബുദ്ധിമുട്ടും. പ്രസിഡന്റിന് പാർലമെന്റിനെ മറികടന്ന് എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കാമെങ്കിലും അത് വിമർശനത്തിനിടയാക്കും (വിമർശനം ട്രംപിന് പുല്ലാണ് എന്നതു വേറെ കാര്യം!).

ഭൂരിപക്ഷം നഷ്ടപ്പെടുമോ?

ഹൗസിൽ ആകെ സീറ്റ് 435. കേവലഭൂരിപക്ഷത്തിനു വേണ്ടത് 218. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി 241 സീറ്റ് നേടി; ഡമോക്രാറ്റുകൾക്കു 194. ഇത്തവണ 24 സീറ്റ് അധികം നേടിയാൽ ഹൗസിന്റെ നിയന്ത്രണം ഡമോക്രാറ്റുകൾക്കു ലഭിക്കും. ഇതു സംഭവിക്കുമെന്നാണ് അഭിപ്രായ സർവേകൾ (76%) പറയുന്നത്.  സെനറ്റിൽ ആകെ 100 സീറ്റ്. റിപ്പബ്ലിക്കൻ പാർട്ടിക്ക് 51; ഡമോക്രാറ്റുകൾക്ക് 49 (രണ്ടു സ്വതന്ത്രർ ഉൾപ്പെടെ). 2 സീറ്റ് അധികം നേടിയാൽ ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷം. ഇതുപക്ഷേ, അത്ര എളുപ്പമല്ല.

കാരണം, ഇപ്പോൾ തിരഞ്ഞെടുപ്പു നടക്കുന്ന 35 സീറ്റിൽ 24 എണ്ണം ഡമോക്രാറ്റ് സിറ്റിങ് സീറ്റുകളാണ്. 9 എണ്ണം റിപ്പബ്ലിക്കൻ സിറ്റിങ് സീറ്റുകൾ. രണ്ടെണ്ണം സ്വതന്ത്രരും. ഈ സ്വതന്ത്രരും ഡമോക്രാറ്റുകൾക്കൊപ്പം നിൽക്കുന്നവരാണ് എന്നതിനാൽ ഡമോക്രാറ്റുകളുടെ സിറ്റിങ് സീറ്റുകൾ 26 എന്നു കണക്കാക്കാം. മിഡ്ടേം തിരഞ്ഞെടുപ്പിൽ 35ൽ 28 സീറ്റുകളെങ്കിലും ജയിച്ചാലേ ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുണ്ടാകൂ. സെനറ്റിൽ റിപ്പബ്ലിക്കൻ മേൽക്കൈ തുടരാനാണു സാധ്യതയെന്നാണ് (66%) അഭിപ്രായ സർവേകൾ.

prameela-ilhan-rasheeda പ്രമീള ജയപാൽ, ഇൽഹാൻ ഉമർ, റഷീദ താലിബ്

ഇംപീച്‌മെന്റ് വരുമോ?

ഹൗസിൽ ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷം ലഭിച്ചാൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച് (കുറ്റവിചാരണ) ചെയ്യാനുള്ള നടപടികൾ തുടങ്ങിയേക്കാം. പ്രസിഡന്റിനെതിരായ ഇംപീച്മെന്റ് നടപടികൾക്ക് ഹൗസിലാണു തുടക്കം കുറിക്കുക. അധികാരംകൊണ്ട് സ്വകാര്യ സാമ്പത്തികലാഭമുണ്ടാക്കൽ, സ്ഥാനത്തിനു ചേരാത്ത സ്വഭാവം/പെരുമാറ്റം, പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യയുമായുള്ള ഒത്തുകളി തുടങ്ങിയവയാണ് ട്രംപിനെതിരെയുള്ള കുറ്റങ്ങൾ. സെനറ്റിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞാൽ കുറ്റവിചാരണ നടപടികളെ അവിടെ തടയാം. ആൻഡ്രൂ ജോൺസണും ബിൽ ക്ലിന്റനുമെതിരായ ഇംപീച്മെന്റ് നടപടികൾ സെനറ്റിൽ അവസാനിച്ചതാണ്. റിച്ചഡ് നിക്സന്റെ കാര്യത്തിലാകട്ടെ, നടപടികൾ മുന്നോട്ടു നീങ്ങുംമുൻപ് അദ്ദേഹം രാജിവച്ചു.

ചരിത്രപ്പിറവി

മലയാളി വേരുകളുള്ള പ്രമീള ജയപാൽ ഉൾപ്പെടെ ഏറ്റവുമധികം ഇന്ത്യൻ വംശജർ മൽസരരംഗത്തുള്ള തിരഞ്ഞെടുപ്പാണിത്. യുഎസ് പാർലമെന്റിന്റെ ചരിത്രത്തിലാദ്യമായി മുസ്‌ലിം വനിതകൾ അംഗമാകാനുള്ള സാധ്യതയുമുണ്ട്. ഡമോക്രാറ്റ് ടിക്കറ്റിൽ മൽസരിക്കുന്ന ഇൽഹാൻ ഉമറും റഷീദ താലിബും വിജയസാധ്യതയുള്ള മണ്ഡലങ്ങളിലാണ്.
സ്വവർഗാനുരാഗിയെന്നു പരസ്യമായി പ്രഖ്യാപിച്ച ജാറെദ് പോളിസ്, കൊളറാഡോ സംസ്ഥാനത്ത് ഗവർണറാകാനുള്ള സാധ്യയുമുണ്ട്.

കാരവൻ ഓടിയെത്തുമ്പോൾ...

മിഡ്ടേം തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായക വിഷയങ്ങളിലൊന്ന് കുടിയേറ്റമാണ്. ട്രംപ് സ്വീകരിക്കുന്ന കുടിയേറ്റവിരുദ്ധ കർക്കശനിലപാടുകൾ മാനവികതയ്ക്കും യുഎസിന്റെ പാരമ്പര്യത്തിനും നിരക്കുന്നതല്ല എന്നു വാദിക്കുമ്പോഴും അദ്ദേഹത്തിന്റെ ‘കണ്ണിൽചോരയില്ലാത്ത’ നിലപാടുകൾക്കു ചെറുതല്ലാത്ത സ്വീകാര്യതയുമുണ്ട്. 15,000 സൈനികരെ മെക്സിക്കോ അതിർത്തിയിൽ നിയോഗിക്കാൻ ഉത്തരവിട്ടും ജനനം കൊണ്ടുമാത്രം പൗരത്വം ലഭിക്കില്ലെന്നു പ്രഖ്യാപിച്ചും ട്രംപ് നിലപാട് കടുപ്പിക്കുന്നതും വോട്ട് ലക്ഷ്യമിട്ടുതന്നെ.

ഇതിനിടയിൽ ശ്രദ്ധാകേന്ദ്രമാകുന്ന ഒരു യാത്രാസംഘവുമുണ്ട് – ഹോണ്ടുറാസിൽനിന്നു നടന്നും ഓടിയും കിട്ടുന്നവാഹനങ്ങളിൽ കയറിയും യുഎസിലേക്കു നീങ്ങുന്ന കുടിയേറ്റ യാത്രാസംഘം (കാരവൻ). ചെറുപ്പക്കാരും സ്ത്രീകളും കുട്ടികളും കുടുംബങ്ങളും വിദ്യാർഥികളുമെല്ലാം ഉൾപ്പെടുന്ന ഏഴായിരത്തോളം പേരുടെ കാരവൻ. ഹോണ്ടുറാസിലെ സാൻ പെദ്രൊസുല നഗരത്തിൽനിന്ന് ഒക്ടോബർ 12ന് ആണ് കാരവൻ ആരംഭിച്ചത്. യുഎസിലേക്കു കുടിയേറാൻ താൽപര്യമുള്ളവരോടു നഗരത്തിൽ ഒത്തുകൂടാൻ ഫെയ്‌സ്ബുക്കിലൂടെ ഒരാൾ നടത്തിയ ആഹ്വാനത്തോടെയായിരുന്നു തുടക്കം. നൂറോളം പേർ ഒത്തുചേർന്നു യാത്രതുടങ്ങി. പിന്നെ ആളുകൾ കൂടിക്കൂടി ഇപ്പോൾ ഏഴായിരത്തോളമായി എന്നാണു കണക്കുകൾ.

ഹോണ്ടുറാസ്, എൽസാൽവദോർ, ഗ്വാട്ടിമാല, നിക്കരാഗ്വ തുടങ്ങിയ മധ്യഅമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സംഘം, ഇപ്പോൾ രാജ്യാതിർത്തികൾ കടന്ന് മെക്സിക്കോയിലൂടെ യുഎസ് ലക്ഷ്യമിട്ടു നീങ്ങുകയാണ്. ഇനിയും ആയിരത്തിലേറെ കിലോമീറ്റർ താണ്ടിയാലേ ഇവർ യുഎസ് അതിർത്തിയിൽ എത്തുകയുള്ളൂ. അതിന് ആഴ്ചകൾ കഴിയും. ഇതിനിടെ എൽസാൽവദോറിൽനിന്നു രണ്ടായിരം പേരുടെ മറ്റൊരു കാരവനും യുഎസ് ലക്ഷ്യമാക്കി യാത്രതിരിച്ചിട്ടുണ്ട്. അവരെയെല്ലാം കാത്ത് അതിർത്തിയിൽ ട്രംപിന്റെ സൈനികരും.